പോസ്റ്റ് കോവിഡ് സിന്‍ഡ്രോമും മാനസികാവസ്ഥയും

പോസ്റ്റ് കോവിഡ് സിന്‍ഡ്രോമും മാനസികാവസ്ഥയും

(Mental state in post covid syndrome)

ഡോ. തോമസ് ജോണ്‍ കുട്ടിച്ചിറയില്‍
ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം പ്രസിഡണ്ട്,
(റിട്ട. സൈക്യാട്രിസ്റ്റ്, കേരള ഗവണ്‍മെന്റ് സര്‍വീസ്)

ഡോ. തോമസ് ജോണ്‍ കുട്ടിച്ചിറയില്‍
ഡോ. തോമസ് ജോണ്‍ കുട്ടിച്ചിറയില്‍

2019 നവംബറില്‍ ചൈനയിലെ വൂഹാനില്‍ ആരംഭിച്ച കോവിഡ്-19 എന്ന വൈറസ് രോഗം അതിവേഗം യൂറോപ്പിലേയ്ക്കും അമേരിക്കയിലേയ്ക്കും, പിന്നീട് ലോകത്തിന്റെ നാനാഭാഗങ്ങളിലേയ്ക്കും വ്യാപിച്ചു. നാളിതുവരെയുള്ള കണക്കുപ്രകാരം ലോകത്താകമാനം 16.5 കോടി ജനങ്ങളെ ബാധിച്ചു. 35 ലക്ഷത്തോളം ആളുകള്‍ മരിക്കുകയും ചെയ്തു. ഇന്ത്യയില്‍ ഏകദേശം 2.58 കോടി ജനങ്ങളെ ബാധിക്കുകയും മരണസംഖ്യ മൂന്നു ലക്ഷം കവിയുകയും ചെയ്തു. കേരളത്തിലെ വിവരക്കണക്കനുസരിച്ച് 22.5 ലക്ഷത്തോളം രോഗികളും അതില്‍ എണ്ണായിരത്തിലധികം മരണപ്പെടുകയും ചെയ്തു. ഈ മഹാമാരിയുടെ രണ്ടാം തരംഗം ശാസ്ത്രലോകം മുന്‍കൂട്ടി അറിയിച്ചിരു ന്നെങ്കിലും വേണ്ട മുന്‍കരുതലുകളുടെ അഭാവത്തില്‍ ശക്തമായി അലയടിക്കുകയും, ഒരു ആരോഗ്യ അടിയന്തിരാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. മരുന്നിന്റെ ക്ഷാമം, കിടക്കകളുടെ അപര്യാപ്തത, ഓക്‌സിജന്‍ ക്ഷാമം ഇതെല്ലാം മൂലം മറ്റു സംസ്ഥാനങ്ങില്‍ വളരെ ദയനീയാവസ്ഥയില്‍ രോഗികള്‍ പിടഞ്ഞു മരിക്കുന്ന ഞെട്ടിക്കുന്ന കാഴ്ചകള്‍ പലരിലും മാനസികാസ്വസ്ഥതകള്‍ സൃഷ്ടിച്ചു. രണ്ടാം തരംഗത്തില്‍ യുവാക്കളായ പലരുടേയും മരണം മാനസിക പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗൗരവമാക്കി.

എന്താണ് പോസ്റ്റ് കോവിഡ് സിന്‍ഡ്രോം?

കോവിഡ്-19 രോഗം ഭേദമായതിനു ശേഷവും ഉണ്ടാകാവുന്ന ശാരീരിക മാനസിക അസ്വസ്ഥതകളുടെ ആകെ തുകയാണ് പോസ്റ്റ് കോവിഡ് സിന്‍ഡ്രോം (PCS). നേരീയ ലക്ഷണങ്ങളോ, മിതമായ രോഗമോ ഉള്ളവരില്‍ അവരുടെ രോഗലക്ഷണങ്ങളോ, അഥവാ പുതിയ ചില അസ്വസ്ഥതകളോ ഉടലെടുക്കുകയും അവ ആഴ്ചകളോളം, ചിലപ്പോള്‍ മാസങ്ങളോളവും നീണ്ടു നില്‍ക്കുകയും ചെയ്യും. രോഗത്തിന്റെയോ അതില്‍നിന്ന് ഉടലെടുക്കുന്ന അസ്വസ്ഥതയുടെയോ ഒരു കൂട്ടം ലക്ഷണങ്ങളുടെ സാന്നിദ്ധ്യത്തെയാണ് സിന്‍ഡ്രോം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കോവിഡ്-19 വൈറസ് ശരീരത്തില്‍നിന്ന് പൂര്‍ണമായി വിട്ടുപോയാലും രോഗത്തില്‍നിന്ന് പൂര്‍ണ്ണമോചനമായെന്ന് ആരോഗ്യവിദഗ്ദ്ധര്‍ ഉറപ്പു നല്കിയാലും ചിലര്‍ക്കെങ്കിലും നീണ്ടുനില്‍ക്കുന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാകാറുണ്ട്. ഈ അവസ്ഥയാണ് 'പോസ്റ്റ് കോവിഡ് സിന്‍ഡ്രോം' കൊണ്ട് ഉദ്ദേശിക്കുന്നത്. 1990 കളിലെ ഗള്‍ഫ് യുദ്ധത്തിനു ശേഷം, പലര്‍ക്കും പ്രത്യേകിച്ച്, യുദ്ധത്തില്‍ പങ്കെടുത്ത പട്ടാളക്കാര്‍ക്ക് പലര്‍ക്കും ഏതാണ്ട് രണ്ടു മൂന്നു വര്‍ഷത്തേക്ക് 'ഗള്‍ഫ് വാര്‍ സിന്‍ഡ്രോം' എന്നറിയപ്പെട്ടിരുന്ന ഒരു കൂട്ടം രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു.

കോവിഡ്-19 വിവിധ സ്വഭാവത്തിലും തീവ്രതയിലും വരാന്‍ കഴിയുന്നതുപോലെ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ശ്വാസംമുട്ടല്‍, സന്ധിവേദന, നെഞ്ച്‌വേദന മുതലായ ശാരീരിക ലക്ഷണങ്ങള്‍ക്കു
പുറമേ, ക്ഷീണം, തളര്‍ച്ച, ഉന്മേഷക്കുറവ്, ഉറക്കത്തിലുള്ള വ്യതിയാനം – അതായത് വളരെക്കുറവും അതുമല്ലെങ്കില്‍ വളരെ കൂടുതല്‍ – വിശപ്പിലുള്ള വ്യതിയാനങ്ങള്‍, ഉത്ക്കണ്ഠ, വിഷാദം, കടുത്ത മാനസിക അസ്വസ്ഥത അങ്ങനെ പല വൈകാരിക ലക്ഷണങ്ങളും കണ്ടുവരാം.

എന്താണ് പോസ്റ്റ് കോവിഡ് സിന്‍ഡ്രോമിന്റെ പ്രസക്തി?

കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞു വരുന്നതിന്റെ സൂചനകളാണ് ഇപ്പോള്‍ കാണുന്നത്. പുതിയ രോഗികളുടെ അനുദിന എണ്ണം, രോഗമുക്തരാകുന്നവരേക്കാള്‍ കാര്യമായി കുറയുന്നതും, അതുമല്ലെങ്കില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നതും രണ്ടാം തരംഗം കുറയുന്നതിന്റെ സൂചനകളാണ്. ആ സന്ദര്‍ഭത്തില്‍ കോവിഡ് രോഗാവസ്ഥയിലുള്ള മാനസികാവസ്ഥപോലെ തന്നെ പ്രധാനമാണ് കോവിഡാനന്തര രോഗങ്ങളെപ്പറ്റിയുള്ള അറിവും. പോസ്റ്റ് കോവിഡ് സിന്‍ഡ്രോമിന്റെ വിവിധ വശങ്ങളെ ക്കുറിച്ചും അതിലുള്ള ശാരീരിക, മാനസിക രോഗാവസ്ഥയെക്കുറിച്ചുമുള്ള പഠനങ്ങള്‍ വിദഗ്ദ്ധര്‍ തുടങ്ങിക്കഴിഞ്ഞു.

പോസ്റ്റ് കോവിഡ് സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

കോവിഡ്-19 വിവിധ സ്വഭാവത്തിലും തീവ്രതയിലും വരാന്‍ കഴിയുന്നതുപോലെ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ശ്വാസംമുട്ടല്‍, സന്ധിവേദന, നെഞ്ച്‌വേദന മുതലായ ശാരീരിക ലക്ഷണങ്ങള്‍ക്കു പുറമേ, ക്ഷീണം, തളര്‍ച്ച, ഉന്മേഷക്കുറവ്, ഉറക്കത്തിലുള്ള വ്യതിയാനം – അതായത് വളരെക്കുറവും അതുമല്ലെങ്കില്‍ വളരെ കൂടുതല്‍ – വിശപ്പിലുള്ള വ്യതിയാനങ്ങള്‍, ഉത്ക്കണ്ഠ, വിഷാദം, കടുത്ത മാനസിക അസ്വസ്ഥത അങ്ങനെ പല വൈകാരിക ലക്ഷണങ്ങളും കണ്ടുവരാം. രോഗമായിട്ടു ബന്ധപ്പെട്ട് താന്‍ അനുഭവിച്ച ചില പേടിപ്പെടുത്തുന്ന ഓര്‍മ്മകള്‍ കുറേക്കാലം വേട്ടയാടാം. ഉറക്കത്തിലും മറ്റും ഈ ഓര്‍മ്മകള്‍ മൂലം ഞെട്ടി എഴുന്നേല്ക്കുക, പിന്നീട് ഉറങ്ങാന്‍ ശ്രമിച്ചാലും സാധിക്കാതെ വരുക മുതലായ സങ്കീര്‍ണ്ണ പ്രശ്‌നങ്ങളും ഉടലെടുക്കാം. ഈ അവസ്ഥയെ PTSD അഥവാ പോസ്റ്റ് ട്രോമാറ്റിക്ക് സ്‌ട്രെസ്സ് ഡിസോര്‍ഡര്‍ (Post Traumatic Stress Disorder) എന്നു വിളിക്കുന്നു. കോവിഡിന്റെ മുന്‍ഗാമികളായ സാര്‍സ്, മെര്‍സ് (SARS, MERS) എന്നിവയ്ക്കു ശേഷവും ഇതുപോലെയുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടിരുന്നതുപോലെ, ഈ രണ്ടാം തരംഗത്തിലെ വേലിയിറക്ക സമയത്ത് നാം ഇതേപ്പറ്റി കൂടുതല്‍ അറിയേണ്ടത് അനിവാര്യമാണ്.

പോസ്റ്റ് കോവിഡ് സിന്‍ഡ്രോമിന്റെ കാരണങ്ങള്‍?

രോഗത്തെപ്പറ്റിയുള്ള ഭീതിപ്പെടുത്തുന്ന രീതിയിലുള്ള പ്രചരണങ്ങള്‍ ചിലരില്‍ അവരുടെ തലച്ചോറിന്റെ രാസവസ്തുക്കളിലെ അപചയത്തിനു കാരണമാവാം. കൂടുതല്‍ ആലോചനയും, ഏകാന്തതയും മറ്റു സാമൂഹിക നിയന്ത്രണങ്ങളുടെ പ്രത്യക്ഷവും പരോക്ഷവുമായ ഫലങ്ങളും വ്യക്തികളുടെ മാനസികാവസ്ഥയെ ബാധിക്കാം. കൂടാതെ പ്രമേഹം, തൈറോയിഡ് ഹോര്‍മോണിന്റെ അപചയം, അങ്ങനെ മറ്റു ശാരീരിക രോഗങ്ങള്‍ പ്രത്യേകിച്ച് ജീവിതശൈലി രോഗങ്ങള്‍ ഉള്ളവരിലും ഇതിനുള്ള സാദ്ധ്യത കൂടുതലാണ്. മാനസിക രോഗം നേരത്തെ വന്നിട്ടുള്ളവരില്‍ എന്നാല്‍ ഇപ്പോള്‍ രോഗവിമുക്തരാണെങ്കിലും ഇതിനുള്ള സാദ്ധ്യത കൂടുതലായിരിക്കും.

എന്താണ് പോസ്റ്റ് കോവിഡ് സിന്‍ഡ്രോമിനുള്ള പ്രതിവിധി?

പോസ്റ്റ് കോവിഡ് സിന്‍ഡ്രോമില്‍ ശാരീരിക കാരണങ്ങള്‍ തള്ളിക്കളയാനാവില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഈ രോഗാവസ്ഥ മാനസികമായി മാത്രം കണ്ടാല്‍ പോരാ. അതുകൊണ്ടുതന്നെ ശാരീരിക രോഗങ്ങള്‍ക്കുള്ള പരിശോധനയും, ടെസ്റ്റുകളും ചെയ്ത് അവയൊന്നും ഇല്ലായെന്നുള്ള ഉറപ്പ് വരുത്തേണ്ടതാണ്. അഥവാ ഉണ്ടെങ്കില്‍ തന്നെ അതിനു വേണ്ട ചികിത്സയും മുന്‍കരുതലും എടുക്കേണ്ടതാണ്. രോഗത്തെപ്പറ്റിയുള്ള ആവശ്യമില്ലാത്ത ആലോചനകള്‍ ഒഴിവാക്കുക. വാര്‍ത്തകള്‍ക്ക് അതിന്റെ ഉള്ളടക്കം മനസ്സിലാക്കാന്‍ മാത്രമുള്ള ശ്രദ്ധ നല്കുക; അല്ലാതെ അതിന്റെ വൈകാരികത ഉള്‍ക്കൊള്ളാതിരിക്കുക. വായന, സംഗീതം, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സൗഹൃദം മുതലായ പ്രാഥമിക കാര്യങ്ങളില്‍ മുഴുകി സമയം ചിലവഴിക്കുക. ഇങ്ങനെയുള്ള പൊടിക്കൈകളിലൂടെ മാനസികാവസ്ഥയ്ക്ക് മാറ്റം വരുന്നില്ലെങ്കില്‍ മനോരോഗ ചികിത്സകരുടെ സഹായം തേടേണ്ടതുണ്ട്. കൊറോണ വൈറസ് പാന്‍ഡമിക്കിനൊപ്പം, വ്യാജ വാര്‍ത്തകളുടെ പ്രചാരണവും ഏറിവരുന്ന ഈ സാഹചര്യത്തില്‍ ഇങ്ങനെയുള്ള 'ഇന്‍ഫോഡെമിക്ക്' പ്രതിരോധിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ അധികൃതരില്‍ നിന്നും ഉണ്ടാകേണ്ടതാണ്. പോസ്റ്റ് കോവിഡ് സിന്‍ഡ്രോം ഉടലെടുക്കാന്‍ 'ഇന്‍ഫോഡെമി'ക്കുകള്‍ മുഖ്യ പങ്കുവഹിക്കുന്നുണ്ട്.

ഈ വൈറസിന്റെ മൂന്നാം തരംഗം പ്രതീക്ഷിക്കണമോ?

1918-ല്‍ ഒന്നാം ലോക മഹായുദ്ധകാലത്തുണ്ടായ 'സ്പാനീഷ് ഫ്‌ളൂ' എന്ന മഹാമാരി ഏതാണ്ട് അഞ്ചുതരംഗങ്ങള്‍ വരെ ഉണ്ടായിരുന്നു. ഏതാണ്ട് 2 വര്‍ഷത്തിലധികം നീണ്ടു നില്‍ക്കുയും ചെയ്തു. അതിന്റേയും രണ്ടാം തരംഗം ശക്തമായി പ്രഹരിച്ചെങ്കിലും പിന്നീടുണ്ടായ തരംഗങ്ങള്‍ ലഘുവായിട്ടു മാത്രമേ അനുഭവപ്പെട്ടുള്ളൂ. ഏതാണ്ട് സമാനമായ ഒരു രീതി നമുക്ക് ഈ മഹാമാരിയിലും പ്രതീക്ഷിക്കാം. രോഗവ്യാപനം തടയുന്ന 3 പ്രധാന കാര്യങ്ങള്‍, മാസ്‌ക് ധരിക്കല്‍, സോപ്പ്/സാനിറ്റൈസറിന്റെ ഉപയോഗം സാമൂഹിക അകലം (SMS) എന്നിവ അവസാനം വരെ കാത്തുസൂക്ഷിക്കുകയും വേണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org