‘ഉണ്ണീശോയുടെ കല്‍തൊട്ടി’

‘ഉണ്ണീശോയുടെ കല്‍തൊട്ടി’

സെബി ജെയിംസ്,
(Std IX, സെന്റ് ജോസഫ് സ്‌കൂള്‍) പുത്തന്‍പുരക്കല്‍, തലപ്പാറ, തലയോലപ്പറമ്പ്

നല്ല സുഖമായി ഉറങ്ങിക്കൊണ്ടിരുന്ന പുല്തകിടിക്ക്, പെട്ടെന്ന് ആകാശം ഇടിഞ്ഞ് തന്റെ ദേഹത്തേക്ക് വീണതുപോലെ തോന്നി.
പാറക്കല്ലിലുണ്ടാക്കിയ വളരെ ഭാരം കൂടിയ ഒരു വലിയ കല്‍ത്തൊട്ടിലായിരുന്നു തന്റെ ദേഹത്തു വീണത്.
'ഹയ്യോ എന്റെ നടുവൊടിഞ്ഞേ…' പുല്ല് അലറി.
ആ അലര്‍ച്ചകേട്ട് കല്‍ത്തൊട്ടി പുല്ലിനോട് പറഞ്ഞു, 'അയ്യോ പുല്ലു കുട്ടാ എന്നോട് ക്ഷമിക്കണേ, ഞാനറിഞ്ഞില്ല നിന്റെ ദേഹത്തു വീണത്…!'
'നീ ഇവിടെ പുതിയ ആളാണല്ലെ..? പുല്ല് കല്‍തൊട്ടിയോട് ചോദിച്ചു.
'അതെ ഞാനിവിടെ പുതിയതാ, മരുഭൂമിയില്‍ വെയിലുംകൊണ്ട് കിടന്നിരുന്ന എന്നെ ഒരു മനുഷ്യനാണ് ഈ വിധത്തിലാക്കി ഇവിടെ കൊണ്ടു വന്നിട്ടത്.'
കല്‍തൊട്ടി തിരിച്ചു പറഞ്ഞു.
'ദേ ആ മനുഷ്യനാണോ…? അദ്ദേഹം തന്നെയാണ് എന്നെയും ഇവിടെയിട്ടത്….' ഒരു മനുഷ്യനെ ചൂണ്ടി ചോദിച്ചു.
'അതെ' എന്നു പറഞ്ഞു കൊണ്ട് 'പുല്ലുകുട്ടാ ഞാനിപ്പോള്‍ എവിടെയാണ്?' എന്നു ചോദിച്ചു.
പുല്തകിടി പറഞ്ഞു.
'നീയിപ്പോള്‍ ബാറൂക്കെന്നു പറയുന്നയാളിന്റെ ആട്ടിന്‍ തൊഴുത്തിലാണ്.'
കല്‍തൊട്ടി പുറത്തെ കാഴ്ച്ചകളിലേക്ക് ശ്രദ്ധിച്ചു.
രാജവീഥിയിലൂടെ ധാരാളം മനുഷ്യര്‍ നടന്നു പോകുന്നുണ്ടായിരുന്നു. അവിടവിടെ ധാരാളം വീടുകളും കെട്ടിടങ്ങളും… മരുഭുമിയിലൊന്നും ഇതുവരെ കാണാത്ത വിധത്തിലുള്ള കാര്യങ്ങളാണെങ്ങും.
'കുറച്ചു നാളുകളായി പട്ടണത്തിലേക്ക് അനവധി ആളുകള്‍ വരുന്നുണ്ട്.' പുല്ല് ആരോടെന്നില്ലാതെ പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടു മനുഷ്യര്‍ സംസാരിക്കുന്നത് കേട്ടു.
അവരുടെ സംസാരം ഇങ്ങനെയായിരുന്നു.
'മേരി, വിഷമിക്കാതെ ഇരിക്കൂ. ദൈവമാണ് നമ്മളെ തിരഞ്ഞെടുത്തത്. അവിടുന്ന് നമ്മെ സഹായിക്കും.'
കല്‍ത്തൊട്ടി യാചന പോലെ ഒരപേക്ഷ തുടര്‍ന്നു കേട്ടു.
'സഹോദരാ, എന്റെ ഭാര്യയ്ക്ക് പ്രസവസമയം അടുത്തിരിക്കുന്നു. അങ്ങ് ഞങ്ങളെ സഹായിക്കണം. പേരെഴുത്ത് നടക്കു ന്നതിനാല്‍ നഗരത്തിലെ സത്രങ്ങളിലൊന്നും താമസസൗകര്യം കിട്ടിയില്ല. ബന്ധുക്കളായി ആരും ഇവിടെയില്ലതാനും. ഞങ്ങള്‍ക്ക് തല ചായ്ക്കാനും വിശ്രമിക്കാനും ഒരിടം തരുമോ…?' അവിടെ വന്നവരിലെ പുരുഷനാണത് ചോദിച്ചത്.
നിറവയറോടെ കരഞ്ഞുകൊണ്ടിരിക്കുന്ന മേരിയെ കണ്ട് ആട്ടിടയ നായ ബാറൂക്കിന് അവരെ കൈവിടാന്‍ സാധിച്ചില്ല.
'അതാ അവിടെയാണ് ആട്ടിന്‍തൊഴുത്ത്. നിങ്ങള്‍ അങ്ങോട്ടു പൊയ്‌ക്കോള്ളൂ.' ബാറുക്ക് അവരോട് പറഞ്ഞു.
അങ്ങനെ ആ സ്ത്രീയും പുരുഷനും ആട്ടിന്‍ തൊഴുത്തിലേക്ക് നടന്നു. പുരുഷന്‍ പേരു വിളിച്ചതില്‍ നിന്ന് സ്ത്രീയുടെ പേര് മേരി എന്നാണെന്ന് കല്‍ത്തൊട്ടിലിന് നേരത്തെ തന്നെ മനസ്സിലായിരുന്നു. അവര്‍ അടുത്തെത്തിയപ്പോഴാണ് കല്‍തൊട്ടി മേരിയെ ശരിക്ക് കണ്ടത്. നിറവയറോടെ സുന്ദരിയായ ഒരു യുവതി, നല്ല ഐശ്വര്യം നിറഞ്ഞ മുഖഭാവം, യുവതിയേക്കാള്‍ കുറച്ചധികം പ്രായം തോന്നിക്കുന്ന പുരുഷനും സഹാനുഭൂതി നിറഞ്ഞ മുഖത്തോടു കൂടിയുള്ള ആളാണ്. മേരി തീര്‍ത്തും അവശയാണ്. പുരുഷന്‍ അവളെ താങ്ങിക്കൊണ്ടാണ് നടന്നു വരുന്നത്. വലിയൊരു തുണി മാറാപ്പ് പുരുഷന്റെ ചുമലില്‍ വച്ചിരുന്ന വടിയുടെ അറ്റത്തുണ്ട്. അവര്‍ അകത്തു കയറിയപ്പോള്‍ അവിടെയുള്ള പശുക്കളും, ആടുകളും അവര്‍ക്ക് സൗകര്യം ഒരുക്കുവാനെ ന്നവണ്ണം ഒരു വശത്തേക്ക് മാറി.
അധികം താമസിയാതെ നല്ല ഓമനത്തമുള്ള ഒരു ശിശുവിനെ അവള്‍ പ്രസവിച്ചു.
കുഞ്ഞിന്റെ കരച്ചില്‍ കേട്ടപ്പോള്‍ അവനെ അടുത്തൊന്ന് കാണാന്‍ പറ്റിയെങ്കില്‍ എന്ന് കല്‍ത്തൊട്ടില്‍ ആഗ്രഹിച്ചു.
ആ പുരുഷന്‍, അവന്റെ ആഗ്രഹം തീര്‍ക്കുവാനെന്ന പോലെ, അവിടെ കിടന്നിരുന്ന പുല്ലുകള്‍ എല്ലാം കല്‍ത്തൊട്ടിക്കുള്ളിലേക്ക് വിതറി ആ ശിശുവിനെ പിള്ളക്കച്ച കളില്‍ പൊതിഞ്ഞ്, ഉള്ളില്‍ കിടത്തി.
കുഞ്ഞിന്റെ സംരക്ഷണം തന്നെ ഏല്‍പ്പിച്ചതു പോലെ കല്‍തൊട്ടിക്കു തോന്നി.
അപ്പോള്‍ മറ്റൊരിക്കലും, ആരും കാണാത്ത കാഴ്ചകള്‍ കല്‍ത്തൊട്ടി കാണുകയായിരുന്നു.
ആകാശത്ത് അപ്പോഴുണ്ടായ ഒരു വാല്‍നക്ഷത്രം തന്റെ പ്രകാശം അത്ഭുതകരമായ ശോഭയോടെ തന്റെയുള്ളിലേക്ക് പ്രവഹിപ്പിക്കുന്നതും, സങ്കീര്‍ത്തനങ്ങള്‍ പാടിക്കൊണ്ട് തനിക്ക് ചുറ്റും സ്വര്‍ഗ്ഗത്തിലെ മാലാഖമാര്‍ നൃത്തം വയ്ക്കുന്നതും കണ്ടപ്പോള്‍ ഈ ശിശു ഒരു സാധാരണക്കാരനല്ലെന്ന് കല്‍തൊട്ടിക്ക് ബോധ്യമാവുകയായിരുന്നു…
കുഞ്ഞിന് തണുപ്പടിക്കാതിരിക്കാനെന്ന വണ്ണം പശുക്കളും, ആടുകളും കല്‍തൊട്ടിയുടെ ചുറ്റും വന്ന് ആ സുന്ദരനായ കുഞ്ഞിനെ നോക്കി നില്‍ക്കുന്നു….
'പുല്ലു കുട്ടാ.. നീ എന്തെങ്കിലും കാണുന്നുണ്ടോ..?' ഉള്ളില്‍ വിതറിയ പുല്ലിനോട് കല്‍തൊട്ടി ചോദിച്ചു.
'ഉവ്വ്… ഇതൊരു അത്ഭു തശിശു തന്നെ….' പുല്ലിന്റെ മറുപടി കേട്ടിട്ട് കല്‍ത്തൊട്ടിലിനെ അനുഗ്രഹിക്കാനെന്ന വണ്ണം കൈകള്‍ കൂപ്പി പശുക്കളെയും, ആടുകളെയും നോക്കി ചിരിച്ചുകൊണ്ടിരുന്ന ആ ശിശുവിന്റെ കുഞ്ഞിളം കാലിന്റെ തീരെ പതിഞ്ഞ ചെറു ചവിട്ടുകള്‍ ആ കല്‍ത്തൊട്ടിയുടെ അരികുകളില്‍ തട്ടിയത് അവനെ എന്തെന്നില്ലാത്ത വണ്ണം ആനന്ദ പുളകിതനാക്കി…!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org