അമ്പിളിമാമൻ രക്ഷിച്ചു

അമ്പിളിമാമൻ രക്ഷിച്ചു

കുഞ്ഞിക്കഥ

രാമചന്ദ്രന്‍ പുറ്റുമാനൂര്‍

ഇല്ലിക്കാട്ടില്‍ നില്ക്കുന്ന ഉണങ്ങിയ മുളയുടെ പൊത്തിലാണ് അമ്മ മിന്നാമിന്നിയും കുഞ്ഞു മിന്നാമിന്നിയും താമസിക്കുന്നത്. കുഞ്ഞു മിന്നാമിന്നി ഇതുവരെ പുറത്തൊന്നും പോയിട്ടില്ല.

"അമ്മ പുറത്തു പോയിട്ടു വരാം… നീ പുറത്തൊന്നും പോകരുതു കേട്ടോ; അപകടമുണ്ടാകും." അമ്മ മിന്നാമിന്നി രാത്രിയായപ്പോള്‍ മിന്നിമിന്നിക്കൊണ്ടു പറന്നുപോയി.

അമ്മ മിന്നാമിന്നി എന്നും രാത്രിയില്‍ ഇരതേടി പുറത്തുപോകുമ്പോള്‍ കുഞ്ഞു മിന്നാമിന്നിയോടു പറയുന്ന വാക്കുകളാണിത്. അമ്മ പറയുന്നത് അവന്‍ അനുസരിക്കാറുമുണ്ട്. അമ്മ വരുന്നതും നോക്കി അങ്ങനെ എന്നും കുഞ്ഞുമിന്നാമിന്നി മുളപ്പൊത്തില്‍ തന്നെയിരിക്കും; പുറത്തിറങ്ങാറേയില്ല. എന്നാല്‍ അന്ന് അമ്മ മിന്നാമിന്നി പോയപ്പോള്‍ കുഞ്ഞുമിന്നാമിന്നി പുറത്തിറങ്ങി പറക്കാന്‍ തുടങ്ങി. ഞാന്‍ വലുതായല്ലോ അപകടം വന്നാല്‍ രക്ഷപ്പെടാം – കുഞ്ഞുമിന്നാമിന്നി മനസ്സിലോര്‍ത്തു. അവന്‍ അമ്മ പോയതിന്‍റെ പിന്നാലെ പുറത്തിറങ്ങി പറന്നു തുള്ളിനടന്നു.

ജിമ്പന്‍ വവ്വാല് ഇരതേടി വരുമ്പോള്‍ മിന്നിമിന്നി നടക്കുന്ന കുഞ്ഞുമിന്നാമിന്നിയെ കണ്ടു. "ഹയ്യയ്യാ, ആ മിന്നാമിന്നിയെ വിഴുങ്ങാം" ജിമ്പന്‍ വവ്വാല് കുഞ്ഞുമിന്നാമിന്നിയെ വിഴുങ്ങാനായി പറന്നുചെന്നു.

അയ്യോ, ആ കുഞ്ഞു മിന്നാമിന്നിയെ രക്ഷിക്കണമല്ലോ. അല്ലെങ്കില്‍ പാവത്തിനെ വവ്വാല് വിഴുങ്ങും; മാനത്തു തെളിഞ്ഞു നിന്ന അമ്പിളിമാമനു സങ്കടമായി. അദ്ദേഹത്തിന് ഒരു ബുദ്ധി തോന്നി. അമ്പിളിമാമന്‍ വേഗം ഒരു നക്ഷത്രപ്പൂവ് പറിച്ചെടുത്തു ജിമ്പന്‍ വവ്വാലിന്‍റെ മുഖത്തേയ്ക്കിട്ടു. നക്ഷത്രപ്പൂവ് ജിമ്പന്‍റെ മുഖത്തുതന്നെ വന്നുവീണു.

"അയ്യയ്യോ, മുഖം ചൊറിയുന്നല്ലോ." നക്ഷത്രപ്പൂവ് മുഖത്തു വീണപ്പോള്‍ ജിമ്പനു ചൊറിയാന്‍ തുടങ്ങി. അവന്‍ വേഗം ഒരു മരക്കൊമ്പില്‍ പോയി തൂങ്ങിക്കിടന്നു ചിറകുകള്‍കൊണ്ടു മുഖം മാന്താന്‍ തുടങ്ങി. ഈ സമയം അമ്മ മിന്നാമിന്നി പറന്നെത്തി. അമ്മ മിന്നാമിന്നി ജിമ്പനെ കണ്ടു.

"അയ്യോ, നീ പുറത്തിറങ്ങിയോ? ആപത്ത് ദേ അടുത്തു വന്നിരിക്കുന്നു; വേഗം വാ." അമ്മ മിന്നാമിന്നി കുഞ്ഞുമിന്നാമിന്നിയെയും വിളിച്ചുകൊണ്ട് ഒട്ടും നേരം കളയാതെ മുളപ്പൊത്തില്‍ കയറി ഒളിച്ചു. കണ്ടോ അമ്പിളിമാമന്‍ രക്ഷിച്ചില്ലായിരുന്നെങ്കില്‍ കുഞ്ഞുമിന്നാമിന്നി ജിമ്പന്‍ വവ്വാലിന്‍റെ വയറ്റിലാകുമായിരുന്നില്ലേ. അനുസരണക്കേട് അപകടത്തിനിടവരുത്തുമെന്നോര്‍ക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org