കുഞ്ഞികാത്തിയും തേൻകുരുവിയും

കുഞ്ഞികാത്തിയും തേൻകുരുവിയും

കഥ

ജോസ് മോൻ, ആലുവ

വൈകുന്നേരം അമ്മയോടു സ്കൂളിലെ വിശേഷങ്ങള്‍ പറഞ്ഞിരിക്കുമ്പോഴാണു കാത്തി ആ കാഴ്ച കണ്ടത്. അതാ… ഒരു തേന്‍കുരുവി ചുണ്ടില്‍ ചകിരിനാരുമായി പറന്നുവരുന്നു.

വീട്ടുമുറ്റത്തെ ചാമ്പമരത്തിലേക്കാണ് അതു വന്നുപോകുന്നത്. കാത്തി എല്ലാം വളരെ ശ്രദ്ധയോടെ നോക്കിയിരുന്നു. തേന്‍കുരുവി മുട്ടയിടാന്‍ കൂടുകെട്ടുന്നതിന്‍റെ തിരക്കിലാണ്.

ചകിരിനാരും വാഴനാരുംകൊണ്ട് ഇലകള്‍ കൂട്ടിത്തുന്നിയാണു കൂടു നിര്‍മാണം. മഴക്കാലമാണെങ്കിലും ഒരു തുള്ളിവെള്ളംപോലും കൂടിനുള്ളില്‍ വീഴാത്തവിധം അത്ര സൂക്ഷ്മതയോടെ കൂടുപണി പൂര്‍ത്തിയാക്കി.

തേന്‍കുരുവി കൂട്ടില്‍ രണ്ടു മുട്ടയിട്ടു. കാത്തി ദിവസവും ചാമ്പമരത്തിന്‍റെ അടുത്തുപോയി മുട്ട വിരിഞ്ഞോ എന്നു നോക്കും.

ഒരു ദിവസം രാവിലെ കാത്തി ഉണര്‍ന്നത് തേന്‍കുരുവികളുടെ ശബ്ദം കേട്ടാണ്. ചിലച്ചും ചിറകടിച്ചും അവ മുറ്റത്തു പാറിപ്പറക്കുന്നു. കാത്തി ഏറെ കൗതുകത്തോടെ കൂട്ടിലേക്ക് എത്തിനോക്കി.

'ഹായ്…' കാത്തിക്കു തന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല… സന്തോഷത്താല്‍ അവള്‍ തുള്ളിച്ചാടി. "അമ്മേ, ഓടിവാ… കുരുവിയുടെ മുട്ട വിരിഞ്ഞു… ദേ രണ്ടു കുരുവിക്കുഞ്ഞുങ്ങള്‍… അമ്മയും കാത്തിയുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.

കലപില ശബ്ദമുണ്ടാക്കി കളിക്കാനെത്തുന്ന പീക്കിരി പിള്ളേരുടെയും… മ്യാവൂ… മ്യാവൂ കരഞ്ഞെത്തുന്ന കുറുമ്പിപൂച്ചകളുടെയും കണ്ണില്‍പ്പെടാതെ കുരുവിക്കുഞ്ഞുങ്ങളെ കാത്തുരക്ഷിക്കണമേയെന്നു കാത്തി എന്നും പ്രാര്‍ത്ഥിച്ചുപോന്നു.

ഒരു ദിവസം സ്കൂള്‍ വിട്ടുവന്ന കാത്തി പതിവുപോലെ ചാമ്പമരത്തിനരികിലേക്ക് ഓടി. പിന്നെ കേട്ടത് ഉച്ചത്തിലുള്ള നിലവിളിയാണ്.

അമ്മ ഓടിയെത്തി കാര്യം തിരക്കി. "കാത്തിമോളേ എന്തുപറ്റി…?"

"അമ്മേ, എന്‍റെ കുരുവിക്കുഞ്ഞുങ്ങളെ കാണാനില്ല…എനിക്കിപ്പം തേന്‍കുരുവികളെ കാണണം" – കാത്തി നിര്‍ബന്ധം പിടിച്ചു.

"മോളേ, അവ പറന്നു പോയിക്കാണും. ഇന്നലെ അമ്മക്കുരുവി കുഞ്ഞിക്കുരുവികളെ പറക്കാന്‍ പഠിപ്പിക്കുന്നതു നമ്മള്‍ കണ്ടതല്ലേ…? സാരമില്ല… തേന്‍കുരുവികള്‍ ഇനിയും വരും, കൂടുകെട്ടും, മുട്ടയിടും…" – അമ്മ കുഞ്ഞുകാത്തിയെ മടിയിലിരുത്തി ആശ്വസി പ്പിച്ചു.

എങ്കിലും അവള്‍ സങ്കടം സഹിക്കാനാവാതെ വിങ്ങിപ്പൊട്ടി. അമ്മ എല്ലാം വിശദമായി കാത്തിക്കു പറഞ്ഞുകൊടുത്തു. "കാത്തിമോളേ, ഓരോ ജീവികള്‍ക്കും ഈ ലോകത്തില്‍ ചെയ്തുതീര്‍ക്കാന്‍ ഓരോ കടമയുണ്ട്. തേന്‍കുരുവികള്‍ അതാണു ചെയ്തത്… അമ്മക്കുരുവിയും അച്ഛന്‍കുരുവിയുംകൂടെ കൂടുകെട്ടി… അമ്മക്കിളി മുട്ടയിട്ടു… അടയിരുന്നു… മുട്ട വിരിഞ്ഞു… പുറത്തുവന്ന കുഞ്ഞിക്കിളികള്‍ക്ക് അവ തീറ്റതേടി കൊടുത്തു. പിന്നെ പറക്കാന്‍ പഠിപ്പിച്ചു… അവസാനം പറന്നുപോയി." കരച്ചില്‍ നിര്‍ത്തി… കണ്ണീര്‍ തുടച്ചുകൊണ്ടു കാത്തി എല്ലാം കേട്ടിരുന്നു.

"തേന്‍കുരുവി അതിന്‍റെ കടമ ചെയ്തു. ഇതുപോലെ കാത്തിമോള്‍ക്കും ചെയ്യാന്‍ ഒരു കടമയുണ്ട്. അതാണു പഠനം. അതു ദൈവവിചാരത്തോടെ ചെയ്യണം. അപ്പോള്‍ കാത്തിയും ജീവിതത്തില്‍ 'ഉയരെ' എത്തും."

എല്ലാം തലയാട്ടി സമ്മതിക്കുമ്പോഴും കുഞ്ഞികാത്തി വിതുമ്പുന്നുണ്ടായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org