അക്കാമ്മയുടെ ക്രിസ്തുമസ്സ്

അക്കാമ്മയുടെ ക്രിസ്തുമസ്സ്

ഫ്രാന്‍സിസ് തറമ്മേല്‍

മോടിയില്‍ തീര്‍പ്പിച്ച പുല്ക്കൂടും വലിയ മൂളിമരത്തില്‍നിന്നും മുറിച്ചെടുത്തുണ്ടാക്കിയ ക്രിസ്തുമസ് ട്രീയും മുറ്റത്തെ മരങ്ങള്‍ നിറയെ അലങ്കാര ദീപങ്ങളും ചെറുതും വലുതുമായി നക്ഷത്രങ്ങളും പ്രകാശം പരത്തിയിട്ടും ഉള്ളിലെ ഇരുട്ടിന് വെളിച്ചമായില്ല! തനിക്ക് ഉള്ളുകൊണ്ടറിയാം ഒരു പുണ്യചെടിയും ഇതില്‍ നട്ടിട്ടില്ല. ഏല്പിച്ച ജോലിക്കാര്‍ അവരുടെ വേല ചെയ്തു, അത്രമാത്രം.
എന്തൊ ഒരു കുറ്റബോധം വിടാതെ പിടിച്ചപ്പോള്‍ അക്കാമ്മ അമ്മൂമ്മ മുറ്റത്തെ കാഴ്ചകള്‍ കാണുന്നത് മതിയാക്കി വീടിന്റെ വരാന്തയിലേക്കു നടന്നു കയറി. അവിടെയിട്ടിരിക്കുന്ന ചാരുകസേരയില്‍ ചെന്നിരുന്നു. അപ്പോള്‍ ഒരു കൂട്ടം ചോദ്യങ്ങള്‍ അമ്മൂമ്മയുടെ ഉള്ളില്‍ ഉയര്‍ന്നു. മക്കളും മരുമക്കളും കൊച്ചുമക്കളും വിളിപ്പുറത്തുണ്ടായിട്ടും ഈ സന്തോഷരാവില്‍ തനിച്ചായോ? സ്വന്തങ്ങളെ കളഞ്ഞ് തേടിയ നോമ്പും പ്രാര്‍ത്ഥനയും ഉപവാസവും പുണ്യം നിറഞ്ഞുവോ? മീന്‍കാരന്‍ കൊച്ചാപ്പിയും അടുക്കള ജോലിക്കാരി കൊച്ചന്നയും എങ്ങനെ നിനക്കു മിത്രങ്ങളായി?
അമ്മൂമ്മ എഴുന്നേറ്റു നടന്ന് പ്രാര്‍ത്ഥനാ മുറിയിലെത്തി. നടയില്‍ മെഴുകുതിരികള്‍ തെളിച്ചു മുട്ടുകള്‍ കുത്തി വലം കയ്യില്‍ നന്മയുടെ കൊന്തമണികളുരുട്ടി പ്രാര്‍ത്ഥിച്ചു! സര്‍വ്വവും ദൈവം എന്നുറപ്പിച്ചപ്പോള്‍ ഹൃദയഭാരം അമ്മൂമ്മയെ വിട്ടൊഴിഞ്ഞു. ഹൃദയത്തില്‍ ദൈവം ഇടം തേടി. സ്‌നേഹം നിറഞ്ഞ ഹൃദയം സ്വന്തമാക്കിയ അമ്മൂമ്മ ദൈവത്തോട് പറഞ്ഞു: ഞാന്‍ പാപിയെന്നത് തിരിച്ചറിയുന്നു. ഉയരങ്ങളില്‍ നിന്നും താഴ്ചയില്‍ വന്നു പിറന്ന ദൈവപുത്രാ എന്നിലും എളിമ നിറയ്ക്കണമേ.
ചാരുകസേരയില്‍ വന്നിരുന്നു അമ്മൂമ്മ തണുത്ത കുളിര്‍ക്കാറ്റിന്റെ തലോടലേറ്റ് മയക്കത്തിലേയ്ക്ക് പോയി. മീന്‍കാരന്‍ കൊച്ചാപ്പിയുടെ വണ്ടി മുറ്റത്തേയ്ക്കു കടന്നുവന്നപ്പോള്‍ അമ്മൂമ്മ പറഞ്ഞു, മീനൊന്നും വേണ്ട കൊച്ചാപ്പീ!… നൊയമ്പല്ലേ? മീനല്ല അമ്മച്ചീ കൊഞ്ചാണ്, അമ്മച്ചീടെ കൊതിയറിഞ്ഞ് ഞാന്‍ കൊണ്ടുവന്നതാണ്. വേഗം അമ്മൂമ്മ കൊന്തയിലെ കുരിശു മുത്തിക്കൊണ്ടു പറഞ്ഞു – കര്‍ത്താവേ കൊഞ്ച് ചതിച്ചു. എന്നോടു പൊറുക്കണമേ. ചട്ടിയില്‍ വാങ്ങിയ കൊഞ്ച് വൃത്തിയാക്കി മസാല പുരട്ടുമ്പോള്‍ കൊച്ചാപ്പി അടുത്തുചെന്ന് പറഞ്ഞു. ഈ കൊഞ്ചും കൊണ്ടു ഞാന്‍ അമ്മച്ചീടെ രണ്ടാണ്‍മക്കളുടെ വീട്ടിലും ചെന്നതാണ്. അവിടെ നോമ്പു കടുപ്പം – ഇഷ്ടഭക്ഷണത്തിനോട് വെറുപ്പു കാട്ടുന്നു. ഈ കൊഞ്ച് ചീഞ്ഞതാണെന്ന് എന്നോടു പറഞ്ഞു. മുതിര്‍ന്നവര്‍ക്കൊപ്പം ചെറിയ മക്കളും ചേര്‍ന്നു.
വല്ലാത്ത ശബ്ദത്തില്‍ ചിരിച്ചുകൊണ്ട് തിളച്ച എണ്ണച്ചട്ടിയിലിട്ട വേവാത്ത മാംസക്ഷണങ്ങള്‍ ചൂട് വകവയ്ക്കാതെ കയ്‌കൊണ്ടെടുത്ത് കൊച്ചാപ്പി അമ്മൂമ്മയ്ക്ക് കൊടുത്തു. ഹൃദയം കൊതിക്കാത്ത സ്വപ്നത്തില്‍ നിന്നും മോചിതയായ അമ്മൂമ്മ മാലാഖമാരുടെ ഇമ്പസ്വരം കേട്ടു. മക്കളും, മരുമക്കളും, കൊച്ചുമക്കളും അവര്‍ക്കരികെ! ഉള്ളില്‍ പുണ്യം നിറഞ്ഞ് അവരില്‍ നിന്നും ക്രിസ്തുമസ് കേക്കും സമ്മാനപ്പൊതികളും കൈകള്‍ നീട്ടി വാങ്ങുമ്പോള്‍ പുല്‍ക്കൂടിനരികിലേയ്ക്ക് താഴ്ന്നിറങ്ങുന്ന മാലാഖമാരെ അമ്മൂമ്മ കണ്ടു!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org