അസൂയയ്ക്കും കുശുമ്പിനും മരുന്നുണ്ട്!

അസൂയയ്ക്കും കുശുമ്പിനും മരുന്നുണ്ട്!

കുടുംബജീവിതബന്ധങ്ങളെ ബലപ്പെടുത്താന്‍, സ്മാര്‍ട്ടാക്കാന്‍
ഒരു ഫാമിലി കൗണ്‍സിലറുടെ അനുഭവപാഠങ്ങള്‍

വിപിന്‍ വി. റോള്‍ഡന്‍റ്
മനഃശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍,
പരിശീലകന്‍, ഗ്രന്ഥകാരന്‍
Chief Consultant Psychologist,
Sunrise Hospital, Cochin University
& Roldants Behaviour Studio, Cochin

ഒരിക്കല്‍ ഒരു സ്ത്രീയും മകനും എന്‍റെയടുത്ത് കണ്‍സള്‍ട്ടേഷനു വന്നു. പത്താം ക്ലാസ്സുകാരനായ മകനെ പഠനനിലവാരം ഉയര്‍ത്താനും ഫുള്‍ A+ വാങ്ങിപ്പിക്കുവാനുമുള്ള മനഃശാസ്ത്ര പരിശീലനം നല്കുകയായിരുന്നു ആഗമനോദ്ദേശ്യം. അതിനുള്ള ചര്‍ച്ചകളും പഠനതന്ത്രപരിശീലനവുമൊക്കെ ആരംഭിക്കുകയും ചെയ്തു. പിരിയുംമുമ്പ് മകനെ പുറത്തിരുത്തി അവര്‍ ചോദിച്ചു, 'സാര്‍, ചോദിക്കുന്നതുകൊണ്ടൊന്നും തോന്നരുത്. ഈ അസൂയയ്ക്കും കുശുമ്പിനുമൊക്കെ മരുന്നുണ്ടോ? ചികിത്സിച്ചാല്‍ മാറുമോ?" ചോദ്യം എന്നില്‍ തെല്ലൊരമ്പരപ്പും കൗതുകവും ഉണര്‍ത്തിയെങ്കിലും അതത്ര കാര്യമായി പുറത്തുകാണിക്കാതെ, ഒരു ചെറുപുഞ്ചിരിയോടെ ഞാന്‍ പറഞ്ഞു. "പണ്ടുകാലത്ത് ചികിത്സ  ഇല്ലായിരുന്നു. പക്ഷേ, ഇപ്പോഴുണ്ട്. 'Jealousy Management' ആര്‍ക്കുവേണ്ടിയാണ്?" ചികിത്സ  ഉണ്ടെന്നു കേട്ടപ്പോള്‍ നൂറു വാള്‍ട്ട് ബള്‍ബിന്‍റെ ശോഭയോടെ വിടര്‍ന്ന ആ കണ്ണുകള്‍ ചെറുനാണത്തോടെയും ചെറുചമ്മലോടെയും അറച്ചും അറക്കാതെയും പറഞ്ഞു, "വേറെയാര്‍ക്കുമല്ല, എനിക്കുതന്നെയാണ്. ബന്ധുജനങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ എന്തെങ്കിലും നന്മയോ നേട്ടമോ വിജയമോ ലാഭമോ ഉണ്ടായിയെന്നറിഞ്ഞാല്‍ പിന്നെ ആ രാത്രിയില്‍ ഞാന്‍ ഉറങ്ങില്ല. നെഞ്ചിനു വല്ലാത്ത ഭാരം… ചിലപ്പോള്‍ ശ്വാസതടസ്സവും വരും. എന്തെന്നില്ലാത്ത ദേഷ്യവും അസ്വസ്ഥതയും. ഇതത്ര നല്ല സ്വഭാവമല്ലെന്നറിയാം. പക്ഷേ, മാറുന്നില്ല. ഇതൊരു രോഗമാണോ ഡോക്ടര്‍?" ഒറ്റപ്പിടിപ്പീരില്‍ പറഞ്ഞവസാനിപ്പിച്ചിട്ട് കണ്‍സള്‍ട്ടേഷന്‍ ടേബിളിലെ ഗ്ലാസ്സില്‍ വെള്ളമൊഴിച്ച് ഒറ്റക്കുടി. പറഞ്ഞുകഴിഞ്ഞപ്പോഴുണ്ടായ ഒരൊന്നൊന്നര ആശ്വാസത്തോടെ എന്‍റെ ഉത്തരത്തിനായി അസൂയയൊട്ടുമില്ലാതെ അവര്‍ ശ്രദ്ധാലുവായി.

അസൂയയുടെ തൊന്തരങ്ങള്‍
അത്ര ഗുരുതരമല്ലെന്നുള്ള ധാരണയില്‍ ആരും പുറത്തുപറയാതിരിക്കുന്ന, എന്നാല്‍ അത്യാവശ്യം ഗുരുതരാവസ്ഥയിലുള്ളതുമായ ഒരു വ്യക്തിത്വക്കറയാണ് അസൂയ. മറ്റൊരാളുടെ നേട്ടത്തില്‍ അസ്വസ്ഥമാകുന്ന മനസ്സിന്‍റെ ഉടമകളാണ് അസൂയവാഹകര്‍. വേറൊരാളുടെ ജീവിതത്തില്‍ നന്മകളും ഉയര്‍ച്ചകളും അഭിവൃദ്ധിയും ഉണ്ടാകുമ്പോള്‍ പല്ലു ഞെരിക്കുകയും, സ്വയം ആക്രോശിക്കുകയും, ആരോടെന്നില്ലാതെ ദേഷ്യപ്പെടുകയും, സ്വയം ശപിക്കുകയും, ആത്മനിന്ദയോടെ പെരുമാറുകയും ചെയ്യും ഇക്കൂട്ടര്‍. മനസ്സില്‍ അശാന്തിയുടെ വേലിയേറ്റങ്ങള്‍ മാത്രം. മറ്റൊരാളുടെ ഓരോ നല്ല വാര്‍ത്തയും ഇവര്‍ക്ക് വേദനയുടെ കള്ളിമുള്‍ച്ചെടികളാണ്.

അസൂയ അടുപ്പക്കാരോട് തന്നെ; അപകര്‍ഷതാബോധം ശത്രു
അങ്ങകലെ 'ആന നേട്ടങ്ങള്‍' കൊയ്യുന്ന അമേരിക്കക്കാരനോടോ, ജപ്പാന്‍കാരിയോടോ ഒന്നുമല്ല അസൂയ 'ഫീല്‍' ചെയ്യുന്നത്. അയല്‍പ്പക്കത്തുള്ളവരോടും, നാട്ടുകാരോടും കൂടെ ജോലി ചെയ്യുന്നവരോടും, കൂടെ പഠിക്കുന്നവരോടും, തരപ്പടിക്കാരോടും തന്നെയാണ് 'മനക്കടി.' തന്‍റെ 'ലെവലില്‍'ത്തന്നെയായ ഒരാള്‍ പഠനം വഴിയോ, ജോലി വഴിയോ, ബിസിനസ്സു വഴിയോ, മറ്റു നേട്ടങ്ങള്‍വഴിയോ, ലെവലുവിട്ട് വളരുമ്പോള്‍, അയാള്‍ ഉയര്‍ന്നുപോയെന്നും, താന്‍ താഴ്ന്നുപോയെന്നുമുള്ള അപകര്‍ഷതാബോധം തന്നെ മുഖ്യപ്രതി. ബസില്‍ സ്ഥിരം പോയ്ക്കൊണ്ടിരുന്ന രണ്ടു വനിതകളില്‍ ഒരുവള്‍ ഡ്രൈവിംഗ് പഠിച്ച് ടൂവീലര്‍ വാങ്ങിച്ച് അതില്‍ ചെത്തിയടിച്ചു മകളെയും വച്ചു പോകുമ്പോള്‍ ബസില്‍ ഇടംകൊണ്ടു ജീവിതം തുടരുന്ന പാവം സ്ത്രീക്ക് കുറച്ചു സങ്കടമൊക്കെ വരാതിരിക്കുമോ, അല്ലേ. സങ്കടം വരുന്നവരും വരാത്തവരുമുണ്ട് എന്നതും സത്യം.

നേട്ടം ആഗ്രഹിക്കാത്ത മനസ്സുകള്‍:
ഏവരും ആഗ്രഹിക്കുന്നത് ജീവിതത്തില്‍ പുരോഗതിയും അഭിവൃദ്ധിയും നന്മയുമൊക്കെയാണ്. പല ജീവിതസാഹചര്യങ്ങളോടും പൊരുതി, തിക്താനുഭവങ്ങളില്‍ മനസ്സു പതറി ജീവിച്ചുപോകുന്ന 'ടിയാന്‍സ്' തങ്ങള്‍ ശ്രമിച്ചിട്ടും, ആഗ്രഹിച്ചിട്ടും തങ്ങള്‍ക്കു ലഭിക്കാത്ത നന്മയും ഉയര്‍ച്ചയും പ്രശസ്തിയും മറ്റൊരാള്‍ക്ക് 'ചുളുവില്‍' (അസൂയക്കാരുടെ കാഴ്ചപ്പാടില്‍) ലഭിക്കുന്നതു കാണുമ്പോള്‍ ഉണ്ടാകുന്ന നിരാശയില്‍ നിന്നുണ്ടാകുന്നതാണ് അസൂയാസ്വസ്ഥതകള്‍. അത് കുറ്റംപറച്ചിലും, കൊച്ചാക്കി കാണിക്കലും താറടിക്കലും അപവാദം പ്രചരിപ്പിക്കലുമൊക്കെയായി മാറുമ്പോള്‍ 'അസൂയമാനസം', 'കുശുമ്പു പുരാണമേള'യുടെ ബ്രാന്‍ഡ് അംബാസിഡറായി മാറിയിട്ടുണ്ടാകും.

കോട്ടമാകാത്ത നേട്ടങ്ങള്‍
മറ്റുള്ളവരുടെ നേട്ടങ്ങള്‍ നമ്മുടെ കോട്ടങ്ങളും പരാജയങ്ങളുമായി ചിന്തിക്കുന്നിടത്താണ് വ്യക്തിത്വപരാജയം. മറ്റുള്ളവര്‍ കൂടുതല്‍ അദ്ധ്വാനിച്ചു, സന്തോഷം എന്ന മട്ടില്‍ സുഹൃത്തുക്കളുടെയും ബന്ധുജനങ്ങളുടെയും നേട്ടങ്ങളെ സന്തോഷപൂര്‍വ്വം വിലയിരുത്താന്‍ പാകമായ മനസ്സ് നാം ആര്‍ജ്ജിക്കേണ്ടതുണ്ട്. നമ്മുടെ വേണ്ടപ്പെട്ടവരുടെ മുന്നേറ്റങ്ങള്‍ നമ്മുടെ തന്നെ വിജയമാണ് എന്ന മട്ടില്‍ മനസ്സിലാക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നതാണ് ആരോഗ്യവ്യക്തിത്വം.

കുശുമ്പു മനസ്സ് ആരോഗ്യ മനസ്സാക്കാം
കുശുമ്പു മനസ്സ് വിജയമനസ്സാക്കുകയാണ് മുഖ്യം. അഥവാ നമുക്ക് അസൂയതോന്നുന്ന മറ്റുള്ളവരുടെ മികവുകള്‍ കണ്ണില്‍പ്പെട്ടാല്‍ അതിനെ മാതൃകയാക്കി, വിജയിച്ചവരുടെ വഴികളിലൂടെ മുന്നോട്ടു പോയാല്‍ അവര്‍ നേടിയ നേട്ടങ്ങള്‍ നമുക്കും സ്വന്തമാകും. മുന്‍പേ ഗമിച്ചവര്‍ മാതൃക കാണിച്ചു തരുന്നത് നമ്മുടെ വഴികളെ സുഗമമാക്കും. ആയതിനാല്‍ ചുറ്റുമുള്ളവരുടെ നേട്ടങ്ങളെ മനസ്സുതുറന്ന് അഭിനന്ദിക്കാന്‍, മനസ്സിന്‍റെ വാതിലുകള്‍ നാം മലര്‍ക്കെ തുറക്കണം. ആരോട് അസൂയ തോന്നിയാലും അതങ്ങു മനസ്സില്‍ നിന്നു മാറ്റി നമ്മുടെ മനസ്സ് പോസിറ്റീവാകാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക. അവര്‍ നമുക്കു പരിചിതരായിരിക്കുന്നതിന് ഈശ്വരനു നന്ദി പറയുക. അങ്ങനെയങ്ങനെ മുന്നേറിയാല്‍ സ്വപ്നനേട്ടങ്ങള്‍ നമ്മെ തേടിയെത്തും… എന്നെന്നും.

______________________________________

അസൂയപ്പൊടിപടലങ്ങളും കുശുമ്പുമാറാലയും മാറാന്‍
ചില മനഃശാസ്ത്രപ്പൊടിചിന്തകള്‍

ആരോടെങ്കിലും അസൂയ തോന്നിയാല്‍…
1) ശ്വാസം; നിശ്വാസം: അസൂയ തോന്നിപ്പോയ മനസ്സിനെ സ്വസ്ഥമാക്കാന്‍ 5 തവണ ദീര്‍ഘമായി ശ്വാസമെടുക്കാം… ശാന്തമായി പുറത്തുവിടാം. മനസ്സു കൂളാകും… ചിന്തകള്‍ പോസിറ്റീവാകും.

2) അഭിനന്ദിക്കാന്‍ പിശുക്കരുത്; നിങ്ങളാകട്ടെ No.1: മറ്റാരും വിളിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ സുഹൃത്തിനെ വിളിക്കുക, കാണുക, അഭിനന്ദിക്കുക. അഭിനന്ദനത്തില്‍ നിങ്ങള്‍ No. 1 ആയാല്‍ ആ വ്യക്തിയുടെ ജീവിതത്തിലും നാം No.1 ആകും.

3) അംഗീകരിക്കാം; അറിയിക്കാം: മറ്റൊരാളുടെ നേട്ടത്തെ അംഗീകരിക്കുക, ആദരിക്കുക, തന്‍റെ നേട്ടമായി കാണുക, അഭിമാനത്തോടെ മറ്റുള്ളവരെ അതറിയിക്കുക. നിങ്ങളാദരണീയരാകും.

4) ശരിയാകുന്നില്ലെങ്കില്‍ JM ചികിത്സ: മനസ്സ് ഒട്ടും സ്വസ്ഥമാകുന്നില്ലെങ്കില്‍ Jealousy Management എന്ന മനഃശാസ്ത്ര ചികിത്സ  എടുക്കാന്‍ മടിക്കണ്ട. എല്ലാം ശരിയാകും.

ആര്‍ക്കെങ്കിലും നമ്മോട് അസൂയ തോന്നിയാല്‍…
1) പരിഗണിക്കുക, കൂടെ നിര്‍ത്തുക: നമ്മോട് ഉള്ളില്‍ അസൂയ മലരുകള്‍ നിറഞ്ഞവരെന്നു തോന്നുന്നവരെ പരിഗണിക്കുക, സന്തോഷം പങ്കിടുക, കൂടെ നിര്‍ത്തുക. അവര്‍ ഹാപ്പിയാകും.

2) അഹന്തയാകരുത്, നന്ദിയാകാം: വിജയത്തില്‍ അഹങ്കാരം തോന്നാം, പാടില്ല. വിനയത്തോടെ, നന്ദിയോടെ കൂടെയുള്ളവരോട് പെരുമാറണം. നമ്മോട് അവര്‍ക്കുള്ള മതിപ്പ് വര്‍ദ്ധിക്കും.

3) ജയിച്ചവര്‍ ജയിപ്പിക്കുന്നവരാകാം: നേട്ടങ്ങള്‍ നമ്മുടെ ചുറ്റുമുള്ളവര്‍ക്കും ഉണ്ടാകാവുന്ന തരത്തില്‍ പോസിറ്റീവായി മറ്റുള്ളവരുടെ ജീവിതത്തിന് പ്രകാശമാകാം… സപ്പോര്‍ട്ടാകാം… എങ്കില്‍ ഒരിക്കല്‍ അസൂയപ്പെട്ടിരുന്നവരുടെ ഹൃദയത്തിലാകും നമ്മള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org