കൂദാശകളുടെ സാധുത പരി​ഗണിക്കണം

കൂദാശകളുടെ സാധുത പരി​ഗണിക്കണം

ഡോ. ജോസ് ചിറമേല്‍
(പ്രസിഡന്‍റ്, സീറോ-മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ട്രിബ്യൂണല്‍)

ചോദ്യം
അകത്തോലിക്കാ സഭകളില്‍ മാമ്മോദീസ സ്വീകരിച്ച ഒരാള്‍ കത്തോലിക്ക സഭാ കൂട്ടായ്മയിലേയ്ക്ക് വരുമ്പോള്‍ അയാള്‍ക്ക് വീണ്ടും മാമ്മോദീസ നല്കേണ്ട ആവശ്യമില്ലല്ലോ. എന്നാല്‍, പ്രോട്ടസ്റ്റന്‍റ് സഭയില്‍ സ്ഥൈര്യലേപനം സ്വീകരിച്ചവര്‍ കത്തോലിക്കാ സഭയിലേയ്ക്ക് വരുമ്പോള്‍ അവര്‍ക്ക് വീണ്ടും ഈ കൂദാശ നല്കേണ്ടതുണ്ടോ?

ഉത്തരം
ചോദ്യകര്‍ത്താവ് ഉന്നയിച്ച സംശയത്തിന് ഉത്തരം നല്കുന്നതിനു മുന്‍പ് ഏതെല്ലാം സമൂഹങ്ങളെയാണ് സഭ (Churches) എന്ന് വിളിക്കുന്നതെന്നും ഏതെല്ലാം സമൂഹങ്ങളെയാണ് സഭാസമൂഹങ്ങള്‍ (ecclesial communities) എന്ന് വിളിക്കുന്നതെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

സഭയും സഭാസമൂഹങ്ങളും
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രബോധനങ്ങള്‍ പൗരസ്ത്യ അകത്തോലിക്കാ സഭകളെയും പൗരസ്ത്യ വിഭാഗത്തില്‍പ്പെടാത്ത അകത്തോലിക്കാസഭകളെയും തമ്മില്‍ വേര്‍തിരിച്ചാണ് കാണുന്നത്. സാധുവായ പൗരോഹിത്യം ഉള്ള സഭാസമൂഹങ്ങള്‍ സാധുവായിട്ടായിരിക്കും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നത്. ഇത്തരം സമൂഹങ്ങളെയാണ് സഭ എന്ന് വിളിക്കുന്നത്. അല്ലാത്ത സമൂഹങ്ങളെ സഭാസമൂഹങ്ങള്‍ (ecclesial communities) എന്നു മാത്രമെ വിളിക്കാറുള്ളൂ. ഇക്കൂട്ടര്‍ക്ക് സാധുവായ പൗരോഹിത്യം ഉണ്ടായിരിക്കുകയില്ല.

എക്യുമെനിക്കല്‍ ഡയറക്ടറിയിലെ നിര്‍ദ്ദേശങ്ങള്‍
1993-ല്‍ പരിഷ്കരിച്ച് പുറത്തിറക്കിയ എക്യുമെനിക്കല്‍ ഡയറക്ടറിയിലെ 92 മുതല്‍ 100 വരെയുള്ള ഖണ്ഡികകളില്‍ വ്യക്തമാക്കിയിരിക്കുന്നതനുസരിച്ച്, അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ സഭ ചെയ്യുന്നതുപോലെ ചെയ്യുവാനുള്ള ഉദ്ദേശ്യത്തോടെ ഏതൊരു ക്രൈസ്തവ വിശ്വാസിക്കോ ശിശുവിന്‍റെ മാതാപിതാക്കള്‍ക്കോ മാമ്മോദീസ പരികര്‍മ്മം ചെയ്യാവുന്നതാണ് (CCEO. C. 677/2; CIC. C. 861/2). സഭയുടെ പരമ്പരാഗതമായ പ്രബോധനത്തെ അടിസ്ഥാനമാക്കിയുള്ള നിയമവ്യവസ്ഥയാണിത്. തന്മൂലം, അകത്തോലിക്ക ക്രിസ്തീയ വിശ്വാസികള്‍ക്ക് മാമ്മോദീസ നല്കുന്ന വ്യക്തിയുടെ ശരിയായ നിയോഗത്തെപ്പറ്റി ന്യായമായ സംശയം ഇല്ലാതിരിക്കുകയും പരിശുദ്ധ ത്രിത്വത്തിന്‍റെ നാമത്തില്‍ സ്വാഭാവികജലം കുരിശടയാളത്തില്‍ മൂന്നു പ്രാവശ്യം ശിരസ്സില്‍ ഒഴിച്ചോ, തളിച്ചോ ആണ് മാമ്മോദീസ നല്കിയതെന്ന് ഉറപ്പുവരുത്തുകയും ചെയ്താല്‍, ഇക്കൂട്ടര്‍ കത്തോലിക്കാസഭയിലേയ്ക്ക് വരുമ്പോള്‍ വീണ്ടും, നിബന്ധനയോടുകൂടിപോലും, മാമ്മോദീസ നല്കേണ്ട ആവശ്യമില്ല.

സാധുവായ പൗരോഹിത്യം ഉള്ള സഭകള്‍ സാധുവായിട്ടായിരിക്കും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതെന്ന് നാം കാണുകയുണ്ടായി. ഇത്തരം സഭകളില്‍ നല്കപ്പെടുന്ന സ്ഥൈര്യലേപനവും സാധുവായിട്ടായിരിക്കും പരികര്‍മ്മം ചെയ്യപ്പെട്ടിരിക്കുക.

പൗരസ്ത്യ സഭകളില്‍ സ്ഥൈര്യലേപനത്തിന്‍റെ കാര്‍മ്മികന്‍
പൗരസ്ത്യ വിഭാഗത്തില്‍പ്പെട്ട അകത്തോലിക്കാസഭകളില്‍ സ്ഥൈര്യലേപനമെന്ന കൂദാശയുടെ കാര്‍മ്മികന്‍ വൈദികനാണ്. മാമ്മോദീസയോടൊപ്പമാണ് ഈ കൂദാശ പരികര്‍മ്മം ചെയ്യപ്പെടുന്നതും. മാമ്മോദീസായുടെ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന രജിസ്റ്ററില്‍ സ്ഥൈര്യലേപനംകൂടി നല്കി എന്ന വസ്തുത പലപ്പോഴും രേഖപ്പെടുത്തിയെന്നും വരില്ല. ഇതില്‍ നിന്ന് സ്ഥൈര്യലേപനം എന്ന കൂദാശ നല്കിയോ എന്ന് സംശയിക്കേണ്ടതില്ലെന്നും എക്യുമെനിക്കല്‍ ഡയറക്ടറി വ്യക്തമാക്കുന്നു (no. 99, b). പൗരസ്ത്യവിഭാഗത്തില്‍പ്പെടുന്ന അകത്തോലിക്കാ സഭകളിലെ പൗരോഹിത്യത്തിന്‍റെ സാധുത കത്തോലിക്കാസഭ ഒരിക്കലും സംശയിച്ചിട്ടില്ല. പൗരസ്ത്യസഭകളെ സംബന്ധിക്കുന്ന ഡിക്രിയില്‍ ഓര്‍ത്തഡോക്സ് സഭകള്‍ക്ക് സവിശേഷമായ പ്രാധാന്യമാണ് നല്കുന്നത്. ഈ സഭകളെ കത്തോലിക്കാസഭയുമായി ഏറെക്കാര്യങ്ങളില്‍ കൂട്ടായ്മയുള്ള സഹോദരി സഭകളായാണ് കത്തോലിക്കാസഭ കണക്കാക്കുന്നത്.

എന്നാല്‍, എപ്പിസ്കോപ്പല്‍ സഭ (Episcopalians) ലൂഥറന്‍ സഭ (Lutherans) തുടങ്ങിയ പ്രോട്ടസ്റ്റന്‍റ് സഭാസമൂഹങ്ങള്‍ നല്കി വരുന്ന സ്ഥൈര്യലേപനം എന്ന കൂദാശയുടെ കാര്യം വ്യത്യസ്തമാണ്. ഇത്തരം സഭകള്‍ നല്കുന്ന കൂദാശകളുടെ കൗദാശിക സ്വഭാവം (Sacramental nature), സ്ഥൈര്യലേപനം എന്ന കൂദാശയുടെ പരികര്‍മ്മം എന്നിവ സംബന്ധിച്ച കാര്യങ്ങളിലൊന്നും കത്തോലിക്കാസഭയുമായി ഐക്യത്തില്‍ എത്തിചേര്‍ന്നിട്ടില്ല. തന്മൂലം മേല്പറഞ്ഞ സഭാസമൂഹങ്ങളില്‍ നിന്ന് കത്തോലിക്കാസഭയിലേയ്ക്ക് വരുന്നവര്‍ കത്തോലിക്കാസഭയുടെ സിദ്ധാന്തം (doctrine) അനുസരിച്ചും ആരാധനാക്രമനിബന്ധനകളനുസരിച്ചും സ്ഥൈര്യലേപനം എന്ന കൂദാശ സ്വീകരിച്ചാലേ കത്തോലിക്ക സഭാകൂട്ടായ്മയിലേയ്ക്ക് ചേര്‍ക്കപ്പെടുകയുള്ളൂ (no. 101).

ഇത്തരത്തിലുള്ളൊരു വ്യത്യാസത്തിനു കാരണം മേല്പറഞ്ഞ സഭാസമൂഹങ്ങള്‍ക്കൊന്നും (ecclesial communities) സാധുവായ പൗരോഹിത്യം ഉള്ളതായി കത്തോലിക്കാ സഭ അംഗീകരിക്കുന്നില്ലെന്നതാണ്. സാധുവായ മെത്രാന്‍പട്ടം സ്വീകരിച്ച മെത്രാനോ സാധുവായ തിരുപ്പട്ടം സ്വീകരിച്ച വൈദികനോ മാത്രമെ സാധുവായി സ്ഥൈര്യലേപനമെന്ന കൂദാശ നല്കാനും സാധിക്കുകയുള്ളൂ. തന്മൂലം, പ്രോട്ടസ്റ്റന്‍റ് സഭകളില്‍ സ്ഥൈര്യലേപനം സ്വീകരിച്ച വ്യക്തി കത്തോലിക്കാ സഭയിലേയ്ക്കു വരുമ്പോള്‍ ഈ കൂദാശ പുതുതായി സ്വീകരിക്കേണ്ടതുണ്ട്.

ലത്തീന്‍ നിയമമനുസരിച്ച്, സ്ഥൈര്യലേപനത്തിന്‍റെ സാധാരണ കാര്‍മ്മികന്‍ മെത്രാനാണ് (CIC. c. 882). ആവശ്യം വരുകയാണെങ്കില്‍ മാത്രം ഒന്നോ അതിലധികമോ നിശ്ചയിക്കപ്പെട്ട വൈദികര്‍ക്ക് ഈ കൂദാശ പരികര്‍മ്മം ചെയ്യാനുള്ള അനുമതി മെത്രാന് നല്കാവുന്നതാണ് (CIC. C. 884/1). എന്നാല്‍, പൗരസ്ത്യ നിയമമനുസരിച്ച്, പൗരസ്ത്യസഭകളില്‍പ്പെട്ട എല്ലാ വൈദികര്‍ക്കും മാമ്മോദീസയോടൊപ്പമോ അല്ലാതെയോ സ്ഥൈര്യലേപനം ഏത് സ്വയാധികാര സഭയില്‍പ്പെട്ട വിശ്വാസിക്കും സാധുവായി നല്കുവാന്‍ കഴിയും. അതുപോലെ, സ്ഥൈര്യലേപനം പരികര്‍മ്മം ചെയ്യാന്‍ അനുവാദമുള്ള ലത്തീന്‍സഭയിലെ വൈദികരില്‍നിന്ന് പ്രസ്തുത കൂദാശ പൗരസ്ത്യ സഭാംഗങ്ങള്‍ക്കും സ്വീകരിക്കാവുന്നതാണ് (CCEO. C. 696).

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പ്രോട്ടസ്റ്റന്‍റ് സഭാംഗം കത്തോലിക്കാസഭയിലേയ്ക്ക് വരുമ്പോള്‍ അദ്ദേഹത്തിന് സ്ഥൈര്യലേപനം നല്കുന്നത് നേരത്തെ മാമ്മോദീസ സ്വീകരിച്ച ഒരാളെ കത്തോലിക്ക സഭാകൂട്ടായ്മയിലേയ്ക്ക് സ്വീകരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ്.

രക്ഷാകരരഹസ്യത്തിലേയ്ക്കുള്ള പ്രവേശനത്തില്‍ സ്ഥൈര്യലേപനത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് പ്രോട്ടസ്റ്റന്‍റ് സഭകളില്‍നിന്ന് കത്തോലിക്കാകൂട്ടായ്മയിലേയ്ക്ക് വരുന്നവര്‍ക്ക് കത്തോലിക്കാസഭയില്‍ സ്ഥൈര്യലേപനം വൈകാതെ നല്കണമെന്ന് അനുശാസിക്കുന്നത്.
പ്രായപൂര്‍ത്തിയായ (adult) എല്ലാവരും സ്ഥൈര്യലേപനം സ്വീകരിക്കേണ്ടതിന്‍റെ പ്രാധാന്യം സഭാനിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. ലത്തീന്‍ നിയമമനുസരിച്ച്, സ്ഥൈര്യലേപനം സ്വീകരിക്കാത്തവര്‍ വിവാഹത്തിലേയ്ക്ക് പ്രവേശിക്കുന്നതിനുമുന്‍പ്, ഗൗരവമുള്ള അസൗകര്യം കൂടാതെ ചെയ്യാന്‍ സാധിക്കുമെങ്കില്‍, ഈ കൂദാശ സ്വീകരിക്കേണ്ടതാണ് (CIC. C. 1065/1). കത്തോലിക്കാ സഭയിലേയ്ക്ക് ഇയാളെ സ്വീകരിച്ച മെത്രാനോ വൈദികനോ സ്ഥൈര്യലേപനം നല്കാവുന്നതാണ് (CIC. C. 883). പൗരസ്ത്യനിയമസംഹിതയില്‍ ഇക്കാര്യം പ്രതിപാദിച്ചിട്ടില്ലാത്തത് പൗരസ്ത്യ പാരമ്പര്യമനുസരിച്ച് മാമ്മോദീസയോടൊപ്പം സ്ഥൈര്യലേപനം, വി. കുര്‍ബാന എന്നീ കൂദാശകള്‍കൂടി നല്കുന്നതുമൂലം പൗരസ്ത്യസഭാംഗങ്ങളില്‍ ഈ കൂദാശ സ്വീകരിക്കാത്തവര്‍ ഉണ്ടാകാനിടയില്ലാത്തതുകൊണ്ടാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org