കുട്ടികൾ കേട്ട് പഠിക്കുന്നു; കണ്ട് അനുകരിക്കുന്നു

കുട്ടികൾ കേട്ട് പഠിക്കുന്നു; കണ്ട് അനുകരിക്കുന്നു

സി. ഡോ. പ്രീത സി.എസ്.എന്‍.

ചിന്നുവിന്‍റെ മാതാപിതാക്കള്‍ക്ക് ഈ അവധിക്കാലം അകത്തിരുന്ന് കഴിയുന്നതിലും ക്ലേശകരം മറ്റു കുട്ടികളുമായി പൊരുത്തപ്പെട്ടുപോകാതെ പൊട്ടിത്തെറിയും, കൂട്ടുവെട്ടലും കരച്ചിലും വാശിപിടിക്കുകയും ചെയ്യുന്ന ചിന്നുവിനെ നിയന്ത്രിക്കലാണ്. ചെറിയ കാര്യം മതി അവളുടെ ഭാവം മാറാന്‍. പിന്നെ കാട്ടിക്കൂട്ടുന്നത് എന്തൊക്കെയാണെന്ന് അവള്‍ക്ക് തന്നെ അറിയില്ല. കുറച്ചു സമയം കഴിഞ്ഞാല്‍ എല്ലാം ശാന്തമാകും, അവള്‍ പഴയപടിയാകും. പക്ഷേ വീട്ടിലെ മറ്റു കുട്ടികളുടെ നശിപ്പിച്ച കളിപ്പാട്ടങ്ങളും എറിഞ്ഞുപൊട്ടിച്ച പാത്രങ്ങളും വല്യപ്പച്ചനോടും വല്യമ്മയോടും പറഞ്ഞ മുറിപ്പെടുത്തുന്ന വാക്കുകളും ഭക്ഷണം ഒഴിവാക്കിയുള്ള കിടപ്പും എങ്ങനെ പരിഹരിക്കാനാകും. അവളുടെ വാശി അവള്‍ വളരുന്നതോടൊപ്പം നിയന്ത്രിക്കാനാകാത്തവിധം കൂടിവരികയാണ്. മറ്റു കുട്ടികള്‍ അവധിക്കാലം അകത്തിരുന്ന് ആസ്വദിക്കുമ്പോള്‍ ചിന്നു എല്ലാ ദിവസവും വഴക്കിനുള്ള കാരണം കണ്ടെത്തും.

കുട്ടികളുടെ ആദ്യ വിദ്യാലയം കുടുംബവും ആദ്യ അധ്യാപകര്‍ മാതാപിതാക്കളുമാണ്. അക്ഷരങ്ങള്‍ പഠിക്കുംമുമ്പ് കുട്ടികള്‍ അവരുടെ ആദ്യഅധ്യാപകരെ നിരീക്ഷിച്ചും അനുകരിച്ചും കണ്ടും കേട്ടും പഠിക്കാന്‍ ആരംഭിക്കും. കാലക്രമേണ അത് അവരുടെ സ്വഭാവത്തിന്‍റെ ഭാഗമായിത്തീരുന്നു. മാതാപിതാക്കളെ അന്ധമായി അനുകരിക്കുന്ന കുട്ടികള്‍, അവരുടെ പ്രവൃത്തികള്‍ ഒപ്പിയെടുക്കുന്ന കുട്ടികള്‍, മാതാപിതാക്കള്‍ മാറ്റിയെടുക്കാന്‍ പരിശ്രമിക്കുന്ന, ഒരിക്കലും തങ്ങളുടെ കുട്ടികള്‍ കണ്ട് പഠിക്കരുതെന്ന് ആഗ്രഹിക്കുന്ന പല കാര്യങ്ങളും അതേപടി അനുകരിക്കുന്നു, ശ്രദ്ധ പിടിച്ചുപറ്റുന്നു.

ചിന്നുവിന്‍റെ കാര്യത്തില്‍ ഇതു വളരെ പ്രകടമാണ്. മാതാപിതാക്കളുടെ അസ്വസ്ഥതയില്‍ നിന്ന് ഒരു കാര്യം ഉറപ്പായി. മറ്റു കുട്ടികള്‍ വിട്ടുകളയുന്നതും പ്രത്യേകിച്ച് ദേഷ്യപ്രകൃതിയും പൊട്ടിത്തെറിയും ചിന്നു വീണ്ടെടുത്തു. അവളുടെ അമ്മ ചെറിയ പ്രശ്നങ്ങളുടെ മുമ്പില്‍ വീട്ടില്‍ ഒരു നിത്യവഴക്കളിയാണ് – മിണ്ടാതിരിക്കുന്നു, അടുക്കളയിലെ പാത്രങ്ങള്‍ വലിച്ചെറിയുന്നു, പ്രായമായ മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നു, മക്കളുടെ മുമ്പില്‍ വച്ച് ഭര്‍ത്താവിനെ താഴ്ത്തി സംസാരിക്കുന്നു. തന്‍റെ ഈ ദേഷ്യസ്വഭാവം മാറ്റിയെടുക്കാന്‍ പലവട്ടം പരിശ്രമിച്ച് പരാജയപ്പെട്ടു നില്ക്കുമ്പോഴാണ് അമ്മ പോലുമറിയാതെ അമ്മയുടെ ദേഷ്യം ഒപ്പിയെടുത്ത് ചിന്നു ഈ ദേഷ്യപ്രകടനത്തിന്‍റെ മറ്റൊരു മുഖം കാണിച്ചു വീട്ടില്‍ അസ്വസ്ഥത കൂട്ടുന്നത്. കുട്ടിയാണെങ്കിലും അവള്‍ ഒരു കാര്യവും വിട്ടു കൊടുക്കില്ല.

ഓരോ സാഹചര്യത്തിലും എങ്ങനെ പെരുമാറാം, പ്രശ്നങ്ങളെ എങ്ങനെ തരണം ചെയ്യാമെന്ന് കുട്ടികള്‍ പഠിച്ചെടുക്കുന്ന ആദ്യകളരി കുടുംബമാണ്. സങ്കീര്‍ണ്ണ പ്രശ്നങ്ങളെ സമചിത്തതയോടെ അഭിമുഖീകരിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ ശാന്തമായി പ്രശ്നങ്ങളെ നേരിടാന്‍ പ്രാപ്തരാകും.

മാതാപിതാക്കള്‍ക്ക് ചെയ്യാവുന്ന ചില കാര്യങ്ങള്‍

– കുട്ടികള്‍ അനുകരിക്കരുതെന്ന് ആഗ്രഹിക്കുന്ന കാര്യങ്ങള്‍ അവരുടെ മുമ്പില്‍ ചെയ്യാതിരിക്കുക.

– ചില പ്രകോപിത സാഹചര്യങ്ങള്‍ മനസ്സിലാക്കി കുറച്ചു സമയത്തേക്ക് മാറി നില്ക്കുക.

– ദേഷ്യത്തോടെ പ്രതികരിക്കാതിരിക്കുക.

– കുട്ടികളുടെ മുമ്പില്‍ നിന്നുള്ള ദേഷ്യപ്രകടനങ്ങള്‍ വിവേകത്തോടെയാക്കുക. ഉദാ:- വാക്ക്, പ്രവൃത്തി, മുഖഭാവം.

– സങ്കീര്‍ണ്ണതകളില്‍ സമനിലതെറ്റാതെ കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ പരിശ്രമിക്കുക.

ഈ അവധിക്കാലത്ത് എല്ലാവരും വീട്ടില്‍ ഒതുങ്ങിക്കൂടുമ്പോള്‍ കുട്ടികള്‍ മാതാപിതാക്കളുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നു, അനുകരിക്കുന്നു. പരസ്പരം സഹായിക്കേണ്ട, സഹകരിക്കേണ്ട ഈ ദിവസങ്ങളില്‍ കുട്ടികള്‍ പങ്കുവയ്ക്കലിന്‍റെയും കരുതലിന്‍റെയും കരുണയുടെയും, എല്ലാറ്റിലുപരിയായി സ്നേഹത്തിന്‍റെയും നല്ല പാഠങ്ങള്‍ മാതാപിതാക്കളെ നോക്കി പഠിക്കട്ടെ. ഇത്തരം പ്രതിസന്ധികളെ മാതാപിതാക്കള്‍ അഭിമുഖീകരിക്കുന്ന രീതികള്‍ കുട്ടികളും കണ്ട് പഠിച്ച് ജീവിതത്തില്‍ പകര്‍ത്തി മൂല്യബോധത്തില്‍ വളരട്ടെ.

Phone : 0484-2600464
E-mail : jeevanapsychospiritual@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org