സ്‌നാപകയോഹന്നാന്‍

സ്‌നാപകയോഹന്നാന്‍

Published on

യേശുവിന്റെ മുന്‍ഗാമിയെന്ന നിലയില്‍ പുതിയനിയമത്തില്‍ ഒത്തിരി പ്രാധാന്യമുള്ള ഒരു പ്രവാചകനാണ് സ്‌നാപകയോഹന്നാന്‍. സ്‌നാപകയോഹന്നാന്‍ ഒരു എസീന്‍സ് സന്യാസിയായിരുന്നു, കൂടാതെ യൂദയാ മരുഭൂമിയില്‍ പ്രസംഗവും സ്‌നാനവും ഉള്‍പ്പെട്ട ശുശ്രൂഷകളും മറ്റും നടത്തി. അദ്ദേഹത്തിന്റെ ജനപ്രീതിയും സാമൂഹ്യനീതിയുടെ സന്ദേശത്തിന്റെ വിപ്ലവകരമായ രീതികളും കാരണം ഹേറോദോസ് അന്തിപ്പാസ് അദ്ദേഹത്തെ തടവിലാക്കുകയും പിന്നീട് വധിക്കുകയും ചെയ്തു.

സ്‌നാപകന്റെ ജനനം സംഭവബഹുലമായിരുന്നു. ദൈവത്തിന് ഒന്നും അസാധ്യമല്ലെന്നും, മനുഷ്യനായി പിറക്കാന്‍ സാധിക്കുമെന്നും കാണിക്കുവാനുള്ള ഒരു അടയാളമായിട്ടാണ് വൃദ്ധമാതാപിതാക്കളില്‍ നിന്നും യോഹന്നാന്‍ ജനിക്കുന്നത്. മാത്രമല്ല ഈശോ ജനിക്കുന്നത്, കര്‍ത്താവ് വൃദ്ധനായ അബ്രാഹത്തിനോട് ചെയ്ത വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണ മാണെന്ന ഓര്‍മ്മപ്പെടുത്തലുകൂടിയായിരുന്നു വൃദ്ധരായ സഖറിയായ്ക്കും എലിസബത്തിനും യോഹന്നാന്‍ ജനിക്കുന്നത്.

ഈശോയുടെ ബന്ധുവായിട്ടാണ് നാം സ്‌നാപകനെ കണ്ടുമുട്ടുക. അവന്‍ അമ്മയുടെ ഉദരത്തിലായിരുന്നപ്പോഴേ പരിശുദ്ധ മറിയത്തിന്റെ ശുശ്രൂഷ ലഭിച്ചവനാണ്. അവന്റെ ജനനത്തില്‍ അവന്റെ പിതാവ് ഒരു പ്രവാചകനായിത്തീര്‍ന്നു; ജനങ്ങള്‍ അവനെക്കുറിച്ചു ആശ്ചര്യപ്പെട്ടു. കര്‍ത്താവിനു വഴിയൊരുക്കുവാന്‍ മടങ്ങിവന്ന ഏലിയാ പ്രവാചകനായിട്ടാണ് അവന്‍ കരുതപ്പെടുന്നത്. യോഹന്നാന്റെ പ്രധാനപ്പെട്ട കര്‍മ്മം മാനസാന്തരത്തിന്റെ ജ്ഞാനസ്‌നാനമായിരുന്നതിനാല്‍ അവന് സ്‌നാപകനെന്ന് പേരുലഭിച്ചു.

അവന്റെ വസ്ത്രവും ഭക്ഷണരീതിയും വാസസ്ഥലവും ഒരു എസീന്‍ സന്യാസിയുടേതായിരുന്നു. ജോര്‍ദാന്‍ നദിയില്‍ അവന്‍ ജനങ്ങള്‍ക്ക് മാനസാന്തരത്തിന്റെ സ്‌നാനം നല്‍കി. ജ്ഞാനസ്‌നാനത്തിന്റെ ഉടയവനായ കര്‍ത്താവിനുതന്നെയും അവന്‍ സ്‌നാനം നല്‍കി. ലോകത്തിന്റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിനെ ലോകത്തിന് കാണിച്ചുകൊടുത്തു. യോഹന്നാന്റെ ശിഷ്യന്മാരാണ് ഈശോയുടെ ആദ്യ ശിഷ്യന്മാരായി തീരുന്നത്. പാഴ്മരങ്ങളെ വെട്ടിയെറിയുന്ന കോടാലികണക്കെയും, കത്തിച്ചുചാമ്പലാക്കുന്ന അഗ്‌നികണക്കെയും സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ സ്‌നാപകന്‍ ആഞ്ഞടിച്ചു.

മുഖംനോക്കാതെ ആരോടും അവരുടെ കൊള്ളരുതാ യ്മകള്‍ പറയാന്‍ അദ്ദേഹം മടികാണിച്ചില്ല. ഒടുവില്‍ അതു കാരണംതന്നെ ജോര്‍ദാന്‍ നദിയുടെ കിഴക്കുള്ള മക്കേറൂസിലെ കൊട്ടാരത്തില്‍ വച്ച് വധിക്കപ്പെട്ടു. തന്റെ രക്തസാക്ഷ്യത്തിലൂടെ, ലോകത്തിന്റെ പാപങ്ങള്‍ നീക്കാന്‍ കുരിശില്‍ തറയ്ക്കപ്പെടേണ്ട കുഞ്ഞാടിന്റെ മുന്‍ഗാമിയായും സാക്ഷ്യമായും സ്‌നാപകന്‍ തീര്‍ന്നു.

logo
Sathyadeepam Online
www.sathyadeepam.org