Latest News
|^| Home -> Suppliments -> CATplus -> ‘നമുക്കിഷ്ടമുള്ളതുപോലെ’ കുട്ടികളെ വളര്‍ത്താമോ?

‘നമുക്കിഷ്ടമുള്ളതുപോലെ’ കുട്ടികളെ വളര്‍ത്താമോ?

sathyadeepam

മാര്‍ ജേക്കബ് തൂങ്കുഴി

മാനന്തവാടി രൂപതയുടെ പ്രാരംഭഘട്ടത്തില്‍, ഞാനവിടെ മെത്രാനായിരിക്കുന്ന കാലത്ത് തന്‍റെ കുട്ടികളെ മതബോധനത്തിനയയ്ക്കാന്‍ വൈമുഖ്യം പ്രദര്‍ശിപ്പിച്ച ഒരു രക്ഷകര്‍ത്താവിനെ ഓര്‍ക്കുകയാണ് ഞാന്‍. അദ്ദേഹത്തെ സ്നേഹപൂര്‍വ്വം ഉപദേശിച്ചപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു: “ഞാനൊരു കത്തോലിക്കാ വിശ്വാസിതന്നെ പക്ഷേ, എന്‍റെ കുട്ടികളെ മതബോധനത്തിന് നിര്‍ബന്ധിക്കുക ശരിയല്ല. ഒരു പ്രത്യേക മതാനുയായി ആകാന്‍ പ്രേരിപ്പിക്കുന്നതുപോലും സ്വതന്ത്രമായ തെരഞ്ഞെടുപ്പിനെ തടസ്സപ്പെടുത്തുന്നതായിട്ടാണ് എനിക്കു തോന്നുന്നത്. അതുകൊണ്ട് അവര്‍ മതബോധനത്തിന് പോകുന്നെങ്കില്‍ നല്ലതുതന്നെ. എങ്കിലും ഇക്കാര്യം അവര്‍ തന്നെ തീരുമാനിക്കട്ടെ.”
ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ദിനപത്രങ്ങളുടെ ആദ്യപേജില്‍ത്തന്നെ നാലഞ്ചു യുവാക്കന്മാരുടെ ഒരു ഗ്രൂപ്പ് ഫോട്ടോ കാണാനിടയായി. ഈ ചിത്രത്തില്‍ പ്രസ്തുത വ്യക്തിയുടെ ഒരു മകനുമുണ്ടായിരുന്നു. ആരായിരുന്നെന്നോ, കൊലയും അക്രമവും ആരോപിക്കപ്പെട്ട നക്സലൈറ്റുകള്‍! മകന് ഈ ദുരവസ്ഥയും തനിക്ക് മാനഹാനിയും വന്നതില്‍ ആ പിതാവിന് വളരെ വേദനയുണ്ടായതായി ഞാന്‍ പിന്നീട് മനസ്സിലാക്കി. ഇതിന് ആരാണ് ഉത്തരവാദി? പ്രധാനമായും ആ പിതാവുതന്നെ. കാരണം പക്വതയിലെത്താത്ത തന്‍റെ മകനെ സ്വതന്ത്രമായ തീരുമാനമെടുക്കാനായി തനിയെ വിട്ടത് ശരിയായില്ല.
മക്കളുടെ ശിക്ഷണം മാതാപിതാക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു വിടാവുന്ന ഒരു കാര്യമാണോ? ഈശോയുടെ ദേവാലയ സമര്‍പ്പണം ഈ ചോദ്യങ്ങള്‍ക്ക് മറുപടി തരുന്നുണ്ട്. ഈശോ ജനിച്ചിട്ട് 40-ാം ദിവസം പരിശുദ്ധ അമ്മയും വിശുദ്ധ യൗസേപ്പും ശിശുവിനെ ദേവാലയത്തില്‍ കാഴ്ചവയ്ക്കുന്നു. പ്രാവുകളെ ബലിയായി നല്കിയതിനു ശേഷം ദൈവത്തിനു സമര്‍പ്പിക്കപ്പെട്ട ശിശുവിനെ തിരിയെ വാങ്ങി സ്വഗൃഹത്തിലേക്ക് അവര്‍ മടങ്ങുകയാണ്.
ദൈവത്തിനു സവിശേഷമായി സമര്‍പ്പിക്കപ്പെട്ടതുവഴി, ദൈവാലയത്തില്‍ നിന്ന് തിരിച്ചുകൊണ്ടുപോകപ്പെടുന്ന ശിശു ദൈവത്തിന്‍റെ കുഞ്ഞായിത്തീര്‍ന്നിരിക്കുന്നു. ആകയാല്‍ ദൈവത്തിന്‍റെ കുഞ്ഞായി വേണം ആ ശിശുവിനെ വളര്‍ത്താന്‍.
ക്രൈസ്തവ മാതാപിതാക്കളെല്ലാവരും പരിശുദ്ധ അമ്മയും വിശുദ്ധ യൗസേപ്പുപിതാവും ചെയ്തതുപോലെ തങ്ങളുടെ കുഞ്ഞുങ്ങളെ ജ്ഞാനസ്നാനത്തിനായി ദൈവാലയത്തില്‍ കൊണ്ടുപോകുന്നു. അതുവഴി ആ കുട്ടികള്‍ ദൈവത്തെ ‘പിതാവേ’ എന്നു വിളിക്കാന്‍ അര്‍ഹതയുള്ള ദൈവമക്കളായിത്തീരുകയാണ്. അവരെ വളര്‍ത്താനുള്ള ചുമതല മാതാപിതാക്കള്‍ക്കു നല്കിക്കൊണ്ട് ദൈവം മക്കളെ തിരിയെ കൊടുത്തുവിടുന്നു. തന്മൂലം തങ്ങള്‍ക്കിഷ്ടമുള്ളതുപോലെ കുട്ടികളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് സ്വാതന്ത്ര്യമില്ല. ദൈവത്തിന്‍റെ കുഞ്ഞുങ്ങളെ ദൈവമക്കളായിത്തന്നെ വളര്‍ത്തണം; ദൈവത്തിന്‍റെ ഹിതമനുസരിച്ച് അവസാനം മാതാപിതാക്കള്‍ ദൈവത്തിന്‍റെ പക്കല്‍ കണക്കു ബോധിപ്പിക്കേണ്ടതാണെന്ന കാര്യവും നാം വിസ്മരിക്കരുത്.
ദൈവമക്കള്‍ വസിക്കുന്ന കുടുംബത്തിന് വത്തിക്കാന്‍ സൂനഹദോസ് കൊടുത്തിരിക്കുന്ന മനോഹരമായ പേരാണ് ‘ഗാര്‍ഹികസഭ.’ ആഗോളസഭയുടെ കൊച്ചുഘടകമായ കുടുംബം എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ദൈവമക്കള്‍ യേശുവിനെപ്പോലെ “വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും മുമ്പില്‍ പ്രീതിയിലും” (ലൂക്കാ 2:52). വളര്‍ന്നു വരുന്ന ദിവ്യമായ സ്ഥലം. അതിനുവേണ്ട പ്രബോധനവും ശിക്ഷണവും നല്കുന്ന മാതാപിതാക്കളാണ് ആ ഗാര്‍ഹികസഭയിലെ പുരോഹിതര്‍. കുട്ടികളുടെ ശിക്ഷണത്തിനടിസ്ഥാനം മാതാപിതാക്കളുടെ ജീവിതസാക്ഷ്യവും വാക്കുകളുമാണ്.
മുകളില്‍ പരാമര്‍ശിച്ച രക്ഷകര്‍ത്താവിനെപ്പോലെ തങ്ങളുടെ കുട്ടികളുടെ മതബോധനത്തിലും സ്വഭാവരൂപീകരണത്തിലും മാതാപിതാക്കള്‍ നിസ്സംഗമനോഭാവം പുലര്‍ത്തുന്നത് ശരിയല്ല. വളരെ വര്‍ഷങ്ങളിലെ ജീവിതത്തില്‍നിന്ന് ഉരിത്തിരിയുന്ന അനുഭവജ്ഞാനം മാതാപിതാക്കള്‍ക്കുള്ളതുപോലെ കുട്ടികള്‍ക്കില്ലല്ലോ. തങ്ങളുടെ കുട്ടികള്‍ക്ക് നല്ല ഭക്ഷണവും വസ്ത്രവും നല്കാന്‍ മാതാപിതാക്കള്‍ പരിശ്രമിക്കുന്നുണ്ടെങ്കില്‍ അതിലുപരി അവര്‍ക്ക് തങ്ങളുടെ മതവിശ്വാസവും ആദര്‍ശങ്ങളും പകര്‍ന്നു കൊടുക്കാനും ശ്രദ്ധിക്കേണ്ടതാണ്.

Leave a Comment

*
*