ഇതാണോ സ്വാതന്ത്ര്യം?

ഇതാണോ സ്വാതന്ത്ര്യം?

പണ്ടുപണ്ട് കാടിന്റെയും നാടിന്റെയും അതിര്‍ത്തിയില്‍ ഒരു ചെന്നായയും കോലാടും പാര്‍ത്തിരുന്നു. കോലാടിന്റെ മിനുമിനുത്ത മേനി ചെന്നായയില്‍ മാംസദാഹമുണ്ടാക്കി. പക്ഷെ എന്തു ചെയ്യും? നിരുപദ്രവകാരിയെ ആക്രമിക്കുവാന്‍ എന്തെങ്കിലും കാരണം വേണ്ടേ? അപ്പോഴാണ് ആട് ആറ്റിലിറങ്ങി വെള്ളം കുടിക്കുന്നത് കണ്ടത്. ചെന്നായയില്‍ പെട്ടെന്നൊരു കൗശലമുദിച്ചു. അത് കോലാടിനെ സമീപിച്ചു പറഞ്ഞു, "വെള്ളം കുടിക്കുന്നതു കൊള്ളാം. പക്ഷെ, ഇതെന്റെ കടവാണ്. നീ ഇവിടെനിന്നു കുടിക്കുമ്പോള്‍ എനിക്കുള്ള വെള്ളവും കലങ്ങുകയാണ്." പ്രകോപിപ്പിക്കാമെന്നു കരുതിയാണ് അങ്ങനെ പറഞ്ഞതെങ്കിലും കോലാട് പ്രതികരിച്ചത് ശാന്തമായിട്ടായിരുന്നു. "ക്ഷമിക്കണം ജ്യേഷ്ഠാ, ഇത് അങ്ങയുടെ കടവാണെന്നറിഞ്ഞില്ല. ഇനി മേല്‍ ഇവിടേയ്ക്ക് ഞാന്‍ ജലപാനത്തിനു വരികയില്ല."
ചെന്നായ ദുഃഖാര്‍ത്തനായി മടങ്ങി, വേറെ ഒരു ഊഴവും കാത്ത്. കുറച്ചു നാളുകള്‍ക്കു ശേഷം തീരുമാനിച്ചുറച്ച മട്ടില്‍ വീണ്ടും അവന്‍ കോലാടിനെ അന്വേഷിച്ചു ചെന്നു. അത് അന്ന് താഴെ ഒരു കടവിലാണ് നിന്നിരുന്നത്. ചെന്നായ കോപിഷ്ഠനായി പറഞ്ഞു, ധിക്കാരം നിര്‍ത്തുന്നുണ്ടോ? ഇവിടെ നിന്നു വെള്ളം കലക്കി എന്റെ കടവിലേക്ക് ഒഴുക്കുകയാണല്ലേ? കോലാട് പ്രത്യുത്തരിച്ചു, "അതെങ്ങനെയാ ചേട്ടാ? പുഴ ചേട്ടന്റെ കടവില്‍നിന്നും താഴെ ഇങ്ങോട്ടല്ലേ ഒഴുകുന്നത്? അങ്ങുന്നു കുടിച്ച് ബാക്കിയുള്ളതാ അടിയനു ലഭിക്കുന്നത്." ന്യായം കണ്ടെത്തി കോലാടിനെ വകവരുത്താനാവില്ലെന്നറിഞ്ഞ ചെന്നായ പറഞ്ഞു, "ഈ നദി മുഴുവന്‍ എന്റേതാണ്." ഉടനെ അത് കോലാടിനുമേല്‍ ചാടിവീണു.
കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നത് കാട്ടിലെ നിയമമാണെന്ന് പറയാറുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്നിത് വലിയൊരു സംസ്‌കാരത്തിന്റെ പിന്‍തുടര്‍ച്ചാവകാശക്കാരായ നമ്മുടെ സംസ്‌കാരമായിത്തീര്‍ന്നിരിക്കുന്നു. പണ്ടൊക്കെ നമ്മുടെ നാട്ടില്‍, അധികാരവും സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്തിരുന്നവര്‍ സമൂഹത്തെ ഭയപ്പെട്ടിരുന്നു. എന്നാലിന്ന് സത്യസന്ധരായി ജീവിക്കുന്നവര്‍ അങ്ങനെയല്ലാത്ത വരെ ഭയപ്പെടേണ്ട അവസ്ഥ സംജാതമായിരിക്കുന്നു. നമ്മുടെ നിരത്തിലൂടെ വാഹനങ്ങള്‍ ഓടിക്കുന്ന രീതി കണ്ടാല്‍ ആരുണ്ടിവിടെ ചോദിക്കാന്‍ എന്ന മുട്ടാളസ്വഭാവം നമ്മുടെ സംസ്‌കാരമായി മാറുന്നുവെന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
എനിക്ക് ആരെയും ഭയക്കാതെ ഇതു ചെയ്യാം എന്നുള്ളതു കൊണ്ടു മാത്രം ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ പോലും തങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും നമ്മുടെ ചുറ്റുപാടിനും ഏറെ ആപത്തുണ്ടാക്കുന്നതും കുറ്റകരവുമായ പലതും ചെയ്യു ന്നതു കാണാം.
കാര്യങ്ങള്‍ ചെയ്തു കൊടുക്കാന്‍ കൈക്കൂലി വാങ്ങുന്ന വില്ലേജ് ശിപായി മുതല്‍ ഏറ്റവും മുകളിലുള്ള ഉദ്യോഗസ്ഥര്‍ വരെ തങ്ങള്‍ക്ക് പണമോ മറ്റെന്തെങ്കിലും നേട്ടങ്ങളോ ഉണ്ടാക്കാന്‍ ഏതു മാര്‍ഗ്ഗവും തേടുന്നു. മദ്യമയക്കുമരുന്ന് ആയുധ മാഫിയക്കാര്‍ മുതല്‍ തെരുവുഗുണ്ടകള്‍വരെ തങ്ങള്‍ക്ക് ആരെയും ഭയക്കാതെ ഇതൊക്കെ ചെയ്യാം എന്നുള്ളതു കൊണ്ട് കുറ്റകൃത്യങ്ങളില്‍ മുഴുകു ന്നവരാണ്. മുട്ടാളത്തരം വീട്ടിലും സ്‌കൂളിലും എടുക്കുന്ന കുട്ടികളും ഇതേ രീതി പരീക്ഷിച്ചു നോക്കുന്നവരാണ്.
എന്താണ് യഥാര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം? ഭയത്താല്‍ നിയ ന്ത്രിതമായി പെരുമാറുക എന്ന തല്ല സ്വാതന്ത്ര്യംകൊണ്ടു വിവ ക്ഷിക്കുന്നത്. പൊതുനന്മയ്ക്ക് കോട്ടം വരാത്ത നിലയില്‍ ഒരു വ്യക്തിയുടെ സമഗ്രവളര്‍ച്ചയ്ക്ക് എന്തെല്ലാം ആവശ്യമുണ്ടോ അതെല്ലാം ഉപയോഗിക്കുവാനുള്ള അവകാശമാണ് സ്വാതന്ത്ര്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org