മിഖാല്‍ (ബൈബിള്‍ വനിതകള്‍-22)

മിഖാല്‍ (ബൈബിള്‍ വനിതകള്‍-22)

ജെസ്സി മരിയ

ഇസ്രായേലിന്റെ ആദ്യത്തെ രാജാവായിരുന്ന സാവൂളിന്റെ കാലത്താണ് ദാവീദ് ഫിലിസ്ത്യനായ ഗോലിയാത്തിനെ കൊന്ന് ഇസ്രായേലിനെ ഫിലിസ്ത്യരുടെ കയ്യില്‍നിന്നും മോചിപ്പിച്ചത്. യുദ്ധം ജയിച്ച് സാവൂളും കൂട്ടരും മടങ്ങിവന്നപ്പോള്‍ ഇസ്രായേലിലെ സ്ത്രീകള്‍ വാദ്യഘോഷങ്ങളോടെ രാജാവിനെയും പരിവാരങ്ങളെയും എതിരേറ്റു. അവര്‍ സന്തോഷംകൊണ്ട് മതിമറന്ന് ഇങ്ങനെ പാടി. സാവൂള്‍ ആയിരങ്ങളെ കൊന്നു, ദാവീദ് പതിനായിരങ്ങളെയും. ഇത് സാവൂളിന് ഇഷ്ടപ്പെട്ടില്ല. അസൂയപൂണ്ട രാജാവ് എങ്ങനെയെങ്കിലും ദാവീദിനെ കെണിയില്‍പ്പെടുത്തുവാന്‍ അവസരം നോക്കിയിരുന്നു.
ദാവീദ് സുന്ദരനും, ആരോഗ്യവാനുമായ ചെറുപ്പക്കാരനായിരുന്നു. സാവൂളിന്റെ മകള്‍ മിഖാല്‍ ദാവീദിനെ സ്‌നേഹിച്ചു. സാവൂള്‍ രാജാവ് ഇത് അറിഞ്ഞു. അയാള്‍ക്ക് അതിഷ്ടമായി. തന്റെ മകളിലൂടെ ദാവീദിനെ കെണിയില്‍പ്പെടുത്താമെന്ന് അയാള്‍ വ്യാമോഹിച്ചു. രാജാവ് ഭൃത്യന്മാരെ അയച്ച് ദാവീദിനോട് നീ എന്റെ മരുമകന്‍ ആകണം എന്ന് അഭ്യര്‍ത്ഥിച്ചു. ദാവീദ് ചോദിച്ചു, ദരിദ്രനും അപ്രശസ്തനുമായ ഞാന്‍ എങ്ങനെയാണ് രാജാവിന്റെ മരുമകന്‍ ആവുന്നത്? അത് അത്ര നിസ്സാരമായ കാര്യമാണോ? ഭൃത്യന്മാര്‍ ഇക്കാര്യം രാജാവിനെ അറിയിച്ചു.

സാവൂള്‍ കല്‍പ്പിച്ചു: നിങ്ങള്‍ ദാവീദിനോട് ഇപ്രകാരം പറയണം, തന്റെ ശത്രുക്കളോടുള്ള പ്രതികാരമായി ഫിലിസ്ത്യരുടെ 100 അഗ്രചര്‍മ്മമല്ലാതെ രാജാവ് യാതൊരു വിവാഹസമ്മാനവും ആഗ്രഹിക്കുന്നില്ല. അങ്ങനെ ദാവീദിനെ ഫിലിസ്ത്യരുടെ കൈകളില്‍ അകപ്പെടുത്താമെന്ന് സാവൂള്‍ കരുതി. ദാവീദ് ആകട്ടെ നിശ്ചിത സമയത്തിനുള്ളില്‍ 200 ഫിലിസ്ത്യരെ കൊന്ന് അവരുടെ അഗ്ര ചര്‍മ്മം രാജാവിനെ എണ്ണി ഏല്‍പ്പിച്ചു. സാവൂള്‍ മിഖാലിനെ ദാവീദിന് ഭാര്യയായി കൊടുത്തു. മിഖാല്‍ അവനെ അതിരറ്റ് സ്‌നേഹിച്ചു.

കാലം കുറെ കഴിഞ്ഞു. കര്‍ത്താവിന്റെ പേടകം ഹിത്യനായ ഓബദ് ഏദോമിന്റെ വീട്ടില്‍ നിന്നും ദാവീദിന്റെ നഗരത്തിലേക്ക് സന്തോഷപൂര്‍വ്വം കൊണ്ടുവന്നു. ദാവീദ് കര്‍ത്താവിന്റെ പേടകത്തിനു മുന്‍പില്‍ സര്‍വ്വശക്തിയോടും കൂടെ നൃത്തം ചെയ്തു. ചണനൂലു കൊണ്ടുള്ള ഒരു അരക്കച്ച മാത്രമേ അവന്‍ ധരിച്ചിരുന്നുള്ളൂ. കര്‍ത്താവിന്റെ പേടകം ദാവീദിന്റെ നഗരത്തിലേക്ക് പ്രവേശിച്ചപ്പോള്‍ സാവൂളിന്റെ മകള്‍ മിഖാല്‍ ജനലില്‍ കൂടി നോക്കി. ദാവീദ് രാജാവ് കര്‍ത്താവിന്റെ മുമ്പില്‍ തുള്ളിച്ചാടി നൃത്തം ചെയ്യുന്നത് കണ്ട് അവള്‍ക്ക് നാണക്കേട് തോന്നി. അവള്‍ ഇറങ്ങി വന്നു ദാവീദിനോട് പറഞ്ഞു: ഇസ്രായേല്‍ രാജാവ് ഇന്ന് തന്നെത്തന്നെ എത്ര പ്രശസ്തനാക്കിയിരിക്കുന്നു! തന്റെ ദാസന്മാരുടെ സ്ത്രീകളുടെ മുമ്പില്‍ ആഭാസനെപ്പോലെ നിര്‍ലജ്ജം അവന്‍ നഗ്‌നത പ്രദര്‍ശിപ്പിച്ചില്ലേ?

ദാവീദ് മിഖാലിനോട് പറഞ്ഞു: നിന്റെ പിതാവിനും കുടുംബത്തിനും മേല്‍ കര്‍ത്താവിന്റെ ജനമായ ഇസ്രായേലിന് രാജാവായി എന്നെ തിരഞ്ഞെടുത്ത കര്‍ത്താവിന്റെ മുമ്പാകെയാണ് ഞാന്‍ നൃത്തം ചെയ്തത്. കര്‍ത്താവിന്റെ മുന്‍പില്‍ ഞാന്‍ ആനന്ദനൃത്തം ചെയ്യും. നീ പറഞ്ഞ സ്ത്രീകള്‍ ഇതു നിമിത്തം എന്നെ ബഹുമാനിക്കും. കര്‍ത്താവിന്റെ മുമ്പില്‍ നൃത്തം ചെയ്ത ദാവീദിനെ പരിഹസിച്ച മിഖാല്‍ മരണംവരെയും സന്താന രഹിതയായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org