സഭയും, യുവജനങ്ങളും

പ്രദീപ് മാത്യു
(പ്രസിഡന്‍റ്, കെ.സി.വൈ.എം.)
ആഗോള കത്തോലിക്കാ സഭയ്ക്ക് ഒരു വലിയ നവീകരണത്തിന് വഴിതെളിയിച്ച ഒന്നായിരുന്നു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍. ഈ കൗണ്‍സിലിന്‍റെ തീക്ഷ്ണതയില്‍ യുവജനങ്ങളെ ക്രൈസ്തവദര്‍ശനത്തിലേക്ക് എത്തിക്കുവാന്‍ ക്രൈസ്തവ യുവജനപ്രസ്ഥാനങ്ങള്‍ക്ക് തുടക്കം കുറിച്ചപ്പോള്‍ കേരളത്തിലും യുവജനകൂട്ടായ്മകള്‍ക്ക് ആരംഭമായി. കെ.സി.വൈ.എം. പ്രസ്ഥാനവും കേരളത്തിലെ കത്തോലിക്കാ യുവജന കൂട്ടായ്മ യുടെ മുന്നേറ്റമായി 39 വര്‍ഷം പിന്നിടുന്നു.
കേരള കത്തോലിക്ക യുവജനപ്രസ്ഥാനം ഒരു ധാര്‍മ്മിക പ്രസ്ഥാനമായിട്ടാണ് സഭ കാണുന്നത്. ഇതിനെ ഈ രീതിയില്‍ നിലനിര്‍ത്തണമെങ്കില്‍ യുവാക്കളില്‍ വചനാധിഷ്ഠിതജീവിതം ആവശ്യമാണ്. ഒരു കത്തോലിക്കാ യുവാവിനെ സംബന്ധിച്ചിടത്തോളം എഴുതപ്പെട്ട വചനവും മാംസം ധരിച്ച വചനവും ഇരുകരങ്ങളിലും ഉണ്ടാകേണ്ട ആയുധങ്ങളാണ്. വി. പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മിപ്പിക്കുന്നതുപോലെ "എഴുതപ്പെട്ട വി. ലിഖിതം പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു." മാനവകുലത്തിന്‍റെ സമ്പൂര്‍ണ്ണ വിമോചനമായിട്ടാണ് വചനം മാംസമായി നമ്മില്‍ വസിച്ചത്. അതിനാല്‍ത്തന്നെ സമൂഹത്തിന്‍റെ നിര്‍മ്മിതിയിലും, സമകാലീന പ്രശ്നങ്ങളുടെ ഉത്തരങ്ങള്‍ക്കും വചനാധിഷ്ഠിത ജീവിതം എല്ലാ യുവജനങ്ങളിലും ഉണ്ടായിരിക്കേണ്ടതാണ്.
"യുവാക്കന്മാരെ നിങ്ങള്‍ ശക്തരാണ്" എന്ന് വി. യോഹന്നാന്‍ ശ്ലീഹാ ന്യായാവബോധത്തിലൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുമ്പോള്‍ അതിനെ നല്ല ചിന്തയോടെ ഉള്‍ക്കൊള്ളാന്‍ യുവാക്കള്‍ തയ്യാറാകേണ്ടതാണ്. യുവത്വത്തിന്‍റെ ജീവിത വഴികളെ ശരിയായ ദിശയില്‍ നയിക്കുവാന്‍ ഇടവകതലം മുതല്‍ അവരെ പ്രാപ്തരാക്കുവാന്‍ നമുക്ക് ബാധ്യതയുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ കെ.സി.വൈ.എം. പ്രസ്ഥാനം ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ യുവജനശാക്തീകരണത്തിന്‍റെ പല മേഖലകളിലും പലവിധ പടല പിണക്കങ്ങളിലും തര്‍ക്കവിഷയങ്ങളിലും തട്ടി കൂ ട്ടായ്മയെ അസ്ഥിരപ്പെടുത്തുന്നതും കണ്ടുവരുന്നു. കൂടുതല്‍ പ്രതിസന്ധികളിലേക്ക് ഇത്തരം വിഷയങ്ങള്‍ മാറ്റാതെ യോജിപ്പിന്‍റെ തലങ്ങള്‍ കണ്ടെത്തി കൂട്ടായ്മയിലേക്ക് പോകുവാന്‍ എല്ലാവരും ശ്രദ്ധിക്കണം.
കേരള കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്‍റെ പുതിയ പ്രസിഡന്‍റ് എന്ന നിലയില്‍, നമ്മുടെ അടിസ്ഥാന വിശ്വാസങ്ങളില്‍ വ്യതിചലിക്കാതെ പുതിയ മാറ്റങ്ങള്‍ ക്രൈസ്തവ ദര്‍ശനത്തില്‍ കൊണ്ടുവരുവാന്‍ ഞാന്‍ ശ്രമിക്കും. യുവജനങ്ങളെ സഭയുടെ ഭാവി വാഗ്ദാനങ്ങളായി കണ്ടുകൊണ്ട് അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ക്ക് മുന്‍തൂക്കം നല്‍കും. 2018-ല്‍ വത്തിക്കാനില്‍ നടക്കുന്ന യുവജന സിനഡുമായും, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പുതിയ പരിപാടികള്‍ ആവിഷ്കരിക്കും. മനുഷ്യപദ്ധതികള്‍ക്ക് അപ്പുറമായി ദൈവത്തിന്‍റെ ഹിതത്തിന് സമര്‍പ്പിക്കുന്നു. ഈ പ്രസ്ഥാനത്തിന് മികച്ച പിന്തുണ നല്‍കുന്ന സത്യദീപം വാരികയ്ക്ക് എല്ലാവിധ നന്ദി അറിയിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org