അമ്മയോര്‍മ്മ

അമ്മയോര്‍മ്മ

കുരുവിള വെളിയില്‍

എല്ലാവര്‍ക്കും ഏറെ സ്‌നേഹമുള്ള ഒരു വ്യക്തിത്വമായിരിക്കും അവരവരുടെ അമ്മ. സ്‌നേഹം സഹനമാണെന്ന് നിര്‍വചിക്കുമ്പോള്‍, നിര്‍വചനത്തിന്റെ മൂര്‍ത്തീരൂപമാണ് അമ്മ. സഹനത്തിലൂടെ മുറിവേറ്റ് സ്വയം നല്‍കുന്ന സ്‌നേഹത്തിന്റെ പേരാണ് മാതൃസ്‌നേഹം. വീട്ടിലെ പല കുറവുകളും തന്റെ സഹനങ്ങള്‍ക്കൊണ്ട് നിറവുകളാക്കി അമ്മ നികത്തും. കെ.ജി.എഫ്. സിനിമയില്‍ പറയുന്നതു പോലെ ഈ പ്രപഞ്ചത്തില്‍ അമ്മയേക്കാള്‍ വലിയ പോരാളി ഇല്ല. അതെ നമ്മുടെ എല്ലാവരുടെയും സഹനത്തിന്റെ പോരാളി. അമ്മയുടെ ഓരോ ചുവടുവയ്പ്പും വലിയ പോരാട്ടത്തിന്റെ ധീരതയാണ് വെളിപ്പെടുത്തുന്നത്.

ഒരു ചെറിയ ഓര്‍മ്മ കുറിയ്ക്കട്ടെ. ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ നടന്നിട്ട് വേണം സ്‌കൂളിലെത്താന്‍. ഒരു ദിവസം സ്‌കൂളിന്റെ ഗെയിറ്റില്‍ എത്താറായപ്പോള്‍ കേട്ടു; ഇന്ന് ക്ലാസ്സില്ലായെന്ന്. കേട്ടപാടെ ബാഗ് അമ്മയ്ക്ക് നേരെയെറിഞ്ഞ് ഞാന്‍ വീട്ടിലേയ്‌ക്കോടി. കസീബയെന്ന കോളനിയിലൂടെയായിരുന്നു യാത്ര. കോളനിക്ക് നടുവിലൂടെ ഒരു തോടും തോടിനു കുറുകെ ഒരു ചെറിയ പാലവുമുണ്ട്. അമ്മ കുറേ അകലെയായി നടന്നുവരുന്നുണ്ട്. പാലത്തിലേയ്ക്ക് കയറിയപ്പോള്‍ ഒരു ചേച്ചി തോട്ടിലേയ്ക്ക് വല എറിയുന്നത് ശ്രദ്ധയില്‍പ്പെട്ടു. ആ മനോഹര കാഴ്ച ആസ്വദിച്ചുകൊണ്ട് പാലത്തിന്റെ കൈവരികളില്‍ പിടിച്ച് ഞാന്‍ മുന്നോട്ടു നീങ്ങി. പാലം കഴിഞ്ഞതറിഞ്ഞില്ല. നിയന്ത്രണം വിട്ട് തോട്ടിലേയ്ക്ക് വീണു. ഒരു വിധത്തില്‍ അഴുക്കുചാലും തോടും തമ്മില്‍ ബന്ധിപ്പിക്കുന്ന വിടവില്‍ അള്ളിപിടിച്ച് ഞാനങ്ങനെ കിടക്കുമ്പോള്‍ സ്‌പൈഡര്‍ മാന്റെ ഡ്രസ്സും സൂപ്പര്‍മാന്റെ ഷാളും ധരിച്ച് ഓടിയെത്തുന്ന അമ്മയുടെ മുഖമായിരുന്നു മനസ്സു മുഴുവനും. ഒരുപാടു നിലവിളിച്ചു, ആരും വന്നില്ല. കാണയില്‍ നിന്നുള്ള അഴുക്ക് വെള്ളം ശരീരത്തില്‍ തട്ടി ഒഴുകുമ്പോഴും ശ്വാസംപിടിച്ച് കിടന്നു: അമ്മ വരുമെന്ന പ്രതീക്ഷയില്‍.

കുറേയധികം സമയം കഴിഞ്ഞു. അമ്മ ഓടിയെത്തി. തളര്‍ന്നുകുഴഞ്ഞ എന്നെ പൊക്കിയെടുത്തു കെട്ടിപിടിച്ചു. കോളനിയില്‍ നിന്നും നടന്നു നീങ്ങവേ ഒരു സ്ത്രീ അമ്മയോട് പറയുന്നത് കേട്ടു: "എട്യേ അവനേ ശരിക്കും കുളിപ്പിച്ചോട്ടോ!" അമ്മയെന്നെ ഒക്കത്തിരുത്തിയാണ് പിന്നെ വീട്ടിലേയ്ക്ക് കൊണ്ടുപോയത്. അമ്മയുടെ തോളത്ത് കിടന്നപ്പോള്‍ വല്ലാത്തൊരു ആശ്വാസം…
ആരൊക്കെ ഉപേക്ഷിച്ചാലും എന്നും കൂടെ നില്‍ക്കുന്ന സ്‌നേഹത്തിന്റെ പോരാളിയാണമ്മ.

(അമ്മക്കവിതകള്‍: അമ്മയുടെ സ്‌നേഹം വിവരിക്കുന്ന നാലുവരി കവിത എഴുതി അയക്കൂ (തപാലിലും വാട്‌സ്ആപ്പിലും 9387074695). ഏറ്റവും നല്ല കൃതികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതായിരിക്കും.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org