“ദീര്‍ഘങ്ങളാം കൈകള്‍” അഥവാ ജിലുമോളുടെ മനസ്സ്

“ദീര്‍ഘങ്ങളാം കൈകള്‍” അഥവാ ജിലുമോളുടെ മനസ്സ്

ഷിജു ആച്ചാണ്ടി

പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാന്‍ കഴിവുള്ള വണ്ണം
ദീര്‍ഘങ്ങളാം കൈകളെ നല്‍കിയത്രെ
മനുഷ്യരെ പാരിലയച്ചതീശന്‍

എന്നു പാടുമ്പോള്‍ കവി ഉദ്ദേശിച്ചത് കേവലം കൈകളെയല്ല. ഒരു മനോഭാവത്തെയാണ്. ജിലുമോളുടെ മനോഭാവമാണത്. ജിലുവിനു ദീര്‍ഘങ്ങളാം കൈകളില്ല, ഹ്രസ്വമായ കൈകളും ഇല്ല. കൈകള്‍ തന്നെയില്ല. പക്ഷേ പരിശ്രമിക്കാനോ ആഗ്രഹിച്ചവയെ വശത്തിലാക്കാനോ അതൊരു തടസ്സമായതുമില്ല. സാധാരണക്കാര്‍ കൈകള്‍ കൊണ്ടു വശത്തിലാക്കുന്ന ഡ്രൈവിംഗ് പോലും ജിലു സ്വന്തം കാലുകള്‍ കൊണ്ടു വശത്തിലാക്കി. വേറെയും അനേകം നേട്ടങ്ങള്‍ കരഗതമാക്കി, അല്ലെങ്കില്‍ 'കാല്‍ഗത'മാക്കി!

കൈകളില്ല എന്നത് ജിലുമോള്‍ ഒരു പരിമിതിയായി കണ്ടിട്ടേയില്ല. കൈകളില്ലാത്തതുകൊണ്ട് ജീവിതത്തില്‍ യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല എന്നല്ല ഇതിനര്‍ത്ഥം. പ്രായോഗികമായ വിഷമങ്ങളുണ്ട്, അര്‍ഹമായ അവസരങ്ങളില്‍ നിന്ന് അകറ്റുന്നവരും അവഗണിക്കുന്നവരും ഉണ്ടായിട്ടുണ്ട്. പക്ഷേ അതിലൊന്നും നിരാശപ്പെടാറില്ല. എല്ലാത്തിനേയും ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുന്നു, കഠിനാദ്ധ്വാനത്തിലൂടെ മറികടക്കുന്നു, പ്രത്യാശയോടെ മുന്നോട്ടു പോകുന്നു.

ചിത്രകാരിയും പ്രഭാഷകയുമാണ് ജിലുമോള്‍ മേരിയറ്റ് തോമസ്. ഇപ്പോള്‍ എറണാകുളം വിയാനി പ്രിന്‍റിംഗ്സില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുന്നു. ഇന്‍റര്‍നാഷണല്‍ മൗത്ത് ആന്‍ഡ് ഫുട്ട് പെയിന്‍റിംഗ് അസോസിയേഷനില്‍ അംഗത്വമുണ്ട്. അതിന്‍റെ ഭാഗമായി ഗോവയിലും ബാംഗ്ലൂരിലും ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. സ്വന്തമായ ഒരു എക്സിബിഷന്‍ രണ്ടു മാസം മുമ്പ് എറണാകുളം, വളഞ്ഞമ്പലത്തുള്ള "എന്‍റെ ഭൂമി" ആര്‍ട് ഗ്യാലറിയില്‍ നടത്തി. കൊച്ചി ബിനാലെയിലും പങ്കെടുത്തു. വലിയ ആസ്വാദകശ്രദ്ധ നേടിയവയാണ് ജിലുവിന്‍റെ രചനകള്‍.

കൈകളില്ലാതെയാണ് ജിലുമോള്‍ ജനിച്ചത്. തൊടുപുഴ, കരിമണ്ണൂര്‍ നെല്ലാനിക്കാട്ട് തോമസിന്‍റെയും അന്നക്കുട്ടിയുടെയും മകള്‍. നാലര വയസ്സില്‍ അമ്മ മരണപ്പെട്ടു. ചെത്തിപ്പുഴയിലുള്ള എസ്.ഡി. സിസ്റ്റേഴ്സിന്‍റെ മേഴ്സി ഹോമില്‍ നിന്നാണു തുടര്‍ന്നു പഠിച്ചതും വളര്‍ന്നതും. ഒന്നാം ക്ലാസ് മുതല്‍ ഡിഗ്രി വരെ അവിടെ നിന്നു പഠിച്ചു. ചങ്ങനാശേരി സെ. ജോസഫ്സ് മീഡിയാ വില്ലേജില്‍ നിന്നു ആനിമേഷന്‍ & ഗ്രാഫിക് ഡിസൈനിംഗില്‍ ബിരുദമെടുത്തു. തുടര്‍ന്ന് ഏതാനും സ്വകാര്യസ്ഥാപനങ്ങളില്‍ ജോലി ചെയ്തു. നാലു വര്‍ഷം മുമ്പ് ബിഷപ് സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖേന എറണാകുളം വിയാനി പ്രിന്‍റിംഗ്സില്‍ ഗ്രാഫിക് ഡിസൈനറായി ജോലി സ്വീകരിച്ചു. മാഗസിനുകളും ബ്രോഷറുകളും മറ്റും സാധാരണ ഏതു ഡിസൈനര്‍മാരേയും പോലെ ജിലുവും രൂപകല്‍പന ചെയ്യുന്നു.

മെഴ്സി ഹോമിലെ സിസ്റ്റര്‍മാര്‍ തന്നെയാണ് ചിത്രകലയുള്‍പ്പെടെ എല്ലാ മേഖലകളിലും തന്നെ വളര്‍ത്തിയതെന്നു ജിലുമോള്‍ പറയുന്നു. അവരെ അമ്മമാര്‍ എന്നാണു ജിലു വിളിക്കുന്നത്. അമ്മമാര്‍ ജിലുവിനു നല്‍കിയ പല കല്‍പനകള്‍ ഒറ്റവാക്യത്തില്‍ സംഗ്രഹിക്കാം: "പിന്നോട്ടു നില്‍ക്കരുത്." നിന്നപ്പോഴൊക്കെ അവര്‍ ഓടിച്ചു! സ്കൂളില്‍ ജിലു പങ്കെടുക്കാത്ത മത്സരങ്ങള്‍ ഇല്ലായിരുന്നു. ഡിഗ്രിക്കു പഠിക്കുമ്പോള്‍ കോളേജ് ടൂര്‍ വന്നു. ആറു ദിവസം. താന്‍ വരുന്നില്ല എന്നു ജിലു പറഞ്ഞു. ആരോടും ആലോചിക്കാതെ, സ്വാ ഭാവികമായ ഒരു തീരുമാനം എന്ന നിലയിലായിരുന്നു അത്. പക്ഷേ അമ്മമാര്‍ സമ്മതിച്ചില്ല. കോളേജ് ടൂര്‍ ഒഴിവാക്കരുത് എന്നവര്‍ ശഠിച്ചു. അതുകൊണ്ടു ജിലു പോയി, വന്നു. ആഹ്ലാദകരവും അവിസ്മരണീയവുമായി ആ അനുഭവം. അപ്രകാരമുള്ള അനേകം പരിപാടികളിലൂടെ ആത്മവിശ്വാസമുള്ള ഒരു വ്യക്തിത്വം ജിലു വളര്‍ത്തിയെടുത്തു. 'അമ്മമാര്‍' ലക്ഷ്യമിട്ടതും അതു തന്നെ.

കാലു കൊണ്ടു നടക്കാന്‍ മാത്രമല്ല കഴിയുക എന്ന പാഠം ജിലുവിന് ആദ്യമായി പകര്‍ന്നു നല്‍കിയത് അമ്മാമ്മയാണ്. കാലു കൊണ്ടു പുസ്തകം പൊതിഞ്ഞു കാണിച്ചുകൊടുക്കുകയാണ് അമ്മാമ്മ ചെയ്തത്.

തുടര്‍ന്ന് പരമാവധി കാര്യങ്ങള്‍ കാലുകള്‍ കൊണ്ടു ചെയ്യാന്‍ പരിശീലിച്ചു.

വിദേശത്തുള്‍പ്പെടെ പലയിടത്തും ജിലുമോള്‍ പ്രസംഗങ്ങള്‍ക്കു ക്ഷണിക്കപ്പെടാറുണ്ട്. കോളേജുകളിലും പള്ളികളിലും നിരവധി പ്രസംഗങ്ങള്‍ നടത്തി. സൈദ്ധാന്തിക വാചാടോപങ്ങളല്ല, സ്വന്തം ജീവിതമാണ് പ്രചോദനസന്ദേശമായി ജിലു പങ്കു വയ്ക്കാറുള്ളത്. തന്നെ കണ്ടിട്ടും കേട്ടിട്ടും ആത്മഹത്യയില്‍ നിന്നു പിന്തിരിഞ്ഞവരുടെ ഫോണ്‍ കോളുകള്‍ ജിലുവിനു കിട്ടിയിട്ടുണ്ട്. അത്തരം ഒരു സംഭവം മതി തന്‍റെ ജീവിതത്തിന് അര്‍ത്ഥം പകരാനെന്നു കരുതുന്നയാളാണ് ജിലുമോള്‍.

ഈ ലോകത്തിലേയ്ക്കു ദൈവം നമ്മെ അയച്ചിട്ടുള്ളത് തീര്‍ച്ചയായും ഈ ലോകത്തില്‍ ദൈവം നമുക്കായി കരുതി വച്ച ഒരിടം ഉള്ളതുകൊണ്ടാണെന്നു ജിലു പറയുന്നു. "എനിക്കുള്ള ഇടം പൂരിപ്പിക്കാന്‍ എനിക്കു മാത്രമേ സാധിക്കൂ. അത് എത്ര കഴിവുള്ള വേറെ ആരു വന്നാലും സാധിക്കില്ല. എന്‍റെ നിയോഗം ഞാന്‍ തന്നെ നിറവേറ്റണം. എന്‍റെ ശക്തി എന്തെന്ന് ശരിക്കറിയാവുന്നതും എനിക്കു മാത്രമാണ്. മനസ്സാണ് എല്ലാം. ശരീരമല്ല. മനസ്സിനു പറ്റാത്തതായി ഒന്നുമില്ല."

വീട്ടില്‍ കാര്‍ ഡ്രൈവിംഗ് പഠിച്ച ആദ്യത്തെയാളാണ് ജിലു. ആരോഗ്യപ്രശ്നങ്ങളില്ലാത്ത പപ്പയോ സഹോദരിമാരോ കാറോടിക്കാന്‍ പഠിച്ചിട്ടില്ല. പക്ഷേ ജിലു പഠിച്ചു. കാറും വാങ്ങി. പക്ഷേ കാലു കൊണ്ട് ഓടിക്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയ കാറിനു രജിസ്ട്രേഷനും ഡ്രൈവിംഗ് ലൈസന്‍സും കിട്ടിയിട്ടില്ല. അതു രണ്ടും ശരിയാക്കാനുള്ള പരിശ്രമത്തിലാണ് കഴിഞ്ഞ കുറെ നാളുകളായി. ഇന്ത്യയില്‍ ഒരാള്‍ക്ക് ഇത്തരത്തില്‍ ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ജിലുവിന്‍റെ അപേക്ഷയോടു കേന്ദ്രഗവണ്‍മെന്‍റ് അനുകൂലനിലപാട് അറിയിച്ചിട്ടുണ്ട്. ഇനി സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ ഗതാഗതവകുപ്പിന്‍റെ അനുമതിയാണു കാത്തിരിക്കുന്നത്. ഹൈക്കോടതിയേയും ഇതിനായി സമീപിച്ചിട്ടുണ്ട്.

ലൈസന്‍സ് കിട്ടുമെന്നും സ്വന്തമായി കാര്‍ ഓടിക്കാന്‍ കഴിയുമെന്നും ജിലു പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ കാലു കൊണ്ട് കാറോടിക്കുന്ന ഏഷ്യയിലെ ആദ്യത്തെ വനിതയാകും ജിലുമോള്‍. ഡ്രൈവിംഗിനോടും യാത്രകളോടും പ്രിയമുള്ളയാളാണ് ജിലു. എന്നാല്‍ അതു മാത്രമല്ല സ്വന്തം കാറും സ്വയം ഡ്രൈവിംഗും എന്ന സ്വപ്നത്തിനു പിന്നാലെ പോകുന്നതിനു കാരണം. ഭിന്നശേഷിക്കാര്‍ക്കും ആഗ്രഹങ്ങളും അവകാശങ്ങളുമുണ്ടെന്നും അവയെ സമൂഹം അംഗീകരിക്കേണ്ടതുണ്ടെന്നും ഉള്ള പാഠം സമൂഹത്തിനു പകരണം. ഒപ്പം, പരിശ്രമിച്ചാല്‍ എന്തും "കാല്‍ഗത"മാകുമെന്ന സന്ദേശവും.

കൈകള്‍ കൊണ്ടു ചെയ്യാവുന്ന ഒട്ടെല്ലാ കാര്യങ്ങളും കാലു കൊണ്ടു ചെയ്തു സ്വന്തം കാലില്‍ നില്‍ക്കുന്ന ജിലുമോള്‍, നാനാതരം ഒഴികഴിവുകള്‍ നിരത്തി, ഉത്തരവാദിത്വങ്ങള്‍ മറന്നുറങ്ങുന്നവരെ ഞെട്ടിച്ചുണര്‍ത്തുന്ന ഒരു കാഹളശബ്ദമാണ്; മുമ്പില്‍ അപര്യാപ്തതകളുടെ അന്ധകാരമാണെന്നു ധരിച്ചു പതറി നില്‍ക്കുന്നവര്‍ക്കു വഴി കാട്ടുന്ന ഒരു പ്രകാശഗോപുരവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org