മാറ്റങ്ങൾ അനിവാര്യമാണ്

മാറ്റങ്ങൾ അനിവാര്യമാണ്

ഒരിക്കല്‍ ഒരു മരംവെട്ടുകാരന്‍ ജോലിയന്വേഷിച്ചു തടിക്കച്ചവടക്കാരന്‍റെ അടുത്തെത്തി.

ശമ്പളവ്യവസ്ഥകളെല്ലാം പറഞ്ഞുറപ്പിച്ചശേഷം ആ തടിക്കച്ചവടക്കാരന്‍ ഒരു മഴു അയാളെ ഏല്പിച്ചു. മരം വെട്ടേണ്ട സ്ഥലം അയാള്‍ക്കു കാണിച്ചുകൊടുത്തു.

ഒന്നാമത്തെ ദിവസം വൈകുന്നേരമായപ്പോള്‍ കൂലി വാങ്ങിക്കാന്‍ അയാള്‍ തടിക്കച്ചവടക്കാരന്‍റെ അടുക്കലെത്തി.

"എത്ര മരം വെട്ടി?" – തടിക്കച്ചവടക്കാരന്‍ ചോദിച്ചു.

'പതിനെട്ട്" – അയാള്‍ അഭിമാനത്തോടെ പറഞ്ഞു.

"കൊള്ളാം; ഇങ്ങനെ വേണം" – കച്ചവടക്കാരന്‍ അഭിനന്ദിച്ചു.

പിറ്റേ ദിവസം തലേന്നത്തേക്കാളും കൂടുതല്‍ അദ്ധ്വാനിച്ചെങ്കിലും പതിനഞ്ചു മരം മുറിക്കാനേ സാധിച്ചുള്ളൂ.

അടുത്ത ദിവസമാകട്ടെ സര്‍വശക്തിയും ഉപയോഗിച്ച് അദ്ധ്വാനിച്ചുവെങ്കിലും വെറും പത്തു മരങ്ങളാണു മുറിക്കാന്‍ കഴിഞ്ഞത്.

ദിവസം ചെല്ലുന്തോറും മുറിക്കുവാന്‍ സാധിക്കുന്ന മരത്തിന്‍റെ എണ്ണം കുറഞ്ഞുകൊണ്ടിരുന്നു.

അവസാനം അയാള്‍ യജമാനന്‍റെ അടുത്തെത്തി തന്‍റെ മോശമായ പ്രകടനത്തിനു ക്ഷമ ചോദിച്ചു.

"നിങ്ങള്‍ എപ്പോഴാണ് അവസാനമായി നിങ്ങളുടെ മഴുവിനു മൂര്‍ച്ച കൂട്ടിയത്?" – കച്ചവടക്കാരന്‍ ചോദിച്ചു.

'മഴുവിനു മൂര്‍ച്ച കൂട്ടുവാന്‍ തനിക്കൊരിക്കലും സമയം കിട്ടിയില്ല. താന്‍ മരം മുറിക്കുന്ന തിരക്കിലായിരുന്നു' എന്നാണ് അയാള്‍ മറുപടി നല്കിയത്.

ഈ മരംവെട്ടുകാരനെപ്പോലെ നാമും ജീവിതത്തില്‍ വളരെയധികം അദ്ധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. പക്ഷേ, മുന്‍കാലങ്ങളില്‍ ലഭിച്ചുകൊണ്ടിരുന്ന റിസല്‍ട്ട് ഇപ്പോള്‍ കിട്ടുന്നില്ല.

നമ്മുടെ കഴിവുകളും യോഗ്യതകളുമൊക്കെ ഇതുപോലെയാണ്. കാലഘട്ടത്തിന്‍റെ ആവശ്യമനുസരിച്ച് അവയെ തേച്ചുമിനുക്കിയില്ലെങ്കില്‍ മെച്ചപ്പെട്ട ഫലം പുറപ്പെടുവിക്കുവാനും ജീവിതത്തില്‍ വിജയം വരിക്കുവാനും നമുക്കു സാധിക്കുകയില്ല. ഇന്നലെകളുടെ മഹത്ത്വം മാത്രം പറഞ്ഞുകൊണ്ടിരിക്കാതെ നമ്മുടെ വ്യക്തിത്വത്തില്‍ കാലോചിതമായി മാറ്റങ്ങള്‍ വരുത്തി ഇന്നുകളും നാളെകളും നമുക്കു സ്വന്തമാക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org