ഒരു Coffee Story

ഒരു Coffee Story
Published on
  • ഡോ. ജോമി വടശ്ശേരില്‍ ജോസ്‌

കണ്ണീരില്‍ കുതിര്‍ന്ന തലയിണയിലെ നനവ് മുഖത്ത് തട്ടിയപ്പോള്‍ അവള്‍ പിന്നെയും ഉറക്കത്തില്‍ നിന്നെഴുന്നേറ്റു. എത്ര നേരം ഉറങ്ങിയെന്നറിയില്ല, ഇനി ഉറങ്ങാന്‍ കഴിയുമെന്നും തോന്നുന്നില്ല. ഡ്യൂട്ടി തുടങ്ങാന്‍ ഇനിയും മൂന്നു മണിക്കൂര്‍ ബാക്കിയുണ്ട്. അവള്‍ എഴുന്നേറ്റ് ഹോട്ടലിന്റെ റിസെപ്ഷനില്‍ വിളിച്ച് ഒരു കോഫി ഓര്‍ഡര്‍ ചെയ്തു. താമസസ്ഥലം ശരിയാകുന്നതുവരെ ഹോട്ടലില്‍ തന്നെയാണ് പുതുതായി വന്ന എല്ലാ സ്റ്റാഫിനും താമസം.

ജനല്‍ തുറന്ന് നോക്കിയപ്പോള്‍ ദൂരെ ടെല്‍ അവിവ് പട്ടണം കാണാം. മൂന്നു ദിവസം മുമ്പ് അവിടെ സിനഗോഗിനടുത്ത് ഒരു ബോംബ് സ്‌ഫോടനം ഉണ്ടായി. പതിനൊന്നു പേരാണ് മരിച്ചത്. ഒന്നും വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. ഇരുപത്തൊന്നു വയസ്സുള്ള താന്‍ ഈ ഒരു സാഹസത്തിന് മുതിരരുതായിരുന്നു. അവള്‍ വീടിനെക്കുറിച്ചോര്‍ത്തു. ചാച്ചന്റെ ചികിത്സ, പൊടിമോളുടെ പഠിത്തം എല്ലാം ഇനി അവളുടെ ചുമലിലാണ്.

ഇസ്രായേലിലെ ആശുപത്രിയില്‍ നേഴ്‌സിംഗ് ഒഴിവുണ്ട് എന്ന് കേട്ടപ്പോള്‍ മറുത്തൊന്നും ആലോചിച്ചില്ല. നാട്ടില്‍ ഇപ്പോള്‍ നേരം പുലര്‍ന്നിട്ടുണ്ടാകും. ചാച്ചന്റെ മരുന്നുകളെല്ലാം മമ്മി കൊടുത്ത് കാണുമോ എന്തോ. പൊടിമോള്‍ രാവിലെ കുര്‍ബാനയ്ക്കു പോകാനുള്ള തിരക്കിലാവും. അവിടെ താന്‍ നിത്യേന പോയിരുന്ന നിത്യാസഹായ മാതാവിന്റെ പള്ളിയുണ്ട്. അവിടെ മെഴുകുതിരി കത്തിച്ചു പ്രാര്‍ഥിച്ചപ്പോള്‍ കിട്ടിയ ധൈര്യം ഇപ്പോള്‍ ഇടയിലെവിടെയോ ചോര്‍ന്നുപോയതുപോലെ. മാതാവ് കൂടെയുണ്ടാകും എന്ന വിശ്വാസത്തിലാണ് എല്ലാ തീരുമാനങ്ങളുമെടുത്തത്. ഈ ഏകാന്തതയില്‍ ഇനി എത്ര നേരം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നറിയില്ല.

അവള്‍ക്ക് വീണ്ടും കരയണമെന്ന് തോന്നി. പെട്ടെന്ന് ഡോര്‍ ബെല്‍ മുഴങ്ങി. ഹോട്ടല്‍ സ്റ്റാഫ് കോഫിയുമായി വന്നതായിരിക്കും. അവള്‍ വാതില്‍ തുറന്നു. തലയില്‍ സ്‌കാര്‍ഫ് ധരിച്ച ഒരു മധ്യവസ്‌കയായ സ്ത്രീ ട്രെയില്‍ കോഫിയുമായി വന്നുനില്‍ക്കുന്നു. അവര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു.

'ശാലോം അലൈക്കും' (നിനക്ക് സമാധാനമുണ്ടാകട്ടെ)

അവള്‍ ട്രെയില്‍ നിന്ന് കോഫി എടുത്തു. അവര്‍ വീണ്ടും ചിരിച്ചു കൊണ്ട് അവളുടെ കൈത്തണ്ടയില്‍ പതുക്കെ തടവികൊണ്ട് പറഞ്ഞു.

'ഡ്രിങ്ക് കോഫീ, ബിഫോര്‍ ഇറ്റ് ഈസ് കോള്‍ഡ്.'

ആ സ്പര്‍ശനത്തില്‍ അവളുടെ ഉള്ളില്‍ എന്തോ മാറിമറഞ്ഞു. മനസ്സിലെ ഭാരങ്ങളെല്ലാം മുന്നില്‍ നില്‍ക്കുന്ന പേരറിയാത്ത ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആ സ്ത്രീ ഞൊടിയില്‍ എടുത്തുകളഞ്ഞതുപോലെ. പോകുമ്പോള്‍ അവര്‍ പുഞ്ചിരിച്ചുകൊണ്ട് ഒരിക്കല്‍ കൂടി പറഞ്ഞു

'ശാലോം അലൈക്കും...'

അവള്‍ ഡോര്‍ അടച്ച് ഉള്ളിലേക്ക് വന്നതും ഫോണ്‍ മുഴങ്ങി. ഫോണിന്റെ അങ്ങേ തലയ്ക്കല്‍ ഒരു പുരുഷശബ്ദം. മുറി ഇംഗ്ലീഷില്‍ പറഞ്ഞു...

ബുദ്ധിമുട്ടിക്കുന്നതിന് ക്ഷമിക്കണം, പക്ഷെ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ കര്‍ഫ്യൂ കാരണം സ്റ്റാഫ് കുറവാണ്. ഓര്‍ഡര്‍ ചെയ്ത കോഫീ രാവിലെ ഏഴുമണി കഴിഞ്ഞേ ലഭിക്കുകയുള്ളൂ...

ദൈവമേ, അപ്പോള്‍ ആ വന്നത് ആരായിരുന്നു. അവള്‍ കോഫി മഗ്ഗ് താഴെ വച്ച് വീണ്ടും കതകുതുറന്നു നോക്കി. അവിടെയെങ്ങും ആരുമില്ല. പക്ഷെ വളരെ പരിചിതമായ ഒരു ഗന്ധം അവിടെയെങ്ങും നിറഞ്ഞു നിന്നു. അവള്‍ നാട്ടിലെ നിത്യസഹായമാതാവിന്റെ പള്ളിയില്‍ ദിവസേന മാതാവിന് ചാര്‍ത്തി കൊടുക്കുവാന്‍ കോര്‍ത്ത മുല്ലപ്പൂവിന്റെ മണം...

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org