വിശുദ്ധ കുര്‍ബാനയുടെ കുഞ്ഞു മധ്യസ്ഥന്‍ [10]

കാര്‍ലോ മരിയ അക്കുറ്റീസിന്റെ ജീവിതകഥ
വിശുദ്ധ കുര്‍ബാനയുടെ കുഞ്ഞു മധ്യസ്ഥന്‍ [10]
Published on

ബാലനോവല്‍: 10 | നെവിന്‍ കളത്തിവീട്ടില്‍

ബാലനോവല്‍ അവസാനിക്കുന്നു

കാര്‍ലോ ജീവിതത്തിനു നല്‍കിയ നിര്‍വചനം ഇങ്ങനെ യാണ്, 'അതുല്യവും, ആവര്‍ത്തന രഹിതവുമായ ജീവിത കഥയാണ് ദൈവം ഓരോരുത്തര്‍ക്കുമായി എഴുതിവച്ചിരിക്കുന്നത്, എന്നാല്‍ സ്വന്തം കഥ എങ്ങനെ പര്യവസാനിപ്പിക്കണമെന്നു തീരുമാനിക്കാന്‍ അവരുടേതായ സ്വാതന്ത്ര്യവും നല്‍കി.' എന്നാല്‍ ഒത്തിരി പേര്‍ സ്വയം തങ്ങളുടെ ജീവിതത്തിനു ബാഡ് എന്‍ഡിങ് നല്‍കിയപ്പോള്‍ കാര്‍ലോ അത്തരം സാഹചര്യത്തെ ഒഴിവാക്കാന്‍ ദിവ്യകാരുണ്യത്തെ കൂട്ടുപിടിച്ചു.

എന്നാല്‍, ദൈവത്തെ കൂട്ടുപിടി ക്കാന്‍ നമ്മെ രണ്ടാമതു ചിന്തിപ്പി ക്കുന്ന കാര്യങ്ങളില്‍ ഒന്ന്, പല സന്തോഷങ്ങളും ഒഴിവാക്കേണ്ടി വരും എന്ന ഭയം, മറ്റൊന്ന് സുഹൃത്തുക്കള്‍ എന്ത് ചിന്തിക്കും, സൗഹൃദത്തില്‍ തുറവി കുറയുമോ എന്നെല്ലാമാണ്. എന്നാല്‍ ഇതിനുള്ള മറുപടിയും കാര്‍ലോയുടെ ജീവിതമാണ്. ചുരുങ്ങിയ ജീവിതമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും കാര്‍ലോ ജീവിതം ആസ്വദിച്ചാണ് കടന്നുപോയത്. ഒത്തിരി യാത്രകള്‍ ചെയ്തു, പ്രോഗ്രാമുകള്‍ നടത്തി, ആഗ്രഹിച്ചതൊക്കെ പഠിച്ചു, വീട്ടിലും സ്‌കൂളിലും കളിസ്ഥലത്തും ഒക്കെ സന്തോഷത്തിന്റെ ഓര്‍മ്മകള്‍. കാര്‍ലോയുടെ സൗഹൃദ വലയവും വളരെ വലുതായിരുന്നു.

കാര്‍ലോയുടെ മരണശുശ്രൂഷയില്‍ പങ്കെടുക്കാന്‍ വന്നവരെ കൊണ്ട് പള്ളിയും, സെമിത്തേരിയും നിറഞ്ഞു. കാര്‍ലോയുടെ മാതാ പിതാക്കള്‍ പോലും അവരില്‍ ഭൂരിഭാഗം ആളുകളെയും ഇതിനു മുന്‍പ് കണ്ടിട്ടുണ്ടായിരുന്നില്ല. അതില്‍ ക്രൈസ്തവരും അക്രൈസ്തവരും ഉണ്ടായിരുന്നു, ധനികരും ദരിദ്രരും ഉണ്ടായിരുന്നു, കുട്ടികളും പ്രായമായവരും ഉണ്ടായി രുന്നു, സ്വന്തം നാട്ടിലുള്ളവരും കുടിയേറ്റത്തില്‍ വഴിയോരങ്ങളില്‍ കഴിയുന്നവരും ഉണ്ടായിരുന്നു. എന്നാല്‍ മരണത്തിനുശേഷവും കാര്‍ലോയുടെ സുഹൃത്തുക്കളുടെ എണ്ണത്തില്‍ കുറവുവന്നില്ല, മറിച്ചു കൂടുകയായിരുന്നു.

പല യൂറോപ്പ്യന്‍ രാജ്യങ്ങളും കാര്‍ലോ യുടെ നേതൃത്വത്തില്‍ ആരംഭിച്ച ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള എക്‌സിബിഷന്‍ നടത്തുകയും, കാര്‍ലോയുടെ പ്രവര്‍ത്തനങ്ങളെ അനുസ്മരിപ്പിച്ചു കൊണ്ടുള്ള പ്രോഗ്രാമുകള്‍ യുവാക്കള്‍ക്കായി ഒരുക്കുകയും, കാര്‍ലോയുടെ പേരില്‍തന്നെ യുവ സംഘടനകള്‍ ആരംഭിക്കുകയും ചെയ്തു. കാര്‍ലോയോട് പ്രാര്‍ഥിച്ചതിന്റെ ഫലമായി നടന്ന അത്ഭുതങ്ങളുടെ കണക്കുകള്‍ ദിനംപ്രതി വര്‍ധിക്കുകയും, മാതാ പിതാക്കള്‍ക്ക് സംഭവ വിവരണം ഈ-മെയിലായി ലഭിക്കാനും തുടങ്ങി.

അതില്‍ മാനസാന്തരത്തിന്റെ, രോഗശാന്തിയുടെ, പ്രത്യക്ഷീകരണത്തിന്റെ ഒക്കെ കഥകളുണ്ട്. ഒടുവില്‍ മിലാന്‍ രൂപത 2012 ഒക്‌ടോ. മാസത്തില്‍ കാര്‍ലോയുടെ നാമകരണ നടപടികള്‍ക്കാ യുള്ള പ്രവത്തനങ്ങള്‍ ആരംഭിച്ചു. അങ്ങനെ ജൂലൈ 5, 2018 ല്‍ ഫ്രാന്‍സിസ് പാപ്പ കാര്‍ലോയെ ധന്യനായും 2020 ഒക്‌ടോബര്‍ 10 ന് വാഴ്ത്തപ്പെട്ടവനായും ഉയര്‍ത്തി. കമ്പ്യൂട്ടര്‍ ജീനിയസും, കമ്പ്യൂട്ടര്‍ ക്രിമിനല്‍സും, കമ്പ്യൂട്ടര്‍ ഹാക്കേഴ്‌സും ഒക്കെ അഴിഞ്ഞാടുന്ന ഈ യുഗത്തിലെ കമ്പ്യൂട്ടര്‍ സെയിന്റാണ് കാര്‍ലോ അക്കുറ്റീസ്.

അതിനാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയുടെ മധ്യസ്ഥന്‍ എന്ന വിളിപ്പേര് കാര്‍ലോയ്ക്കു ലോകം നല്‍കിയത്. ധാരാളം യുവാക്കളെ സ്വാധീനിച്ച കാര്‍ലോ എന്ന കൊച്ചു പുണ്യവാളനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതും കാത്തിരിക്കുകയാണ് സഭ. കാര്‍ലോയുടെ ജീവിതം ഇനിയും ഒത്തിരി യുവാക്ക ളെയും കുട്ടികളെയും ദൈവത്തിലേക്ക് ആകര്‍ഷിക്കുമെന്ന കാര്യത്തില്‍ തീര്‍ത്തും സംശയം വേണ്ട.

  • (അവസാനിച്ചു)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org