ബ്ലോക്ക്ചെയിന്‍ ടെക്നോളജി

ബ്ലോക്ക്ചെയിന്‍ ടെക്നോളജി

യുവര്‍ കരിയര്‍

എം. ഷൈറജ്

ബിറ്റ്കോയിന്‍ പോലുള്ള ഡിജിറ്റല്‍ നാണയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലൂടെയാണ് ബ്ലോക്ക്ചെയിന്‍ ടെക്നോളജിയെക്കുറിച്ച് പലരും കേള്‍ക്കുന്നത്. എന്നാല്‍ ബ്ലോക്ക്ചെയിന്‍ ടെക്നോളജിയുടെ അനവധി പ്രയോഗങ്ങളില്‍ ഒന്നു മാത്രമാണ് ഡിജിറ്റല്‍ കറന്‍സി എന്നത്. ഡേറ്റ സൂക്ഷിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനുമുള്ള ഏറ്റവും സുരക്ഷിതവും സുതാര്യവും ശക്തവുമായ സാങ്കേതികവിദ്യ എന്ന അര്‍ത്ഥത്തില്‍ ആവണം ബ്ലോക്ക്ചെയിനിനെ മനസ്സിലാക്കേണ്ടത്. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ലോജിസ്റ്റിക്സ്, റിയല്‍ എസ്റ്റേറ്റ്, ആഗോളഷിപ്പിങ്, മൊബൈല്‍ ഇടപാടുകള്‍, ആരോഗ്യം, കൃഷി തുടങ്ങി ധാരാളം മേഖലകളില്‍ ബ്ലോക്ക് ചെയിന്‍ ടെക്നോളജി ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. ഭാവിയുടെ തൊഴില്‍ മേഖലകളായി പരിഗണിക്കുന്ന വിഷയങ്ങളില്‍ അതുകൊണ്ടുതന്നെ ബ്ലോക്ക്ചെയിന്‍ ടെക്നോളജിക്ക് പ്രമുഖമായ സ്ഥാനമുണ്ട്.

എന്താണ് ബ്ലോക്ക്ചെയിന്‍?
ബ്ലോക്ക്ചെയിനിനെ ഡിസ്ട്രി ബ്യൂട്ടഡ് ഡിജിറ്റല്‍ ലഡ്ജര്‍ എന്നും വിളിക്കാറുണ്ട്. അനേകം കമ്പ്യൂട്ടറുകളിലായി പരന്നുകിടക്കുന്ന ഒരു ഡിജിറ്റല്‍ കണക്കു പുസ്തകമായി ഇതിനെ സങ്കല്‍പ്പിക്കാം. ഈ കണക്കു പുസ്തകത്തിലെ ഒരു ഇടപാടിനെ സൂചിപ്പിക്കുന്ന ഡിജിറ്റല്‍ റെക്കോര്‍ഡിന് ബ്ലോക്ക് എന്നു പറയുന്നു. ഇത്തരത്തിലുള്ള പല ബ്ലോക്കുകള്‍ ചേര്‍ന്ന ചങ്ങലയാണ് ബ്ലോക്ക്ചെയിന്‍. അസംഖ്യം കമ്പ്യൂട്ടറുകള്‍ക്ക് ശൃംഖലയുടെ ഭാഗമാകാം. വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നത് ഈ കമ്പ്യൂട്ടറുകളിലെല്ലാമായിട്ടാണ്. കേന്ദ്രീകൃതമായ വിവരശേഖരം ഇല്ലാത്തതിനാല്‍ ഡേറ്റയ്ക്ക് ശക്തമായ സുരക്ഷിതത്വം ഉണ്ട്. ഓരോ ഇടപാടുകളും ഒരു ഹാഷ് മൂല്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആര്‍ക്കും ഈ മൂല്യത്തില്‍ കൃത്രിമമായി മാറ്റംവരുത്താന്‍ കഴിയില്ല. ഓരോ പുതിയ ഇടപാടും മുമ്പുള്ള ഇടപാടിന്‍റെ തുടര്‍ച്ചയായാണ് രേഖപ്പെടുത്തിവയ്ക്കുന്നത് എന്നതിനാല്‍ സുതാര്യതയ്ക്കും ഉറപ്പുണ്ട്.

ബ്ലോക്ക്ചെയിനിന്‍റെ ഉപയോഗം
മുമ്പ് സൂചിപ്പിച്ച മേഖലകള്‍ ഉള്‍പ്പെടെ ഡാറ്റ കൈമാറ്റം ചെയ്യപ്പെടുന്ന ഏതു രംഗത്തും ബ്ലോക്ക് ചെയിന്‍ ഉപയോഗിക്കാം.

തൊഴിലുകള്‍
ബ്ലോക്ക്ചെയിന്‍ സാങ്കേതിക വിദ്യാരംഗത്തെ തൊഴിലുകള്‍ രണ്ടു തരത്തിലുള്ളവയാണ്. ഒന്ന്, കോര്‍ ബ്ലോക്ക്ചെയിന്‍ ഡെവലപ്പര്‍. രണ്ട്, ബ്ലോക്ക്ചെയിന്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍. ഒരു ബ്ലോക്ക്ചെയിനിന്‍റെ പൂര്‍ണമായ രൂപകല്‍പ്പനയും ആര്‍ക്കിടെക്ചര്‍ സിസ്റ്റം ഡെവലപ്മെന്‍റും പരിപാലനവും മറ്റുമാണ് കോര്‍ബ്ലോക്ക് ചെയിന്‍ ഡെവലപ്പറിന്‍റെ ബാധ്യതകള്‍. എന്നാല്‍ ഒരു ബ്ലോക്ക്ചെയിനില്‍ ഉപഭോക്താക്കള്‍ക്ക് വേണ്ട തൊഴിലുകള്‍ ചെയ്യുന്നവരെയാണ് ബ്ലോക്ക്ചെയിന്‍ സോഫ്റ്റ്വെ യര്‍ ഡെവലപ്പര്‍ ആയി കണക്കാക്കാവുന്നത്.

സാങ്കേതിക അറിവുകള്‍
ഡേറ്റസ്ട്രക്ച്ചര്‍, ക്രിപ്റ്റോഗ്രഫി, ബ്ലോക്ക്ചെയിന്‍ ആര്‍ക്കിടെക്ചര്‍, വെബ് ഡെവലപ്മെന്‍റ്, സ്മാര്‍ട്ട് കോണ്‍ട്രാക്ട് ഡെവലപ് മെന്‍റ് എന്നിവയെക്കുറിച്ചുള്ള അറിവുകള്‍ ആര്‍ജ്ജിക്കുന്നത് ഈ രംഗത്ത് ഏറെ പ്രയോജനപ്രദമാകും.

ലാംഗ്വേജുകള്‍
സി++, ജാവ, റൂബി, സോളിഡിറ്റി, പൈതോണ്‍ തുടങ്ങിയ പ്രോഗ്രാമിംഗ് ലാംഗ്വേജുകള്‍ ഈ രംഗത്ത് ഉപയോഗിക്കപ്പെടുന്നു.

കോഴ്സുകള്‍
കേരള സര്‍ക്കാരിന്‍റെ കേരള ഡെവലപ്മെന്‍റ് ആന്‍റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (KDisc) എബിസിഡി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ആക്സിലറേറ്റഡ് ബ്ലോക്ക്ചെയിന്‍ കോംപീറ്റന്‍ സി ഡെവലപ്മെന്‍റ് കോഴ്സുകള്‍ നടത്തുന്നുണ്ട്. ഫൗണ്ടേഷന്‍ സ്കില്‍ ട്രെയിനിങ്ങില്‍ എച്ച്ടിഎംഎല്‍ 5, സിഎസ്എസ് 3, ജാവാ സ്ക്രിപ്റ്റ്, ആന്‍ഗുലാര്‍ ജെഎസ്, എക്സ്പ്രസ് ജെഎസ്, നോഡ് ജെ എസ്, മോങ്കോഡിബി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിരുദമാണ് യോഗ്യത. ബ്ലോക്ക് ചെയിന്‍ അസോസിയറ്റ്, ബ്ലോക്ക് ചെയിന്‍ ഡെവലപ്പര്‍, ബ്ലോക്ക്ചെയിന്‍ ആര്‍ക്കിടെക്ട് എന്നിവയാണ് മറ്റ് കോഴ്സുകള്‍.

കേരള ബ്ലോക്ക്ചെയിന്‍ അക്കാദമിയിലും പഠനം നടത്താം. വിവിധ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളാണ് ഇവിടെയുള്ളത്.

നാഷണല്‍ പ്രോഗ്രാം ഓണ്‍ടെക്നോളജി എന്‍ഹാന്‍സ്ഡ് ലേണിങ് (NPTEL) IBM-വുമായി സഹകരിച്ചുകൊണ്ട് ബ്ലോക്ക്ചെയിന്‍ ടെക്നോളജി കോഴ്സുകള്‍ നടത്തുന്നുണ്ട്. 12 ആഴ്ച ദൈര്‍ഘ്യമുള്ള കോഴ്സാണിത്.

അമിറ്റി ഓണ്‍ലൈന്‍ മുഖേന പിജി പ്രോഗ്രാം ചെയ്യാം. IBM, Coursera, Udemy, edX എന്നീ പ്ലാറ്റ്ഫോമുകളില്‍ ബ്ലോക്ക്ചെയിന്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സിന് അവസരമുണ്ട്.

കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആറുമാസം ദൈര്‍ഘ്യമുള്ള ഫിന്‍ടെക് ആന്‍ഡ് ബ്ലോക്ക്ചെയിന്‍ സര്‍ട്ടിഫിക്കേറ്റ് കോഴ്സ് നടത്തുന്നുണ്ട്. മറ്റു ചില ഐഐഎം-കളിലും ഹ്രസ്വകാല കോഴ്സുകള്‍ക്ക് അവസരമുണ്ട്.

നിരവധി സ്വകാര്യ സ്ഥാപനങ്ങളും സര്‍വ്വകലാശാലകളും ഈ മേഖലയില്‍ കോഴ്സുകള്‍ നടത്തുന്നുണ്ട്.

വിദേശപഠനം ആഗ്രഹിക്കുന്നവര്‍ക്ക് ന്യൂയോര്‍ക്ക്, ഡ്യൂക്, പ്രിന്‍സ്റ്റന്‍, സ്റ്റാന്‍ഫഡ്, കലിഫോര്‍ണിയ, ബെര്‍ക്ലി, കോപ്പന്‍ഹേഗന്‍ സര്‍വകലാശാലകളില്‍ പഠനാവസരങ്ങള്‍ ഉണ്ട്. പ്രമുഖ വിദേശ സര്‍വ്വകലാശാലകളുടെ ഓണ്‍ലൈന്‍ കോഴ്സുകളും മികച്ചവയാണ്.

നിയതമായ ഒരു കോഴ്സ് പഠിച്ച് ജോലി നേടുന്നതിലുപരി ബ്ലോക്ക്ചെയിന്‍ മേഖലയില്‍ ആവശ്യമായ സാങ്കേതികപരിജ്ഞാനവും പരിചയവും നേടി മികച്ച തൊഴിലവസരങ്ങള്‍ നേടിയെടുക്കുന്നതിനാണ് ഉദ്യോഗാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ടത്.

എഞ്ചിനീയറിങ് ബിരുദധാരികള്‍ക്കും കമ്പ്യൂട്ടര്‍ ആഭിമുഖ്യവും പരിജ്ഞാനവുമുള്ള മറ്റു മേഖലയിലുള്ളവര്‍ക്കും ബ്ലോക്ക്ചെയിന്‍ ടെക്നോളജി കരിയര്‍ അനുയോജ്യമാണ്.

തൊഴിലവസരങ്ങള്‍
ഇന്ത്യയിലെ ഒട്ടുമിക്ക ബാങ്കുകളും അന്തര്‍ദേശീയ പണമിടപാടുകള്‍ സെറ്റില്‍ ചെയ്യുന്നതിന് ഇപ്പോള്‍ ബ്ലോക്ക്ചെയിന്‍ ടെക്നോളജിയാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ഓരോ മേഖലയിലും ബ്ലോക്ക്ചെയിന്‍ ടെക്നോളജിയുടെ ഉപയോഗം അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ഇതു കൂടാതെ വിവിധ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്പനികള്‍ മറ്റു സ്ഥാപനങ്ങള്‍ക്കു വേണ്ടി ഈ സാങ്കേതികവിദ്യയുടെ പ്രയോഗം നടത്തി വരുന്നു. ഇതെല്ലാം കൊണ്ട് ഈ മേഖലയില്‍ മികച്ച പ്രാവീണ്യമുള്ള ഒരാള്‍ക്ക് നല്ല തൊഴില്‍ ലഭിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമേയല്ല.

വെബ്സൈറ്റുകള്‍
www.kdisc.kerala.gov.in
www.kba so
www nptel.ac.in
www.iimcal.ac.in

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org