തെര്‍ത്തുല്ല്യന്‍ (AD 220)

തെര്‍ത്തുല്ല്യന്‍ (AD 220)

ബ്ര. ജോണ്‍ തൈപ്പറമ്പില്‍

സഭയെ 'മാതാവ്' എന്ന് ആദ്യമായി വിളിച്ചത് തെര്‍ത്തുല്ല്യനാണ്. സഭാപിതാക്കന്മാരുടെ കാലത്ത്, അഗസ്റ്റിന്‍ കഴിഞ്ഞാല്‍ ലത്തീന്‍ ഭാഷയിലെ പ്രമുഖ എഴുത്തുകാരനായിരുന്നു കാര്‍ത്തേജിലെ തെര്‍ത്തുല്ല്യന്‍. ദൈവശാസ്ത്രത്തെ ലത്തീനിലേക്കു നയിച്ചത് അദ്ദേഹമാണ്. റോമാസാമ്രാജ്യത്തിന്‍റെ ആഫ്രിക്കന്‍ പ്രവിശ്യയി ലെ ഏറ്റവും പ്രധാന നഗരമായ കാര്‍ത്തേജില്‍ അഭിഭാഷകവൃത്തി നടത്തിവരവെ ക്രൈസ്തവരുടെ ജീവിതമാതൃക ആഴത്തില്‍ സ്വാധീനിച്ചതിനാല്‍ 193-ല്‍ ക്രിസ്ത്യാനിയായിത്തീര്‍ന്നു. അന്നു നിലവിലിരുന്ന വിവിധ ജ്ഞാനവാദവിഭാഗങ്ങളെയും തെര്‍ത്തുല്ല്യന്‍ യുക്തിപരമായി നിരാകരിച്ചു.


തെര്‍ത്തുല്യന്‍റെ 'മാമ്മോദീസ' എന്ന കൃതി സഭയുടെ മാമ്മോദീസായെക്കുറിച്ചുള്ള ആദ്യകാല രേഖകളിലൊന്നാണ്. മാമ്മോദീസ കൂടാതെ ക്രൈസ്തവജീവിതമില്ലെന്ന് അദ്ദേഹം ഈ കൃതിയിലൂടെ പഠിപ്പിക്കുന്നു. മാമ്മോദീസാജലത്തിലൂടെയും തുടര്‍ന്നുള്ള കൈവെയ്പിലൂടെയും ഒരുവന്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നുവെന്നും പഠിപ്പിക്കുന്നു. സത്യത്തിനുവേണ്ടി മരിക്കാനുള്ള തീവ്രമായ ആഗ്രഹം അദ്ദേഹത്തിന്‍റെ കൃതികളില്‍ പ്രകടമാണ്. രണ്ടാം മാമ്മോദീസ, രക്തത്തിലുള്ള മാമ്മോദീസ എന്നീ പദങ്ങള്‍ ഉപയോഗിച്ചാണ് അദ്ദേഹം രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്നത്. ത്രിത്വത്തെപറ്റി പഠിപ്പിക്കുമ്പോള്‍ ത്രിത്വത്തിലെ മൂന്നാളുകളുടെ ഐക്യം സത്താപരമാണ് (substance) എന്നാണ് അദ്ദേഹം പഠിപ്പിക്കുന്നത്. സത്ത എന്ന പദം ദൈവത്വത്തെ തന്നെയാണു സൂചിപ്പിക്കുന്നത്. വ്യതിരിക്തതയെ സൂചിപ്പിക്കുവാന്‍ വ്യക്തി (person) എന്ന പദമാണ് പൊതുവില്‍ ഉപയോഗിക്കുന്നത്. മൂന്നു ദൈവിക ആളുകളെ സൂചിപ്പിക്കുവാന്‍ ലത്തീന്‍ ഭാഷയിലെ ത്രിനിത്താസ് (trinitas) എന്ന പദം ആദ്യമായി ഉപയോഗിച്ചത് അദ്ദേഹമാണ്. മിശിഹായുടെ ദൈവത്വം, മനുഷ്യത്വം എന്നീ ഇരു സ്വഭാവങ്ങളെക്കുറിച്ച് അദ്ദേഹം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്.
കര്‍ത്തൃപ്രാര്‍ത്ഥന വ്യാഖ്യാനിക്കുമ്പോള്‍ ദൈവത്തിന്‍റെ പിതൃത്വവും സഭയുടെ മാതൃത്വവും പരസ്പരം ബന്ധപ്പെടുത്തിയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഹവ്വായെ സഭയുടെ പ്രതീകമായി ചിത്രീകരിക്കു ന്നുണ്ട്. ആദത്തിന്‍റെ വാരിയെല്ലില്‍ നിന്ന് ഹവ്വായെ സൃഷ്ടിച്ചതുപോലെ കര്‍ത്താവിന്‍റെ പാര്‍ശ്വത്തില്‍ നിന്നും സഭ ഉത്ഭവിച്ചുവെന്ന് അദ്ദേഹം പഠിപ്പിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org