കൊറോണക്കാലത്തെ സുവിശേഷവത്കരണം

കൊറോണക്കാലത്തെ സുവിശേഷവത്കരണം

പ്രമുഖ ബൈബിള്‍ ആപ്ലിക്കേഷനായ 'യു വേര്‍ഷന്‍റെ' റിപ്പോര്‍ട്ട് ശ്രദ്ധേയമാണ്. ദേവാലയങ്ങളില്‍ പൊതുവായ തിരുക്കര്‍മ്മങ്ങള്‍ക്ക് വിലക്കുകളില്ലാതിരുന്ന കഴിഞ്ഞ വര്‍ഷത്തെ വിശുദ്ധ വാരത്തേക്കാള്‍ 54% വര്‍ദ്ധനവ് ബൈബിള്‍ വായനയുടെ കാര്യത്തില്‍ ഇത്തവണ ഉണ്ടായെന്നാണ് 'യു വേര്‍ഷന്‍' വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വിശുദ്ധ വാരത്തില്‍ തങ്ങളുടെ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വിശുദ്ധ ഗ്രന്ഥം വായിച്ചവരുടെ എണ്ണം 26.4 മില്യന്‍ ആയിരുന്നുവെങ്കില്‍ ഈ കൊറോണക്കാലത്ത് അത് 40.6 മില്യന്‍ ആയി വര്‍ദ്ധിച്ചു എന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 10.8 മില്യന്‍ ബൈബിള്‍ വചനങ്ങളാണ് കഴിഞ്ഞ വര്‍ഷത്തെ വിശുദ്ധ വാരത്തില്‍ ഷെയര്‍ ചെയ്യപ്പെട്ടതെങ്കില്‍ ഇത്തവണ അത് 14.1 മില്യനായി ഉയര്‍ന്നു. അതായത് അത് 30% ആയി വര്‍ദ്ധിച്ചു.

സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങളുടെ പ്രളയലോകത്താണ് നമ്മള്‍ ജീവിക്കുന്നത്.

ഇലക്ട്രോണിക് മാധ്യമങ്ങള്‍ അതിലേക്കുള്ള വഴികള്‍ നാലുപാടും തുറന്നിട്ടിരിക്കുന്നു. സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ ഈശ്വരനിലേക്കും വിശ്വാസത്തിലേക്കും നന്മയിലേക്കും മൂല്യങ്ങളിലേക്കും മിഴിതുറക്കുന്ന ഒരു ലോകത്തെയാണ് പ്രതിനിധാനം ചെയ്യേണ്ടത്. ഈ കൊറോണക്കാലം ഒരു പരിധി വരെ അതിന് സഹായകരമാകുന്നു എന്നതിന് മുകളിലെ റിപ്പോര്‍ട്ട് സൂചനയാണ്. കൊറോണക്കാലത്തെ പീഡാനുഭവ ആഴ്ചയില്‍ സാമൂഹിക സമ്പര്‍ക്ക മാധ്യമങ്ങള്‍ അധികപങ്കും ഈ ഒരു കാഴ്ചപ്പാടോടു കൂടെ ഉപയോഗിക്കുവാന്‍ കഴിഞ്ഞു എന്നത് അഭിമാനകരമാണ്.

ആകര്‍ഷകമായും ആനുകാലികമായും ക്രിസ്തുവിനെ സമീപസ്ഥനാക്കുക എന്നതാണ് യഥാര്‍ത്ഥ സുവിശേഷവല്‍ക്കരണം. നാം ജീവിക്കുന്ന സാഹചര്യങ്ങളില്‍, അത് പുറത്തിറങ്ങി സഞ്ചരിക്കാന്‍ സാധിക്കാത്ത സാഹചര്യങ്ങളിലായാല്‍ പോലും വചനം വായിക്കുകയും വചനത്തില്‍ ജീവിക്കുകയും വചനം പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നവരായി നമുക്ക് മാറാം.

കുട്ടികളായ നമ്മെ സംബന്ധിച്ചിടത്തോളം കൊറോണാ വ്യാപനം തടയുവാന്‍ ലോകം ഒരുമിച്ച് കൈകോര്‍ത്ത് വീടുകള്‍ക്കുള്ളില്‍ ആയിരിക്കാന്‍ കടപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ കൂടുതല്‍ തീക്ഷ്ണതയോടെ ദൈവവചനത്തിന്‍റെ വാഹകരാകുവാന്‍ ആധുനിക സങ്കേതങ്ങളിലൂടെ നമുക്ക് ശ്രമിക്കാം. ലോകമെങ്ങുംപോയി സുവിശേഷം പ്രഘോഷിക്കുവാനുള്ള ശിഷ്യരോടുള്ള അവിടുത്തെ ആഹ്വാനം യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നിര്‍വ്വഹിക്കാന്‍ സാധിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org