ജന്മദിനാശംസകള്‍: പ്രിയപ്പെട്ട അമ്മയ്ക്ക്

ജന്മദിനാശംസകള്‍: പ്രിയപ്പെട്ട അമ്മയ്ക്ക്

നമ്മുക്കേവര്‍ക്കും യേശുവിനെ നല്‍കിയ പരിശുദ്ധ അമ്മയുടെ ജനനതിരുനാള്‍ ആഘോഷിക്കുന്ന ദിവസമാണ് സെപ്തംബര്‍ 8. ദൈവപുത്രന്റെ മാതാവാകുവാന്‍ അനാദി കാലം മുതല്‍ ദൈവം മറിയത്തെ തിരഞ്ഞെടുത്ത് ജന്മം നല്‍കി. കാനോനിക ഗ്രന്ഥങ്ങളിലൊന്നും തന്നെ മറിയത്തിന്റെ ജനനത്തെക്കുറിച്ചോ മാതാപിതാക്കളെക്കുറിച്ചോ പരാമര്‍ശങ്ങളില്ല. യാക്കോബിന്റെ സുവിശേഷം എന്ന അപ്രാമാണികഗ്രന്ഥത്തിലെ പാരമ്പര്യമനുസരിച്ച് വിശുദ്ധരായ ജൊവാക്കിമും അന്നയുമാണ് മറിയത്തിന്റെ മാതാപിതാക്കള്‍.
മറിയം എന്ന പേര് ഹീബ്രുവിലെ 'മിരിയാം' എന്ന വാക്കില്‍ നിന്നാണ് രൂപം കൊള്ളുന്നത്. 'ശക്തയായവള്‍' എന്നു തുടങ്ങി എഴുപതോളം വ്യാഖ്യാനങ്ങള്‍ ഈ പേരിനുണ്ട്. പരിശുദ്ധ അമ്മയുടെ ജനനവുമായി ബന്ധപ്പെട്ട് അനുസ്മരിക്കേണ്ട യാഥാര്‍ത്ഥ്യമാണ് 'അമലോല്‍ഭവം.'
ദൈവമാതാവായ മറിയം തന്റെ ജനനത്തില്‍ തന്നെ സകല പാപക്കറകളില്‍ നിന്നും സംരക്ഷിക്കപ്പെട്ടു എന്ന സത്യം. ഇത് ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചത് ഒമ്പതാം പീയൂസ് മാര്‍പാപ്പയാണ്. 1854-ല്‍ 'ഇന്‍ എഫാബിലിസ് ദേവൂസ' എന്ന ചാക്രീക ലേഖനം പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഔപചാരികമായി ഇത് ഒരു വിശ്വാസസത്യമായി മാര്‍ പാപ്പ പ്രഖ്യാപിച്ചത്.
തിരിവെട്ടം
സ്വയം നല്‍കലിന്റെ സുവിശേഷം വാനോളമുയര്‍ത്തിയ പരിശൂദ്ധ അമ്മയുടെ ജനനതിരുനാള്‍ ആഘോഷിക്കുമ്പോള്‍ യാതനയും നോവും സന്തോഷത്തോടെ സഹിച്ച് മക്കള്‍ക്കു ജന്മം നല്‍കി പോറ്റി വളര്‍ത്തുന്ന അമ്മമാരുടെ ജന്മദിനങ്ങള്‍ കൂടി ആഘോഷിക്കപ്പെടേണ്ടതാണെന്ന ഓര്‍മ്മ നമ്മുക്കു ഹൃദയത്തില്‍ സൂക്ഷിക്കാം.
"ദൈവത്തിന് ഈ പ്രപഞ്ചത്തേക്കാള്‍ ശ്രേഷ്ഠമായൊരു പ്രപഞ്ചത്തെ സൃഷ്ടിക്കുവാന്‍ സാധിക്കും. പക്ഷെ, ദൈവമാതാവിനേക്കാള്‍ പരിപൂര്‍ണ്ണയായ ഒരു മാതാവിനെ സൃഷ്ടിക്കാന്‍ സാധിക്കുകയില്ല." -വി. ബൊനവന്തൂര

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org