കഠിനാദ്ധ്വാനം

കഠിനാദ്ധ്വാനം

ജീവിതവിജയം നേടണമെങ്കില്‍ കഠിനാദ്ധ്വാനം ആവശ്യമാണ്. അദ്ധ്വാനിക്കാതെ ഒന്നും നേടുവാന്‍ കഴിയുകയില്ല. ബൈബിളിലെ വി. പൗലോസിന്‍റെ വാക്കുകള്‍ കടമെടുത്താല്‍ എന്തെങ്കിലും സമ്പാദിക്കാനായി എല്ലാവരും സ്വന്തം കൈകള്‍കൊണ്ടു മാന്യമായി ജോലി ചെയ്യണം. സാമ്പത്തിക ലക്ഷ്യത്തോടുകൂടി മറ്റൊരാളുടെ കീഴില്‍ പണികളെടുക്കുന്ന രീതിക്കാണു നാം തൊഴിലെന്നു പറയുന്നത്. പാരമ്പര്യശാസ്ത്രം അനുസരിച്ച് അദ്ധ്വാനം വേണ്ട ഏതൊരു പണിയും തൊഴിലാണ്. വീടുകളിലെ വൃത്തിയാക്കല്‍, പാചകം, പൂന്തോട്ടപരിപാലനം, അടുക്കളത്തോട്ട പരിചരണം തുടങ്ങിയവയെല്ലാം തൊഴിലില്‍ ഉള്‍പ്പെടുന്നവയാണ്. അദ്ധ്വാനത്തിലൂടെ മാനസികവും ശാരീരികവുമായി ബലം വര്‍ദ്ധിപ്പിക്കുവാനും ആരോഗ്യം നശിക്കാതെ കാത്തു സംരക്ഷിക്കാനും സാധിക്കുന്നുണ്ട്. സംതൃപ്തിയും സന്തോഷവും നിറഞ്ഞ മനസ്സോടെ തൊഴില്‍ ചെയ്യുമ്പോഴാണു നല്ലൊരു ജീവിതവിജയം കൈവരിക്കുവാന്‍ സാധിക്കുന്നത്.

ജീവിതത്തില്‍ ഉണ്ടാകുന്ന അലസതയെ അതിജീവിക്കാനും ക്രിയാത്മകമായി മുന്നേറാനും അദ്ധ്വാനംകൊണ്ടു സാധിക്കും. അദ്ധ്വാനത്തിലൂടെ മാനസികപ്രശ്നങ്ങളില്‍നിന്നു മോചനം നേടുവാന്‍ കഴിയുന്നതോടൊപ്പം വിവിധ ആവശ്യങ്ങള്‍ സഫലമാക്കുവാനും കഴിയും. കുടുംബത്തിന്‍റെ നിലനില്പും വളര്‍ച്ചയും ഭദ്രതയും ഉറപ്പാക്കുന്ന ജോലിയിലൂടെ അന്തസ്സ് വര്‍ദ്ധിപ്പിക്കുവാന്‍ സാധിക്കുന്നതാണ്. അലസതയും മടിയും ഇല്ലാതെ ജീവിതത്തിന്‍റെ കെട്ടുറപ്പിനുവേണ്ടി ചെയ്യുന്ന അദ്ധ്വാനത്തിലൂടെ, ദൈവരാജ്യം കൈവരിക്കണമെന്നതു ദൈവഹിതമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org