കാറ്റിലുലയാത്ത കപ്പൽ

കാറ്റിലുലയാത്ത കപ്പൽ

പായ്ക്കപ്പല്‍ കടലിലൂടെ സഞ്ചരിക്കുന്നത് അതിമനോഹരമായ ഒരു കാഴ്ചയാണ്. പക്ഷേ, ഈ ചാരുതയാര്‍ന്നതും അഭിമാനപൂര്‍വ്വകവുമായ സഞ്ചാരത്തിന്‍റെ വിജയത്തിനു പിന്നില്‍ കപ്പിത്താന്‍റെ ശ്രദ്ധാപൂര്‍വ്വമായതും സങ്കീര്‍ണമായതുമായ നിരീക്ഷണങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ട്. കാറ്റ് പിന്നില്‍ നിന്നാണെങ്കിലും കപ്പല്‍ അതിവേഗം മുന്നോട്ടു നീങ്ങും… സൈഡില്‍ നിന്നാണെങ്കിലും കപ്പല്‍ നീങ്ങും. എന്നാല്‍ കാറ്റ് മുന്നില്‍ നിന്നാണെങ്കിലോ? മുന്നോട്ടു നീങ്ങുകയില്ലായെന്നു മാത്രമല്ല ഒരു പക്ഷേ അപകടത്തില്‍ പെടാനോ ദിശ മാറി മുങ്ങാനോ സാധ്യതയുണ്ടെന്നായിരിക്കും നമ്മുടെ മറുപടി. പക്ഷെ, നല്ലൊരു കപ്പിത്താന്‍ കപ്പലിനെ മുന്നോട്ടു തന്നെ നയിക്കുമെന്നതില്‍ സംശയം വേണ്ട… എങ്ങനെയെന്നല്ലെ; കപ്പലിന്‍റെ പായകളുടെ സ്ഥാനം വ്യത്യാസപ്പെടുത്തി പ്രതികൂല കാറ്റിനെ കപ്പലിന്‍റെ സഞ്ചാരത്തിന് അനുകൂലമായി മാറ്റുകയാണ് ചെയ്യുക. വളവുകളും തിരിവുകളും ഈ സഞ്ചാരപഥത്തിലുണ്ടാകാമെങ്കിലും കപ്പലിനെ മുന്നോട്ടു നയിക്കുന്നതില്‍ കപ്പിത്താന്‍ വിജയിക്കുന്നു… ലക്ഷ്യം മാറുന്നുമില്ല!

നമ്മുടെ ജീവിതം വിജയിച്ച് മുന്നേറുകയാണെങ്കില്‍ എല്ലാവരും പറയും കാറ്റ് അനുകൂലമാണെന്ന്; എന്നാല്‍ പരാജയങ്ങളോ, കഷ്ടതകളോ, നഷ്ടങ്ങളോ ഉണ്ടാകുമ്പോള്‍ കാറ്റ് അനുകൂലമല്ലായെന്നും പറയും. നമ്മുടെ ജീവിതത്തിലെ ഈ അനുകൂല പ്രതികൂല കാറ്റ് എന്താണ്? അല്ലെങ്കില്‍ അങ്ങനെയൊന്നുണ്ടോ? പ്രശ്നം കാറ്റിനല്ല പലപ്പോഴും നമ്മിലാണെന്നതിനുള്ള ഒരു ഉദാഹരണമാണ് മേല്‍പറഞ്ഞ പായ്ക്കപ്പലിന്‍റെ സഞ്ചാരം, പ്രതികൂല കാറ്റിലും കപ്പല്‍ അനുകൂല സഞ്ചാരപഥത്തില്‍ത്തന്നെയല്ലേ? പ്രതികൂലകാറ്റിനെ അനുകൂലമാക്കാന്‍ കപ്പിത്താനെടുക്കുന്ന ജാഗ്രതയാണ് ഇവിടെ ശ്രദ്ധാകേന്ദ്രം. ഇതുപോലെ നമ്മുടെ ജീവിതത്തിന്‍റെയും സുഗമമായ സഞ്ചാരത്തിന് അത്യാവശ്യം ദൈവത്തിന്‍റെ പദ്ധതികളെ യഥാസമയം തിരിച്ചറിഞ്ഞ് ജീവിതവിജയത്തിന്‍റെ അര്‍ത്ഥം കണ്ടെത്തുകയെന്നതാണ്.

തടസ്സങ്ങള്‍ പോലും സ്വന്തം മാര്‍ഗ്ഗത്തെ ശക്തിപ്പെടുത്താനായി ദൈവമൊരുക്കുന്ന പദ്ധതിയാണെന്ന് നാം തിരിച്ചറിയുമെങ്കില്‍ ജീവിതം 'നടുക്കടലില്‍' നട്ടം തിരിയില്ല. എതിരെ ആഞ്ഞടിക്കുന്ന കാറ്റുപോലും മുന്നോട്ടുള്ള പ്രയാണത്തിലേക്ക് ഉപയോഗപ്പെടുത്തുമാറ് നമ്മുടെ ജീവിത വീക്ഷണങ്ങളെ തിരിച്ചുവയ്ക്കുമെങ്കില്‍ ദൈവത്തിന്‍റെ പദ്ധതിയിലൂടെ വിജയത്തിലേക്ക് സഞ്ചരിക്കാം. നമ്മുടെ ഇഷ്ടങ്ങളിലേക്ക്. കാറ്റിന്‍റെ ഗതിതിരിക്കാന്‍ ശ്രമിക്കുമ്പോഴാണ് പരാജയത്തിന്‍റെ നീര്‍ക്കയങ്ങള്‍ കാണുക!! "ദൈവം നമ്മുടെ പക്ഷത്തെങ്കില്‍ ആര് നമുക്ക് എതിര് നില്‍ക്കും (റോമ: 8:31).

നിങ്ങളുടെ വഞ്ചിയില്‍ ദൈവമുണ്ടെന്നതിന് അര്‍ത്ഥം നിങ്ങള്‍ക്കൊരിക്കലും കൊടുങ്കാറ്റിനെ നേരിടേണ്ടിവരികയില്ല എന്നല്ല, മറിച്ച് ഒരു കൊടുങ്കാറ്റിനും നിങ്ങളുടെ വഞ്ചിയെ മറിക്കാന്‍ കഴിയില്ല എന്നാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org