തൊഴില്‍ പരിശീലനം സൗജന്യമായി

തൊഴില്‍ പരിശീലനം സൗജന്യമായി

എം. ഷൈറജ്

തൊഴിലന്വേഷകരുടെ എണ്ണത്തില്‍ പ്രതിവര്‍ഷമുണ്ടാവുന്ന വര്‍ദ്ധനയ്ക്ക് ആനുപാതികമായി തൊഴിലവസരങ്ങളുടെ എണ്ണം നമ്മുടെ നാട്ടില്‍ വര്‍ദ്ധിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഒറ്റയ്ക്കും കൂട്ടായുമുള്ള സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്കു വലിയ പ്രാധാന്യമുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വ്യാപകമല്ലാത്തതിനാല്‍, തൊഴില്‍ നൈപുണ്യം നേടുകയെന്നതാണു പുതുസംരംഭകരുടെ മുന്നിലെ ആദ്യത്തെ കടമ്പ. ഇക്കാര്യത്തില്‍ യുവതീയുവാക്കളെ സഹായിക്കുന്നതിനായി എല്ലാ ജില്ലകളിലും പൊതുമേഖലാ ബാങ്കുകളുടെ നേതൃത്വത്തില്‍ സൗജന്യ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ആര്‍-സെറ്റി അഥവാ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം

ആര്‍-സെറ്റി (R-SETI-Rural Self Employment Training Institute) എന്നറിയപ്പെടുന്ന ഈ പരിശീലന കേന്ദ്രങ്ങള്‍ ഗ്രാമീണ വികസന വകുപ്പാണു സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ ഓരോ ജില്ലയിലെയും ലീഡ് ബാങ്കാണു പരിശീലന കേന്ദ്രങ്ങള്‍ നടത്തുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ആര്‍-സെറ്റുകളുണ്ട്.

പരിശീലനം ഏതു വിഷയത്തില്‍?

പൊതുവായി ജില്ലകള്‍തോറും നടപ്പാക്കിവരുന്ന കോഴ്‌സുകള്‍ താഴെ പറയുന്നവയാണ്.

ഫോട്ടോഗ്രഫി/വീഡിയോഗ്രഫി, മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ്, അഗര്‍ബത്തി നിര്‍മ്മാണം, ഡയറി/വെര്‍മി കമ്പോസ്റ്റ്, ബ്യൂട്ടി ക്ലിനിക്ക്, പേപ്പര്‍ കവര്‍/എന്‍വലപ്പ്, വെല്‍ഡിംഗ്/ഫാബ്രിക്കേഷന്‍, മെന്‍സ് ടെയ്‌ലറിംഗ്, എംബ്രോയിഡറി/ഫാബ്രിക് പെയിന്റിംഗ്, ആഭരണ നിര്‍മ്മാണം, ഇരുചക്ര വാഹന മെക്കാനിസം, ഹോര്‍ട്ടികള്‍ച്ചര്‍, വീട് വയറിംഗ്, മെന്‍സ് ബ്യൂട്ടി ക്ലനിക്ക്/സലൂണ്‍, ടി.വി. ടെക്‌നീഷ്യന്‍, വീട് പെയിന്റിംഗ്, കളിപ്പാട്ട നിര്‍മ്മാണം, ആടു വളര്‍ത്തല്‍, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, ചണ ഉല്‍പന്നങ്ങള്‍, കോഴി വളര്‍ത്തല്‍, പപ്പടം/അച്ചാര്‍/മസാലപ്പൊടികള്‍, ഔഷധസസ്യപരിപാലനം, റബ്ബര്‍ ടാപ്പിംഗ്, ഫാസ്റ്റ് ഫുഡ്, വനിതകള്‍ക്കു തയ്യല്‍, ഡി.ടി.പി., കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, മെഴുകുതിരി നിര്‍മ്മാണം, സംരംഭകത്വ വികസന പരിപാടി, പന്നി വളര്‍ത്തല്‍, പ്ലംബിംഗ് ആന്റ് സാനിറ്ററി, റെഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിംഗ്, നഴ്‌സറി, തേനീച്ച വളര്‍ത്തല്‍, ട്രാവല്‍ ആന്റ് ടൂറിസം, കൂണ്‍ വളര്‍ത്തല്‍, ആയ പരിശീലനം, പോളി ഹൗസ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ബേക്കറി, ഫോട്ടോ ഫ്രെയിമിംഗ്/ലാമിനേഷന്‍/സ്‌ക്രീന്‍ പ്രിന്റിംഗ്, മെയ്‌സന്‍ വര്‍ക്ക്, കാര്‍പ്പെന്ററി, സിസിടിവി ക്യാമറ ഓപ്പറേഷന്‍, മീന്‍ വളര്‍ത്തല്‍, ഷോപ്പ് കീപ്പര്‍.

ആറു ദിവസം മുതല്‍ 45 ദിവസം വരെ നീണ്ടു നില്‍ക്കുന്നതാണു കോഴ്‌സുകള്‍. 25-30 പേരുള്ള ബാച്ചുകളായിട്ടാവും പരിശീലനം. മതിയായ അപേക്ഷകരെ ലഭിച്ചാല്‍ മാത്രമേ പരിശീലനം നടത്താറുള്ളൂ.

സൗജന്യം

ആര്‍-സെറ്റി കേന്ദ്രങ്ങളില്‍ പരിശീലനം കൂടാതെ അനുബന്ധ സൗകര്യങ്ങളും സൗജന്യമാണ്. ഉച്ചയൂണ്, ചായ, സ്‌നാക്‌സ് എന്നിവ ഇതില്‍പ്പെടും. താമസസൗകര്യമുള്ള കേന്ദ്രങ്ങളില്‍ അതിനും പണം മുടക്കേണ്ടതില്ല.

യോഗ്യത

പതിനെട്ടിനും നാല്പ്പത്തഞ്ചിനും മദ്ധ്യേ പ്രായമുള്ള തൊഴില്‍രഹിതരായവര്‍ക്ക് ജാതി മത ലിംഗ വ്യത്യാസമി ല്ലാതെ പ്രവേശനം നല്കും. പ്രായപരിധിയില്‍ ആവശ്യമെങ്കില്‍ ഇളവു നല്കാന്‍ വ്യവസ്ഥയുണ്ട്. പരിശീലനം നേടാനാഗ്രഹിക്കുന്ന വിഷയത്തില്‍ അടിസ്ഥാന അറിവ് അഭിലഷണീയമാണ്.

പരിശീലന കേന്ദ്രങ്ങള്‍

വിവിധ ജില്ലകളിലെ ലീഡ് ബാങ്കുകളുടെ പേരും ആര്‍-സെറ്റി കേന്ദ്രങ്ങളുടെ വിലാസവും ഫോണ്‍ നമ്പറും ഇനി പറയുന്നവയാണ്.

തിരുവനന്തപുരം: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ഐ.ഒ.ബി. ആര്‍-സെറ്റി, ഫോറസ്റ്റ് ലേന്‍, വഴുതക്കാട്, 0471- 2322430, 7356653629

കൊല്ലം: കാനറ ബാങ്ക്, സിന്‍ഡ് ആര്‍-സെറ്റി, കെ. ഐ.പി. ക്യാമ്പസ്, കൊട്ടി യം, 0474- 2537141, 9495245002

പത്തനംതിട്ട: എസ്.ബി.ഐ. ആര്‍-സെറ്റി, ക്രിസ് ടവര്‍, കോളജ് റോഡ്, 0468-2270244, 9995876204

ആലപ്പുഴ: എസ്.ബി.ഐ. ആര്‍-സെറ്റി, ആര്യാട് ബ്ലോക്ക് ബില്‍ഡിംഗ്, കലവൂര്‍, 0477-2292427, 428, 9446506969

കോട്ടയം: എസ്.ബി.ഐ. ആര്‍-സെറ്റി, ജവഹര്‍ ബാലഭവന്‍,തിരുനക്കര, 0481-2303306, 9446481957

ഇടുക്കി: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍-സെറ്റി, ബ്ലോക്ക് പഞ്ചായത്ത് ബില്‍ഡിംഗ്, നെടുങ്കണ്ടം, 04868-234567, 9495590779

എറണാകുളം: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക് ആര്‍-സെറ്റി ഭവന്‍, പട്ടിമറ്റം, 0484- 2767705, 9446431651

തൃശൂര്‍: കാനറ ബാങ്ക്, സി.ബി. ആര്‍-സെറ്റി, രാമവര്‍മ്മപുരം, 0487-2694412, 9447196324

പാലക്കാട്: കാനറ ബാങ്ക്, കാനറ ആര്‍-സെറ്റി, കുളക്കാട്, 0466-2285554, 9447963907

മലപ്പുറം: കാനറ ബാങ്ക്, ആര്‍-സെറ്റി, മഞ്ചേരി ഗാഡ്, വണ്ടൂര്‍, 04931-247001, 9495609928

കോഴിക്കോട്: കാനറ ബാങ്ക് ആര്‍-സെറ്റി, മാത്തര, ഗുരുവായൂരപ്പന്‍ കോളജ് പി.ഓ., 0495-2432470, 9446082241

വയനാട്: എസ്.ബി.ഐ. ആര്‍-സെറ്റി, പുത്തൂര്‍വയല്‍, കല്‍പ്പറ്റ, 04936-207132, 206132, 9884041040

കണ്ണൂര്‍: കാനറ ബാങ്ക്, ആര്‍-സെറ്റി, ആര്‍.ടി.എ. ഗ്രൗണ്ടിനു സമീപം, കാഞ്ഞിരങ്ങാട്, കണ്ണൂര്‍, 0460- 2226573, 9447483646

കാസര്‍ഗോഡ്: യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍-സെറ്റി, ആനന്ദാശ്രമം പി.ഓ., കാഞ്ഞങ്ങാട്, 0467- 2268240, 9447027308

മറ്റു പ്രത്യേകതകള്‍

ശനി, ഞായര്‍ ദിവസങ്ങളൊഴികെയുള്ള ദിവസങ്ങളില്‍ മുഴുവന്‍ സമയം പരിശീലനമാവും നല്കുക. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കും. പരിശീലനം കഴിഞ്ഞവര്‍ക്ക് സംരംഭം ആരംഭിക്കുന്നതിനുള്ള വായ്പാപേക്ഷ തയ്യാറാക്കാനും സമര്‍പ്പിക്കുവാനും ആര്‍-സെറ്റി സഹായിക്കും. ആര്‍-സെറ്റിയില്‍ നിന്നു പരിശീലനം നേടിയവരുടെ വായ്പ അപേക്ഷകള്‍ക്കു മുന്‍ഗണന നല്കണമെന്ന് സംസ്ഥാന തല ബാങ്കേഴ്‌സ് കമ്മിറ്റി നിര്‍ദ്ദേശമുണ്ട്. വായ്പ ഉപദേശക കേന്ദ്രവും ആര്‍-സെറ്റിയോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തേക്ക് ആര്‍-സെറ്റിയില്‍ നിന്ന് തുടര്‍ സേവനവും ലഭിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org