ദലീല

ദലീല

ബൈബിൾ വനിതകൾ

ജെസ്സി മരിയ

ഇസ്രായേലിലെ ന്യായാധിപന്‍മാരില്‍ ഏറ്റവും ശക്തനും പ്രബലനുമായിരുന്നു ദാന്‍ ഗോത്രക്കാരനായ മനോവയുടെ പുത്രന്‍ സാംസണ്‍. അവന്‍റെ തലയില്‍ ക്ഷൗരക്കത്തി തൊടരുതെന്നും അവന്‍ ആജീവനാന്തം ദൈവത്തിനു നാസീര്‍വൃതക്കാരനായിരിക്കുമെന്നും, അവന്‍ ഫിലിസ്ത്യരുടെ കയ്യില്‍നിന്ന് ഇസ്രായേലിനെ വിടുവിക്കാന്‍ ആരംഭിക്കുമെന്നും അവന്‍റെ ജനനത്തിനു മുന്‍പേ കര്‍ത്താവ് പറഞ്ഞിരുന്നു. യുവാവായപ്പോള്‍ അവന് ഒരു ഫിലിസ്ത്യ യുവതിയോട് പ്രണയം തോന്നി. മാതാപിതാക്കള്‍ എതിര്‍ത്തുവെങ്കിലും പിന്നീട് സമ്മതിച്ചു. അവന്‍ അവളെ വിവാഹം ചെയ്തു. വിവാഹശേഷം ഫിലിസ്ത്യര്‍ അവന് മുപ്പതു പേരെ തോഴരായി കൊടുത്തു. സാംസണ്‍ അവരോടു ഒരു കടംകഥ പറഞ്ഞു. ഏഴു ദിവസത്തിനകം ഉത്തരം പറയണമെന്നും പറഞ്ഞു. എന്നാല്‍ ആറു ദിവസമായിട്ടും അവര്‍ക്ക് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല. അവര്‍ അവന്‍റെ ഭാര്യയെ ഭീഷണിപ്പെടുത്തി അവളിലൂടെ അവനില്‍നിന്നും കടംകഥയുടെ പൊരുള്‍ മനസ്സിലാക്കി. ഏഴാം ദിവസം അവര്‍ അവനോട് ഉത്തരം പറഞ്ഞു. അവന്‍ പട്ടണത്തില്‍ ചെന്ന് മുപ്പത്പേരെ കൊന്നു കൊള്ളയടിച്ച് കടംകഥയുടെ ഉത്തരം പറഞ്ഞവര്‍ക്ക് വിശേഷവസ്ത്രങ്ങള്‍ കൊടുത്തു. കോപാക്രാന്തനായി അവന്‍ പിതാവിന്‍റെ വീട്ടിലേക്കു തിരിച്ചുപോന്നു. അവന്‍റെ ഭാര്യ തോഴരിലൊരുവന്‍റെ ഭാര്യയായി. ഫിലിസ്ത്യരോടുള്ള സാംസണ്‍ന്‍റെ ശത്രുത നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവന്നു. തരം കിട്ടുമ്പോള്‍ ഒക്കെ അവന്‍ അവരെ കൊന്നൊടുക്കി.

നാളുകള്‍ക്കുശേഷം ദലീലാ എന്ന ഫിലിസ്ത്യ സ്ത്രീയെ അവന്‍ സ്നേഹിച്ചു. ഫിലിസ്ത്യനേതാക്കന്മാര്‍ അവളുടെ അടുത്ത് ചെന്നു പറഞ്ഞു: സാംസനെ നീ വശീകരിച്ചു അവന്‍റ ശക്തി എവിടെയാണെന്നും അവനെ എങ്ങനെ കീഴടക്കാമെന്നും മനസ്സിലാക്കണം. ഞങ്ങള്‍ ഓരോരുത്തരും നിനക്ക് ആയിരത്തിയൊരുന്നൂറു വെള്ളിനാണയം തരാം. അവരുടെ പ്രലോഭനത്തില്‍ മയങ്ങി അവള്‍ അവനെ ചതിക്കാന്‍ തീരുമാനിച്ചു. അവള്‍ അവനോട് അവന്‍റെ ശക്തിയുടെ രഹസ്യം ചോദിച്ച് അവനെ ശല്യപ്പെടുത്തി. മൂന്നു പ്രാവശ്യം അവന്‍ ഓരോന്ന് പറഞ്ഞു രക്ഷപ്പെട്ടു. അവന്‍ തന്നെ പറ്റിക്കുകയാണെന്ന് അവള്‍ക്കു മനസ്സിലായി. അവസാനം അവള്‍ അവനോട് ചോദിച്ചു: നിന്‍റെ ഹൃദയം എന്നോട് കൂടെയല്ലെങ്കില്‍ എന്നെ സ്നേഹിക്കുന്നുവെന്ന് നിനക്ക് എങ്ങനെ പറയാന്‍ കഴിയും? ഈ മൂന്നു പ്രാവശ്യവും നീ എന്നെ അവഹേളിച്ചിരിക്കുന്നു. നിന്‍റെ അജയ്യ ശക്തി എവിടെയാണെന്ന് എന്നോട് പറയുക. അവള്‍ അങ്ങനെ ദിവസം തോറും നിര്‍ബന്ധിച്ചു. അവളുടെ നിര്‍ബന്ധം മരണ തുല്യമായി. അവസാനം അവന്‍ ആ രഹസ്യം തുറന്നുപറഞ്ഞു: "ക്ഷൗരക്കത്തി എന്‍റെ തലയില്‍ തൊട്ടിട്ടില്ല. ജനനം മുതല്‍ ഞാന്‍ ദൈവത്തിനു നാസീര്‍വൃതക്കാരനാണ്. മുടിവെട്ടിയാല്‍ എന്‍റെ ശക്തി നഷ്ടപ്പെട്ടു ഞാന്‍ മറ്റു മനുഷ്യരെപ്പോലെയാകും." അവന്‍ സത്യം പറഞ്ഞപ്പോള്‍ അവള്‍ നേതാക്കളെ വിളിച്ചു വരുത്തി. അവള്‍ പറഞ്ഞു: "അവന്‍ സകല രഹസ്യങ്ങളും എന്നോട് പറഞ്ഞിരിക്കുന്നു." അപ്പോള്‍ ഫിലിസ്ത്യരുടെ നേതാക്കള്‍ പണവുമായി അവളുടെ അടുത്തെത്തി. അവള്‍ അവനെ മടിയില്‍ കിടത്തി ഉറക്കി. ഒരാളെക്കൊണ്ട് അവന്‍റെ തലയിലെ ഏഴു മുടിചുരുളും ക്ഷൗരം ചെയ്യിച്ചു. അതിനുശേഷം അവള്‍ അവനെ അസഹ്യപ്പെടുത്തി. അവന്‍റെ ശക്തി അവനെ വിട്ടുപോയി. ഫിലിസ്ത്യര്‍ അവനെ പിടിച്ചു കണ്ണ് ചുഴ്ന്നെടുത്ത് ഗാസായിലേക്ക് കൊണ്ട് പോയി. അവനെ കാരാഗൃഹത്തിലാക്കി. അവന്‍റെ മുടി വളര്‍ന്നു കൊണ്ടിരുന്നു. അങ്ങനെയിരിക്കെ അവനെ പരിഹസിക്കാന്‍ വേണ്ടി അവര്‍ അവനെ അവരുടെ ദേവന്‍റെ മന്ദിരത്തില്‍ കൊണ്ടു വന്ന് അവനോട് അഭ്യാസം കാണിക്കാന്‍ പറഞ്ഞു. അവന്‍ ദൈവമായ കര്‍ത്താവിനെ വിളിച്ചപേക്ഷിച്ച് സര്‍വ്വശക്തിയോടും കൂടെ മന്ദിരത്തിന്‍റെ തൂണുകളില്‍ പിടിച്ചു തള്ളി. കെട്ടിടം ഇടിഞ്ഞു വീണു. അവിടെ ഉണ്ടായിരുന്ന ഫിലിസ്ത്യരോടോപ്പം അവനും മരിച്ചു വീണു. മരണസമയത്തു അവന്‍ കൊന്നവര്‍, ജീവിച്ചിരിക്കുമ്പോള്‍ കൊന്നവരേക്കാള്‍ അധികമായിരുന്നു.

സാംസണ്‍ന്‍റെ കഥ പറഞ്ഞാലേ ദലീലയുടെ കഥ പൂര്‍ണ്ണമാകൂ. അതുകൊണ്ടാണ് ഇത്രയും പറഞ്ഞത്.

ബൈബിളില്‍ നാം കണ്ടുമുട്ടുന്ന സ്ത്രീകള്‍ എല്ലാവരും തന്നെ കുലീനരായ സ്ത്രീകളാണ്. എന്നാല്‍ വഞ്ചകരും ദുഷ്ടസ്ത്രീകളും കൂടി ഉള്‍പ്പെടുന്നതാണ് ബൈബിള്‍ ചരിത്രം. ദലീല സ്നേഹം പ്രകടിപ്പിച്ചു സാംസനെ വശീകരിച്ചു. എന്നിട്ട് പണത്തിനു വേണ്ടി അവള്‍ അവനെ ഒറ്റിക്കൊടുത്തു. ചാപല്യത്തിന്‍റെയും നന്ദികേടിന്‍റെയും പ്രതിരൂപമായിരുന്നു ദലീല. ഇന്നും ദലീലമാര്‍ക്ക് യാതൊരു ക്ഷാമവുമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org