പിള്ളത്തൊട്ടില്‍

പിള്ളത്തൊട്ടില്‍

ആബേല്‍ സാന്‍ജോപുരം

നിത്യരക്ഷാദായകന്‍ വന്നുചേര്‍ന്നു കാണുവാന്‍
കാത്തിരുന്ന സര്‍വ്വരും മോദമാര്‍ന്നൊരുക്കമായ്
തീര്‍ത്തിടുന്നു നവ്യമാം കീര്‍ത്തനങ്ങള്‍ വാനവര്‍
തീര്‍ത്തിടുന്നു നവ്യമാം നൃത്ത, വാദ്യഘോഷവും

എത്തി പൂര്‍വ്വദിക്കിലായ് ദീപ്തരാജതാരകം
കാഴ്ചയേന്തി ജ്ഞാനികള്‍ യാത്രയാരംഭിക്കയായ്
ആടുമേച്ചിടുന്നവര്‍ നല്ല ചിത്തമുള്ളവര്‍
ശാന്തി എന്നുമുള്ളവര്‍ ഉള്ളുണര്‍ന്നു നില്‍ക്കയായ്

ക്ഷീണമേറിയെങ്കിലും ഓമലുണ്ണിക്കേകുവാന്‍
മേരി സ്വപ്ന നൂലുകള്‍ കോര്‍ത്തു ചേല തുന്നവെ
നീതിമാന്‍ യൗസേപ്പിനും ചിന്തയായെന്തേകണം
സ്വര്‍ഗതാതസൂനുവാം രാജരാജനെത്തവെ

ചിന്തയാകുമാഴിയില്‍ നിന്നു മുത്തു കിട്ടവെ
ഉണ്ണിക്കുണ്ണിതൊട്ടിലുണ്ടാക്കുവാന്‍ ശ്രമിക്കയായ്
തൊട്ടില്‍ കണ്ടു മേരിയും കാന്തനെ പുകഴ്ത്തവെ
താനും മേരിയമ്മയും പാട്ടുപാടി നില്പതും

തൊട്ടിലില്‍ തന്‍പൊന്‍മകന്‍ ആടിയുല്ലസിപ്പതും
സ്വപ്നം കണ്ടു നിന്നുപോയ് പാവം നല്ലൊരപ്പനും
പേരെഴുത്തിനന്നവര്‍ വീടു വിട്ടുപോകവെ
സ്വപ്നവും കഴിഞ്ഞുപോയ് താപം ഉള്‍കവിഞ്ഞുപോയ്

സൂര്യനഞ്ചു പ്രാവശ്യം ജോലി തീര്‍ത്തു പോകവെ
ക്ലേശമാര്‍ന്നു യാത്രികര്‍ എത്തി ബെത്‌ലഹേമതില്‍
കിട്ടിയില്ലൊരേടവും ഏറെ നോക്കിയെങ്കിലും
ക്ഷീണമാര്‍ന്ന മാനവര്‍ക്കന്നുരാത്രി തങ്ങുവാന്‍

സര്‍വ്വലോകരാജനന്നര്‍ദ്ധരാത്രിജാതനായ്
കേവലം ദരിദ്രനായ് ലാളിത്യത്തിന്‍ രൂപമായ്
വൈക്കോല്‍ പാകിയപ്പനാല്‍ തീര്‍ത്തപിള്ളത്തൊട്ടിലില്‍
അമ്മതീര്‍ത്ത ചേലയില്‍ ചാഞ്ചി രാജരാജനും

വാഴ്ത്തി വാനോര്‍ പോകവേ, കേട്ട നല്ല വാര്‍ത്തക-
ണ്ടാനന്ദിച്ചിടയരും, ഭാഗ്യവാന്‍മാര്‍ മര്‍ത്യരില്‍
ദീപ്തതാരകങ്ങളും വെണ്‍മയേറും ചന്ദ്രനും
മങ്ങിനിന്നു ഉണ്ണിതന്‍ വിണ്‍പ്രകാശകാന്തിയില്‍

എത്തി മൂന്നു ജ്ഞാനികള്‍ കാഴ്ചയേകി വാഴ്ത്തിനാര്‍
മാര്‍ഗദീപമേകിയോനേകിനന്ദിയാദരാല്‍
മാര്‍ഗദീപമാകണം താരകം പോല്‍ നമ്മളും
പാതയെന്നും കാട്ടണം യേശുവിലേക്കെത്തുവാന്‍

ദൈവമാഗ്രഹിയ്ക്കുംപോല്‍ ഹൃത്തില്‍ തൊട്ടില്‍ തീര്‍ത്തിടാം
വന്നിടട്ടെ തമ്പുരാന്‍ വാണിടട്ടെയെന്നുമേ
മാനവസാഹോദര്യ ഉത്സവത്തില്‍ ചേര്‍ന്നിടാം
വാഴ്ത്തിടാം പൊന്നുണ്ണിയെ ശാന്തിയെങ്ങുമെത്തുവാന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org