നാദിര്‍ഷായുടെ ‘ഈശോ’, ഞങ്ങളുടെയും

നാദിര്‍ഷായുടെ ‘ഈശോ’, ഞങ്ങളുടെയും

ഫാ. നിബിന്‍ കുരിശിങ്കല്‍

'അച്ചാ… അച്ചാ.. യേശുക്രിസ്തു എന്നൊരു പേര് ജീസസ് ക്രൈസ്റ്റിന് ഒള്ള കാര്യം ആള്‍ക്കറിയോ?'

'എനിക്ക് ഈ ഡൗട്ട് നേരത്തെ ഉണ്ടാര്‍ന്നു… ഞാന്‍ സണ്‍ഡേ ക്ലാസ്സില് അച്ചനോട് ചോയ്ച്ചതാ…' അച്ചാ അച്ചാ യേശുക്രിസ്തു എന്നൊരു പേര് ജീസസ് ക്രൈസ്റ്റിന് ഒള്ള കാര്യം ആള്‍ക്കറിയോന്നു… മണല് കൂട്ടി തൊടമ്മേലെ തൊലി ഒരു റുപ്യാ വട്ടത്തില് പിച്ചിയെടുത്തു ഗഡി.'

വിശ്വാസത്തിന്റെ പല പൊള്ളത്തരങ്ങളേയും സര്‍ക്കാസ്റ്റിക്കായിട്ട് പരിഹസിച്ചിറക്കി വിട്ട പ്രാഞ്ചിയേട്ടനിലെ ഒരു പൊളി ഡയലോഗാണ് ഇത്. നമ്മള് പറഞ്ഞു കൂട്ടുന്ന പല കാര്യങ്ങളെ കുറിച്ചും പുള്ളിക്ക് അറിയില്ല എന്നതാണ് പരമ സത്യം. 'ഒരു പേരിലെന്തിരിക്കുന്നു പ്രാഞ്ചി' എന്ന പുണ്യാളന്റെ ആ ചോദ്യമുണ്ടല്ലോ അതാണ് ഒരിക്കല്‍ കൂടി ചോദിക്കേണ്ടത്. കുറച്ചു ദിവങ്ങളായിട്ട് ഒരു പേരിന്റെ പിന്നാലെയാണല്ലോ.

ആവിഷ്‌കാര സ്വാതന്ത്ര്യമുപയോഗിച്ചു ഞങ്ങളുടെ പവിത്ര നാമമായ ഈശോയെ അവഹേളിച്ചു, പരിഹസിച്ചു എന്നൊക്കെ വികാര ഭരിതരാകുന്നതിനും ക്ഷോഭിക്കുന്നതിനും മുന്‍പേ ചിന്തിക്കേണ്ട മറ്റു ചിലതൊക്കെ ഇല്ലേ. ഒരു സിനിമയ്ക്ക് അതിന്റെ സംവിധായകന്‍ യേശു എന്ന് പേരിട്ടത് കൊണ്ട് വ്രണിതമായി പോകുന്നതാണോ ക്രിസ്ത്യാനിയുടെ വിശ്വാസം? അതോ കേരളത്തിലുള്ള ഒരു ഇതര മത വിശ്വാസി എന്റെ പേരെടുത്തു സിനിമയ്ക്കിട്ടു എന്നും പറഞ്ഞു സ്വര്‍ഗത്തിലിരുന്നു തല തല്ലി കരയുന്ന ഒരു സില്ലി ഗോഡ് ഫിഗര്‍ ആണോ ജീസസ്? ഇത്രയ്ക്ക് ചീപ്പാണോ ആര്‍ട്ടിസ്റ്റ് ബേബി? പറഞ്ഞ വാക്കുകള്‍ക്കു മേല്‍ പ്രാണന്റെ ഉടമ്പടിപത്രം കുറിച്ച് വയ്ക്കുകയും, വെറും പന്ത്രണ്ടു പേരെ വച്ച് ലോകത്തിന്റെ അതിര്‍ത്തികളില്‍ സ്‌നേഹത്തിന്റെ മനുഷ്യര്‍ക്ക് പുനര്‍ജന്മം കൊടുക്കുകയും ചെയ്ത സംഭവമാണ് ചിലര്‍ ഇങ്ങനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യുന്നത്.

ഇത്ര നാളൊന്നും വല്യ കാര്യമായിട്ട് കേള്‍ക്കാതിരുന്ന ഒരു പദമാണ് സമുദായമെന്നതും, വര്‍ഗ്ഗ സ്‌നേഹവുമെന്നതുമൊക്കെ. ഇരുളില്‍ ആരോ കള വിതച്ചിട്ടു കടന്നു കളഞ്ഞു എന്ന് പറയുന്നത് പോലെ ക്രിസ്ത്യാനിയുടെ ഹൃദയത്തിലേക്ക് അപര വിദ്വേഷത്തിന്റെ കളകള്‍ ആരൊക്കെയോ ചേര്‍ന്ന് ആഞ്ഞു വിതയ്ക്കുന്നുണ്ട്. ചോദ്യപേപ്പറില്‍ 'മുഹമ്മദ്' എന്നൊന്ന് കുറിച്ച് പോയതിന്റെ പേരില്‍ കയ്യറുക്കപ്പെടുകയും കുടുംബമില്ലാതായി പോകുകയും ചെയ്ത ഒരു മനുഷ്യനുണ്ട്. ഇന്നും ആ തിരുമുറിവുമായി ഭൂമിക്ക് മേലെ അദ്ദേഹം വാഴുന്നുണ്ട്. മതവികാരം വ്രണപ്പെട്ടെന്നും പറഞ്ഞു വര്‍ഗീയവാദികള്‍ വെട്ടിമാറ്റിയത് ഒരു മനുഷ്യന്റെ കൈത്തണ്ടയല്ല, ദൈവത്തിന്റെ കയ്യാണ്. 'ആരെയും മുറിപ്പെടുത്താന്‍ ആഗ്രഹിച്ചിട്ടില്ല, ദൈവനാമം ഉദ്ദേശിച്ചിട്ടില്ല' എന്നൊക്ക ഒരായിരം പ്രാവശ്യം ഏറ്റു പറഞ്ഞിട്ടും, പലരുടെയും പാദത്തില്‍ വീണ് മാപ്പിരന്നിട്ടും ആ മനുഷ്യനോട് ആരും ഒരു തരി കരുണ കാണിച്ചില്ല. എന്നിട്ടും, സമുദായ വര്‍ഗീയ വാദികളുടെ വെറുപ്പ് കൊണ്ട് മുറിവേറ്റ ആ സാധാരണക്കാരന്‍ തന്റെ ആത്മകഥയില്‍ നിരവധി നന്മ നിറഞ്ഞ മുസല്‍മാന്മാരുടെ സ്‌നേഹചര്യകള്‍ വിവരിക്കുന്നു… എനിക്കാരോടും പിണക്കമില്ലെന്ന് പറയുന്നു… അതാണല്ലോ ക്രിസ്തു ചെയ്തതും!

'ആരെയും മുറിവേല്‍പ്പിക്കാനല്ല. ആരുടേയും മനസ്സ് വേദനിപ്പിക്കാനും വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാന്‍… സിനിമ ഇറങ്ങിയ ശേഷം ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നെങ്കില്‍ ഏതു ശിക്ഷയ്ക്കും ഞാന്‍ തയ്യാറാണ്' എന്ന ഉറപ്പു പോലും നാദിര്‍ഷ നല്കിയല്ലോ. ജോസഫ് സാറിന്റെ മാപ്പു പറച്ചിലുകള്‍ക്കും ഏറ്റു പറച്ചിലുകള്‍ക്കും ചെവി കൊടുക്കാതിരുന്ന വര്‍ഗീയ വാദികള്‍ അദ്ദേഹത്തിന്റെ ഉടലാണ് മുറിപ്പെടുത്തിയതെങ്കില്‍, ഇവിടെ ഈ ചെറുപ്പക്കാരന്റെ ഹൃദയമാകില്ലേ മുറിപ്പെടുന്നത്. എത്രയിടങ്ങളിലാണ് നാദിര്‍ഷ എന്ന പേരും, മുഖവും വച്ച് കൊണ്ട് തന്നെ പരിഹാസവും പുച്ഛവും കലര്‍ത്തിയ പദപ്രയോഗങ്ങളുടെ പോയ്‌സന്‍ വിതറിയത്. വാളെടുക്കുന്ന വര്‍ഗീയതയെക്കാള്‍ ഒട്ടും കുറവല്ല തൂലിക കൊണ്ട് തോക്കെടുക്കുന്നത്. കരിമരുന്നു പുരട്ടിയ വെടിക്കോപ്പുകളെല്ലാം പൊട്ടിത്തീരുമായിരിക്കും, എന്നാല്‍ പോയിസണ്‍ പുരട്ടിയ പദപ്രയോഗങ്ങളെല്ലാം പ്ലാസ്റ്റിക് പോലെ അവശേഷിക്കും, മണ്ണിന്റെയും മനുഷ്യന്റെയും മരണത്തിനു ഒരു മാരക കാരണമായി!

ആവിഷ്‌കാര സ്വാതന്ത്ര്യമെന്നുള്ളത് ആരുടേയും മാനാഭിമാനങ്ങള്‍ക്കു ക്ഷതമേല്‍പ്പിക്കാനുള്ള ലൈസന്‍സ് അല്ല എന്നതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. പക്ഷേ ഇവിടെ, സത്യത്തില്‍ ആരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിരു കടക്കല്‍ കൊണ്ടാണ് വിശ്വാസിക്കും വിശ്വാസത്തിനും കൂടുതല്‍ മുറിവും വ്രണവുമൊക്കെ ഏറ്റിട്ടുള്ളത്? വിചാരണ വേളയില്‍ തന്റെ ചെകിട്ടത്തടിച്ച റോമന്‍ പട്ടാളക്കാരന്റെ കൈപ്പത്തിയേക്കാളും യേശുവിന്റെ മുഖത്തെ പൊള്ളിച്ച് കളഞ്ഞത് യൂദാസിന്റെ ചുംബനം തന്നെയാകണം. അതുപോലെ, വിശ്വാസിയെന്നു അവകാശപ്പെടുന്നവരേക്കാളേറെയായി ഒരു നിരീശ്വരവാദിയും ഒരു ദൈവത്തെയും വേദനിപ്പിച്ചു കാണില്ലെന്നുറപ്പാണ്. ജോസഫ് സാറിന്റെ കൈവെട്ടിയ നാളില്‍, ഏതു ദൈവത്തിന്റെ കയ്യാണോ സംരക്ഷിക്കാന്‍ ആഗ്രഹിച്ചത് അതേ ദൈവത്തിന്റെ കൈ നഷ്ടപ്പെട്ടു കാണുകയ്യില്ലേ? ഒരു പേര് പ്രൊട്ടെക്റ്റ് ചെയ്യാന്‍ പറഞ്ഞു കൂട്ടിയ പരിഹാസ പദ പ്രദക്ഷിണത്തില്‍ മലിനമാക്കപ്പെട്ടത് അതെ ദൈവത്തിന്റെ പേര് തന്നെയാണെന്നതില്‍ എന്തിനു സംശയിക്കണം. ഒരു മനുഷ്യന്റെ പേര് കളങ്കപ്പെടുത്തിയിട്ട് ഏതു ദൈവത്തിന്റെ നാമമാണ് വാഴ്ത്തപ്പെടാന്‍ പോകുന്നത്. അല്ലെങ്കില്‍ തന്നെ ഒരാളെ കൊണ്ട് മാപ്പു പറയിപ്പിക്കുമ്പോള്‍ ഇവിടെ ആര്‍ക്കാണ് ഇത്ര സന്തോഷം? ഒരു സിനിമാ ക്കാരനും നാടകക്കാരനും വഴി ഇവിടെ വിശ്വാസത്തിനു ഭീകര മുറിവൊന്നും ഏല്‍ക്കില്ല. ഇത് വരെ മതത്തിനും വിശ്വാസത്തിനും ആഴമായ മുറിവേറ്റിട്ടുള്ളത് പുറമെ നിന്ന് ആരും ചെയ്തു കൂട്ടിയ കലാപ്രകടനങ്ങള്‍ കൊണ്ടല്ല. അകത്തുള്ളവര്‍ക്ക് സംഭവിച്ച ഇടര്‍ച്ചകള്‍ കൊണ്ട് തന്നെയാണ്. അതിലാണ് വിശ്വാസം ശിഥിലമാകുന്നതും ക്ഷയിക്കുന്നതും.

മനുഷ്യമനസ്സുകള്‍ മുറിപ്പെടുത്താനുള്ള ആയുധമായി ഒരു കലാകാരനും തന്റെ കലാസൃഷ്ടിയെ ഒരിക്കലും ഉപയോഗിക്കാനാവില്ല. നന്മയും കഴിവും നിറഞ്ഞ ഒട്ടനവധി കലാകാരന്മാര്‍ക്ക് ജന്മം നല്‍കിയ കൊച്ചിന്‍ കലാഭവന്റെ പിതാവാണ് ആബേലച്ചന്‍! കത്തോലിക്കാ സഭയിലെ ഒരു പുരോഹിതനായ ആ ആബേലച്ചനെ മറ്റു പുരോഹിതരും വിശ്വാസികളും വാഴ്ത്തുന്നതിനേക്കാളേറെ, പല വേദികളിലും ഒരു പതിനായിരം പ്രാവശ്യം ഈ സിനിമാ മേഖലകളിലെ മനുഷ്യര്‍ വാഴ്ത്തുന്നതും, നന്ദി പറയുന്നതും ഇന്നും ഹൃദയത്തില്‍ കൊണ്ട് നടക്കുന്നതും കണ്ടിട്ടുമുണ്ട് കേട്ടിട്ടുമുണ്ട്. പിന്നെ, കലാഭവനില്‍ പഠിച്ചിറങ്ങിയ എല്ലാവര്‍ക്കും ആബേലച്ചനോടും കത്തോലിക്കാ സഭയോടും എന്നും കൂറുണ്ടായിരിക്കണം എന്ന് ഡിമാന്‍ഡ് ചെയ്യാന്‍ പറ്റോ?

സംവിധായകനോ നായകനോനായികയോ മതവിശ്വാസി ആയാല്‍ മതനേതാക്കന്മാരെയോ മതസംഹിതകളെയോ വിമര്‍ശിക്കാനോ, പരിഹസിക്കാനോ പാടില്ലെന്ന് പറയുന്നതും, ഇനി അങ്ങനെ ചെയ്താല്‍ വെറുതെ ഇരിക്കില്ല എന്നൊക്കെ ഭീഷണിപ്പെടുത്തുന്നത് അത്ര പക്വമായ പ്രതികരണമാണോ? ഏതു കലാരൂപമാണെങ്കിലും, പ്രത്യേകിച്ച് മനുഷ്യ ജീവിതത്തെ ഏറെ സ്വാധീനിക്കുകയും മാറ്റത്തിലേക്കു നയിക്കാന്‍ പ്രാപ്തവുമായ സിനിമകള്‍ നിശ്ചയമായും ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. പക്ഷെ ചര്‍ച്ചകളില്‍ പുലര്‍ത്തേണ്ട പക്വതയും, പാകതയും, വിഷയങ്ങളില്‍ സ്പഷ്ടമാകേണ്ട യുക്തിയും ഭദ്രതയും മറ്റു മനുഷ്യരോടു സൂക്ഷിക്കേണ്ടതും പ്രകടമാക്കേണ്ടതുമായ ആദരവും ബഹുമാനവുമുണ്ട്. 'ഞങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് വിവരമില്ല' എന്ന് ചിന്തിച്ചു തുടങ്ങുന്നിടത്താണ് ഒരു പ്രസ്ഥാനത്തിന്റെ പരാജയം ആരംഭിക്കുന്നത്' എന്ന് പറഞ്ഞത് എം. എന്‍. വിജയന്‍ മാഷാണ്. വിമര്‍ശനങ്ങളെ ഗൗരവമായി സ്വാഗതം ചെയ്യണം. വിമര്‍ശിക്കപ്പെടുന്ന കാര്യങ്ങളില്‍ കഴമ്പുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ അത് തിരുത്തപ്പെടണം. വിമര്‍ശനങ്ങള്‍ അടിസ്ഥാന രഹിതമാണെങ്കില്‍ പക്വമായ മറുപടികള്‍ കൊണ്ട് മാന്യമായ മറുപടികള്‍ നല്‍കണം.

ഇറങ്ങുന്ന ഓരോ പടങ്ങള്‍ക്കും എതിരെ പ്രതികരണവുമായി ഇറങ്ങിത്തിരിക്കുന്നവര്‍ എന്താണ് ഒരു പടം പോലും പിടിക്കാത്തത്? ക്രൈസ്തവ വിശ്വാസത്തിനെതിരെ പടം പിടിച്ചെന്നും പറഞ്ഞ് കൊടിപിടിക്കും മുന്‍പ് ക്രൈസ്തവവിശ്വാസത്തിനു വേണ്ടി ഒരു പടം പിടിക്കാന്‍ എന്താണ് ശ്രമിക്കാത്തത്? സിനിമ എന്ന് പറഞ്ഞ ദൃശ്യ മാധ്യമത്തിന് മനുഷ്യജീവിതത്തെ ഇത്രമാത്രം തൊടാന്‍ പറ്റുമെന്നുറപ്പുണ്ടായിട്ടും കത്തോലിക്കാ മൂല്യങ്ങളുടെ മഷിപുരണ്ട എന്തുകൊണ്ടാണ് തിരക്കഥകള്‍ രചിക്കപ്പെടാത്തതും, ക്രിസ്തുവിന്റെ വാക്കുകള്‍ ഡയലോഗുകളാകുകയും സഭയുടെ നിലപാടുകള്‍ വിഷ്വലുകളാകുകയും ചെയുന്ന ഉഗ്രന്‍ സിനിമകള്‍ എന്തുകൊണ്ട് അഭ്രപാളികളില്‍ പ്രത്യക്ഷപ്പെടാതെ പോകുന്നു? അബോര്‍ഷന് ഫേവറബിളായി പടം പിടിച്ചവര്‍ക്കെതിരെ തിരക്കഥയെഴുതും മുന്‍പ്… അബോര്‍ഷന്‍ അധാര്‍മ്മികമാണെന്ന് കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ഒരു തിരികഥയെഴുതുകയും അത് അഭ്രപാളിയില്‍ എത്തിക്കാന്‍ നോക്കുകയുമായിരുന്നില്ലേ വേണ്ടിയിരുന്നത്. അതാകുമായിരുന്നില്ലേ കൂടുതല്‍ നല്ല മറുപടി. വിശ്വാസത്തിനു മുറിവേല്‍പ്പിക്കുന്ന സിനിമകള്‍ക്കുള്ള മരുന്ന് വിശ്വാസത്തിനു വേണ്ടിയുള്ള സിനിമകളുടെ സൃഷ്ടിയാണ്.

'എളുപ്പല്ലട്ടോ… ഈ ജാതി ഓരോ സാധനങ്ങള് കിട്ടാന്‍… ഇപ്പോ കിട്ടിയവരൊക്കെ നല്ല പണിയെടുത്തിട്ടുണ്ടാവൂല്ലേ…?

താനെന്തൂട്ടാ ന്റെ പ്രാഞ്ചി പറയണേ..

താന്‍ വിചാരിച്ചത് വെള്ളേപ്പങ്ങാടീല് വെള്ളെപ്പോണ്ടാക്കണ പോലെ തീം തീം എന്ന് പറഞ്ഞുണ്ടാക്കുവാനെന്നാണ?

'എടൊ ഇത് കഷ്ടപ്പെട്ടു തന്നെ കിട്ടുള്ളൂ…' പ്രാഞ്ചിയേട്ടന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org