മറിയം പ്രതിസന്ധികളില്‍ ആശ്വാസം

മറിയം പ്രതിസന്ധികളില്‍ ആശ്വാസം

ജീവിതത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ മനുഷ്യാത്മാവിന് ഏറ്റം ആശ്വാസം പരിശുദ്ധ അമ്മയാണ്. കാനായില്‍ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ സങ്കടകരമായ ആ കാര്യം ആദ്യം അറിഞ്ഞത് ദൈവപുത്രനായ ഈശോ തന്നെയായിരിക്കണമല്ലോ. അവര്‍ക്ക് വീഞ്ഞുകൊടുക്കണമെന്ന് ഏറ്റവുമധികം ആഗ്രഹിച്ചതും കരുണതന്നെയായ ഈശോയായിരിക്കും. എന്നാല്‍ അത് ഒരപേക്ഷയായി പരിശുദ്ധ അമ്മയിലൂടെ വരാനും, അമ്മ വഴിയുള്ള അത്ഭുതമായി പ്രവര്‍ത്തിക്കാനും, ഈശോ കാത്തിരുന്നു. പരിശുദ്ധ അമ്മയെ മക്കള്‍ അവരുടെ ആവശ്യങ്ങളില്‍ ആശ്രയിക്കാനും അമ്മയിലൂടെ സ്വര്‍ഗം നമ്മെ അനുഗ്രഹിക്കാനും ആഗ്രഹിക്കുന്നു എന്ന തിന്റെ തെളിവാണല്ലോ അത്. വിശുദ്ധരെല്ലാം അവരുടെ പ്രതിസന്ധിവേളകളില്‍ ആ അമ്മയുടെ സഹായം അപേക്ഷിച്ചവരാണ്. അവരെല്ലാം അമ്മയുടെ പ്രത്യേക സഹായം പ്രാപിച്ചവരുമാണ്. വിശുദ്ധ യാക്കോബ് ശ്ലീഹയെക്കുറിച്ച് പാരമ്പര്യം ഇപ്രകാരം സാക്ഷിക്കുന്നു: സ്‌പെയിനില്‍ സുവിശേഷ പ്രഘോഷണം നടത്തുകയാ യിരുന്നു ശ്ലീഹ. ഏറെ നാളുകള്‍ ചുറ്റിസഞ്ചരിച്ച് ഈശോയെക്കുറിച്ച് പറഞ്ഞിട്ടും ആരും മാനസാന്തരപ്പെടുന്നില്ല. നിരാശനായി സുവിശേഷപ്രഘോഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് കഴിയവേ പരിശുദ്ധ കന്യകാ മാതാവ് യാക്കോബിന് പ്രത്യക്ഷപ്പെട്ട് അത്ഭുതകരമായി ഇടപെട്ട് ശക്തിപ്പെടുത്തി. സ്‌പെയിനില്‍ സാരാഗോസില്‍ ഒരു അത്ഭുതസ്തൂപം കാണപ്പെട്ടു. ആളുകള്‍ അത്ഭു തസ്തബ്ദരായി സുവിശേഷത്തില്‍ വിശ്വസിച്ചു. സുവിശേഷപ്രഘോഷണ ദൗത്യത്തില്‍ പരിശുദ്ധ കന്യകാമറിയം ശിഷ്യസമൂഹത്തിന് സഹായമാണ്. അവള്‍ പ്രേഷിതരുടെ രാജ്ഞികൂടിയാണല്ലോ. സുവിശേഷശുശ്രൂഷാജീവിതത്തില്‍ മനസ്സുമടുക്കുന്നവര്‍ക്ക് അമ്മ പ്രത്യാശയുടെ പ്രഭാതതാരം തന്നെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org