പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തുന്ന റോബോട്ടുകള്‍!

പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തുന്ന റോബോട്ടുകള്‍!
Published on
  • ടിനു മാര്‍ട്ടിന്‍ ജോസ് ഈരത്തറ, തോപ്പില്‍

    (Assistant Consultant TCS , Infopark, Microsoft Azure, AI Cloud Analytics)

2023 ജൂണ്‍ ഒമ്പതാം തീയതി ജര്‍മ്മനിയില്‍ ചപ്പേറിയ എന്ന കൊച്ചു പട്ടണത്തില്‍ ഒരു സംഭവം ഉണ്ടായി. അവിടെയുള്ള പ്രൊട്ടസ്റ്റന്റ് ദേവാലയത്തില്‍ 40 മണിക്കൂറോളം ശുശ്രൂഷകള്‍ നടത്തിയത് നിര്‍മ്മിത ബുദ്ധിയില്‍ (AI) പ്രവര്‍ത്തിച്ച ഒരു ചാറ്റ് ബോട്ടാണ്. അങ്ങേ തലയ്ക്കുള്ള ഒരു മനുഷ്യനെ പോലെ തന്നെ മറുപടികള്‍ തരികയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയര്‍ രൂപമാണ് ചാറ്റ് ബോട്ട്. ഇന്ന് പല ആവശ്യത്തിനായി നമ്മള്‍ വിളിക്കുന്ന ഒട്ടുമിക്ക കസ്റ്റമര്‍ കെയര്‍ നമ്പറുകളിലും നമുക്ക് ഉത്തരം നല്‍കുന്നതും നമ്മെ അടുത്തഘട്ടത്തിലേക്ക് നയിക്കുന്നതും ഇത്തരത്തിലുള്ള ബോട്ടുകളാണ്. അലക്സ്സ, സിറി, ഗൂഗിള്‍ അസിസ്റ്റന്റ് ഒക്കെ ഇതിന്റെ കുറച്ചുകൂടി വികസിക്കപ്പെട്ട വകഭേദങ്ങളായി വരും. 300 ല്‍ അധികം വരുന്ന വിശ്വാസികള്‍ക്ക് 40 മിനിറ്റ് സമയം പ്രാര്‍ത്ഥിക്കാനും വചനപ്രഘോഷണം കേള്‍ക്കാനും കാണാനും അനുഗ്രഹ ആശംസകളും നല്‍കാനും ചാറ്റ് ബോട്ടിന് കഴിഞ്ഞു. ജോനാസ് ഡിമ്മര്‍മ്മിന്‍ എന്ന 29 വയസ്സുകാരനാണ് പ്രാര്‍ത്ഥനകള്‍ തയ്യാറാക്കി ചാറ്റ് ബോട്ടിന് നല്‍കിയത്.

നിര്‍മ്മിത ബുദ്ധി അനുഗ്രഹമോ അതോ ശാപമോ? അതിനെ പേടിക്കണോ?? എന്ന ചോദ്യം വളരെ പ്രസക്തമായി ഇന്ന് ലോകത്തിന്റെ നാനാ തുറകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിങ്, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഈലോണ്‍ മസ്‌ക് എന്നിവരൊക്കെ മനുഷ്യരാശിക്ക് നിയന്ത്രിക്കാനാവാത്ത AI യുടെ ഒരു കാലഘട്ടത്തെ ആകുലതയോടെ പ്രവചിച്ചിട്ടുണ്ട്. 2017 ല്‍ ഫെയ്‌സ്ബുക്ക് അവര്‍ ഡെവലപ്പ് ചെയ്തുകൊണ്ടിരുന്ന രണ്ട് ചാറ്റ് ബോട്ടുകളുടെ വികസനം മുന്നറിയിപ്പില്ലാതെ നിര്‍ത്തിവച്ച വാര്‍ത്ത വന്നിരുന്നു. അതിനു കാരണം അവ രണ്ടും മനുഷ്യന് മനസ്സിലാകാത്ത ഒരു ഭാഷ സ്വയം വികസിപ്പിച്ചു ആശയ വിനിമയം ചെയ്യാന്‍ തുടങ്ങി എന്നതാണ്.

കമ്പ്യൂട്ടറുകളും, ട്രാക്ടറുകളും, ആറ്റംബോംബിന്റെ സാങ്കേതികവിദ്യയുമൊക്കെ കണ്ടുപിടിക്കപ്പെട്ടപ്പോള്‍ മനുഷ്യന്‍ പേടിച്ചതിന്റെ ഒരുപക്ഷേ ഏറ്റവും സങ്കീര്‍ണ്ണമായ ഘട്ടമാണ് എ ഐ സമ്മാനിക്കുന്നത്. Chat GPT ആണ് ഇന്ന് AI യുടെ ഏറ്റവും എളുപ്പത്തില്‍ പ്രാപ്യമായ രൂപം. ഇത് ഒരു Text Based കമ്മ്യൂണിക്കേഷന്‍ മീഡിയമാണ്. എന്ത് ചോദിച്ചാലും ഉത്തരങ്ങള്‍ നല്‍കും, എന്തിനെക്കുറിച്ച് ചോദിച്ചാലും എഴുതിത്തരും. ഇതുപോലെ ചിത്രങ്ങള്‍ നിര്‍മ്മിക്കാനും പാട്ടുകള്‍ എഴുതാനും, നിര്‍മ്മിക്കാനും ഒക്കെയുള്ള എ ഐ പ്രോഗ്രാമുകള്‍ ഒട്ടനവധി ലഭ്യമാണ്. അമേരിക്ക ആസ്ഥാനമായ ബോസ്റ്റണ്‍ ഡൈനാമിക്‌സ് എന്ന കമ്പനി നിര്‍മ്മിക്കുന്നത് ഏത് സാഹചര്യത്തിലും മനുഷ്യരെപ്പോലെ പെരുമാറാന്‍ സാധിക്കുന്ന റോബോട്ടുകളെയും അതുപോലെതന്നെ സര്‍വയ്‌ലന്‍സ് ഡോഗുകളെയും (Cyber Dog) ഒക്കെയാണ്. ഇവയ്ക്ക് മനുഷ്യനെയും മറ്റും ആക്രമിച്ച് കീഴടക്കാനും സാധിക്കും.

ഉപയോഗിക്കുന്ന ആളുടെയും നിര്‍മ്മിക്കുന്ന ആളുകളുടെയും ഉള്ളിലുള്ള നന്മയെ ആശ്രയിച്ചാണ് നിര്‍മ്മിത ബുദ്ധി അനുഗ്രഹവും ശാപവുമായി മാറുന്നത്.

മനുഷ്യന് പകരമാകാന്‍ ഒരിക്കലും AI ക്ക് കഴിയുകയില്ല. അവന്റെ കഴിവുകള്‍ക്ക് പകരമാകാനും അവന്റെ കഴിവുകളെ സമ്പന്നമാക്കാനും കഴിഞ്ഞേക്കാം. ഓര്‍മ്മശക്തി, മുന്‍കൂട്ടി ചിന്തിച്ച് വേഗത്തില്‍ തീരുമാനമെടുക്കുക, കാര്യങ്ങള്‍ വിലയിരുത്തുക എന്നീ മേഖലകളില്‍ AI ആധിപത്യം പുലര്‍ത്താന്‍ സാധ്യതകള്‍ ഉണ്ട്. നമ്മുടെ വീട്ടിലെ എല്ലാ ഉപകരണങ്ങളിലും, ഓപ്പറേഷന്‍ തിയേറ്ററില്‍ വരെ AI മേധാവിത്വം പുലര്‍ത്തുന്ന ഒരു കാലഘട്ടം ഉണ്ടാകും. എന്നാല്‍ സാമാന്യബോധത്തോടെ ചിന്തിക്കുക, വ്യക്തി ബന്ധങ്ങളെ മാനിക്കുക, സന്മാര്‍ഗികതയും ധാര്‍മ്മികതയും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുക, വൈകാരിക ബുദ്ധിയോടെ പ്രവര്‍ത്തിക്കുക, സര്‍ഗാത്മകതയോടെ ചിന്തിക്കുക ഇതൊന്നും AI ക്ക് സാധ്യമല്ല. കാരണം ദൈവത്തിന്റെ കരസ്പര്‍ശം കൊണ്ട് മെനഞ്ഞെടുത്ത മനുഷ്യബുദ്ധിക്കും മനസ്സാക്ഷിക്കുമേ ഇത് സാധിക്കൂ.

ദൈവം സൃഷ്ടിച്ച ബുദ്ധികൊണ്ട് മനുഷ്യന്‍ സൃഷ്ടിച്ച നിര്‍മ്മിത ബുദ്ധി (AI) തീര്‍ച്ചയായും ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തിന്റെ ഒരംശമാണ്. അതിനാല്‍ ദൈവം നമുക്ക് നല്‍കിയ ആത്മീയ ബുദ്ധി ഉപയോഗിച്ച് നിര്‍മ്മിത ബുദ്ധിയെ നിയന്ത്രിച്ചു നന്മകള്‍ ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉപയോഗിക്കാം. അത് മനുഷ്യരാശിക്കോ മറ്റൊരുവനോ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ നാം തിന്മയുടെ പാതയിലാണ് മറ്റെല്ലാ സാങ്കേതികവിദ്യയും പോലെ തന്നെ.

അതിനാല്‍ AI യെ നമുക്കും കൂടെക്കൂട്ടാം. ക്രൈസ്തവര്‍ എന്ന നിലയില്‍ ഈശോയുടെ രാജ്യം പ്രഘോഷിക്കാന്‍ ഒട്ടനവധി മികച്ച മാര്‍ഗങ്ങളുമായി AI നമ്മുടെ കൂടെയുണ്ടാകും. നിങ്ങള്‍ ഒരു വിദഗ്ധന്‍ അല്ലെങ്കിലും നിങ്ങള്‍ക്ക് ചിത്രങ്ങള്‍ ഉണ്ടാക്കാം, പാട്ടുകള്‍ ഉണ്ടാക്കാം, ചെറിയ വീഡിയോകള്‍ ഉണ്ടാക്കാം, പ്രാര്‍ത്ഥനകള്‍ എഴുതാം... ഈശോ പഠിപ്പിച്ച നന്മകള്‍ പ്രചരിപ്പിക്കാം. 'നിങ്ങള്‍ ലോകമെങ്ങും പോയി സുവിശേഷം പ്രഘോഷിക്കുക' എന്ന നമ്മുടെ അടിസ്ഥാന ചുമതല ഓരോ കാലഘട്ടത്തിനും ചേര്‍ന്ന പോലെ നമുക്ക് വിനിയോഗിക്കാം.

  • വാല്‍ക്കഷണം:

കത്തോലിക്കാസഭയുടെ ഒരു ഔദ്യോഗിക പഠനം കൂടി പറഞ്ഞു കൊള്ളട്ടെ. വിശുദ്ധ കുര്‍ബാനയ്‌ക്കോ ശുശ്രൂഷകള്‍ക്കോ മനുഷ്യരല്ലാതെ യാന്ത്രികമായി ചെയ്യുന്ന ഒരു പ്രവര്‍ത്തിയും നമ്മെ സംബന്ധിച്ച് ആരാധനയ്ക്ക് അനുയോജ്യമല്ല. അതുകൊണ്ട് നമ്മുടെ ആരാധനാക്രമങ്ങളില്‍, വിശുദ്ധ കുര്‍ബാനയില്‍ യാന്ത്രികമായ പ്രവര്‍ത്തനങ്ങള്‍ വിലക്കിയിട്ടുള്ളതാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org