ബാലനോവല്‍: 7 | നെവിന്‍ കളത്തിവീട്ടില്‍
പലര്‍ക്കും പ്രത്യേകിച്ച് യൂറോപ്പിലുള്ള യുവാക്കള്‍ പൊതുവെ മടികാണിച്ചിരുന്ന കാര്യമാണ് കുമ്പസാരം എന്നത്. എന്നാല്‍ അതിസാധാരണക്കാരനായ കാര്‍ലോ യാതൊരു വിട്ടുവീഴ്ചയും കാണിക്കാതിരുന്ന ഒരു കാര്യമായിരുന്നു എല്ലാ ആഴ്ചയിലും ഉള്ള കുമ്പസാരം. മാരിയോ പേരെഗോ എന്ന വൈദീകന്‍ ആയിരുന്നു കാര്‍ലോയുടെ കുമ്പസാരക്കാരന്‍.
അദ്ദേഹത്തിന്റെ തന്നെ സാക്ഷ്യമാണിത്. കുമ്പസാരത്തെക്കുറിച്ചുള്ള കാര്‍ലോയുടെ വിശകലനം ഇങ്ങനെയാണ്, 'നമ്മുടെ ആത്മാവ് ഒരു ഹോട്ട് എയര്‍ ബലൂണ്‍ പോലെയാണ്. ഹോട്ട് എയര്‍ ബലൂണ്‍ തീയില്‍ നിന്നുയരുന്ന ചൂടില്‍ വായുവിന്റെ ഉയരാനുള്ള ശക്തിയെ കൂട്ടുപിടിച്ചു പറന്നുയരുന്നു. എന്നാല്‍ അത് വഹിക്കുന്ന ഭാരം കൂടുതലാണെങ്കില്‍ ഉയരുക അസാധ്യമായിത്തീരും. ഇതിനുള്ള പരിഹാരമാണ് കുമ്പസാരം. അത് എങ്ങനെയാണെന്നല്ലേ, പറഞ്ഞു തരാം. ബലൂണിന്റെ ഭാരം കൂട്ടുന്നത് എന്താണെന്ന് കണ്ടുപിടിച്ചു അത് നമ്മള്‍ മാറ്റണം എന്നിട്ടു തീയുടെ ശക്തി കൂട്ടണം.
ഇതുപോലെ നമ്മുടെ ആത്മാവിന്റെ ഭാരം കൂട്ടുന്നത് എന്താണെന്ന് നമ്മള്‍ തിരിച്ചറിയണം. ഈ അന്വേഷണം നമ്മുടെ പാപങ്ങളിലേക്കു നമ്മെ എത്തിക്കും. കുമ്പസാരത്തിലൂടെ ഈ പാപങ്ങളെ ഉന്മൂലനം ചെയാനും ദൈവസ്‌നേഹത്താല്‍ നമ്മുടെ ഉള്ളിലെ വിശ്വാസത്തിന്റെ അഗ്‌നി ആളിക്കത്തിക്കുവാനും നമുക്ക് സാധിക്കും. അങ്ങനെ ഒരു ഹോട്ട് എയര്‍ ബലൂണ്‍ ആകാശത്തിലേക്കു ഉയരുന്നത് പോലെ നമുക്ക് നമ്മുടെ ആത്മാവിനെ ദൈവത്തിലേക്ക് ഉയര്‍ത്താം'.
കാര്‍ലോയുടെ വിശുദ്ധരോടുള്ള ഇഷ്ടവും എടുത്തു പറയേണ്ടതാണ്. തന്റെ ഏറ്റവും ഇഷ്ട താരം വി. ഫ്രാന്‍സിസ് അസ്സീസി ആണ്. അസ്സീസിത്തെരുവ് മുഴുവന്‍ കാര്‍ലോ നടന്നു കണ്ടിട്ടുണ്ട്. ഒരിക്കലും അത് അവനെ മടുപ്പിച്ചില്ല. അവസരം കിട്ടിയപ്പോളെല്ലാം കാര്‍ലോ അവിടം സന്ദര്‍ശിച്ചിട്ടും ഉണ്ട്. അസ്സീസി പുണ്യാളന്റെ ഏറ്റവും വലിയ പുണ്യമായി കാര്‍ലോ കരുതുന്നത് എളിമയാണ്. തനിക്കൊരിക്കലും എത്തിപ്പെടാന്‍ കഴിയാത്ത അത്രയും ഉയരത്തിലാണ് അസ്സീസിയുടെ എളിമ എന്ന പുണ്യം. 'നമ്മള്‍ നമ്മുടെ അയല്‍വാസിയോട് മാത്രം കരുണകാണിച്ചിട്ടു നമ്മള്‍ എളിമയുള്ളവരാണെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല' എന്ന് കാര്‍ലോ ഒരിക്കല്‍ പറയുകയുണ്ടായി.
കാര്‍ലോയുടെ മറ്റൊരു റോള്‍ മോഡല്‍ പാദുവായിലെ വി. അന്തോണീസാണ്. വിശുദ്ധ കുര്‍ബാനയുടെ അപ്പസ്‌തോലനായാണ് കാര്‍ലോ അന്തോണീസിനെ കണക്കാക്കുന്നത്. ദിവ്യ കാരുണ്യത്തിനു മുന്നില്‍ കഴുതയെ മുട്ടുകുത്തിച്ച അത്ഭുതമാണ് കാര്‍ലോയുടെ ഫേവറേറ്റ്. പിന്നാലെ ഡോണ്‍ ബോസ്‌കോയും, പാദ്രെ പിയോയും, മിഖായേല്‍ മാലാഖയും എല്ലാം കാര്‍ലോയുടെ ഇഷ്ട്ട വിശുദ്ധരാണ്.
ഒരു സംഭവം കൂടി പറഞ്ഞു നിര്‍ത്താം, ഒരിക്കല്‍ കാര്‍ലോ തന്റെ ചെറിയ കുടുക്ക പൊട്ടിച്ചു. എന്നിട്ട് അതിലുണ്ടായിരുന്ന പണം കൊണ്ട് കാര്‍ലോ ഒരു സ്ലീപ്പിങ് ബാഗ് വാങ്ങി. താന്‍ സ്ഥിരമായി പള്ളിയില്‍ പോകുന്ന വഴിയില്‍ തണുപ്പത്ത് കാര്‍ബോര്‍ഡ് പെട്ടി കീറി നിലത്തുവിരിച്ചു കിടന്നുറങ്ങിക്കൊണ്ടിരുന്ന ഒരു യാചകന് അത് സമ്മാനിച്ചു. ഇതുപോലെ കാര്‍ലോ ഒത്തിരി വഴിയാചകരെ സഹായിച്ചിട്ടുണ്ട്. അതിനു വേണ്ടി ഉള്ള പണം അവന്‍ തന്നെ സ്വരുക്കൂട്ടി വച്ചു.
(തുടരും)