Latest News
|^| Home -> Suppliments -> Baladeepam -> എനിക്കും സ്വാതന്ത്ര്യം വേണം…

എനിക്കും സ്വാതന്ത്ര്യം വേണം…

Sathyadeepam

ബിന്റോ ആന്റണി

”സമയം വൈകിയെന്നുറപ്പാ. നേരത്തെ ഇറങ്ങാമെന്നു എത്ര തവണ പറഞ്ഞതാ. അവന്റെ ഒരു നീരാട്ട്.”

അപ്പുകുട്ടന്‍ ഉറ്റചങ്ങാ തി നിധിനെ മനസ്സില്‍ കുറ്റം പറഞ്ഞുകൊണ്ടിരുന്നു. വലിയ പേടിയോടെയാ ണ് അവര്‍ സ്‌കൂള്‍ ഗ്രൗണ്ടിലേയ്‌ക്കോടിയത്. രാധാമണിടീച്ചറുടെ ചൂരലിന്റെ സ്പര്‍ശം അത്ര മാര്‍ദവമുള്ളതല്ല. പല ദിവസങ്ങളിലും രാവിലെ അതനുഭവിച്ചിട്ടുള്ളതാണ്.

ഭാഗ്യം പതാക ഉയര്‍ത്തിയിട്ടില്ല. ടീച്ചറുടെ കണ്ണുവെട്ടിച്ച് അവരിരുവരും ക്ലാസിന്റെ ലൈനില്‍ പോയി നിന്നു. നീണ്ട നെടുവീര്‍പ്പിട്ടുകൊണ്ട് അപ്പുകുട്ടന്‍ പറഞ്ഞു: ”രക്ഷപ്പെട്ടു. മാതാവു കാത്തതാ. വരുന്ന വഴിക്കു മുഴുവനും ഞാന്‍ പ്രാര്‍ത്ഥിക്കയായിരുന്നു. നിന്റെ ഒടുക്കത്തെ ഒരു കുളി…”

അപ്പുകുട്ടന്റെ മനസ്സ് ശബ്ദിച്ചു തുടങ്ങി: ”മഞ്ഞനിറത്തിലുള്ള പിരിയന്‍ കയറില്‍ കെട്ടിയ ദേശീയ പതാക മുകളിലേയ്ക്കുയരുന്നതും നോക്കി നില്‍ക്കാന്‍ നല്ല സുഖാണ്. പതാക വിടര്‍ന്ന് പൊതിഞ്ഞു കെട്ടിയ പൂക്കള്‍ ഇപ്പോ താഴേക്കു പതിക്കും. സല്യൂട്ട് ചെയ്തുകൊണ്ട് പതാക നോക്കി നില്‍ക്കുമ്പോള്‍ വല്ലാത്തൊരു വികാരമാണ് മനസ്സില്‍. ആ സമയം തീരുമാനിക്കും പട്ടാളത്തില്‍ ചേര്‍ന്ന് ഇന്ത്യയ്ക്കുവേണ്ടി പൊരുതണമെന്ന്. ദേശീയ ഗാനം കേള്‍ക്കുമ്പോള്‍ കൈയിലെ രോമമെല്ലാം എണീറ്റു നില്‍ക്കും. മനസ്സിലെ മോഹം ശരീരം ഏറ്റു പിടിക്കുന്നതാ…

പതാക ഉയര്‍ത്തി കഴിഞ്ഞ് രാധാമണി ടീച്ചറുടെ കയ്യില്‍ നിന്ന് നാരങ്ങാ മിഠായും വാങ്ങി വീട്ടിലേയ്ക്കു നടക്കുമ്പോള്‍ അപ്പുക്കുട്ടന്റെ തലയ്ക്കകത്ത് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു… എല്ലാരും പറയണ്ണ്ട് നമുക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന്. എനിക്കിന്നേ വരെ തോന്നിയിട്ടില്ല. അതിനെക്കുറിച്ച് എടുത്താപൊങ്ങാത്ത രീതിയില്‍ ചിന്തിക്കാന്‍ ശീലിച്ചിട്ടില്ലാത്തതുകൊണ്ടാകാം. എന്നാലും എനിക്കു തോന്നണില്ല സ്വാതന്ത്ര്യം ഉണ്ടെന്ന്. കൂട്ടുകാരൊക്കെ ഇടയ്ക്ക് വിളിക്കും: ടാ മാര്‍ക്കവാസീടെ മോനേ!! ദ്വേഷ്യം മൂത്തുകഴിയുമ്പോഴാ അവരുടെ ഈ പ്രയോഗം. അതുകേട്ട് ചുറ്റുള്ളവരെല്ലാം ചിരിക്കണ കാണുമ്പോള്‍ അറിയാണ്ട് കണ്ണ് നിറയും. അപ്പന്‍ പറയാറ്ണ്ട് മുത്തച്ഛനായിട്ട് ക്രിസ്ത്യാനിയായതാന്ന്.

പലരുടെയും മുമ്പിലൂടെ പോകുമ്പോള്‍ അവര് നേരെ നോക്കി നെറ്റി ചുളിക്കുന്നത് കണ്ടിട്ടുണ്ട്. ആരും അംഗീകരിക്കുന്നില്ല. കുടുംബമഹിമ ഇല്ലാത്തതിന്റെ പേരില്‍ വല്യ പേരുകേട്ട തറവാടിന്റെ ആഢ്യത്വം ഇല്ലാത്തതിന്റെ പേരില്‍ അവഗണിക്കപ്പെടുന്നു. ഞാനിനിയും സ്വതന്ത്രനായില്ലല്ലോ! എന്റെ കുടുംബവും സ്വതന്ത്രമായില്ലല്ലോ!….

അപ്പുക്കുട്ടന്‍ ചിന്തയില്‍ മുഴുകിയതിനാല്‍ പരിസരബോധം നഷ്ടപ്പെട്ടിരുന്നു. കൂടെയുള്ളവരെപറ്റി പോലും അവന്‍ മറന്നിരുന്നു. ഒരര്‍ത്ഥത്തില്‍ ചുറ്റുമുള്ളവയെപറ്റിയുളള അമിത ചിന്തയില്‍ നിന്നുള്ള അല്‍പനേരത്തെ മോചനം സ്വാതന്ത്ര്യം തന്നെയാണ്…

അവരിരുവരും അപ്പുക്കുട്ടന്റെ വീട്ടിലേയ്ക്ക് നടന്നു. ഇറയത്ത് പടം വരച്ചുകൊണ്ടിരിക്കുന്ന അപ്പുകുട്ടന്റെ അനിയത്തി നിധിനെ കണ്ടതും കൊഞ്ഞനംകുത്തി കാണിച്ചു. ”നിന്റെ മോന്ത ഞാനിപ്പം ശരിയാക്കി തരാടി…” നിധിന്‍ അവളുടെ അടുത്തേയ്‌ക്കോടി ചെന്നു; തറയില്‍ അവള്‍ വരച്ചു മുഴുമിപ്പിക്കാത്ത ചിത്രം കണ്ട് അവന്‍ നിശ്ചലനായി നിന്നു. പറഞ്ഞറിയിക്കാനാകാത്ത തരം വികാരത്തോടെ അവന്‍ അപ്പുക്കുട്ടനെ അടുത്തേയ്ക്കു വിളിച്ചു. തന്റെ തോളത്ത് കൈയ്യിട്ടു നില്‍ക്കുന്ന നിധിനാണ് ചിത്രത്തില്‍…

അപ്പുക്കുട്ടന്റെ മനസ്സ് വീണ്ടും ശബ്ദിച്ചു: സൗഹൃദത്തിലെ സ്വാതന്ത്ര്യം സങ്കടങ്ങളെയെല്ലാം മായിച്ചു കളയും, തീര്‍ച്ച… കൈയിലെ രോമം എണീറ്റു നില്‍ക്കുന്നതായി അവനു തോന്നി, മനസ്സിലെ മോഹം ശരീരം ഏറ്റു പിടിക്കുന്നപോലെ….

Leave a Comment

*
*