വീട്ടുവളപ്പിൽ നട്ടുവളർത്താം മുട്ടപ്പഴം

വീട്ടുവളപ്പിൽ നട്ടുവളർത്താം മുട്ടപ്പഴം

വീടും തൊടിയും

ജോഷി മുഞ്ഞനാട്ട്

വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താന്‍ പറ്റിയ ഒരു ഫലവര്‍ഗ്ഗച്ചെടിയാണ് മുട്ടപ്പഴം എന്ന എഗ്ഫ്രൂട്ട്. 10 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ പഴവര്‍ഗ്ഗമരം കേരളത്തിലെ കാലാവസ്ഥയില്‍ വളരാന്‍ അനുയോജ്യമാണ്. സപ്പോട്ട ഉള്‍പ്പെട്ട സപ്പോട്ടാസിയേ കുടംബത്തിലെ എണ്ണൂറോളം വരുന്ന സ്പീഷിസുകളില്‍ ഒരംഗമാണ് മുട്ടപ്പഴം.

സപ്പോട്ടയോട് രൂപസാദൃശ്യമുള്ളതിനാലും മുട്ടയുടെ ഉള്‍ഭാഗത്തെ മഞ്ഞക്കുരുവിന്‍റെ നിറത്തിനോട് സാദൃശ്യമുള്ളതിനാലുമാകാം ഇതിനെ മുട്ടപ്പഴം എന്നു വിളിച്ചുവരുന്നത്. മുട്ടപ്പഴത്തിന്‍റെ കഴമ്പ് നല്ല മധുരവും കുറച്ച് കറച്ചുവയുള്ളതുമാണ്. പഴുക്കുമ്പോള്‍ കാമ്പിനും പുറന്തോടിനും മഞ്ഞ നിറമായിരിക്കും. നമ്മുടെ നാട്ടിലെ വിപണിയില്‍ ഇവ അത്ര ലഭ്യമല്ല.

മെക്സിക്കോ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ ഇതിന്‍റെ ഉത്ഭവ സ്ഥലമായി കരുതപ്പെടുന്നു. 100 ഗ്രാം മുട്ടപ്പഴക്കാമ്പില്‍ 74.1 ഗ്രാം ജലാംശമാണ്. 2.1 ഗ്രാം മാംസ്യം, കൂടാതെ കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, ഭക്ഷ്യനാരുകള്‍ വിറ്റാമിന്‍ സി, ബി കോംപ്ലകസ് എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു. ചെറിയ കറയുള്ളതിനാല്‍ കൊളംബിയക്കാര്‍ ചുണ്ടില്‍ എണ്ണ പുരട്ടിയതിനു ശേഷമാണ് മുട്ടപ്പഴം ഭക്ഷിക്കുന്നത്.

പരാഗ്വേയില്‍ മുട്ടപ്പഴക്കാമ്പ് ഉപയോഗിച്ച് പ്രത്യേകതരം ഐസ് ക്രീം ഉണ്ടാക്കുന്നുണ്ട്. ജാമും മറ്റും ഇതില്‍ നിന്ന് ഉല്‍പാദിപ്പിക്കാനാകും. മുട്ടപ്പഴത്തിന്‍റെ വിത്ത് പൊളിത്തീന്‍ കവറില്‍ മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ നിറച്ച മിശ്രിതത്തില്‍ പാകി തൈകള്‍ തയ്യാറാക്കാം. കനത്ത മഴയില്‍ ഒഴികെ എപ്പോള്‍ വേണമെങ്കിലും തൈകള്‍ കൃഷിയിടത്തില്‍ നടാം. അനുയോജ്യമായ കുഴികളില്‍ അടിവളമായി ചാണകപ്പൊടി, കംപോസ്റ്റ് എന്നിവ ചേര്‍ത്ത് തൈകള്‍ നടാം. നട്ട ശേഷം നനവേണം. ഒരു വര്‍ഷം പ്രായമായ തൈകളാണ് നടാന്‍ ഉത്തമം. വേനല്‍കാലങ്ങളില്‍ നനച്ചുകൊടുക്കുന്നതും പുതയിടുന്നതും നല്ലതാണ്. ബഡ്ഡിംഡ്, ഗ്രാഫ്റ്റിംഗ് തുടങ്ങിയവയിലൂടെയും തൈകള്‍ ഉണ്ടാക്കാവുന്നതാണ്. ബഡ്ഡു ചെയ്ത മുട്ടപ്പഴ തൈ നട്ട് മൂന്നാം വര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങും. പഴങ്ങള്‍ നന്നായി പഴുത്ത ശേഷം മാത്രം ചെടിയില്‍ നിന്നു പറിച്ചെടുക്കുന്നതാണു നല്ലത്. പ്രതേക സ്വാദും മണവും രുചിയും ഉള്ളതാണ് മുട്ടപ്പഴം. ഇതിന്‍റെ ഉള്‍ഭാഗം പഴുത്ത പപ്പായയുടെ നിറത്തിനോട് സാദൃശ്യമുണ്ടാകും. വീട്ടുവളപ്പില്‍ ഒരു മുട്ടപ്പഴച്ചെടിയെങ്കിലും നട്ടുവളര്‍ത്താന്‍ നമുക്കു പരിശ്രമിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org