യുറീക്കാ… അസൂയയ്ക്കും മരുന്ന് കിട്ടിയേ…

യുറീക്കാ… അസൂയയ്ക്കും മരുന്ന് കിട്ടിയേ…

ബെറില്‍ ബാബു കെ.

"അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ല" എന്ന പഴമൊഴി അല്‍പസ്വല്പം മാറ്റേണ്ടിയിരിക്കുന്നു. കാരണം അസൂയയ്ക്ക് മരുന്ന് കണ്ടുപിടിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഒരു യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനാണ് ആ മരുന്ന് കണ്ടുപിടിച്ചത്.
ഇങ്ങനെയൊരു പരസ്യം കണ്ടാല്‍ അത് കുറച്ച് വാങ്ങി കഴിക്കണം എന്ന് നിങ്ങളില്‍ പലരും ചിന്തിക്കില്ലേ? എങ്കില്‍ നിങ്ങള്‍ രക്ഷപ്പെട്ടു. കാരണം തെറ്റ് സമ്മതിക്കുകയാണ് തിരുത്താനുള്ള ഏറ്റവും വലിയ മാര്‍ഗ്ഗം. മനുഷ്യനായി സൃഷ്ടിക്കപ്പെട്ട ഏതൊരാളുടെയും മനസ്സില്‍ അന്യരുടെ നന്മ കാണുമ്പോള്‍ ഉണ്ടാകുന്ന സങ്കടവും എതിര്‍പ്പും അഹങ്കാരവും ഒരുമിച്ചു ചേര്‍ന്ന ഒരു വികാരമാണ് ഈ അസൂയ. എന്നാല്‍ ഇത് ഒരു വലിയ തെറ്റാണ് എന്ന് കരുതുന്നവര്‍ക്കും തെറ്റേയല്ല എന്നു കരുതുന്നവര്‍ക്കും തെറ്റി. യഥാര്‍ത്ഥത്തില്‍ അസൂയയുടെ കാരണങ്ങള്‍ മൂന്നാണ്,
1) തനിക്ക് ദൈവം കഴിവ് ഒന്നും തന്നില്ലല്ലോ, എല്ലാ കഴിവുകളും നല്കിയിരിക്കുന്നത്, നമുക്ക് അസൂയ തോന്നുന്ന അയാള്‍ക്കാണ് എന്ന വിചാരം.
2) തനിക്ക് നിരവധി കഴിവുകള്‍ ഉണ്ടായിട്ടും അതൊന്നും ആരും അംഗീകരിക്കുന്നില്ല, അഥവാ, തനിക്ക് പ്രകടിപ്പിക്കാന്‍ കാര്യമായ അവസരങ്ങള്‍ കിട്ടുന്നില്ല എന്ന അവസ്ഥ.
3) തന്‍റെ ഉയര്‍ച്ചയ്ക്കൊ പ്പം മറ്റൊരാള്‍ എത്തുന്നതിലുള്ള അമര്‍ഷം. താന്‍ മാത്രമേ ഉയരാവൂ എന്ന സ്വാര്‍ത്ഥ ചിന്ത.
ഇവ മൂന്നും ആണ് അസൂയ ജനിപ്പിക്കുന്ന വില്ലന്മാര്‍. ഇപ്പോള്‍ അസൂയ തെറ്റോ ശരിയോ എന്ന് പിടികിട്ടിയില്ലേ? നമ്മുടെ പിതാവായ ദൈവം നമുക്ക് എല്ലാവര്‍ക്കും നീതിയുടെ ത്രാസില്‍ വച്ചാണ് കഴിവുകള്‍ തന്നിരിക്കുന്നത്. അത് പ്രത്യക്ഷത്തില്‍ ഏറ്റക്കുറച്ചിലുകള്‍ തോന്നിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ തുല്യമാണ്. കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനനുസരിച്ചും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതും കണക്കാക്കിയാണ് നമ്മുടെ ഉയര്‍ച്ചയും താഴ്ചയും നിര്‍ണ്ണയിക്കുന്നത്. അസൂയ ഏത് രീതിയിലാണ് നമ്മുടെയുള്ളില്‍ വേരുറപ്പിക്കുന്നത് എന്നതിനനുസരിച്ച് അത് കൈയോടെ പിഴുതെറിയുകയും ചെയ്യുക. ഇപ്പോള്‍ അസൂയയ്ക്കുള്ള മരുന്ന് കിട്ടിയില്ലേ… കൂട്ടുകാരേ…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org