ദൈവത്തിന്റെ ‘ബലഹീനത’

ദൈവത്തിന്റെ ‘ബലഹീനത’

ദൈവം മനുഷ്യനെ സ്‌നേഹിക്കുന്നത് എന്തിനാണ്? മനുഷ്യനെ ഇങ്ങനെ സ്‌നേഹിച്ചതുകൊണ്ട് ദൈവത്തിന് എന്തുകിട്ടാനാണ്?

സജീവ് പാറേക്കാട്ടില്‍

സജീവ് പാറേക്കാട്ടിൽ
സജീവ് പാറേക്കാട്ടിൽ

ചോദ്യം പ്രസക്തമാണ്. ലളിതമായി പറഞ്ഞാല്‍ സ്‌നേഹമായതുകൊണ്ടാണ് ദൈവം മനുഷ്യനെ സ്‌നേഹിക്കുന്നത്. ദൈവത്തിന് നല്കപ്പെട്ടിട്ടുള്ള ഏറ്റവും മനോഹരമായ നിര്‍വചനം സ്‌നേഹം എന്നതാണ് (1 യോഹ. 4:8). സര്‍വ്വശക്തനും പരമപരിശുദ്ധനും അനന്തമഹിമയുള്ളവനും ആയിരിക്കുമ്പോഴും അവിടുന്ന് സ്‌നേഹസമ്പൂര്‍ണ്ണനുമാണ്. അതിനാലാണ് മനുഷ്യനെ ഇപ്രകാരം സ്‌നേഹിക്കാന്‍ ദൈവത്തിന് 'കഴിയുന്നത്.' ദൈവത്തിന്റെ സ്വഭാവം സ്‌നേഹമാണ് – അഗാധവും സമഗ്രവും നിരുപാധികവും അചഞ്ചലവുമായ സ്‌നേഹം. ഒന്നും 'കിട്ടാന്‍' വേണ്ടിയല്ല ദൈവം മനുഷ്യനെ സ്‌നേഹിക്കുന്നത്; പിന്നെയോ, തന്നെത്തന്നെ മുഴുവനായും മനുഷ്യന് 'കൊടുക്കാന്‍' വേണ്ടിയാണ്. മനുഷ്യനില്‍നിന്ന് യാതൊന്നും ദൈവത്തിന് തിരികെ ആവശ്യമില്ല. തിരിച്ചുകിട്ടുമെന്ന് കരുതി കൊടുക്കുന്നതും സ്‌നേഹിക്കുന്നതും മനുഷ്യനാണ്. മാതാപിതാക്കള്‍ – മക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, ഗുരുശിഷ്യര്‍, സഹോദരീ സഹോദരങ്ങള്‍, സ്‌നേഹിതര്‍ എന്നിങ്ങനെ മനുഷ്യന്റെ മിക്കവാറും എല്ലാ സ്‌നേഹബന്ധങ്ങളുടെയും അടിസ്ഥാനം കൊടുത്തതും അതിനപ്പുറവും തിരികെ കിട്ടും എന്ന പ്രതീക്ഷയാണ്. അതു തകരുമ്പോഴാണ് നിരാശയും സംഘര്‍ഷവുമൊക്കെ ഉടലെടുക്കുന്നത്. അത്തരമൊരു പ്രതീക്ഷയുടെ ആവശ്യം ദൈവത്തിനില്ല. അഥവാ, തിരികെ കിട്ടുന്നത് നിന്ദനവും അപമാനവും നന്ദികേടും കുരിശുമരണവും ആണെന്നറിഞ്ഞു തന്നെയാണ് മനുഷ്യനെ സ്‌നേഹിക്കാനായി അവിടുന്ന് സ്വര്‍ഗം വിട്ട് ഭൂമിയില്‍ വന്നത്. പറുദീസ മുതല്‍ കാല്‍വരി വരെയും ഇന്നോളവും അതങ്ങനെ തന്നെയാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ മനോഹരമായ ഒരു ഭാഗമുണ്ട്. 'പെസഹാത്തിരുനാളിന് അവന്‍ ജറുസലെമിലായിരിക്കുമ്പോള്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കണ്ട് വളരെപ്പേര്‍ അവന്റെ നാമത്തില്‍ വിശ്വസിച്ചു. യേശുവാകട്ടെ അവരെ വിശ്വസിച്ചില്ല. കാരണം, അവന്‍ അവരെയെല്ലാം അറിഞ്ഞിരുന്നു. മനുഷ്യനെപ്പറ്റി ആരുെടയും സാക്ഷ്യം അവന് ആവശ്യമായിരുന്നില്ല; മനുഷ്യനിലുള്ളത് എന്താണെന്ന് അവന്‍ വ്യക്തമായി അറിഞ്ഞിരുന്നു' (2:23-25). മനുഷ്യന്‍ ആരാണെന്നും എന്താണെന്നും ദൈവത്തിന് വ്യക്തമായി അറിയാം. എന്നിട്ടും ദൈവം മനുഷ്യനെ സ്‌നേഹിക്കുന്നു എന്നതാണ് പരമപ്രധാനം. 'നാം ദൈവത്തെ സ്‌നേഹിച്ചു എന്നതിലല്ല, അവിടുന്ന് നമ്മെ സ്‌നേഹിക്കുകയും നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയായി സ്വപുത്രനെ അയയ്ക്കുകയും ചെയ്തു എന്നതിലാണ് സ്‌നേഹം' (1 യോഹ. 4:10) എന്ന് അപ്പസ്‌തോലന്‍ പ്രഖ്യാപിക്കുന്നുണ്ടല്ലോ. രക്ഷ ആവശ്യമാകും വിധം നിപതിച്ചത് മനുഷ്യന്റെ കര്‍മ്മഫലമായാണെങ്കിലും മനുഷ്യനെ രക്ഷിക്കേണ്ടത് സ്വന്തം കര്‍മവും 'ബാധ്യതയും' ആയി ദൈവം കണ്ടു. അതിനാലാണ് പ്രപഞ്ചോല്പത്തിക്കുശേഷമുള്ള മഹാസംഭവമായ മനുഷ്യാവതാരത്തിലൂെടയുള്ള മനുഷ്യരക്ഷയ്ക്ക് അവിടുന്ന് മുന്‍കൈ എടുത്തത്.
ദൈവം നമ്മെ സ്‌നേഹിക്കുന്നതിന്റെ മറ്റൊരു കാരണം അവിടുന്ന് നമ്മുടെ പിതാവും നാം അവിടുത്തെ വത്സലമക്കളും ആണെന്നതാണ്. 'കണ്ടാലും! എത്ര വലിയ സ്‌നേഹമാണു പിതാവു നമ്മോടു കണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും' (1 യോഹ. 3:1) എന്നതില്‍ അപ്പസ്‌തോലനു സംശയമില്ല. നാം ദൈവമക്കളും ദൈവം നമ്മുടെ പിതാവുമാണെന്ന സ്‌നേഹത്തിന്റെ സത്യം നാം അറിയാതെയും അംഗീകരിക്കാതെയുമിരുന്നാലും ദൈവത്തിന് അത് നന്നായി അറിയാമല്ലോ! അതിനാല്‍ നമ്മെ സ്‌നേഹിക്കുന്നതില്‍ അവിടുത്തേക്ക് മടുപ്പില്ല. നമ്മുടെ നന്ദിഹീനതയില്‍ അവിടുന്ന് ദുഃഖിതനാകുന്നില്ല. നാം സ്‌നേഹിച്ചില്ലെങ്കിലും അവിടുന്ന് നമ്മെ സ്‌നേഹിക്കുന്നു. നാം മുറിവേല്പിച്ചാലും തന്റെ മുറിവുകളാല്‍ അവിടുന്ന് നമ്മെ സൗഖ്യമാക്കുന്നു. തന്നെ കാലുമടക്കി തൊഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിന് അറസ്റ്റിലായ മകനെ വിട്ടുകിട്ടാന്‍ പോലീസ് സ്റ്റേഷന്റെ വരാന്തയില്‍ നിറകണ്ണുകളോടെ യാചിച്ചിരിക്കുന്ന അമ്മയുടെ വാര്‍ത്ത കണ്ടില്ലേ? ദൈവത്തിന്റെ മനസ്സാണ് ആ അമ്മയ്ക്കും! 'നാം അവിശ്വസ്തരായിരുന്നാലും അവന്‍ വിശ്വസ്തനായിരിക്കും; എന്തെന്നാല്‍, തന്നെത്തന്നെ നിഷേധിക്കുക അവനു സാധ്യമല്ല' (2 തിമോത്തേയോസ് 2:13) എന്ന് നാം വായിക്കുന്നുണ്ടല്ലോ. 'ഇഷ്ടം,' 'മമത' എന്നിവ കൂടാതെ 'എണ്ണ', 'നനവ്' എന്നും സ്‌നേഹം എന്ന വാക്കിന് അര്‍ത്ഥമുണ്ട്. ദൈവസ്‌നേഹം ആ അര്‍ത്ഥത്തിലും പ്രസക്തമാണ്. നാം മുറിവേറ്റവരാണ് എന്നതിനാലാണ് നമ്മെ സൗഖ്യമാക്കാന്‍ സ്‌നേഹത്തിന്റെ എണ്ണയുമായി അവിടുന്ന് വരുന്നത്. നമ്മുടേത് നനവും ആര്‍ദ്രതയും വറ്റിപ്പോയ ഹൃദയങ്ങളാണ് എന്നതിനാലാണ് കരുണാര്‍ദ്ര സ്‌നേഹത്തിന്റെ നനുത്ത സ്പര്‍ശവുമായി അവിടുന്ന് വരുന്നത്. വഴിയില്‍ മുറിവേറ്റു കിടന്ന മനുഷ്യനെ കണ്ട്, മനസ്സലിഞ്ഞ്, അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച് മുറിവുകള്‍ വച്ചുകെട്ടി സത്രത്തില്‍ കൊണ്ടുചെന്നു പരിചരിക്കുന്ന നല്ല സമരിയാക്കാരന്‍ (ലൂക്കാ 10:34) സത്യത്തില്‍ യേശു തന്നെയല്ലേ? ബലിക്കു പോലും മുകളില്‍ കരുണയെ പ്രതിഷ്ഠിക്കുന്ന (മത്താ. 9:13) സ്‌നേഹമായതിനാലാണ് മനുഷ്യന്റെ പ്രവൃത്തികള്‍ പരിഗണിക്കാതെ ദൈവം അവനെ സ്‌നേഹിച്ചുകൊണ്ടേയിരിക്കുന്നത്. 'കാരുണ്യം കാണിക്കാത്തവന്റെമേല്‍ കാരുണ്യരഹിതമായ വിധിയുണ്ടാകും. എങ്കിലും, കാരുണ്യം വിധിയുടെ മേല്‍ വിജയം വരിക്കുന്നു' (യാക്കോബ് 2:13) എന്നത് ഒരേ സമയം നമ്മെ ഭയെപ്പടുത്തുകയും പ്രത്യാശപകരുകയും ചെയ്യുന്ന വചനമാണ്. നമ്മുടെ ദൈവം സര്‍വ്വശക്തനാണ്. എന്നാല്‍ അവിടുന്ന് സ്‌നേഹത്തിലും സ്‌നേഹത്താലും ബലഹീനനുമാണ്. വിധിയാളനെങ്കിലും അവിടുന്ന് കരുണയുള്ളവനാണ്. ചുരുക്കത്തില്‍, ദൈവം നമ്മെ സ്‌നേഹിക്കുന്നത് ദൈവത്തിനു വേണ്ടിയല്ല, നമുക്കു വേണ്ടിയാണ്. പരമമായ ഈ സത്യം നാം ഗ്രഹിക്കേണ്ടതുണ്ട്. 'അറിവിനെ അതിശയിക്കുന്ന ക്രിസ്തുവിന്റെ സ്‌നേഹം നിങ്ങള്‍ ഗ്രഹിക്കാനും അതുവഴി ദൈവത്തിന്റെ സംപൂര്‍ണതയാല്‍ നിങ്ങള്‍ പൂരിതരാകാനും ഇടയാകട്ടെ' (എഫേ. 3:19) എന്ന് അപ്പസ്‌തോലന്‍ ആശംസിക്കുന്നുണ്ടല്ലോ.
നാം ദൈവത്തെ സ്‌നേഹിക്കുന്നതും എന്തിനുവേണ്ടിയാണ് എന്ന ചോദ്യവും അനുബന്ധമായി ഉന്നയിക്കാവുന്നതാണ്. അനുഗ്രഹങ്ങളും നന്മകളും ലഭിക്കാനും കാര്യങ്ങള്‍ സാധിച്ചുകിട്ടാനും വേണ്ടി മാത്രമാണോ നാം അവിടുത്തെ സ്‌നേഹിക്കുന്നത്? അതോ മക്കളാണെന്ന അവബോധത്തില്‍, മക്കള്‍ക്കടുത്ത സ്വാതന്ത്ര്യത്തോടും അവകാശത്തോടും കൂടിയാണോ? സ്‌നേഹിക്കാന്‍ വേണ്ടി ദൈവം നമ്മെ സ്‌നേഹിക്കുന്നതുപോലെ സ്‌നേഹിക്കാന്‍ വേണ്ടി മാത്രമായി നമുക്കും ദൈവത്തെ സ്‌നേഹിക്കാനാകണം. "എന്റെ ദൈവമെ, മോക്ഷത്തെ ആശിച്ചോ നരകത്തെ ഭയന്നോ അല്ല, നിന്നെ കുരിശില്‍ കാണുന്നതു കൊണ്ട് നിന്നെ ഞാന്‍ സ്‌നേഹിക്കട്ടെ" എന്ന് വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ പറയുന്നുണ്ട്. അതു നമ്മുടെയും അഭിവാഞ്ഛയാകണം. 'ഓ! സ്‌നേഹിക്കപ്പെടാത്ത സ്‌നേഹമേ' എന്ന് അസ്സീസിയിലെ സ്‌നേഹഗായകന്‍ വിലപിച്ചില്ലേ? മോക്ഷമോ നരകമോ അനുഗ്രഹമോ ശിക്ഷയോ പരിപാലനയോ ഉപേക്ഷയോ നമ്മുടെ ദൈവസ്‌നേഹത്തിന് കാരണവും അടിസ്ഥാനവുമാകരുത്. തിരിച്ചുകിട്ടും എന്നു പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്കു നന്മ ചെയ്ത് അത്യുന്നതന്റെ മക്കളെന്ന് വെളിപ്പെടുത്താന്‍ (ലൂക്കാ 6:35) ഈശോ നമ്മെ ആഹ്വാനം ചെയ്യുന്നുണ്ടല്ലോ. ദൈവസ്‌നേഹം അനുഭവിക്കാനും പരസ്പരസ്‌നേഹത്തിലൂടെ ദൈവമക്കളെന്ന് തെളിയിക്കാനും നമുക്ക് കഴിയട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org