ദൃശ്യങ്ങളുടെ സുവിശേഷവുമായി ക്യാമറാനണ്‍

ദൃശ്യങ്ങളുടെ സുവിശേഷവുമായി ക്യാമറാനണ്‍

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

ഒരു കൈയില്‍ ക്യാമറയും മറുകൈയില്‍ കൊന്തയുമായി കാടും മേടും താണ്ടി, വെയിലും മഴയും കൊണ്ട് അലയുന്ന ഒരു സന്യാസിനിയാണ് സിസ്റ്റര്‍ ലിസ്മി സി എം സി. വെറുതെ കാഴ്ച കാണാനല്ല അത്. കാഴ്ചകള്‍ പകര്‍ത്തുക, വേണ്ട വിധം എഡിറ്റ് ചെയ്യുക, വീഡിയോകള്‍ നിര്‍മ്മിച്ച് കാഴ്ചക്കാരിലേയ്ക്ക് നന്മയുടെ സന്ദേശം പകരുക. ഇതാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സിസ്റ്റര്‍ ലിസ്മിയുടെ ദൗത്യരംഗം.

ഒന്നും രണ്ടുമല്ല, എഴുനൂറിലധികം വീഡിയോകള്‍ ഇതിന്റെ ഫലമായി ഇതിനകം സൃഷ്ടിക്കപ്പെട്ടു. 23 ഡോക്യുമെന്ററികള്‍, 15 ഷോര്‍ട് ഫിലിമുകള്‍, 100 ലേറെ ഗാനചിത്രീകരണങ്ങള്‍, 50 ലേറെ അഭിമുഖങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണിത്. ക്യാമറാനണ്‍ എന്ന സ്വന്തം ചാനലിലും സ്വന്തം സന്യാസസമൂഹത്തിന്റെ ചാനലുകളിലും മാത്രമല്ല മറ്റു ചാനലുകള്‍ക്കു വേണ്ടിയും സിസ്റ്റര്‍ ക്യാമറാജോലികള്‍ ചെയ്തിട്ടുണ്ട്. സംവിധാനം, എഡിറ്റിംഗ് എന്നിവയും ചെയ്യുന്നു. സ്‌ക്രിപ്റ്റുകളെഴുതേണ്ട സാഹചര്യം വന്നപ്പോള്‍ അതും ചെയ്തിട്ടുണ്ട്.

സി എം സി സന്യാസസമൂഹത്തിന്റെ തൃശൂര്‍ നിര്‍മ്മല പ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ തന്റെ മഠത്തിലുണ്ടായിരുന്ന ക്യാമറ ഉപയോഗിച്ചു നോക്കിയാണ് ആദ്യമായി ഈ രംഗത്തേക്കു വന്നത്. ആ ക്യാമറ ഉപയോഗിച്ച്, അഗ്നിജ്വാല എന്ന പാട്ടിനു വേണ്ടി തീനാളങ്ങളുണ്ടാക്കി ഷൂട്ട് ചെയ്തു തയ്യാറാക്കിയ വീഡിയോ എല്ലാവര്‍ക്കുമിഷ്ടപ്പെട്ടു. അതിന് ആവര്‍ത്തനങ്ങളുണ്ടായി. സന്യാസസഭയുടെ ആവശ്യങ്ങള്‍ക്കായി ഇടയ്ക്കിടെ വീഡിയോകളുണ്ടാക്കി. അവ കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ ക്യാമറാനണ്‍ എന്ന യൂട്യൂബ് ചാനല്‍ തുടങ്ങി. ഇതിനു വേണ്ട കാര്യങ്ങളെല്ലാം യൂട്യൂബില്‍ നോക്കി സ്വയം പഠിക്കുകയായിരുന്നു സിസ്റ്റര്‍ ലിസ്മി.

സോഷ്യല്‍ മീഡിയായിലെ ക്രിസ്ത്യന്‍ ചാനലുകള്‍ ശരിക്കും ക്രിസ്തീയമായിരിക്കണമെന്ന അഭിപ്രായം സിസ്റ്റര്‍ ലിസ്മി പങ്കുവയ്ക്കുന്നു. വര്‍ഗീയത പറഞ്ഞാല്‍ വൈറലാകാമെന്ന ചിന്ത ശരിയല്ല. കാഴ്ചക്കാര്‍ക്ക് പെട്ടെന്ന് ഇഷ്ടമാകുന്ന വിഭവങ്ങള്‍ കൊടുക്കാനുള്ളവരല്ല നമ്മള്‍. മറിച്ച് നന്മയുടെ മൂല്യങ്ങള്‍ കൊടുക്കുക. ശ്രദ്ധ പിടിക്കാനുള്ള എളുപ്പവഴികള്‍ തിരഞ്ഞെടുക്കരുത്.

ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന സമയത്തൊന്നും സോഷ്യല്‍ മീഡിയായില്‍ ക്രൈ സ്തവസഭയ്ക്ക് കാര്യമായ സാ ന്നിദ്ധ്യമില്ലായിരുന്നു എന്ന തിരിച്ചറിവും യൂട്യൂബ് ചാനലുകള്‍ തുടങ്ങുന്നതിനു പ്രേരണയായി.

സന്യാസസമൂഹത്തിന്റെ ആലുവായിലുള്ള ജനറലേറ്റില്‍ ആര്‍ക്കൈവ്‌സിന്റെ ചുമതലക്കാരിയായി നിയോഗിക്കപ്പെട്ടപ്പോള്‍ മീഡിയാ രംഗത്തും സിസ്റ്റര്‍ സഹകരിച്ചിരുന്നു. സഭയുടെ സെന്‍ട്രല്‍ റിന്യൂവല്‍ ടീമിനു വേണ്ടി വീഡിയോകള്‍ ഉണ്ടാക്കേണ്ടതുണ്ടായിരുന്നു. പരമ്പരാഗത ശൈലിയിലായിരുന്ന ആര്‍ക്കൈവ്‌സ് ശാസ്ത്രീയവും ഡിജിറ്റലുമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തി.

പിന്നീട്, അധികാരികളുടെ നിര്‍ദേശപ്രകാരം ക്യാമറയും എഡിറ്റിംഗും ഗുഡ്‌നെസ് ടി വി യുടെ സ്ഥാപനത്തില്‍ പോയി ഔപചാരികമായി പഠിക്കുകയും ചെയ്തു. സാങ്കേതികകാര്യങ്ങളിലുള്ള താത്പര്യം കുട്ടിക്കാലത്തു തന്നെ തന്നിലുണ്ടായിരുന്നുവെന്ന് സിസ്റ്റര്‍ ഓര്‍ക്കുന്നു. തൃശൂര്‍ അളഗപ്പനഗര്‍ പോളിടെക്‌നിക്കിനു സമീപമായിരുന്നു വീട്. അവിടെ അവധിക്കാലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സാങ്കേതികവിഷയങ്ങളില്‍ ഹ്രസ്വകാല കോഴ്‌സുകള്‍ നടത്തുമായിരുന്നു. അവയില്‍ പങ്കെടുത്തത് അത്തരം അഭിരുചികളെ പ്രോത്സാഹിപ്പിച്ചു. മഠത്തില്‍ ചേര്‍ന്ന ശേഷവും അതു തുടരാനും കൂടുതല്‍ വളരാനും അധികാരികള്‍ പിന്തുണയും പ്രോത്സാഹനവും നല്‍കിയതാണ് തന്നെ സിനിമാട്ടോഗ്രാഫറും എഡിറ്ററുമാക്കി മാറ്റിയതെന്നു സിസ്റ്റര്‍ ലിസ്മി പറഞ്ഞു.

തൃശൂര്‍ വെട്ടുകാട്, പാറയില്‍ കുടുംബാംഗമാണ് സിസ്റ്റര്‍ ലിസ്മി. ചാണ്ടി, അന്നമ്മ എന്നിവരാണു മാതാപിതാക്കള്‍. ആന്‍സിയും കിഷോറും സഹോദരങ്ങള്‍. ബന്ധുക്കളില്‍ ധാരാളം കന്യാസ്ത്രീകളുണ്ട്. അവരെ പോലെ ഒരു കന്യാസ്ത്രീയാകണം എന്നു കുട്ടിക്കാലത്തു തന്നെ തീരുമാനിച്ചിരുന്നു. ചേരേണ്ട സമൂഹമേത് എന്നതു മാത്രമായിരുന്നു പ്രധാന അന്വേഷണവിഷയം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ ധാരാളം വൊക്കേഷന്‍ ക്യാമ്പുകളില്‍ പങ്കെടുത്തു. ഒടുവില്‍ അന്വേഷണം സി എം സിയില്‍ എത്തി നില്‍ക്കുകയായിരുന്നു.

വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന ഒരു തീ സന്യാസിനിയായ നാളു മുതല്‍ ഉള്ളില്‍ ആളിയിരുന്നതായി സിസ്റ്റര്‍ ഓര്‍ക്കുന്നു. ചാവറയച്ചന്റെ മക്കള്‍ പരമ്പരാഗത കര്‍മ്മരംഗങ്ങളില്‍ മാത്രമായിരുന്നാല്‍ പോരാ എന്ന തോന്നല്‍ ശക്തമായിരുന്നു. പരമ്പരാഗത രീതികള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ ആര്‍ക്കും കഴിയും. കാലത്തിനനുസരിച്ച് എപ്പോഴും മാറിക്കൊണ്ടിരിക്കുക എന്നതാണ് പ്രധാനം. ചാവറയച്ചന്‍ അതാണു ചെയ്തത്. ചാവറയച്ചന്റെ മക്കള്‍ പരമ്പരാഗതസംവിധാനങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കേണ്ടവരല്ല. തന്റെ കാലത്ത് അച്ചടിയന്ത്രം കണ്ടു മനസ്സിലാക്കി, അതുപോലെ ഉണ്ടാക്കി അച്ചടി നടത്തിയ ആളാണു ചാവറപ്പിതാവ്. അതായത്, അന്നത്തെ ഏറ്റവും ആധുനികവും സങ്കീര്‍ണവുമായ സാങ്കേതികവിദ്യ അദ്ദേഹം ഉപയോഗിച്ചു. അങ്ങനെയാകണം ഇന്നു നമ്മളും ചെയ്യേണ്ടത്. നമ്മള്‍ മാറണം, ജനങ്ങളിലേയ്ക്ക് ഇറങ്ങണം. ഇന്ന് ആളുകള്‍ മുഴുവന്‍ സോഷ്യല്‍ മീഡിയായില്‍ ഉണ്ട്. അപ്പോള്‍ സഭയും അവിടെയുണ്ടായിരിക്കണം. – സിസ്റ്റര്‍ പറഞ്ഞു.

വീഡിയോ ചിത്രീകരണം കഷ്ടപ്പാടുള്ള ജോലിയാണ്. മഠത്തിനു പുറത്തിറങ്ങണം, യാത്ര ചെയ്യണം, കഠിനാദ്ധ്വാനം ചെയ്യണം. സംഘാംഗങ്ങളെല്ലാം വന്നു നില്‍ക്കുമ്പോള്‍ തലവേദനയാണ്, ഒന്നു കിടക്കണം എന്നു പറയാന്‍ പറ്റില്ല. തേച്ചു മിനുക്കിയ വെള്ളയുടുപ്പുമിട്ടു വൃത്തിയും ഭംഗിയും നോക്കി എപ്പോഴും നടക്കാനാകില്ല. നല്ല ക്ഷമ വേണം. പക്ഷേ, അങ്ങനെയുണ്ടാക്കുന്ന വീഡിയോകള്‍ അറിയുകയോ കാണുകയോ ചെയ്യാത്ത അനേകായിരങ്ങളിലേയ്ക്ക് നന്മയുടെ സന്ദേശമെത്തിക്കുമ്പോള്‍ തന്റെ സമര്‍പ്പണത്തിന് അര്‍ത്ഥമുണ്ടാകുകയാണെന്നു സിസ്റ്റര്‍ പറഞ്ഞു.

സ്വന്തം പ്രൊവിന്‍സിന്റെ നിര്‍മ്മല മീഡിയ, സമൂഹത്തിനു പൊതുവായുള്ള സി എം സി വിഷന്‍ എന്നീ യൂട്യൂബ് ചാനലുകള്‍ക്കും മറ്റു ചാനലുകള്‍ക്കും വേണ്ടിയുള്ള വീഡിയോ ചിത്രീകരണ-എഡിറ്റിംഗ് ജോലികള്‍ക്കു പുറമെ മറ്റു സന്യാസസമൂഹങ്ങള്‍ക്കു സഭാസ്ഥാപനങ്ങള്‍ക്കും സ്വന്തമായി ചാനലുകളും സ്റ്റുഡിയോകളും തുടങ്ങുന്നതിനു വേണ്ടിയുള്ള കണ്‍സല്‍ട്ടിംഗ് ജോലിയും സിസ്റ്റര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാനും സ്റ്റുഡിയോ സജ്ജമാക്കാനും ചാനലുകള്‍ തുടങ്ങാനും സിസ്റ്ററുടെ സേവനം ലഭ്യമാണ്.

സോഷ്യല്‍ മീഡിയായിലെ ക്രിസ്ത്യന്‍ ചാനലുകള്‍ ശരിക്കും ക്രിസ്തീയമായിരിക്കണമെന്ന അഭിപ്രായം സിസ്റ്റര്‍ ലിസ്മി പങ്കുവയ്ക്കുന്നു. വര്‍ഗീയത പറഞ്ഞാല്‍ വൈറലാകാമെന്ന ചിന്ത ശരിയല്ല. കാഴ്ചക്കാര്‍ക്ക് പെട്ടെന്ന് ഇഷ്ടമാകുന്ന വിഭവങ്ങള്‍ കൊടുക്കാനുള്ളവരല്ല നമ്മള്‍. മറിച്ച് നന്മയുടെ മൂല്യങ്ങള്‍ കൊടുക്കുക. ശ്രദ്ധ പിടിക്കാനുള്ള എളുപ്പവഴികള്‍ തിരഞ്ഞെടുക്കരുത്.

സഭയും ക്രിസ്തീയതയും അധിക്ഷേപിക്കപ്പെടുമ്പോള്‍ 'പറയാതെ പറയുക' എന്ന നയമാണു പ്രതികരണത്തിനായി നമുക്കു സ്വീകരിക്കാവുന്നതെന്നു സിസ്റ്റര്‍ പറഞ്ഞു. കന്യാസ്ത്രീകള്‍ ആക്ഷേപിക്കപ്പെടുന്നു എന്ന പരാതി ഉയര്‍ന്നപ്പോള്‍, അതിനോടു നേരിട്ടു പ്രതികരിക്കാന്‍ നില്‍ക്കാതെ നല്ല സേവനങ്ങള്‍ ചെയ്യുന്ന സിസ്റ്റര്‍മാരെ കുറിച്ചു വീഡിയോകള്‍ തയ്യാറാക്കുകയാണ് സിസ്റ്റര്‍ ചെയ്തത്. സിസ്റ്റര്‍മാര്‍ക്ക് സന്യാസസമൂഹങ്ങള്‍ നല്‍കുന്ന സ്വാതന്ത്ര്യത്തെയും പ്രോത്സാഹനത്തെയും കുറിച്ചും പ്രോഗ്രാമുകള്‍ ചെയ്തു. അധിക്ഷേപിക്കുന്നവരുടെ അതേ നാണയത്തില്‍ തിരിച്ചടിക്കുന്നത് ക്രിസ്തുവിന്റെ അനുയായികള്‍ക്കു ചേര്‍ന്നതല്ലെന്നു സിസ്റ്റര്‍ ഓര്‍മ്മിപ്പിക്കുന്നു.

മദര്‍ ജനറല്‍ സിസ്റ്റര്‍ സിബി സി എം സി, പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ അനുജ സി എം സി, മീഡിയ കൗണ്‍സിലറായ സിസ്റ്റര്‍ ക്രിസ്ലിന്‍ തുടങ്ങിയവരുടെ പ്രോത്സാഹനങ്ങളാണ് ഒരു ക്യാമറാനണ്‍ ആയി പൊതുസമൂഹത്തില്‍ നില്‍ക്കാനും പ്രവര്‍ത്തിക്കാനും തനിക്കു സാഹചര്യമൊരുക്കുന്നതെന്നു സിസ്റ്റര്‍ പറഞ്ഞു.

ഒരു മുഴുനീള ഫീച്ചര്‍ സിനിമയുടെ സിനിമാട്ടോഗ്രാഫറോ സംവിധായികയോ ആയി പ്രവര്‍ത്തിക്കണമെന്ന ലക്ഷ്യം മനസ്സില്‍ വച്ചുകൊണ്ടാണു ദൃശ്യമാധ്യമരംഗത്തെ പ്രവര്‍ത്തനങ്ങളുമായി സിസ്റ്റര്‍ മുന്നോട്ടു പോകുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org