മണമില്ലാത്ത മുറ്റത്തെ മുല്ല

മണമില്ലാത്ത മുറ്റത്തെ മുല്ല

ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്

കോട്ടയം സ്വദേശിയായ ഏനാക്കല്‍ ചാണ്ടി ജോര്‍ജ്ജ് സുദര്‍ശന്‍ (1931-2018) കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞുപോയി. ഭൗതിക ശാസ്ത്രത്തിന് വലിയ സംഭാവനകള്‍ നല്‍കിയ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ സിദ്ധാന്തങ്ങളെപ്പോലും പുനര്‍വ്യാഖ്യാനിക്കാന്‍ കഴിവുള്ള ഉയരങ്ങളിലേക്ക് എത്തിച്ചേര്‍ന്നെങ്കിലും അംഗീകാരത്തിന്‍റെ കാര്യത്തില്‍ സ്റ്റീഫന്‍ ഹോക്കിംഗിന്‍റെ അതേ ഗതിതന്നെ സ്വീകരിക്കേണ്ടിവന്നു. ഭാരതം 2017-ല്‍ പത്മവിഭൂഷന്‍ ബഹുമതി നല്‍കി ആദരിച്ചു എന്നത് ശരിയാണെങ്കിലും എന്തുകൊണ്ടോ ഗലീലിയോ, ഐന്‍സ്റ്റീന്‍, സി.വി. രാമന്‍ തുടങ്ങിയവരുടെ ഗണത്തില്‍പ്പെടുത്താന്‍ അല്പം അമാന്തം കാണിച്ചു എന്നത് ഖേദകരമായ ഒരു യാഥാര്‍ത്ഥ്യമാണ്. എന്‍റെ കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ ഡോക്ടര്‍ ജോര്‍ജ്ജ് സുദര്‍ശന്‍ തൃശൂര്‍ സെന്‍റ് തോമസ് കോളേജിലെ മെഡിലി കോര്‍ട്ട് ഹാളില്‍ പ്രഭാഷണത്തിനെത്തിയപ്പോള്‍ ഒരു ശുഷ്കിച്ച സദസ്സ് മാത്രമേ അദ്ദേഹത്തെ ശ്രദ്ധിക്കാനുണ്ടായിരുന്നുള്ളൂ. അന്ന് പ്രസംഗകരില്‍ പലരും ഇദ്ദേഹം ഭാവിയില്‍ നോബേല്‍ സമ്മാനാര്‍ഹനാകുമെന്ന് ഉറപ്പോടെ പ്രസ്താവിച്ചെങ്കിലും അത് ഉണ്ടായില്ല. പല പ്രാവശ്യം നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദ്ദേശം ലഭിച്ചെങ്കിലും ഒരു വര്‍ഷം ഒരു മേഖലയില്‍ ഒരാള്‍ക്ക് മാത്രമേ സാധാരണയായി ഈ രാജ്യാന്തര സമ്മാനം നല്‍കാറുള്ളൂ എന്ന ഒറ്റക്കാരണം കൊണ്ട് അത് തള്ളപ്പെട്ടു. മാത്രമല്ല അദ്ദേഹത്തിന്‍റെ സിദ്ധാന്തം റിച്ചാര്‍ഡ് ഫ്രെയര്‍മാനും അത് ജെല്‍ അംഗീകരിച്ച് പ്രചരിപ്പിച്ചു. അപ്പോഴും അവര്‍ ഈ സിദ്ധാന്തത്തിന്‍റെ പ്രാരംഭകന്‍ സുദര്‍ശനാണെന്ന് അടിവരയിട്ട് പറഞ്ഞിരുന്നു. എങ്കിലും അദ്ദേഹത്തിന്‍റെ സഹശാസ്ത്രജ്ഞനായിരുന്ന ഗ്ലോബറിനാണ് നൊബേല്‍ സമ്മാനനറുക്ക് വീണത്. സുദര്‍ശന്‍റെ കനത്ത സംഭാവനയായ ക്വാണ്ടം ഓഫ് ഒപ്റ്റിക്കസ് നൊബേല്‍ സമ്മാനത്തേക്കാള്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. പ്രകാശത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന 'തക്കിയോണ്‍ സിന്‍റ' എന്ന സിദ്ധാന്തത്തിലൂടെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനെ പോലും തിരുത്തിയ മഹാനാണ് സുദര്‍ശന്‍. ശാസ്ത്രവും ആത്മീയതയും സമജ്ജസമായി സംഗമിപ്പിക്കുന്നതില്‍ ജിദ്ദു കൃഷ്ണമൂര്‍ത്തിയോടൊപ്പം അദ്ദേഹം സഹകരിച്ചു പ്രവര്‍ത്തിച്ചു.

സ്റ്റീഫന്‍ ഹോക്കിംങ്ങ്സ് ഈ ലോകം കണ്ട പ്രശസ്ത ഭൗതിക പ്രപഞ്ച ശാസ്ത്രജ്ഞനാണ്. സ്റ്റീഫന്‍ ഹോക്കിംങ്ങ്സിന്‍റെ തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പകല്‍ വെളിച്ചം പോലെ വ്യക്തമായ സിദ്ധാന്തം, തെളിവുകള്‍ പോരെന്ന കാരണത്താല്‍ തള്ളികളഞ്ഞത് ഡോക്ടര്‍ സുദര്‍ശന്‍റെ വേര്‍പാടിന്‍റെ വേളയില്‍ ദുഃഖത്തോടെ ഓര്‍ത്തുപോകുന്നു. ഗലീലിയോ – ന്യൂട്ടന്‍ -ഐന്‍സ്റ്റീന്‍-സ്റ്റീഫന്‍ ഹോക്കിംങ്ങ് എന്നിവരുടെ നിരയിലാണ് ഡോക്ടര്‍ ജോര്‍ജ്ജ് സുദര്‍ശന്‍റെയും സ്ഥാനം. ഈ അച്ചുതണ്ടിന് ചുറ്റുമാണ് ഇന്നും ലോകം തിരിഞ്ഞുകൊണ്ടിരിക്കുന്നത്.

നോബേല്‍ സമ്മാനം സാധാരണയായി മരണശേഷം സമ്മാനിക്കപ്പെടാറില്ല. അതുകൊണ്ട് ശാസ്ത്രലോകത്തിന് ഈ വിധം സുദര്‍ശനെ ആദരിക്കാനാവില്ല. ശാസ്ത്രലോകത്തില്‍ അല്പമെങ്കിലും ധാര്‍മ്മികതയ്ക്ക് സ്ഥാനമുണ്ടായിരുന്നുവെങ്കില്‍ ഗ്ലോബറും സുദര്‍ശനും നോബല്‍ സമ്മാനം പങ്കിടേണ്ടതായിരുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് കൃത്യസമയത്ത് നല്‍കപ്പെടാത്ത ഒരു സമ്മാനമാണ് 'നോബല്‍' എന്ന ആരോപണം ഒരിക്കല്‍ക്കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. യാഥാര്‍ത്ഥ ശാസ്ത്രജ്ഞന്‍മാരും ഗവേഷകരും ഒരു സമ്മാനം ലഭിക്കാന്‍ വേണ്ടിയല്ല ഗവേഷണം തുടരുന്നത്. അവരുടെ ലക്ഷ്യം ലോകനന്മയാണ്.

ഒരു കേരളീയന്‍ എന്ന നിലയില്‍ ഡോ. ഇ.സി. ജോര്‍ജ്ജ് സുദര്‍ശന്‍ അഭിമാനം കൊണ്ടിരുന്നുവെന്ന് അദ്ദേഹവുമായുള്ള ഒരു അഭിമുഖസംഭാഷണത്തില്‍നിന്ന് വ്യക്തമാകുന്നു. താന്‍ പിറന്ന മണ്ണിന്‍റെ സംസ്ക്കാരവും, വിജ്ഞാന തൃഷ്ണയും തന്നെ ഭാവാത്മകമായി സ്വാധീനിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഏറ്റുപറയുമ്പോള്‍ കേരളീയരും ഭാരതീയരുമായ നാം അഭിമാനപുളകിതരാകുന്നു. എങ്കിലും അന്തര്‍ദേശീയ തലങ്ങളില്‍ നടക്കുന്ന ഗവേഷണ കുതിപ്പുകള്‍ക്ക് മുമ്പില്‍ നമ്മുടെ സംഭാവനകള്‍ തുലോം തുച്ഛമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. അന്ത്യനാളുകള്‍ കേരളത്തിലായിരിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തിന്‍റെ ഭൗതീക സാന്നിദ്ധ്യം നമുക്ക് നഷ്ടമായെങ്കിലും നമ്മുടെ കലാശാലകളിലെ ഗവേഷണ നിലവാരം രാജ്യാന്തരതലത്തിലേക്ക് ഉയര്‍ത്താനായാല്‍ അതായിരിക്കും അദ്ദേഹത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ആദരവ്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് 'ഭാരതരത്നം' സമ്മാനിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാനുമാവില്ലല്ലോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org