കുട്ടിത്തം വിട്ടുമാറിയിട്ടില്ല!

കുട്ടിത്തം വിട്ടുമാറിയിട്ടില്ല!

കഥ : ആന്റണി കെ.എ.

വീട്ടിലെല്ലാവരും എത്തിയിട്ടുണ്ട്. കുറേ നാളുകള്‍ ക്കു ശേഷമാ ഇങ്ങനെ എല്ലാവരെയും ഒരുമിച്ചു കാണണത്. എന്തോരം വിശേഷമാ ഇങ്ങനെ പറഞ്ഞു കൂട്ടണത്? ഇതി നൊരവസാനവുമില്ലേ?…
ഉണ്ണി ഇറയത്തെ അവന്റെ ചെറിയ ചാരു കസേരയില്‍ കാലിന്മേല്‍ കാലു കയറ്റി ഇരിക്കുന്നതിനിടയില്‍ ഗൗരവത്തോടെ ചിന്തിച്ചു.
ഇളയമകനായതുകൊണ്ടും കുട്ടിത്തം കുറേശ്ശേ കൂടുതലായി ഉള്ളതുകൊണ്ടും എല്ലാവര്‍ക്കും അവനെ ഒത്തിരി ഇഷ്ടമാണ്. അവന്റെ അമ്മ മിക്കവാറും പൊതു ഇടങ്ങളില്‍ അവ നെ കൊണ്ടുപോകുമ്പോള്‍ പരിചയപ്പെടുത്തുന്നതിങ്ങനെയാണ്: "കുരുന്നാണേലും കുറിക്കുകൊള്ളുന്നതാ ഉണ്ണിമോന്റെ വാക്കുകള്‍."
ശരിയാണ് ചെറിയവായില്‍ വലിയ വാക്കുകള്‍ എന്ന കണക്കെയാണ് അവന്റെ സംസാരം. ചെറുപ്രായത്തില്‍ കണ്ടും കേട്ടും സാഹചര്യത്തിനിണങ്ങിയും അല്ലാതെ യും പ്രയോഗിക്കുന്നതില്‍ അ സാധാരണമായ സാ മര്‍ത്ഥ്യമുണ്ടവന്. വീ ട്ടിലെ വളര്‍ത്തുനായ അയല്‍പക്കത്തെ വീ ട്ടിലെ ആടിനെ കടിച്ചതിന്റെ പേരില്‍ മുത്തച്ഛനതിനെ ദേഷ്യം മൂത്ത് കൊന്നുകളഞ്ഞപ്പോള്‍ കരഞ്ഞുകൊണ്ട് ഉണ്ണി പറഞ്ഞതിങ്ങനെയാണ്: "മൃഗത്തെപ്പോലെ പെരുമാറല്ലെ മുത്തച്ഛാ."
എല്ലാവരോടും എന്തെങ്കിലുമൊക്കെ മൊഴിയാനുണ്ടായിരുന്നു അവന്. അതെല്ലാം ചില വീണ്ടുവിചാരങ്ങളായി ചിലര്‍ക്കു തോന്നിയെങ്കിലും ഭൂരിഭാഗം പേരും വിട്ടുമാറാത്ത കുട്ടിത്തത്തിന്റെ ഭാഗമായി കരുതി അവഗണിച്ചു.
ഇളയച്ഛന്റെ വിവാഹാഘോഷമാണ് വീട്ടില്‍ നടക്കുന്നത്. വന്നവരോരുത്തരും കൈയില്‍ വലിയ സമ്മാനപൊതിയുമേന്തികൊണ്ട് നേരെ ഇളയച്ഛന്റെയും ഇളയമ്മയുടെയും അടുത്തേയ്ക്കാ പോണത്. എന്നെക്കുറിച്ചാര്‍ക്കുമൊരു ചിന്തയില്ല. കുറച്ച് സമ്മാനം എനിക്കു തന്നാലെന്താ. വരുന്നവര്‍ക്കോ തോന്നണില്ല. ചെറിയച്ഛനാണെങ്കിലും എനിക്കു തരാന്‍ പറയുമെന്നു വിചാരിച്ചു. അതും ഉണ്ടായില്ല…
നിനക്കെന്തു കിട്ടിയാലും വീട്ടിലെ എല്ലാവര്‍ക്കുമായി വീതിച്ചുകൊടുക്കണമെന്നുപദേശിച്ച ഇളയച്ഛനാ ഈ കാട്ടായം കാണിക്കുന്നത്.
ഏതോ ഒരു നിമിഷത്തില്‍ അവന്‍ കസേരയില്‍ കിടന്ന് മയക്കത്തിലാണ്ടു. സ്വച്ഛമായൊരു സ്വപ്നം അവനെ തേടിയെത്തി. നല്ല തൂവെള്ള നിറമുള്ള ചിറകുകള്‍ വിരിച്ച് ഒരു മാലാഖ അവന്റെ നേര്‍ക്കു പറന്നുവരുന്നു. കൈനിറയെ സമ്മാനപ്പൊതികളുണ്ട്. ഇളയച്ഛനും ഇളയമ്മയ്ക്കുമായി നീട്ടിയ സമ്മാനങ്ങളില്‍ ചിലത്.
ഉണ്ണി വല്ലാത്തൊരു സന്തോഷത്തോടെ കണ്ണു തുറന്നു നോക്കി. മാലാഖയുടെ ചിറകടി ശബ്ദത്തിനു പകരം വിരുന്നുകാരുടെ വിശേഷം പറച്ചിലുമാത്രം.
കണ്ണുകള്‍ തറപ്പിച്ചു നോക്കിയപ്പോള്‍ കൈയില്‍ നിറയെ സമ്മാനപ്പൊതികളുമായി ചെറിയമ്മ നില്‍ക്കുന്നു. ഇന്ന് വീട്ടിലേയ്ക്ക് പുതിയതായി വന്നുകേറിയ ചെറിയമ്മയാണോ എന്റെ മാലാഖ?…
ഉണ്ണി ചെറിയമ്മയുടെ കവിളത്തൊരു മുത്തം കൊടുത്തിട്ട് ചെവിയില്‍ വലിയവായില്‍ മൊഴിഞ്ഞു: "എന്റെ മാലാഖ ചെറിയമ്മയായാല്‍ മതി."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org