പൗലോസിന്റെ വേദനാനുഭവങ്ങൾ

പൗലോസിന്റെ വേദനാനുഭവങ്ങൾ

ഏ.ഡി. 45 മുതല്‍ 57 വരെ മൂന്നു മിഷന്‍ യാത്രകള്‍. പ്രേഷിതവൃത്തിക്കിടയിലും പൗലോസിനോടൊപ്പമുണ്ടായിരുന്നത് വേദനാനുഭവങ്ങളായിരുന്നു. ഗ്രീസിലെ ഒരു പ്രധാന പട്ടണമായ കൊറിന്തോസിലെ സമൂഹത്തിന് എഴുതിയ കത്തില്‍ അദ്ദേഹം ഏറ്റുവാങ്ങിയ വേദനകള്‍ എണ്ണിയെണ്ണി നിരത്തുന്നുണ്ട്. 'വളരെയേറെ ഞാന്‍ അദ്ധ്വാനിച്ചു. വളരെ കൂടുതല്‍ കാരാഗൃഹവാസമനുഭവിച്ചു. എണ്ണമറ്റവിധം പ്രഹരമേറ്റു. പലതവണ മരണവക്ത്രത്തിലകപ്പെട്ടു. അഞ്ചു പ്രാവശ്യം യഹൂദന്മാരുടെ കൈകളില്‍ നിന്ന് ഒന്നു കുറയെ നാല്പത് അടി ഞാന്‍ കൊണ്ടു. മൂന്നു പ്രാവശ്യം വടികൊണ്ട് അടിക്കപ്പെട്ടു. ഒരിക്കല്‍ കല്ലെറിയപ്പെട്ടു. മൂന്നു പ്രാവശ്യം കപ്പലപകടത്തില്‍ പെട്ടു. വ്യാജസഹോദരനില്‍ നിന്നുള്ള അപകടങ്ങള്‍ക്കു ഞാന്‍ വിധേയനായി. കഠിനാദ്ധ്വാനത്തിലും വിഷമസന്ധിയിലും നിരവധി യാത്രകളിലെ ജാഗരണത്തിലും വിശപ്പിലും ദാഹത്തിലും പലപ്പോഴും ഉപവാസത്തിലും തണുപ്പിലും നഗ്നതയിലും ഞാന്‍ ജീവിച്ചു' (2 കൊറി. 11:23-27). ഉണ്ണാനും ഉടുക്കാനുമില്ലാത്ത പച്ചമനുഷ്യന്‍റെ പരിതേവനങ്ങള്‍! കണ്ണീരണിയാതെ ഈ വരികള്‍ വായിക്കാനാവില്ല. വായിക്കുന്നവരാരും വേദനിക്കാതിരിക്കില്ല.

കല്ലെറിഞ്ഞു വീഴ്ത്തി മണ്ണിലൂടെ വലിച്ചിഴച്ചത് അദ്ദേഹത്തിനേറ്റ ക്രൂരമായ വേദനകളിലൊന്നു മാത്രം. യഹൂദര്‍, അവരുടെ എതിരാളിയായി മാറിയ പൗലോസിനെ ലിസ്ത്രായില്‍വച്ചു കല്ലെറിഞ്ഞു. മുറിവേറ്റ പൗലോസ് തളര്‍ന്ന ശരീരവുമായി താഴെ വീണു. മരിച്ചുവെന്നു കരുതി നഗരത്തിനു പുറത്തേയ്ക്കു വലിച്ചിഴച്ചു കൊണ്ടുപോയി. എറിഞ്ഞു വീഴ്ത്തി, ചാക്കുകെട്ടു വലിക്കുന്നതുപോലെ നിലത്തുകൂടി വലിച്ചിഴച്ചതു ശരീരത്തിനു മാത്രമല്ല മനസ്സിനും കനത്ത ആഘാതമേല്പിക്കാതിരിക്കുമോ? ജീവനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെ നീങ്ങിയ പൗലോസിനു താങ്ങു നല്കി രക്ഷിച്ചതു ശിഷ്യസമൂഹമായിരുന്നു.

ആത്മസുഹൃത്തുമായി ബന്ധം വിടര്‍ത്തേണ്ടി വന്നപ്പോഴും പൗലോസ് വേദനിച്ചിരുന്നു. ശിഷ്യസമൂഹത്തിനു പൗലോസിനെ പരിചയപ്പെടുത്തിയതു പ്രോത്സാഹനത്തിന്‍റെ പുത്രനായ ബര്‍ണബാസായിരുന്നു. ആപത്തില്‍ സഹായിച്ച ഉറ്റ സുഹൃത്ത്. അദ്ദേഹം പൗലോസിനൊപ്പം സഹപ്രവര്‍ത്തകനായി വേല ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അവര്‍ തമ്മില്‍ ശക്തമായ അഭിപ്രായ ഭിന്നത ഉടലെടുത്തു. അതിന്‍റെ ഫലമായി അവരിരുവരും തെറ്റിപ്പിരിഞ്ഞു. കൂടെ പ്രവര്‍ത്തിച്ച സ്നേഹിതന്‍റെ അകല്‍ച്ച മനസ്സിനെ അലട്ടാതിരിക്കുമോ? ഉത്തമസഹൃത്തിന്‍റെ അകല്‍ച്ചയേറ്റിയ അലട്ടലുമായാണു ശേഷിച്ച കാലം പൗലോസ് പ്രവര്‍ത്തനനിരതനായത്.

സ്വന്തം വേദനാനുഭവങ്ങള്‍ നൊമ്പരപ്പെടുന്നവന്‍റെ മനസ്സിനെ തൊട്ടുണര്‍ത്താന്‍ പൗലോസിനെ പ്രാപ്തനാക്കി. വേദനിക്കുന്നവനോടൊപ്പം ചേര്‍ന്ന് അവന്‍റെ വേദനയകറ്റാന്‍ ശ്രമിച്ച പൗലോസിന്‍റെ വ്യക്തിത്വം മാതൃകായോഗ്യമാണ്. അന്യന്‍റെ വേദനകളില്‍ പെട്ടെന്നലിഞ്ഞു ചേര്‍ന്ന് 'ഞങ്ങളുണ്ടു കൂടെ' (അപ്പ. 36:28) എന്നറിയിച്ചു സാന്ത്വനിപ്പിക്കുന്ന പൗലോസിനെയാണു കാരാഗൃഹത്തില്‍ കണ്ടുമുട്ടുക. തന്‍റെ അറിവോ സമ്മതമോ ഇല്ലാതെ പൗലോസ് ജയില്‍ മോചിതനായിരിക്കുന്നുവെന്നറിഞ്ഞപ്പോള്‍ കാവല്‍ക്കാരന്‍ പരിഭ്രാന്തിയിലാണ്ടു. തന്‍റെ അശ്രദ്ധമൂലം പിഴവുപറ്റിയെന്ന തോന്നല്‍ തടവറക്കാരനെ വേദനിപ്പിച്ചു എന്നു മാത്രമല്ല മനസ്സിനുള്ളില്‍ നങ്കൂരമിട്ട വേ ദന ആത്മഹത്യയിലേക്കു പ്രേരിപ്പിച്ചു. കാവല്‍ക്കാരന്‍റെ ഉദ്യമവും അതിന്‍റെ പിന്നിലെ വേദനയും മനസ്സിലാക്കിയ പൗലോസ് പെട്ടെന്ന് ഇടപെട്ടു. സാഹസമൊന്നും കാട്ടരുത്, ഞങ്ങള്‍ ഇവിടെയുണ്ടെന്നു പൗലോസ് കാവല്‍ക്കാരനെ അറിയിച്ചു. തന്‍റെ ഉള്ളിന്‍റെ വേദനയറിഞ്ഞ പൗലോസിനെ നിറകണ്ണുകളോടവര്‍ കണ്ടു. വേദനിക്കുന്നവരോടൊപ്പം ഞങ്ങളുണ്ട് എന്ന പൗലോസിന്‍റെ മധുരവാക്കുകള്‍ കാവല്‍ക്കാരന്‍റെ കരളലിയിപ്പിച്ചു. ആത്മഹത്യാശ്രമത്തില്‍ നിന്നും പിന്മാറി എന്നു മാത്രമല്ല പൗലോസിനോടൊപ്പം ചേര്‍ന്നു. അവര്‍ രണ്ടും ആത്മമിത്രങ്ങളായി, വേദനയറിഞ്ഞവന്‍ വേദനിക്കുന്ന മനസ്സിലേക്കു ശാന്തിദൂതുമായി കടന്നുവന്നതിന്‍റെ ഫലം! ഒരു കുടുംബത്തിനു സമ്പൂര്‍ണരക്ഷ സഫലമാകുകയായിരുന്നു.

വേദനകളില്‍ ശക്തി കണ്ടെത്തിയ വ്യക്തിയാണു പൗലോസ്. അദ്ദേഹം ബലഹീനതയില്‍ ദൈവകൃപ കണ്ടെത്തി. വേദനകള്‍ ആശയത്തിന്‍റെ മൂ ല്യം പഠിപ്പിക്കുന്ന ഉപകരണമെന്നു സ്വന്തം ജീവിതത്തിലൂടെ വെളിപ്പെടുത്തി. ശരീരത്തിലുള്ള ഒരു 'വേദന'യെപ്പറ്റി അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട് (2 കൊറി. 12:7). ആദ്യം ഈ വേദനയെ വളരെ നിസ്സാരമായി കരുതി. എന്നാല്‍ തിരക്കേറിയ പ്രേഷിതയാത്രകള്‍ക്കിടയില്‍ ശരീരത്തിലെ വേദന കഠിനമായി അലട്ടാന്‍ തുടങ്ങി. അതിനാല്‍ മൂന്നു പ്രാവശ്യം അത്ഭുതരോഗശാന്തിക്കായി അപേക്ഷിച്ചു. മൂന്നു പ്രാവശ്യവും അപ്പസ്തോലന്‍റെ അപേക്ഷ നിരസിക്കപ്പെട്ടു. ആ നീറുന്ന വേദനയില്‍ അദ്ദേഹം ദൈവസ്വരം ശ്രവിച്ചു. 'എന്‍റെ കൃപ നിനക്കു മതി.' ദൈവകൃപ ബലഹീനതയില്‍ തെളിഞ്ഞു വന്നു. ആ തെളിവിനുശേഷം വേദനയെ മാറ്റുന്നതിനു പകരം പ്രയോജനത്തിനായി രൂപാന്തരപ്പെടുവാനായി പ്രാര്‍ത്ഥിച്ചു. അതു ഫലമണിഞ്ഞു. ബലഹീനതയില്‍ പ്രശംസിക്കുന്നുവെന്നു പ്രഘോഷിക്കുവാനുള്ള ഊര്‍ജ്ജം അദ്ദേഹം ആര്‍ജ്ജിച്ചു. ബലമുള്ളവരെ ലജ്ജിപ്പിക്കുവാന്‍ ബലഹീനരെ പ്രാപ്തരാക്കുന്ന ദൈവത്തെ പ്രകീര്‍ത്തിക്കാതിരിക്കാന്‍ പിന്നീടു വേദനയുടെ അപ്പസ്തോലനു കഴിഞ്ഞില്ല.

മരണത്തിനുശേഷവും വേദനയേറ്റു പിടയേണ്ടി വന്നതു പൗലോസിനു മാത്രമാണ്. ഏ.ഡി. 67-ല്‍ ജൂണ്‍ 19-ന് റോമിലെ വിയ ഓസ്തിയില്‍ വച്ചു ശ്ലീഹായെ വധിച്ചു. ശിരസ്സ് വെട്ടിമാറ്റിയുള്ള വധം. അറ്റുപോയ ശിരസ്സ് നിലത്തുവീണു മൂന്നു പ്രാവശ്യം കുതിച്ചു ചാടിയെന്നും വേദനിക്കുന്ന ശിരസ്സ് തെറിച്ചുവീണു മൂന്നു സ്ഥലങ്ങളില്‍ നിന്നും വേദനയുടെ നീരുറവ പൊട്ടിപ്പുറപ്പെട്ടുവെന്നും ചരിത്രം സാക്ഷിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org