പുതുവത്സര തീരുമാനം

പുതുവത്സര തീരുമാനം

റോസിയാ ജോണ്‍

കുഞ്ഞു ലിസ ആകെ സങ്കടത്തിലാണ്, "എന്തുപറ്റി?" ലിസയുടെ അമ്മ ചോദിച്ചു.
"പുതുവത്സരത്തില്‍ എനിക്ക് ഒരു തീരുമാനവും എടുക്കാന്‍ സാധിച്ചില്ല! ഓണ്‍ ലൈന്‍ ക്ലാസ്സുകളില്‍ എല്ലാവരും അവരുടെ പുതുവത്സര തീരുമാനങ്ങളും മറ്റും പങ്കുവെച്ചു. എനിക്ക് ഒന്നും പറയാന്‍ സാധിച്ചില്ല."
ലിസ സങ്കടത്തോടെ പറഞ്ഞു.
"ലിസ മോളെ! നമ്മുടെ കുഞ്ഞീശോ ഏതു മാസമാണ് പിറന്നത്?"
"ഡിസംബര്‍ മാസം" ലിസ പറഞ്ഞു.
"നമ്മുടെ കുഞ്ഞീശോ വളര്‍ന്ന് ജ്ഞാനം നിറഞ്ഞു ശക്തനായി. ദൈവത്തിന്റെ കൃപ കുഞ്ഞീശോയുടെ മേല്‍ ഉണ്ടായിരുന്നു. നസ്‌റത്തില്‍ മാതാപിതാക്കള്‍ക്ക് വിധേയനായി അവന്‍ ജീവിച്ചു. ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു.
പിന്നീട് തന്റെ പരസ്യജീവിതം ആരംഭിച്ചപ്പോള്‍, ചില തീരുമാനങ്ങള്‍ ആയിട്ടാണ് ഈശോ വന്നത്, അത് അവിടുന്ന് സിനഗോഗില്‍വച്ച് വ്യക്തമാക്കുന്നുണ്ട്. ഏശയ്യയുടെ പുസ്തകം തുറന്നു ഈശോ വായിച്ചു. "കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു." കുഞ്ഞു ലിസയുടെ മുഖത്ത് കൗതുകം ഉണര്‍ന്നു.
അമ്മ തുടര്‍ന്നു, "എന്ന് തീരുമാനമെടുത്തു എന്നല്ല; എടുക്കുന്ന തീരുമാനങ്ങളുടെ വ്യക്തതയും, തീരുമാനങ്ങള്‍ പാലിക്കാനുള്ള ആഗ്രഹവും പരിശ്രമവും, അതിലാണ് കാര്യം. പുതുവത്സരം നമുക്ക് പാഴാക്കി കളഞ്ഞ സമയങ്ങളും ചെയ്യാന്‍ പറ്റാതെ പോയ തീരുമാനങ്ങളും തിരികെ പിടിക്കാന്‍ ഉള്ള അവസരമാണ്. അവ ഒക്കെ വീണ്ടെടുക്കുവാന്‍ ഇനിയും അവസരങ്ങള്‍ ഉണ്ട്." ലിസ യ്ക്ക് സന്തോഷമായി. ആ കുഞ്ഞുമനസ്സില്‍ പുതിയ പ്രതീക്ഷകള്‍ മൊട്ടിട്ടു. മുഖം സന്തോഷം കൊണ്ട് ചുവന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org