നവോമി

നവോമി

ബൈബിൾ വനിതകൾ

ജെസ്സി മരിയ

റൂത്തിന്‍റെ അമ്മായിയമ്മ എന്ന പേരിലാണു നവോമി വി. ഗ്രന്ഥത്തില്‍ അറിയപ്പെടുന്നത്. നവോമി എന്ന പേരിനു സദാ സന്തുഷ്ടയായവള്‍ എന്നാണര്‍ത്ഥം. ബെത്ലഹേമില്‍ നിന്നും മൊവാബ് ദേശത്തു കുടിയേറിപ്പാര്‍ത്ത എലിമലേക്കിന്‍റെ ഭാര്യയായിരുന്നു നവോമി. അവള്‍ക്കു രണ്ടു പുത്രന്മാരായിരുന്നു. മഹ്ലോനും കിലയോനും. നവോമിയുടെ ഭര്‍ത്താവ് എലിമലേക്ക് മരിച്ചു. അവളും പുത്രന്മാരും മാത്രമായി. പുത്രന്മാര്‍ ഓര്‍ഫാ, റൂത്ത് എന്നീ മൊവാബ് യുവതികളെ വിവാഹം ചെയ്തു. പത്തു വര്‍ഷത്തോളം അവര്‍ അവിടെ കഴിഞ്ഞു. അങ്ങനെയിരിക്കെ മഹ്ലോനും കിയോനും മരിച്ചു. ഭര്‍ത്താവും മക്കളും നഷ്ടപ്പെട്ട നവോമി തീവ്രദുഃഖത്തിലായി. രണ്ടു മക്കളുടെ ഉത്തരവാദിത്വം കൂടി അവള്‍ക്ക് ഏല്ക്കേണ്ടി വന്നു. ദാരിദ്ര്യം ഈ സ്ത്രീകളെ വല്ലാതെ ഞെരുക്കി. ബെത്ലഹേമില്‍ കര്‍ത്താവ് തന്‍റെ ജനത്തെ ഭക്ഷണം നല്കി അനുഗ്രഹിക്കുന്നുവെന്നു നവോമി കേട്ടു. അവര്‍ തന്‍റെ മരുമക്കളോടുകൂടെ ബെത്ലഹേമിലേക്കു തിരിച്ചുപോകാനൊരുങ്ങി. അവര്‍ പുറപ്പെട്ടു യൂദയായിലേക്കുള്ള വഴിയിലെത്തിയപ്പോള്‍ നവോമി മരുമക്കളോടു അവളുടെ മാതൃഭവനങ്ങളിലേക്കു തിരിച്ചുപോകാന്‍ പ്രേരിപ്പിച്ചു. അവര്‍ പറഞ്ഞു: "എന്‍റെ മരിച്ചുപോയ മക്കളോടും എന്നോടും നിങ്ങള്‍ കരുണ കാണിച്ചു. കര്‍ത്താവു നിങ്ങളോടും കരുണ കാണിക്കും. വീണ്ടും വിവാഹം ചെയ്തു കുടുംബജീവിതം നയിക്കാന്‍ കര്‍ത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ." അവള്‍ അവരെ ചുംബിച്ചു. മരുമക്കള്‍ പൊട്ടിക്കരഞ്ഞുകൊണ്ടു ഞങ്ങള്‍ അമ്മയെ വിട്ടു പോകില്ല, അമ്മയോടൊപ്പം ഞങ്ങളും വരും എന്നു തീര്‍ത്തു പറഞ്ഞു. വീണ്ടും നവോമി അവരെ തന്‍റെ ബുദ്ധിമുട്ടുകള്‍ പറഞ്ഞു മനസ്സിലാക്കി. അവസാനം ഓര്‍ഫായെ കെട്ടിപ്പിടിച്ചു ചുംബിച്ചു യാത്ര പറഞ്ഞു. റൂത്ത് അവളെ പിരിയാതെ നിന്നു. അവള്‍ തന്നോടുകൂടെ പോരാനുറച്ചു എന്നു കണ്ട നവോമി പിന്നെ അവളെ നിര്‍ബന്ധിച്ചില്ല.

അവര്‍ ബെത്ലഹേമിലെത്തിയപ്പോള്‍ പട്ടണം മുഴുവന്‍ അവരെ കണ്ടു വിസ്മയിച്ചു. അവര്‍ അവളെ സന്തോഷത്തോടെ സ്വീകരിച്ചു. നവോമി പറഞ്ഞു: എല്ലാം തികഞ്ഞവളായി ഞാന്‍ ഇവിടെ നിന്നുപോയി. ഇപ്പോള്‍ ഒന്നും ഇല്ലാത്തവളായി കര്‍ത്താവ് എന്നെ തിരിച്ചയച്ചിരിക്കുന്നു. നിങ്ങള്‍ ഇനിയും എന്തിനെന്നെ നവോമി എന്നു വിളിക്കുന്നു? ബാര്‍ലി കൊയ്ത്ത് തുടങ്ങിയ സമയത്താണ് അവര്‍ ബെത്ലഹേമിലെത്തിയത്. റൂത്ത് അമ്മയോട് അനുവാദം ചോദിച്ചശേഷം വയലുകളില്‍ കാലാ പെറുക്കാന്‍ പോയി. നവോമിയുടെ ഭര്‍ത്തൃകുടുംബത്തില്‍പ്പെട്ട ബോവാസിന്‍റെ വയലിലാണ് അവള്‍ എത്തിച്ചേര്‍ന്നത്. റൂത്ത് നവോമിയുടെ മരുമകളാണെന്ന് അറിഞ്ഞ ബോവാസ് അവളോടു കരുണാപൂര്‍വം പ്രവര്‍ത്തിച്ചു. ഭക്ഷണസമയത്ത് അവന്‍ അവള്‍ക്ക് അപ്പവും മലരും വേണ്ടുവോളം കൊടുത്തു. അവളെ ശല്യപ്പെടുത്തരുതെന്നു തന്‍റെ ജോലിക്കാരോട് പ്രത്യേകം പറഞ്ഞു.

വീട്ടില്‍ തിരിച്ചെത്തിയ റൂത്ത് ബാക്കിയുണ്ടായിരുന്ന ഭക്ഷണം അമ്മയ്ക്കു കൊടുത്തു. താന്‍ ശേഖരിച്ച ധാന്യം അവളെ കാണിക്കുകയും ചെയ്തു. ബോവാസിന്‍റെ വയലിലാണു റൂത്ത് കാലാ പെറുക്കാന്‍ പോയതെന്നറിഞ്ഞപ്പോള്‍ നവോമിക്കു വലിയ സന്തോഷം തോന്നി. അവള്‍ സര്‍വശക്തനു നന്ദി പറഞ്ഞു. അവള്‍ തന്‍റെ മനസ്സില്‍ ചില കണക്കുകൂട്ടുലകള്‍ നടത്തി. നവോമി മുന്‍കയ്യെടുത്തു റൂത്തിനെ ബോവാസിനു വിവാഹം ചെയ്തു കൊടുക്കാനുള്ള ആലോചനകള്‍ നടത്തി. ബോവാസ് റൂത്തിനെ സ്വീകരിച്ചു. അവള്‍ അവന്‍റെ ഭാര്യയായി. അങ്ങനെ നവോമി തന്നെ സ്നേഹിച്ച്, തന്‍റെ കൂടെ ഇറങ്ങി പുറപ്പെട്ട മരുമകളോടുള്ള ഉത്തരവാദിത്വം നിറവേറ്റി. കര്‍ത്താവിന്‍റെ അനുഗ്രഹത്താല്‍ റൂത്ത് ഗര്‍ഭിണിയായി ഒരു പുത്രനെ പ്രസവിച്ചു. അപ്പോള്‍ സ്ത്രീകള്‍ നവോമിയോടു പറഞ്ഞു: "നിനക്കൊരു പിന്തുടര്‍ച്ചാവകാശിയെ നല്കിയ കര്‍ത്താവ് വാഴ്ത്തപ്പെട്ടവനാകട്ടെ! അവന്‍ ഇസ്രായേലില്‍ പ്രസിദ്ധിയാര്‍ജ്ജിക്കട്ടെ. അവന്‍ നിനക്കു നവജീവന്‍ പകരും. വാര്‍ദ്ധക്യത്തില്‍ നിനക്കു താങ്ങായിരിക്കും." നിന്നെ സ്നേഹിക്കുന്നവളും ഏഴു പുത്രന്മാരേക്കാള്‍ വിലപ്പെട്ടവളുമായ നിന്‍റെ മരുമകളാണ് അവനെ പ്രസവിച്ചത്. അയല്ക്കാരായ ആ സ്ത്രീകള്‍ കുഞ്ഞിനു ഓബദ് എന്നു പേരിട്ടു. അവന്‍ ദാവീദിന്‍റെ പിതാവായ ജസ്സെയുടെ പിതാവാണ് – ദാവീദിന്‍റെ മകന്‍.

അമ്മായിയമ്മ-മരുമകള്‍ ബന്ധത്തിന് ഏറ്റവും ഉത്തമ മാതൃകയാണു നവോമിയും റൂത്തും. മരുമകള്‍ നവോമിയെ അത്രമാത്രം സ്നേഹിക്കണമെങ്കില്‍ അവര്‍ അവരോട് എങ്ങനെ പെരുമാറിയെന്ന് ഊഹിക്കാമല്ലോ. ഇന്നു ചാനലുകള്‍ പടച്ചുവിടുന്ന സീരിയലുകളില്‍ യക്ഷികളെപ്പോലുള്ള പ്രതികാരദാഹികളായ അമ്മായിയമ്മമാരെയും മരുമക്കളെയും കണ്ട് ഇതാണു ജീവിതമെന്നു തെറ്റിദ്ധരിക്കുന്ന ഒരു കാലത്തിലാണു നമ്മള്‍. ഇവരൊക്കെ എന്നാണു വേദപുസ്തകത്താളുകള്‍ മറിച്ചുനോക്കി നവോമിയെയും റൂത്തിനെയും കണ്ടുമുട്ടുക?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org