മനുഷ്യവംശത്തിന്റെ രക്ഷകനായ യേശുക്രിസ്തു

മനുഷ്യവംശത്തിന്റെ രക്ഷകനായ യേശുക്രിസ്തു

സജീവ് പാറേക്കാട്ടില്‍

വീട്ടില്‍ കുട്ടിക്ക് കാറ്റെക്കിസം എടുക്കുകയാണ് മാഷ്. ആറാം ക്ലാസ്സിലെ എട്ടാം പാഠത്തിന്റെ പേര് 'നമുക്കുവേണ്ടി മരിച്ച ഈശോ' എന്നതാണ്. യേശുവിന്റെ ഗത്‌സമെനിയിലെ പ്രാര്‍ത്ഥന, യൂദാസിന്റെ വഞ്ചന, പത്രോസിന്റെ തള്ളിപ്പറയല്‍, പീലാത്തോസിന്റെ മുമ്പിലെ വിചാരണ, പട്ടാളക്കാരുടെ പരിഹാസവും മര്‍ദ്ദനവും, കാല്‍വരിയാത്ര, കുരിശുമരണം എന്നിവയാണ് പ്രധാനഭാഗങ്ങള്‍. നമ്മുടെ പാപങ്ങള്‍ക്കു പരിഹാരമായി തന്നെത്തന്നെ കുരിശില്‍ ബലിയായി അര്‍പ്പിച്ചുകൊണ്ട് ഈശോ നമുക്ക് രക്ഷ നേടിത്തന്നു. പാപത്തിന്റെ വഴികളില്‍നിന്ന് അകന്നുനിന്നുകൊണ്ട് ഈ രക്ഷയുടെ ഫലം നമുക്കനുഭവിക്കാം എന്ന അവസാന വാചകം വിശദീകരിച്ച് മാഷ് പുസ്തകമടച്ചു. കുട്ടി ആലോചനയില്‍ മുഴുകിയിരിക്കുകയാണ്. എന്തോ കാര്യമായകോള് വരുന്നുണ്ടെന്ന് മാഷിന് തോന്നി.
"എന്താണ് ആലോചിക്കുന്നത്?"
"അല്ല, അതിപ്പോ രണ്ടായിരം കൊല്ലംമുമ്പ് ഈശോ മരിച്ചതുകൊണ്ട് നമ്മുടെ പാപം പോകുന്നത് എങ്ങനെയാണ്? നമ്മള്‍ ഇപ്പോഴല്ലേ ജീവിക്കുന്നത്?"
സമാധാനമായി! ഇതില്‍ കൂടുതലെന്തോ വരാനിരുന്നതാണ്, ഇത്രയല്ലേ സംഭവിച്ചുള്ളൂ എന്ന ഫലിതം പോലെ, ഇതല്ലേ ചോദിച്ചുള്ളൂ. ആശ്വാസം! ഒരു നീതിമാന്‍ എല്ലാവര്‍ക്കും വേണ്ടി മരിച്ചു എന്നതിനാല്‍ എല്ലാവരുേടയും പാപം പോകുന്നതെങ്ങനെ? ചരിത്രത്തിലെ ഒരു സവിശേഷ മുഹൂര്‍ത്തത്തില്‍ ഒരവതാരം എല്ലാവരുടെയും രക്ഷയ്ക്കായി ജീവനര്‍പ്പിച്ചു എന്നു കരുതിയാല്‍ത്തന്നെ അതുവഴി പ്രപഞ്ചത്തിലൂടെ പ്രവഹിക്കുന്ന സര്‍വ്വ മനുഷ്യരും രക്ഷപ്രാപിക്കുന്നതെങ്ങനെ? അനേകര്‍ ഇടറിയ ചോദ്യവും യുക്തിയുമാണത്.
"അല്ല, എങ്ങനെയാണ്?"
കുട്ടിയുടെ തുടര്‍ചോദ്യം കേട്ടാണ് മാഷ് ചിന്തയില്‍ നിന്നുണര്‍ന്നത്.
"ഇതല്‍പ്പം പ്രയാസമുള്ള ചോദ്യമാണ്. എന്നാലും മനസ്സിലാകുന്നതുപോലെ ഉത്തരം പറയാന്‍ ശ്രമിക്കാം."
"ശരി."
"ഇന്ത്യയില്‍ എത്ര കോടി ജനങ്ങളുണ്ട്?"
"നൂറു കോടിയാണോ?"
"138 കോടി മനുഷ്യരുണ്ട് ഇന്ത്യയില്‍. ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉള്ളത് നമ്മുടെ രാജ്യത്താണ്."
"ഒ.കെ."
"ആരാണ് ഇന്ത്യയുടെ പ്രധാനമന്ത്രി?"
"നരേന്ദ്ര മോദി"
"അതെ. ഇന്ത്യയിലെ 138 കോടി മനുഷ്യരുടെയും പ്രധാനമന്ത്രിയാണ് അദ്ദേഹം. അതായത് അദ്ദേഹം പ്രതിനിധീകരിക്കുന്നത് ഇന്ത്യയിലെ 138 കോടി മനുഷ്യരെയാണ്."
"പ്രതിനിധീകരിക്കുക എന്നാല്‍?"
"Represent ചെയ്യുക എന്നര്‍ത്ഥം. അതായത് മോദി എന്ന ഒരു മനുഷ്യന്‍ 138 കോടി മനുഷ്യരെ represent ചെയ്യുന്നുണ്ട്."
"ഒ.കെ."
"മറ്റൊരു ഉദാഹരണം പറയാം. ആരാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍?"
"വിരാട് കോഹ്‌ലി."
"അതെ. വിരാട് കോഹ്‌ലിയും മറ്റു പത്തു മനുഷ്യരും ചേര്‍ന്ന് ഇന്ത്യയിലെ 138 കോടി മനുഷ്യരെയാണ് പ്രതിനിധീകരിക്കുന്നത്. ആ പതിനൊന്നു പേര്‍ കളിച്ച് ജയിക്കുമ്പോള്‍ കോഹ്‌ലിയും രോഹിത്തുമൊക്കെ ജയിച്ചു എന്നല്ല, ഇന്ത്യ ജയിച്ചു എന്നല്ലേ നാം പറയാറുള്ളത്?"
"അതെ."
"ഇതിലുമൊക്കെ മികച്ച മറ്റൊരു ഉദാഹരണം പറയാം. നമ്മുടെ രാഷ്ട്രപിതാവ് ആരാണ്?"
"മഹാത്മാഗാന്ധി."
"അതെ. ഗാന്ധിജിയാണ് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. അതുവരെ ലോകത്തിന് പരിചയമില്ലാതിരുന്ന സഹന സമരമെന്ന മാര്‍ഗ്ഗത്തിലൂടെ ഗാന്ധിജിയാണ് സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന് ഇന്ത്യയില്‍ അന്ത്യം കുറിച്ചത്. സ്വാതന്ത്ര്യം ലഭിച്ച് അധികം വൈകാതെ ഗാന്ധിജി കൊല്ലപ്പെട്ടല്ലോ. അതായത് അദ്ദേഹം ഇന്ത്യയ്ക്കുവേണ്ടി, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ആത്മത്യാഗത്തിന്റ നേട്ടം അന്ന് ജീവിച്ചിരുന്ന ഇന്ത്യക്കാര്‍ക്കു മാത്രമാണോ?"
"അല്ല."
"ഓരോ ഇന്ത്യക്കാരും ആ ആത്മബലിയുടെ ഗുണം അനുഭവിക്കുന്നുണ്ട്. ഇന്ത്യയില്‍ ഇപ്പോള്‍ ജീവിക്കുന്നവരും ഇനി ജനിക്കാനിരിക്കുന്നവരുമൊക്കെ ഗാന്ധിജിയുടെ ജീവത്യാഗത്തിന്റെ ഗുണഭോക്താക്കളാണ്. ഇപ്പോഴും നമ്മുടെ രാഷ്ട്രപിതാവ് ഗാന്ധിജി തന്നെയല്ലേ?"
"അതെ."
"ചില കുടിലബുദ്ധികള്‍ക്ക് ഗാന്ധിജിക്ക് പകരം ആ സ്ഥാനത്ത് മറ്റാരെയെങ്കിലും പ്രതിഷ്ഠിച്ചാല്‍ കൊള്ളാമെന്നുണ്ട്. പക്ഷേ, അതൊരിക്കലും നടക്കില്ല. ഇന്ത്യ ഭൂമിയിലുള്ളിടത്തോളം കാലം ഗാന്ധിജി തന്നെയായിരിക്കും ഇന്ത്യയുടെ രാഷ്ട്രപിതാവ്. ശരിയല്ലേ?"
"ശരിയാണ്."
"അതായത് മനുഷ്യര്‍ക്കുപോലും അനേകരെ പ്രതിനിധീകരിക്കാനും ജനിക്കാനിരിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള അനേകര്‍ക്കായി സ്വയം ആത്മബലിയായി അര്‍പ്പിക്കാനും അതുവഴി കാലദേശാന്തരങ്ങളെ അതിജീവിക്കാനുമൊക്കെ കഴിയും എന്ന് വ്യക്തമല്ലേ?"
"അതെ."
"അങ്ങനെയെങ്കില്‍ ദൈവത്തിന് അത് അതിലും എളുപ്പത്തിലും ശക്തിയിലും ചെയ്യാന്‍ കഴിയില്ലേ? യേശു ദൈവം തന്നെയായ ദൈവപുത്രനായിരുന്നല്ലോ. 'പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവം തന്നെയായ ഏകജാതനായ' (യോഹ. 1:18) യേശുവിന് അത് വളരെ എളുപ്പമല്ലേ?
"അതെ."
വിശുദ്ധ മത്തായിയുടെ സുവിശേഷത്തില്‍ യേശു പറയുന്ന മനോഹരമായ ഒരു വചനമുണ്ട്. "മനുഷ്യര്‍ക്ക് ഇത് അസാധ്യമാണ്. എന്നാല്‍ ദൈവത്തിന് എല്ലാം സാധ്യമാണ്" (19:26). മനുഷ്യര്‍ക്ക് അസാധ്യമായതൊക്കെ ദൈവത്തിന് സാധ്യമാണെങ്കില്‍ മനുഷ്യര്‍ക്കുപോലും ഒരു തരത്തില്‍ സാധ്യമായവ ദൈവത്തിന് അതിലും എളുപ്പത്തില്‍ സാധ്യമാവില്ലേ?"
"സാധ്യമാവും."
"യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍ തന്നെയാണ് (13/8) എന്ന് ഹെബ്രായര്‍ക്കുള്ള ലേഖനത്തില്‍ നാം വായിക്കുന്നുണ്ടല്ലോ. സമയ-കാല-ദേശ പരിമിതികളില്ലാത്ത യേശുവിന് രണ്ടായിരം വര്‍ഷം മുമ്പ് നടന്ന തന്റെ ആത്മബലിയുടെ രക്ഷാകര ഫലങ്ങള്‍ തീര്‍ത്തും അനായാസമായി മനുഷ്യവംശത്തിന് പകരാന്‍ കഴിയില്ലേ?"
"കഴിയും."
"ഓരോ വിശുദ്ധ കുര്‍ബാനയും യേശുവിന്റെ കാല്‍വരിബലിയുടെ കൗദാശികമായ പുനരാവര്‍ത്തനമാണ്. യേശു നേടിത്തന്ന രക്ഷ രണ്ടായിരം വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിക്കുന്ന നാം എങ്ങനെ സ്വന്തമാക്കുമെന്ന് ചോദിച്ചാല്‍ അതിന് ഒറ്റ ഉത്തരമേയുള്ളൂ – വിശ്വാസം. പൗലോസ് അപ്പസ്‌തോലന്‍ ഇക്കാര്യം കൃത്യമായി പഠിപ്പിക്കുന്നുണ്ട്. ആകയാല്‍ യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റു പറയുകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും (റോമാ 10:9). ഇത് കുട്ടി വിശ്വസിക്കുന്നുണ്ടോ?"
"ഉണ്ടേയ്!"
"നല്ല കാര്യം. ദൈവം അനുഗ്രഹിക്കട്ടെ."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org