ഓണ്‍ലൈന്‍ യോഗ: അടച്ചിരിപ്പില്‍ തുറന്ന പുത്തന്‍ അവസരങ്ങള്‍

ഓണ്‍ലൈന്‍ യോഗ: അടച്ചിരിപ്പില്‍ തുറന്ന പുത്തന്‍ അവസരങ്ങള്‍

ഷിജു ആച്ചാണ്ടി

യോഗ ഗുരുമുഖത്തു നിന്നു പഠിക്കേണ്ടതാണ് എന്നാണ് മറ്റനേകരെ പോലെ യോഗഗുരുവായ ഫാ. ബൈജു (പീറ്റര്‍)തിരുതനത്തില്‍ ആദ്യം വിശ്വസിച്ചിരുന്നത്. പൂണെയിലും ബാംഗ്ലൂരിലുമായി മൂന്നു വര്‍ഷത്തെ യോഗ പരിശീലനം അദ്ദേഹം നടത്തിയത് റെസിഡെന്‍ഷ്യല്‍ കോഴ്‌സുകളില്‍ ചേര്‍ന്നു പഠിച്ചുകൊണ്ടായിരുന്നു താനും. പൂണെയിലെ കൈവല്യധാമ യോഗ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷം താമസിച്ചു പഠിച്ച് ഡിപ്ലോമയും ബാംഗ്ലൂരിലെ എസ്-വ്യാസ യൂണിവേഴ്‌സിറ്റിയില്‍ രണ്ടു വര്‍ഷം താമസിച്ചു പഠിച്ച് യോഗയില്‍ ബിരുദാനന്തരബിരുദവും നേടിയ ശേഷമാണ് എറണാകുളം പൊന്നുരുന്നിയില്‍ അദ്ദേഹം ആത്മയോഗ അക്കാദമി സ്ഥാപിച്ചത്.

പക്ഷേ, കോവിഡ് പടര്‍ന്നു പിടിക്കുകയും ലോക്ഡൗണ്‍ അനന്തമായി നീളുകയും ഒട്ടെല്ലാ ജീവിതവൃത്തികള്‍ക്കും ജനങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കാന്‍ തുടങ്ങുകയും ചെയ്തതോടെ യോഗ പരിശീലനവും ഓണ്‍ലൈന്‍ ആക്കാന്‍ ഫാ. തിരുതനത്തിലും നിര്‍ബന്ധിതനാകുകയായിരുന്നു. അതുപക്ഷേ അപ്രതീക്ഷിതമായ പ്രയോജനങ്ങള്‍ക്ക് അവസരമായി. ലോകമെങ്ങുമുള്ള നൂറു കണക്കിനാളുകളാണ് ആത്മയോഗ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഫാ. പീറ്റര്‍ തിരുതനത്തില്‍ നടത്തിയ യോഗ പരി ശീലന പരിപാടികളില്‍ ഈ കോവിഡ് കാലത്തു പങ്കെടുത്തത്.
എറണാകുളം-അങ്ക മാലി അതിരൂപതയുടെ സോഷ്യല്‍ സര്‍വീസ് വിഭാഗമായ സഹൃദയയുടെ കീഴിലുള്ള ആത്മ അക്കാദമി ഒരു ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സ് നടത്തിയിരുന്നു. യോഗ അലയന്‍സ് ഇന്റര്‍നാഷണല്‍ എന്ന ഒരു അന്താരാഷ്ട്ര സര്‍ട്ടിഫൈയിംഗ് ഏജന്‍സിയുമായി ആത്മ അക്കാദമി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഈ ഇന്റര്‍നാഷണല്‍ ഏജന്‍സിയുടെ സര്‍ട്ടിഫിക്കറ്റുകളാണ് ആത്മ അക്കാദമിയുടെ കോഴ്‌സുകള്‍ക്കു നല്‍കുന്നത്. ഇതിനകം 17 ബാച്ചുകള്‍ ഈ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങി. അതില്‍ നാലു ബാച്ചുകള്‍ കോവിഡ് കാലത്ത് ഓണ്‍ലൈനായിട്ടാണ് പരിശീലനം നടത്തിയത്. ആരോഗ്യപരിപാലനത്തിനായി പൊതുജനങ്ങള്‍ക്കായി നടത്തുന്ന ധാരാളം പരിശീലന പരിപാടികളും ഓണ്‍ലൈനായി നടത്തി.
രണ്ടാം തരംഗം തുടങ്ങിയപ്പോഴാണ് കോവിഡ് ചികിത്സയ്ക്ക് യോഗ ഉപയോഗിച്ചുകൊണ്ട് ഓണ്‍ലൈന്‍ കോഴ്‌സുകളുടെ അടുത്ത ഒരു ഘട്ടത്തിലേയ്ക്ക് ഫാ. തിരുതനത്തില്‍ പ്രവേശിച്ചത്. കോവിഡ് ബാധിച്ചു രോഗ മുക്തി നേടിയവര്‍ക്ക് ശ്വാസതടസ്സങ്ങളും ന്യൂമോണിയയും മറ്റു ശ്വാസകോശ പ്രശ്‌നങ്ങളും ആരോഗ്യപ്രതിസന്ധികളും ഉണ്ടാകുന്നതു പതിവായി. ഇതു സംബന്ധിച്ച അനുഭവങ്ങളും പഠനങ്ങളും പുറത്തു വരാന്‍ തുടങ്ങി. ഇവരെ യോഗ കൊണ്ടു സഹായിക്കാന്‍ കഴിയുമെന്നു അറിയാമായിരുന്നു. ആ അറിവ് ഓണ്‍ലൈനിലൂടെ ജനങ്ങളിലേക്കെത്തിച്ചതും പരിശീലനം നല്‍കിയതും അനേകര്‍ക്കു പ്രയോജനപ്പെട്ടു.
പ്രാണായാമ കോവിഡാനന്തര ചികിത്സയില്‍ വളരെ പ്രയോജനപ്പെടുന്നുണ്ടെന്നാണ് ഫാ. തിരുതനത്തിലിന്റെ അനുഭവം. പ്രാണായാമ പല തരത്തിലുണ്ട്. കാലാവസ്ഥയ്ക്കും ആരോഗ്യത്തിനും പ്രായത്തിനും പ്രദേശത്തിനുമൊക്കെ അനുസരിച്ച് ഇവ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇവയില്‍, കോവിഡ് ബാധിതര്‍ക്ക് ഏറ്റവും അനുയോജ്യവും ആവശ്യവുമായ പ്രാണായാമം പഠിപ്പിച്ചു കൊടുക്കുകയാണു ഓണ്‍ലൈനിലൂടെ പ്രധാനമായും ചെയ്തത്. ശ്വസനക്രിയകളും വ്യായാമവും അനേകരെ കോവിഡ് അനുബന്ധ ശ്വസനപ്രശ്‌നങ്ങളില്‍ നിന്നു മുക്തരാക്കി.

യൂറോപ്പിലും മറ്റും ആദ്യ തരംഗത്തില്‍ കോവിഡ് ബാധിക്കുകയും അതിന്റെ അനുബന്ധ പ്രശ്‌നങ്ങള്‍ കൊണ്ടു വലയുകയും ചെയ്ത അനേകം മലയാളികള്‍ ഫാ. തിരുതനത്തിലിന്റെ സഹായം തേടിയിരുന്നു. കോവിഡ് ബാധിച്ചു മോചനം നേടിയെങ്കിലും ഒരു മാസത്തിലധികമായി മുറിയില്‍ നിന്നു പുറത്തിറങ്ങാതിരിക്കുന്ന ചിലരുണ്ടായിരുന്നു. ശ്വാസതടസ്സവും വിഷാദവും ഏകാഗ്രതയില്ലായ്മയും മറ്റും മൂലം സഹനമനുഭവിക്കുകയായിരുന്ന അവരെ ആ പ്രശ്‌നങ്ങളില്‍ നിന്നു മോചിപ്പിക്കുവാന്‍ യോഗ സഹായകരമായി. അവരിലേക്കെത്താന്‍ സാധിച്ചത് ഓണ്‍ലൈനിലൂടെയാണ്.
20 ദിവസത്തെ ശ്വസന വ്യായാമ പരിപാടികളാണ് കോവിഡ് ബാധിച്ചവര്‍ക്കു വേണ്ടി തയ്യാറാക്കിയിരുന്നത്. ഒരു ദിവസം മുക്കാല്‍ മണിക്കൂര്‍ പരിശീലനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ സമയം ക്രമീകരിച്ച് ഈ പരിപാടിയില്‍ ദിവസവും പങ്കെടുത്തു. ഒരു ദിവസം പോലും ആരും മുടങ്ങിയില്ല. അത്രത്തോളം പ്രയോജനം അവര്‍ക്കതുകൊണ്ട് ലഭിച്ചു എന്നാണതിനര്‍ത്ഥം.
സൈനസൈറ്റിസ്, മൈഗ്രേന്‍, കഫക്കെട്ട്, തുമ്മല്‍, അലര്‍ജി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് ഷഡ്ക്രിയ എന്ന പരിഹാരമാര്‍ഗം യോഗയിലുണ്ട്. ഷഡ്ക്രിയയില്‍ രണ്ടുമൂന്നെണ്ണം ചെയ്തു കഴിഞ്ഞാല്‍ തന്നെ മേല്‍പറഞ്ഞ രോഗങ്ങളില്‍ നിന്നു മുക്തി എളുപ്പമാണ്. ഇതെല്ലാം ഓണ്‍ലൈനായി പഠിപ്പിക്കാനും സാധിക്കും.
എറണാകുളം-അങ്കമാലി അതിരൂപതയിലെ മതബോധന അദ്ധ്യാപകര്‍ക്കു വേണ്ടിയാണ് ആദ്യത്തെ ഒരു ഓണ്‍ലൈന്‍ പരിശീലന പരിപാടി നടത്തിയത്. ഇതില്‍ ഇരുനൂറോളം പേര്‍ ദിവസവും മുടങ്ങാതെ പങ്കെടുത്തു. തുടര്‍ന്ന് ഫരീദാബാദ് രൂപതയിലെ അദ്ധ്യാപകര്‍ക്കു വേണ്ടിയും ഇതേപോലെ പരിശീലന പരിപാടി സംഘടിപ്പിച്ചു.

കോവിഡാനന്തര ചികിത്സയില്‍ പ്രാണായാമ വളരെ പ്രയോജനപ്പെടുന്നുണ്ട്. പ്രാണായാമ പല തരത്തിലുണ്ട്. കോവിഡ് ബാധിതര്‍ക്ക് ഏറ്റവും അനുയോജ്യവും ആവശ്യവുമായ പ്രാണായാമം പഠിപ്പിച്ചു കൊടുക്കുകയാണു ഓണ്‍ലൈനിലൂടെ പ്രധാനമായും ചെയ്തത്. ശ്വസനക്രിയകളും വ്യായാമവും അനേകരെ കോവിഡ് അനുബന്ധ ശ്വസനപ്രശ്‌നങ്ങളില്‍ നിന്നു മുക്തരാക്കി.


മഹാത്മാഗാന്ധി നാഷണല്‍ റൂറല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിന്റെ ഒരു പരിപാടി മാളയിലെ മെറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജുമായി ചേര്‍ന്നു സംഘടിപ്പിച്ചു. ഇതില്‍ ദേശീയ തലത്തില്‍ നൂറു കണക്കിനാളുകള്‍ പങ്കെടുത്തു. ഛത്തീസ്ഗഡിലെ ഒരു സ്‌കൂളിലെ 65 കുട്ടികള്‍ ഇരുപതു ദിവസത്തെ പരിപാടിയില്‍ പരിഭാഷകനെ നിയോഗിച്ചുകൊണ്ടു പങ്കെടുത്തു. എറണാകുളം സെ. ജോസഫ്‌സ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജ് പോലെ ഏതാനും കോളജുകളുടെ പരിശീലന പരിപാടികളും സംഘടിപ്പിച്ചു. ഏറ്റവുമൊടുവില്‍ ബഹ്‌റിന്‍ ആസ്ഥാനമായി കുട്ടികള്‍ക്കു വേണ്ടിയുള്ള ഒരു സമ്മര്‍ ക്യാംപില്‍ ഓണ്‍ലൈനായി യോഗ പരിശീലനം നല്‍കിക്കൊണ്ടിരിക്കുകയാണ് ഫാ. പീറ്റര്‍ തിരുതനത്തില്‍.

യുവജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഏറ്റവും അനുയോജ്യമായ ഫിറ്റ്‌നെസ് പരിപാടിയാണ് യോഗയെന്നു ഫാ. തിരുതനത്തില്‍ പറഞ്ഞു. മാത്രവുമല്ല യുവാക്കളെ സംബന്ധിച്ച് അതൊരു വരുമാനമാര്‍ഗവും ആക്കാന്‍ സാധിക്കും. ജനങ്ങള്‍ ഇനിയുള്ള കാലം വെല്‍നെസ് പരിപാടികള്‍ക്കു വലിയ പ്രധാന്യം നല്‍കും. അതില്‍ യോഗയുടെ സ്ഥാനം നിര്‍ണായകമായിരിക്കും. അതുകൊണ്ടു തന്നെ അംഗീകൃത യോഗ്യതകളുള്ള യോഗ പരിശീലകര്‍ക്ക് ധാരാളം അവസരങ്ങളുണ്ടാകും. സമൂഹത്തില്‍ അംഗീകാരവും ആദരവും ഒപ്പം വരുമാനവും നേടാന്‍ കഴിയുമെന്നു മാത്രമല്ല, സ്വന്തം ആരോഗ്യം സംരക്ഷിക്കാനും സാധിക്കും.

പ്രത്യേക ഉപകരണങ്ങളോ ഒരുപാടു സ്ഥലമോ സമയമോ ഒന്നും യോഗയ്ക്ക് ആവശ്യമില്ലെന്നു ഫാ. തിരുതനത്തില്‍ ചൂണ്ടിക്കാട്ടി. ആറടി മണ്ണും ഇത്തിരി മനസ്സുമുണ്ടെങ്കില്‍ ആര്‍ക്കും യോഗ ചെയ്യാം. പ്രായമേറുമ്പോള്‍ മറ്റു പല ഫിറ്റ്‌നെസ് പരിപാടികളും തുടരാന്‍ കഴിയില്ല. എന്നാല്‍ യോഗ ശീലിച്ചിട്ടുണ്ടെങ്കില്‍ മരണം വരെയും അതു ചെയ്തുകൊണ്ടിരിക്കാന്‍ സാധിക്കും. മരണം വരെയും പിന്തുടരാവുന്ന ഒരു കലയും ശാസ്ത്രവും ജീവിതശൈലിയുമാണു യോഗ. ആരുടെയും സഹായമില്ലാതെ സ്വയംപര്യാപ്തരായി ചെയ്യാന്‍ സാധിക്കുന്ന ഒന്നാണു യോഗ – ഫാ. തിരുതനത്തില്‍ വിശദീകരിച്ചു.

വിവരങ്ങള്‍ക്ക്:
Athmayoga Academy
Sahrudaya Welfare Services Ernakulam
Anchumuri, Vyttila, Kochi-19
+91 8089263220,+91 8848914608
athmayogaacademy@gmail.com
www.athmayoga.in

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org