പരോപകാരമേ പുണ്യം

പരോപകാരമേ പുണ്യം

ജോണ്‍ ജെ. പുതുച്ചിറ

വാരിക്കോരി സഹായിക്കുന്നവളായിരുന്നു ഹംഗറിയിലെ രാജ്ഞിയായിരുന്ന എലിസബത്ത്. ഹൃദയം നിറയെ സ്നേഹവും കൈനിറയെ പണവുമായി എലിസബത്ത് ദരിദ്രരെ തേടിയിറങ്ങും. പാവങ്ങളെ സഹായിക്കുന്നതോടൊപ്പം ഏലിസബത്ത് അവരെ സ്നേഹപൂര്‍വ്വം ഉപദേശിക്കും.
"നിങ്ങളും മറ്റുള്ളവര്‍ക്കു കൊടുക്കുക."
"പക്ഷെ, ഞങ്ങള്‍ക്കു കൊടുക്കുവാന്‍ ഒന്നുമില്ലല്ലോ." അവര്‍ കൈമലര്‍ത്തി മറുപടി പറയും.
അപ്പോള്‍ രാജ്ഞി അവരെ ഓര്‍മ്മിപ്പിക്കും.
"നിങ്ങള്‍ക്കു ഹൃദയമുണ്ട്.
മറ്റുള്ളവര്‍ക്ക് മതിവരുവോളം സ്നേഹം പകരുക. നിങ്ങള്‍ക്ക് കണ്ണുകളുണ്ട്.
കരയുന്നവരുടെ കണ്ണീര്‍ നിങ്ങള്‍ കാണുക.
നിങ്ങള്‍ക്കു കാലുകളുണ്ട്. വേദനിക്കുന്നവരെ തേടി നിങ്ങള്‍ പോവുക.
നിങ്ങള്‍ക്ക് നാവുണ്ട് ആശ്വാസവചനങ്ങളാല്‍ അവരെ സാന്ത്വനിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക."
രാജ്ഞിയുടെ ആ ഉപദേശം എത്രയോ ശരി!
പാവങ്ങള്‍ക്ക് വാരിവിതറാന്‍ നമുക്ക് പണമില്ലായിരിക്കാം. പക്ഷേ, ഒരു നല്ല വാക്ക്, സ്നേഹപൂര്‍ണ്ണമായ ഒരു നോട്ടം, ഹൃദ്യമായ ഒരു പുഞ്ചിരി – ഇത്രയും മതി പലപ്പോഴും വേദനിപ്പിക്കുന്ന ഒരു മനസ്സിന് ആശ്വാസമേകാന്‍.
പലപ്പോഴും നിസ്സാരമായ ഒരു സഹായം മതിയാകും ഒരാളെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍. പക്ഷെ, അതു ചെയ്യാനുള്ള സന്മനസ്സ് ഉണ്ടാകണമെന്നുമാത്രം. പരോപകാരമേ പുണ്യം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org