ഗുഡ് ഇയര്‍

ഗുഡ് ഇയര്‍

ചാള്‍സ് ഗുഡ് ഇയര്‍ എന്നായിരുന്നു അയാളുടെ പേര്. റബറിനെ എങ്ങനെ ഇലാസ്തികവും ബലവുമുള്ളതാക്കാം എന്നതായിരുന്നു അയാളുടെ നിരന്തരമായ ചിന്താവിഷയം. ഇതുമാത്രമായിരുന്നു ചാള്‍സിന്‍റെ ജീവിതലക്ഷ്യം.
പക്ഷേ, ഇത് വളരെയധികം പ്രയാസമുള്ളതായിരുന്നു. എങ്കിലും ചാള്‍സ് തികഞ്ഞ ആത്മവിശ്വാസത്തോടെ തന്‍റെ സ്വപ്ന സാക്ഷാത്ക്കാരത്തിനുവേണ്ടിയുള്ള പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പരീക്ഷണങ്ങള്‍ നടത്തുന്നതിനായി അദ്ദേഹം പലരോടും പണം കടം വാങ്ങി. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങളെല്ലാം വിറ്റു. അവസാനം സ്വന്തം പിതാവ് സമ്മാനമായി കൊടുത്ത വാച്ചുപോലും വില്‍ക്കേണ്ടി വന്നു.
ചാള്‍സിന്‍റെ സാമ്പത്തികമായ അടിത്തറയെല്ലാം താറുമാറായി. അദ്ദേഹം കടത്തില്‍ മുങ്ങി. ഇതിനെപ്പറ്റി ഭാര്യയുമായി കലഹങ്ങള്‍ പതിവായി. കൊടുത്തുവീട്ടാനാവാത്ത വിധം ഭീമമായ കടമായിരുന്നു അദ്ദേഹത്തിന്‍റേത്. എന്തു ചെയ്യണമെന്നറിയാതെ ചാള്‍സ് വിഷമിച്ചു.
അവസാനം കേസായി അങ്ങനെ ചാള്‍സ് ജയിലിലുമായി. ഇതെല്ലാമായിട്ടും അദ്ദേഹം തന്‍റെ സ്വപ്നത്തെ കൈവിടാന്‍ ഒരുക്കമായിരുന്നില്ല. തന്‍റെ ജീവിതലക്ഷ്യമായ വാല്‍ക്കനൈസേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍തന്നെ ഉറച്ചുനിന്നു.
നീണ്ട പത്തുവര്‍ഷങ്ങള്‍ യാതനാനിര്‍ഭരവും കഠിനവുമായ പരാജയങ്ങള്‍ മാത്രമായിരുന്നു ആ ജീവിതത്തില്‍ എഴുതി ചേര്‍ത്തത്. ഒന്നിനു പുറകേ ഒന്നൊന്നായി പരാജയങ്ങള്‍ വന്നു കൊണ്ടേയിരുന്നു. പക്ഷേ, ആ പരാജയങ്ങളെയെല്ലാം ചാള്‍സ് നെഞ്ചുറപ്പോടെ നേരിട്ടു.
അവസാനം അതു സംഭവിച്ചു. റബറിനെ ഇലാസ്തികവും ബലവുമുള്ളതാക്കുന്ന സാങ്കേതിക വിദ്യ – 'വാള്‍ക്കനൈസേഷന്‍' – ചാള്‍സ് ഗുഡ് ഇയര്‍ കണ്ടുപിടിച്ചു. അദ്ദേഹത്തിന്‍റെ ഈ കണ്ടുപിടുത്തം ലോകചരിത്രത്തിലെ ഏറ്റവും വലിയ സേവനങ്ങളില്‍ ഒന്നായിത്തീര്‍ന്നു. ഇതായിരുന്നു പ്രശസ്തമായ ഗുഡ് ഇയര്‍ ടയറുകളുടെ ആരംഭം.
അങ്ങനെ, പാപ്പരായിരുന്ന ചാള്‍സ് ലോകത്തിലെ അതിസമ്പന്നന്മാരുടെ പട്ടികയിലേക്കുയര്‍ന്നു. ശരിക്കും പരാജയങ്ങളെ വിജയത്തിന്‍റെ ഇതിഹാസമാക്കി മാറ്റിയ ജീവിതം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org