നട്ടുവളർത്താം മുള

നട്ടുവളർത്താം മുള

വീടും തൊടിയും

ജോഷി മുഞ്ഞനാട്ട്

അന്നം മുതല്‍ ഔഷധം വരെ സകലതിനും ആശ്രയിക്കാവുന്ന ഒന്നാണു മുള. പുല്ലുവര്‍ഗങ്ങള്‍ ഉള്‍പ്പെടുന്ന പേയേസി കുടുംബത്തിലാണു മുള ഉള്‍പ്പെടുന്നത്. പുല്ലുവര്‍ഗത്തിലെ ഏറ്റവും വലിയ സസ്യമാണു മുള.

ലോകത്തില്‍ ഏറ്റവുമധികം മുള വളരുന്ന രാജ്യമാണു നമ്മുടേത്. വളരെ വേഗത്തില്‍ വളരുന്ന സസ്യമായതിനാലും ഒരേസമയം കൂട്ടത്തോടെ ഇല പൊഴിയുന്നതിനാലും വനവത്കരണ മുന്നേറ്റങ്ങളില്‍ മുളകള്‍ക്കു വലിയ പ്രാധാന്യം തന്നെയുണ്ട്. തുറസ്സായ വനമേഖലകളില്‍ മുളകള്‍ നട്ടാല്‍ മണ്ണിന്‍റെ ഘടനാവ്യതിയാനം തടയുവാനും മണ്ണൊലിപ്പ് ഇല്ലാതാക്കുവാനും സാധിക്കും.

നദീതീരങ്ങളില്‍ മുളകള്‍ നട്ടാല്‍ നദീതീരസംരക്ഷണത്തിനും ജന-ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ രൂപപ്പെടുന്നതിനും കാരണമാകും. ഉപ്പിനെ പ്രതിരോധിച്ചു വളരുന്ന Babusa-bambos, bendro calams, strictus എന്നീ മുളകള്‍ കടല്‍ത്തീരങ്ങളില്‍ നട്ടുപിടിപ്പിച്ചാല്‍ കടല്‍ക്ഷോഭസമയത്തു ചുഴലിക്കാറ്റിലും പ്രതിരോധമായി നില്ക്കുമെന്നു പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

കാര്‍ബണ്‍ഡയോക്സൈഡിന്‍റെ അളവു കൂടുന്നതു തടയുന്നതിനൊപ്പം മറ്റുസസ്യങ്ങളെ അപേക്ഷിച്ചു 30 ശതമാനം അധികം ഓക്സിജന്‍ പുറത്തേയ്ക്കു വിടുകയും ചെയ്യുന്നുണ്ടു മുളങ്കാടുകള്‍.

വ്യാവസായിക മേഖലകളില്‍ ഇവ നട്ടുവളര്‍ത്തിയാല്‍ പൊടി, ശബ്ദമലിനീകരണം എന്നിവ തടയുന്ന കവചമായി പ്രവര്‍ത്തിക്കും.

വെട്ടിമാറ്റുന്നതിനൊപ്പം അതില്‍ പുതുതായി വളര്‍ന്നുവരുന്നതു കൊണ്ടുതന്നെ വ്യാവസായിക ആവശ്യങ്ങള്‍ക്കു മുള വളരെ നല്ലതുതന്നെയാണ്.

ഇംഗ്ലീഷില്‍ മുളയ്ക്ക്, "Bamboo" എന്നാണു പറയുക. നിറയെ നാരുകള്‍ നിറഞ്ഞ വേരുപടലമാണു മുളയ്ക്കുള്ളത്. ഒരു ചുവട്ടില്‍ നിന്നും ധാരാളം മുളകള്‍ പൊട്ടുകയും അവയെല്ലാം ചേര്‍ന്ന് ഒരു മുളങ്കൂട്ടമായി മാറുകയും ചെയ്യും. മുളകളില്‍ കൂട്ടമായി വളരുന്നവയും അകന്നകന്നു വളരുന്നവയുമുണ്ട്. ഇന്ന് ഒട്ടുമിക്കവാറും ഭൂഖണ്ഡങ്ങളിലും മുളകള്‍ വളരുന്നുണ്ട്. പൊതുവേ മുള എന്ന ഒറ്റപ്പേരിലാണ് ഇവ അറിയപ്പെടുന്നത്. എങ്കിലും 120-ല്‍പരം ജെനുസുകളിലായി 1400 ഇനം മുളകള്‍ ഇന്നു ലോകത്തിലുണ്ട്.

ഇന്ത്യയില്‍ 25 ജെനുസുകളിലായി 130 ഓളം ഇനങ്ങള്‍ മുളകള്‍ വളരുന്നുണ്ട്. തണ്ടു മുറിച്ചുവച്ചുള്ള കൃഷിരീതിയാണ് ഇവയില്‍ കൂടുതലും.

മുളകള്‍ ചേര്‍ത്തുകെട്ടി വമ്പന്‍ പാലങ്ങളും കടത്തുചങ്ങാടങ്ങളും ഉണ്ടാക്കാറുണ്ട്. ഇവ കൂടാതെ വീടുള്‍, കുടിലുകള്‍ വലിയ സ്റ്റേഡിയങ്ങള്‍ എന്നിവയും മുളകള്‍ കൊണ്ടു നിര്‍മിക്കാറുണ്ട്. ഒട്ടനവധി കരകൗശലവസ്തുക്കളും മറ്റും മുളയില്‍ നിന്നും നിര്‍മിക്കാറുണ്ട്. പ്രകൃതിയുടെ ഒരു വരദാനമാണു നമ്മുടെ മുള എന്നു തന്നെ പറയാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org