കാവല്‍ മാലാഖമാര്‍

കാവല്‍ മാലാഖമാര്‍

കുട്ടികളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈശോ ഇപ്രകാരം അരുള്‍ ചെയ്തു: "ഈ കുട്ടികളില്‍ ആരേയും നിന്ദിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു കൊള്ളുവിന്‍. സ്വര്‍ഗ്ഗത്തില്‍ അവരുടെ ദൂതന്മാര്‍ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുഖം ദര്‍ശിച്ചു കൊണ്ടാണിരിക്കുന്നതെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു" (മത്താ. 18:10). ഈ വാക്കുകളില്‍നിന്ന് ഓരോ മനുഷ്യനും ഓരോ കാവല്‍മാലാഖയുണ്ടെന്ന് മനസ്സിലാക്കാവുന്നതാണല്ലോ.
മാലാഖമാരെപ്പറ്റി പഴയ നിയമത്തിലും പുതിയ നിയമത്തിലും പലയിടത്തും പ്രതിപാദിച്ചിരിക്കുന്നതായി കാണാം. മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍ എന്നിവരുടെ പേരു പറഞ്ഞ് വിവരിച്ചിട്ടുണ്ട്. മാലാഖമാര്‍ സര്‍വഥാ അരൂപികളാണ്. ചിറകുകളോടുകൂടി മാലാഖമാരെ ചിത്രീകരിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ചിറകുകളുമില്ല, ശരീരവുമില്ല. ലോകസൃഷ്ടിയോടുകൂടെ മാലാഖമാരേയും ദൈവം സൃഷ്ടിച്ചു. അവരില്‍ ചിലര്‍ അഹ ങ്കാരം നിമിത്തം പാപം ചെയ്ത് ദൈവകോപത്തിന് വിധേയരായി. അവരാണ് പിശാചുക്കള്‍ അഥവാ അധഃപതിച്ച മാലാഖമാര്‍.
മാലാഖമാരുടെ പരിപൂര്‍ണ്ണതയനുസരിച്ച് മൂന്നു ഹയരാര്‍ക്കികളുണ്ട്; ഓരോ ഹയരാര്‍ക്കിയി ലും മൂന്നു വൃന്ദങ്ങളുണ്ട്. (1) സ്രാപ്പെന്മാര്‍, കെരൂബുകള്‍, സിംഹാസനങ്ങള്‍. (2) അധികാരികള്‍, ശക്തികള്‍, ബലവത്തുക്കള്‍ (3) പ്രധാനികള്‍, മുഖ്യദൈവദൂതന്മാര്‍, ദൈവദൂതന്മാര്‍. ദൈവദൂതന്മാര്‍ അഥവാ മാലാഖമാര്‍ എന്ന പദം ഒമ്പതു വൃന്ദം മാലാഖമാരെപ്പറ്റിയും പ്രയോഗിക്കുമെങ്കിലും കാവല്‍ മാലാഖമാര്‍ ഈ ഒമ്പതാമത്തെ വൃന്ദത്തില്‍നിന്നു മാത്രമാണ് തിരഞ്ഞെടുക്കപ്പെടുന്നത്. അവര്‍ നമ്മളെ കാത്തു കൊണ്ടിരിക്കുന്നു. അവരോട് നമുക്ക് സ്‌നേഹവും കൃതജ്ഞതയും ഉണ്ടായിരിക്കേണ്ടതാണ്.
"എന്റെ കാവല്‍മാലാഖേ, അങ്ങയുടെ സൂക്ഷത്തിന് ഏല്പിച്ചിരിക്കുന്ന എന്നെ കാത്തുസൂക്ഷിക്കണമേ, ഭരിച്ച് പരിപാലിക്കണമേ, ബുദ്ധിക്കു പ്രകാശം നല്കണമേ, എന്റെ സ്‌നേഹവും കൃതജ്ഞതയും അങ്ങ് സ്വീകരിക്കണമേ" എന്നു പ്രഭാതത്തിലും രാത്രി വിശ്രമത്തിനു മുമ്പും ചൊല്ലുന്നത് ഉത്തമമാണ്.
കാവല്‍ മാലാഖമാര്‍ റോമിലെ വി. ഫ്രാന്‍സിസ്, ജെമ്മാഗല്‍ഗാനി മുതലായ പല വിശുദ്ധന്മാര്‍ക്കും ദൃശ്യരായിട്ടുണ്ട്; സേവനങ്ങള്‍ ചെയ്തുകൊടുത്തതായും പറയുന്നുണ്ട്.
വിചിന്തനം: "നിന്റെ കാവല്‍മാലാഖയെ നീ ബഹുമാനിക്കുക. മാലാഖയുടെ സംരക്ഷണത്തിന് നീ കൃതജ്ഞനായിരിക്കുക; മാലാഖയില്‍ ശരണപ്പെടുക, മാലാഖയെ സ്‌നേഹിക്കുക; എല്ലാ വിഷമങ്ങളിലും വിപത്തുകളിലും പ്രലോഭനങ്ങളിലും മാലാഖയിലേക്ക് തിരിഞ്ഞ് അപേക്ഷിക്കുക" (വി. ബെര്‍ണാര്‍ദ്).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org