ഐറീന സെന്‍ഡ്‌ലര്‍

ഐറീന സെന്‍ഡ്‌ലര്‍
Published on

രണ്ടാം ലോകമഹായുദ്ധകാല ത്ത് സ്വന്തം ജീവന്‍ അപകടപ്പെടുത്തി 2500 പോളീഷ് യഹൂദ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ ഐറീന സെന്‍ഡ്‌ലര്‍ 2008 മെയ് മാസത്തിലാണ് മരിച്ചത്.
1939 സെപ്റ്റംബര്‍ ഒന്നിന് നാസികള്‍ പോളണ്ടില്‍ 4,50,000 യഹൂദരെ തെരഞ്ഞുപിടിച്ച് തടവുകാരാക്കി. അതില്‍ നാലുലക്ഷം പേരെ അവര്‍ നിര്‍ദ്ദയം കൊന്നൊടുക്കി.
ആയിടയ്ക്കാണ് ആര്‍ദ്രതയും കരുതലും സാമൂഹ്യ പ്രതിബദ്ധതയു മുണ്ടായിരുന്ന ഐറീന സെന്‍ഡ്‌ലര്‍ യഹൂദ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താനായി അഭ്യുദയകാംക്ഷികളായ 30 പേരെക്കൂടി ചേര്‍ത്ത് ഒരു രക്ഷാ സംഘത്തിന് രൂപം നല്‍കിയത്.
അവര്‍ക്ക് കുട്ടികളെ തടങ്കല്‍ പാളയങ്ങളില്‍നിന്നു രഹസ്യമായി രക്ഷപ്പെടുത്താന്‍ ഒത്തിരി റിസ്‌ക്കെടുക്കേണ്ടി വന്നു. മിക്ക കുട്ടികളെയും കരഞ്ഞു ശബ്ദമുണ്ടാക്കാതിരിക്കാന്‍ വായ് മൂടിക്കെട്ടിയും ചിലരെ മരുന്നു കൊടുത്തു മയക്കികിടത്തി യുമായിരുന്നു പുറത്തേക്ക് കൊണ്ടു പോയത്. പോലീസിന് വന്‍തുക കൈക്കൂലി കൊടുക്കേണ്ടിവന്നു. ചിലരെ രക്ഷപ്പെടുത്തിയത് ആംബുലന്‍സ് വാനിലായിരുന്നു. ആംബുലന്‍സില്‍ ഡ്രൈവര്‍ക്കൊപ്പം ഒരു പട്ടിയേയും സെന്‍ഡ്‌ലര്‍ കൊണ്ടുപോയി. കുരയ്ക്കുന്ന പട്ടിയായിരുന്നതു കൊണ്ട് കുഞ്ഞിന്റെ കരച്ചില്‍ പുറത്തുകേട്ടില്ല.
ഐറീനയ്ക്ക് ജീവന്‍ പണയം വെച്ച് മനുഷ്യസ്‌നേഹിയാകാന്‍ പ്രചോദനമായത് അവളുടെ പിതാവായിരുന്നു. ഡോക്ടറായിരുന്ന അവളുടെ പിതാവ് എല്ലാ മനുഷ്യരെയും മതമോ വംശമോ സാമൂഹിക നിലവാരമോ കണക്കിലെടുക്കാതെ സ്‌നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിച്ചു. പാവപ്പെട്ട യഹൂദന്മാരായിരുന്നു അദ്ദേഹത്തിന്റെ രോഗികളില്‍ കൂടുതലും. 1917-ല്‍ ടൈഫോയിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ സ്ഥലം വിട്ടുപോകാതിരുന്ന ഏക ഡോക്ടര്‍ അദ്ദേഹമായിരുന്നു. ഒടുവില്‍ അദ്ദേഹത്തിനും ടൈഫോയിഡ് വന്ന് മരിച്ചു. അപ്പോള്‍ ഐറീനയ്ക്ക് പ്രായം ഏഴ്.
മുങ്ങിമരിക്കാന്‍ തുടങ്ങുന്ന ഒരാളെ കണ്ടാല്‍, നീന്താന്‍ അറിയില്ലെങ്കിലും നീ വെള്ളത്തില്‍ ചാടി അയാളെ രക്ഷിക്കാന്‍ ശ്രമിക്കണ മെന്നായിരുന്നു ഐറീനയോട് അദ്ദേഹം അവസാനമായി പറഞ്ഞത്.
നാസികളില്‍ നിന്നു യഹൂദകുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയ മഹാ സേവനത്തിന് പ്രത്യേക ബഹുമതി നല്‍കി ആദരിച്ചപ്പോള്‍ ഐറിന്‍ തന്റെ പ്രവര്‍ത്തനത്തെ വ്യാഖ്യാനിച്ചതിങ്ങനെ:
'ഞാനും രഹസ്യസന്ദേശവാഹകരും ചേര്‍ന്ന് രക്ഷിച്ച കുഞ്ഞുങ്ങള്‍, ഞാന്‍ ഈ ലോകത്ത് ജീവിച്ചതിനുള്ള ന്യായീകരണമാണ്, മഹത്വത്തിന്റെ അടയാളമല്ല."
നമ്മോടുതന്നെ ചോദിക്കാം. ഞാന്‍ ഈ ലോകത്ത് ജീവിച്ചതിനുള്ള ന്യായീകരണമായി എനിക്കെന്ത് അവകാശപ്പെടാനാകും?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org