ബന്ധങ്ങള്‍ വളരുവാന്‍

ബന്ധങ്ങള്‍ വളരുവാന്‍

അഡ്വ. ചാര്‍ളി പോള്‍

ബന്ധങ്ങള്‍ ജീവിതത്തിന്‍റെ സൗന്ദര്യമാണ്. വ്യക്തി-കുടുംബ-സാമൂഹ്യതലങ്ങളില്‍ നല്ല ബന്ധങ്ങള്‍ സൂക്ഷിക്കുന്നവര്‍ക്ക് സ്വയം മതിപ്പും ആത്മവിശ്വാസവും വര്‍ദ്ധിക്കും. അത് ജീവിതവിജയത്തിന് ഏറെ സഹായിക്കും. മാനുഷികപരിഗണനയും അംഗീകാരവുമാണ് പരസ്പരബന്ധത്തിന്‍റെ അടിവേര്. പരിഗണന ഒരു സംസ്കാരമാണ്. അതാണ് ബന്ധം ജനിപ്പിക്കുന്നത്. പരസ്പരം പരിഗണിക്കുകയും അംഗീകരിക്കുകയും ചെയ്താല്‍ ഏതു ബന്ധവും വളരും. വാക്ക്, പ്രവര്‍ത്തി, ആംഗ്യം, സാമീപ്യം എന്നിവ കൊണ്ട് മറ്റൊരാള്‍ക്ക് സന്തോഷം നല്‍കുമ്പോഴാണ് ബന്ധങ്ങള്‍ വളര്‍ന്ന് പുഷ്പിക്കുന്നത്. അംഗീകാരത്തിനുള്ള ദാഹം മനുഷ്യന് ജീവിതാവസാനം വരെ ഉണ്ടാകും.

ഒരു വ്യക്തിയുടെ സംസാരം, പെരുമാറ്റം, മനോഭാവം എന്നിവയാണ് ആ വ്യക്തിയെ ഇഷ്ടപ്പെടാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. നല്ല വാക്കും പുഞ്ചിരിയുമാകണം ഓരോ വ്യക്തിയുടെയും മുഖമുദ്ര. ബന്ധങ്ങള്‍ വളരാനുള്ള ആദ്യപടിയാണത്. നല്ല സംസാര ശൈലി ബന്ധത്തിന് ആക്കം കൂട്ടും. സംസാരത്തിന് അഞ്ച് ഘടകങ്ങളുണ്ട്. മാന്യത സ്പര്‍ശിക്കുന്ന ശബ്ദം, സൗഹാര്‍ദ്ദസമീപനം, ലളിതമായ ഭാഷ, സംഭാഷണത്തില്‍ ആദരവ്, ക്ഷമ എന്നിവയാണവ. നമ്മുടെ ആശയവിനിമയശേഷി, നേതൃപാടവം, ചിന്താശേഷി, മറ്റുള്ളവരുമായി ഒത്തുപോകാനുള്ള കഴിവ് എന്നിവ ബന്ധങ്ങളെ സുദൃഢമാക്കും. സൗമ്യത, മിതത്വം, നിഷ്പക്ഷത, മറ്റുള്ളവരെ മാനിക്കാനും അംഗീകരിക്കാനും അഭിനന്ദിക്കാനുമുള്ള തുറവി, സുവ്യക്തവും നിലവാരമുള്ളതുമായ ഭാഷ എന്നിവ ബന്ധങ്ങളെ വളര്‍ത്തും.

ഞാന്‍, എനിക്ക് എന്നതിനേക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സമീപനമാണ് ഗുണകരം. വളരെ ഉച്ചത്തിലുള്ള സംസാരം, അപ്രിയസത്യങ്ങള്‍ വിളിച്ചുപറയല്‍, ഇടയില്‍ കയറി സംസാരിക്കല്‍, അമിത സ്വാതന്ത്ര്യം കാണിക്കല്‍, അമിതാധികാരം കാണിക്കല്‍, മറ്റുള്ളവരുടെ ജോലി തടസ്സപ്പെടുത്തല്‍, ബഹളം വെയ്ക്കല്‍, ബഹുമാനം നല്‍കാതെയുള്ള സംസാരം, അനാവശ്യ വികാരപ്രകടനങ്ങള്‍, കടുംപിടുത്തം, സഭ്യേതരമല്ലാത്ത സംഭാഷണം എന്നിവ ബന്ധങ്ങളെ ഉലയ്ക്കും. സത്യമേത്, നുണയേത് എന്നറിയാതെ ഇവിടെ കേട്ടത് അവിടെയും അവിടെ കേട്ടത് ഇവിടെയും പറയുന്ന ശീലം ഉപേക്ഷിക്കുക. മറ്റാരെയുംകാള്‍ ഞാനാണ് വലിയവനെന്ന അഹംഭാവം വെറുപ്പ് സൃഷ്ടിക്കും. ഞാന്‍ പറയുന്നതും ചെയ്യുന്നതും ശരി എന്ന് തര്‍ക്കിക്കരുത്. തര്‍ക്കിച്ചാല്‍ ഒരാള്‍ പരാജയപ്പെടും പരാജയപ്പെട്ടയാളില്‍ വിദ്വേഷം, പക, വെറുപ്പ്, പ്രതികാരചിന്ത തുടങ്ങിയവ ഉടലെടുക്കും. അതിനാല്‍ തര്‍ക്കം ഒഴിവാക്കി കാര്യങ്ങള്‍ ധരിപ്പിക്കുന്ന ശൈലി സ്വീകരിക്കണം. (Never argue but discuss) മറ്റുള്ളവരില്‍ നന്മ കാണുക, അത് പറയുക, പരസ്പരം അഭിനന്ദിക്കുക, പ്രോത്സാഹിപ്പിക്കുക എന്നിവ ജീവിതശൈലിയാക്കുക.

പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രശ്നപരിഹാര ഭാഗത്ത് നില്‍ക്കണം. അവരാണ് മാന്യന്മാര്‍. ഒരു പ്രശ്നക്കാരന്‍/പ്രശ്നക്കാരി എന്ന മേല്‍വിലാസം ക്ഷണിച്ചുവരുത്തരുത്. ഓരോ വ്യക്തിയും മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തരാണ്. ഓരോരുത്തരുടേയും കാഴ്ചപ്പാടും മനോഭാവവും വ്യത്യസ്തമാകും. അതുകൊണ്ട് വ്യത്യസ്തമായ ഒരു അഭിപ്രായം കേള്‍ക്കുമ്പോള്‍ പൊട്ടിത്തെറിക്കേണ്ടതില്ല. അങ്ങനെയും ഒരു അഭിപ്രായം ഒരാള്‍ക്കുണ്ട് എന്ന് ചിന്തിച്ചാല്‍ മതി. പ്രശ്നപരിഹാര മാര്‍ഗ്ഗങ്ങളാണ് എപ്പോഴും തേടേണ്ടത്. പിടിവാശി ഉപേക്ഷിച്ച് സഹകരണ മനോഭാവത്തോടെ നിലകൊള്ളണം. അനാവശ്യമായി ആരെയും തെറ്റിദ്ധരിക്കാതിരിക്കുക. കേള്‍ക്കുന്ന എല്ലാ കാര്യങ്ങളും അതു പോലെ വിശ്വസിക്കരുത്. പറയുന്നവര്‍ അവരുടെ നിഗമനവും ചേര്‍ത്താവും പറയുക. ചിലര്‍ ശുദ്ധ നുണ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പ്രചരിപ്പിക്കുന്ന സ്വഭാവക്കാരാണ്. മറ്റുള്ളവരെ മോശക്കാരാക്കുന്നതില്‍ ഇത്തരക്കാര്‍ക്ക് ഒരു നിഗൂഢ ആനന്ദമുണ്ട്. വിശദമായി അറിയാതെ അനാവശ്യമായി തെറ്റിദ്ധരിക്കാതിരിക്കുക. ആര്‍ക്കും മുറിവുകള്‍ നല്‍കരുത്. അവഗണിക്കരുത്.

നമ്മുടെ ചെറിയ ചലനങ്ങള്‍ പോലും മറ്റുള്ളവര്‍ നിരീക്ഷിച്ച് വിലയിരുത്തുന്നുണ്ട്. മര്യാദയോടെ, വിനയത്തോടെ പെരുമാറാന്‍ ശീലിക്കണം. പോസിറ്റീവ് എനര്‍ജി നല്‍കുന്ന വാക്കുകളും പ്രസാദാത്മകമായ ശൈലിയും വേണം. നമ്മുടെ ചിന്തകളാണ് വികാരങ്ങളെ നിയന്ത്രിക്കുക. സത്വിചാരങ്ങളാണ് സത്ചിന്തകളെ വളര്‍ത്തുന്നത്. അനാരോഗ്യകരവും യുക്തിരഹിതവും വികലവുമായ ചിന്തകളില്‍ മുഴുകരുത്. നന്മയുള്ള ആഗ്രഹം, നന്മ കണ്ടെത്തുന്ന മനോഭാവം, സ്നേഹ സമീപനം, പ്രസന്നത, പ്രത്യാശ, ആദര്‍ശധീരത, ദൃഢനിശ്ചയം, കരുണ, സഹാനുഭൂതി, പ്രചോദിപ്പിക്കുന്ന ശൈലി, പ്രതിബദ്ധത, അര്‍പ്പണ മനോഭാവം, വിജയേച്ഛ, സമഭാവന, മാന്യത, കുലീനത തുടങ്ങിയ സമീപനങ്ങള്‍ ബന്ധങ്ങള്‍ വളരാന്‍ സഹായകരമാണ്. ഓര്‍ക്കുക ബന്ധങ്ങളാണ് ജീവിതത്തിന് അര്‍ത്ഥവും മനോഹാരിതയും സമ്മാനിക്കുന്നത്. വിലകൊടുത്ത് ബന്ധങ്ങളെ വിജയിപ്പിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org