തോബിത്തിന്റെ ഭാര്യ അന്ന

തോബിത്തിന്റെ ഭാര്യ അന്ന

ജെസ്സി മരിയ

നഫ്താലി വംശജനായ തോബിയേലിന്റെ പുത്രന്‍ തോബിത്തിന്റെ ഭാര്യയായിരുന്നു അന്ന. ജീവിതകാലമത്രയും സത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട വ്യക്തിയായിരുന്നു തോബിത്ത്. ബി.സി. 721-ല്‍ നിനിവേയിലേക്ക് നാടു കടത്തപ്പെട്ട യഹൂദരില്‍ തോബിത്തും ഉണ്ടായിരുന്നു. തോബിത്ത് തന്റെ സ്വദേശമായ ഇസ്രായേലില്‍ താമസിച്ചിരുന്നപ്പോള്‍ത്തന്നെ അദ്ദേഹത്തിന്റെ ഗോത്രം (നഫ്താലി) മുഴുവന്‍ വിശ്വാസം ഉപേക്ഷിച്ച് ബാലിന് ബലിയര്‍പ്പിച്ചിരുന്നു. എന്നാല്‍ തോബിത്ത് മാത്രം ഇസ്രായേലിന്റെ ശാശ്വത നിയമം അനുസരിച്ച് ഉത്സവങ്ങളില്‍ പങ്കെടുക്കാന്‍ ജെറുസലേമില്‍ പോയിരുന്നു. ആദ്യ ഫലങ്ങളും വിളവിന്റെ ദശാംശവും ആദ്യം കത്രിക്കുന്ന ആട്ടിന്‍രോമവും അഹറോന്റെ പുത്രന്മാരെ ഏല്‍പ്പിച്ചിരുന്നു. തടവുകാരനായി പിടിക്കപ്പെട്ടപ്പോള്‍ ഭാര്യ അന്നയെയും പുത്രന്‍ തോബിയാസിനെയും തനിച്ചാക്കി പോകേണ്ടിവന്നു.

കാലം കുറച്ചു കഴിഞ്ഞു. തോബിത്ത് തിരികെയെത്തി. തന്റെ ഭാര്യയുടെയും പുത്രന്റെയും അടുത്തെത്തിയപ്പോള്‍ അദ്ദേഹം സന്തോഷിച്ചു. പെന്തക്കുസ്താ തിരുനാളിന്റെ അന്നാണ് അദ്ദേഹം തിരിച്ചെത്തിയത്. ഭക്ഷണം കഴിക്കാന്‍ ഇരുന്നപ്പോഴാണ് തന്റെ ജനത്തിലൊരാളെ ആരോ കഴുത്തുഞെരിച്ച് കൊന്ന വാര്‍ത്ത തോബിത്ത് അറിഞ്ഞത്. അദ്ദേഹം ഭക്ഷണം കഴിക്കാതെ പുറത്തേക്കോടി. സൂര്യനസ്തമിച്ചപ്പോള്‍ മരിച്ചവനെ സംസ്‌കരിച്ചിട്ട് തിരിച്ചുവന്നു. അശുദ്ധനായതുകൊണ്ട് വീട്ടില്‍ കയറാതെ മുറ്റത്തെ മതിലിനരികില്‍ കിടന്നുറങ്ങി. മതിലില്‍ ഇരുന്നിരുന്ന കുരുവികളുടെ കാഷ്ഠം വീണ് അദ്ദേഹത്തിന്റെ കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടു. തോബിത്ത് വീണ്ടും സങ്കടത്തിലായി. ഭാര്യ അന്ന കുടുംബഭാരം ഏറ്റെടുത്തു. അവള്‍ സ്ത്രീകള്‍ക്ക് വശമായ തൊഴില്‍ ചെയ്തു കുടുംബം പുലര്‍ത്തി.

അങ്ങനെയിരിക്കെ ഒരു ദിവസം കൂലിക്കു പുറമേ ഒരു ആട്ടിന്‍കുട്ടിയെ കൂടി അവള്‍ക്ക് പ്രതിഫലമായി കിട്ടി. അവള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ആട്ടിന്‍കുട്ടിയുടെ കരച്ചില്‍ കേട്ട് തോബിത്ത് അതിനെ എവിടുന്ന് കിട്ടി എന്നന്വേഷിച്ചു. കൂലിക്കു പുറമേ സമ്മാനമായി തന്നതാണെന്ന് അവള്‍ പറഞ്ഞു. പക്ഷേ തോബിത്ത് വിശ്വസിച്ചില്ല. അവള്‍ കട്ടെടുത്തതാണ് എന്നു പറഞ്ഞു ശാസിക്കുകയും, ഉടമസ്ഥനെ തിരിച്ചേല്‍പ്പിക്കാന്‍ ശഠിക്കുകയും ചെയ്തു. മാത്രമല്ല അവളുടെ പ്രവൃത്തിമൂലം തനിക്ക് നാണക്കേടുണ്ടായി എന്നുപോലും പറഞ്ഞു അവളെ ആക്ഷേപിച്ചു. പാവം അന്ന.. അവളുടെ അഭിമാനത്തിനും സത്യസന്ധതയ്ക്കും മുറിവേറ്റു. അവള്‍ ചോദിച്ചു. 'നിന്റെ ദാനധര്‍മ്മങ്ങളും സല്‍പ്രവൃത്തികളും എവിടെ? എല്ലാം അറിയമെന്നല്ലേ ഭാവം. തോബിത്ത് സത്യസന്ധതയ്ക്കും നീതിക്കും വേണ്ടി നിലകൊണ്ട വ്യക്തിയാണ്. പക്ഷേ, ഈ ആരോപണം അന്നയെ എത്രമാത്രം തളര്‍ത്തിയിട്ടുണ്ടാവും?

അങ്ങനെയിരിക്കെ തോബിത്തിന് താന്‍ കാലങ്ങള്‍ക്ക് മുന്‍പ് മേദിയായിലെ റാഗെസില്‍ വച്ച് ഗബായേലിന്റെ പക്കല്‍ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച പണത്തിന്റെ കാര്യം ഓര്‍മ്മ വന്നു. അവന്‍ പുത്രന്‍ തോബിയാസിനെ വിളിച്ച് മേദിയായില്‍ പോയി ആ പണം വാങ്ങിക്കൊണ്ടു വരാന്‍ നിര്‍ദ്ദേശിച്ചു. തോബിയാസ് തനിക്ക് കൂട്ടായി കിട്ടിയ സഹയാത്രികനൊപ്പം യാത്ര പുറപ്പെട്ടു. എന്നാല്‍ അവന്‍ പോയത് അമ്മയായ അന്നയ്ക്കു താങ്ങാവുന്നതിലധികം സങ്കടമുണ്ടാക്കി. അവള്‍ കരഞ്ഞു കൊണ്ട് തോബിത്തിനോട് പറഞ്ഞു: നമ്മുടെ കുഞ്ഞിനെ എന്തിനാണ് ഇത്ര ദൂരെ അയച്ചത്? പണമല്ല പ്രധാനം. അത് നമ്മുടെ മകനേക്കാള്‍ വില പ്പെട്ടതുമല്ല. കര്‍ത്താവ് തന്ന ജീവിത സൗകര്യങ്ങള്‍ കൊണ്ടു തൃപ്തിപ്പെട്ടു കൂടെ? തോബിത് മറുപടി പറഞ്ഞു: നീ വിഷമിക്കേണ്ട, അവന്‍ സുരക്ഷിതനായി മടങ്ങിയെത്തുന്നത് നീ കാണും. കാരണം, ഒരു നല്ല ദൂതന്‍ അവനോടൊത്തു പോകും. അവന്റെ യാത്ര മംഗളകരം ആയിരിക്കും. അവന്‍ സുഖമായി മടങ്ങിവരും. അവള്‍ കരച്ചില്‍ നിര്‍ത്തി.

തോബിയാസ് പോയിട്ട് ദിവസങ്ങളായി. ഒരു വിവരവുമില്ല. അവള്‍ തന്റെ മകനെ ഓര്‍ത്ത് കരയാന്‍ തുടങ്ങി. അവന്‍ നഷ്ടപ്പെട്ടു എന്നുതന്നെ അവള്‍ കരുതി. എല്ലാ ദിവസവും അവള്‍ അവന്‍ പോയ വഴിയിലേക്ക് ചെല്ലും. പകല്‍ മുഴുവന്‍ കാത്തിരിപ്പാണ്. രാത്രി മകനെ ഓര്‍ത്തു കരയും.

അങ്ങനെയിരിക്കെ ഒരു ദിവസം അന്ന വഴിയിലേക്ക് നോക്കിയിരിക്കുമ്പോള്‍ തങ്ങളുടെ മകന്‍ ദൂരെ നിന്നും വരുന്നത് കണ്ടു. അവള്‍ ചെന്ന് അവന്റെ പിതാവിനോട് പറഞ്ഞു: "ഇതാ, നിന്റെ പുത്രന്‍ വരുന്നു." അവളോടിച്ചെന്ന് മകനെ ആശ്ലേഷിച്ചു. അവള്‍ അവനോട് പറഞ്ഞു: "എന്റെ കുഞ്ഞേ, നിന്നെ കാണാന്‍ എനിക്ക് ഇടയായി. ഇനി മരിക്കാന്‍ ഞാനൊരുക്കമാണ്."

മകനോടും അവന്റെ കുടുംബത്തോടൊപ്പം കുറച്ചു കാലം കൂടെ തോബിത്തും അന്നയും ജീവിച്ചു വാര്‍ദ്ധക്യത്തിന്റെ. പൂര്‍ണ്ണതയില്‍ ആദ്യം തോബിത്തും പിന്നീട് അന്നയും മരിച്ചു. തോബിയാസ് മാതാപിതാക്കളെ ആഡംബരപൂര്‍വ്വം സംസ്‌കരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org